ഡമാസ്‌കസ്: പാരീസിലെ ഭീകരാക്രമണത്തെത്തുടർന്ന് ഐസിസ് ഭീകരവേട്ട ശക്തമാക്കിയ റഷ്യ സിറിയയിലെ ഭീകരകേന്ദ്രങ്ങൾ ഒന്നൊന്നായി തകർത്തെറിയുകയാണ്. ഇരുനൂറോളം ഭീകരകേന്ദ്രങ്ങൾ ഇതിനകം റഷ്യൻ സൈന്യം മിസൈലാക്രമണത്തിലൂടെ തകർത്തുകഴിഞ്ഞു. ചൊവ്വാഴ്ച മാത്രം റഷ്യൻ സേന 206 കേന്ദ്രങ്ങൾ തകർത്തപ്പോൾ, ഫ്രാൻസ് 35 ഐസിസ് കേന്ദ്രങ്ങളിലും ബോംബാക്രമണം നടത്തി.

ഐസിസിന്റെ എല്ലാ സ്രോതസ്സുകളും ഇല്ലാതാക്കുകയെന്ന തന്ത്രമാണ് റഷ്യ പയറ്റുന്നത്. ഐസിസിന്റെ നിയന്ത്രണത്തിലുള്ള എണ്ണപ്പാടങ്ങളും ടാങ്കറുകളും തകർത്ത് ഭീകരസംഘടനയുടെ നിലനിൽപ്പ് തന്നെ ഇല്ലാതാക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ഐസിസിന്റെ എണ്ണടാങ്കറുകൾക്കുനേരെ റഷ്യൻ യുദ്ധവിമാനങ്ങൾ ബോംബാക്രമണം നടത്തിയിരുന്നു.

റഷ്യയുടെ യാത്രാവിമാനം ഈജിപ്തിൽ തകരാനിടയായത് ഐസിസ് നടത്തിയ സ്‌ഫോടനത്തിലാണെന്ന് സ്ഥിരീകരിച്ചതോടെയാണ് വഌദിമിർ പുട്ടിൻ ഭീകരവിരുദ്ധ പോരാട്ടം ശക്തിപ്പെടുത്തിയത്. റഷ്യക്കൊപ്പം ഫ്രാൻസും ചേർന്നതോടെ, ഐസിസിന്റെ പതനം ആസന്നമായതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. റഷ്യയുടെയും ഫ്രാൻസിന്റെയും സൈന്യം യോജിച്ചാണ് ഇപ്പോൾ ഭീകരവേട്ട നടത്തുന്നത്

ഐസിസിന്റെ ആയുധകേന്ദ്രങ്ങളും ബാരക്കുകളും എണ്ണപ്പാടങ്ങളും റഖയിലെ തന്ത്രപ്രധാന കേന്ദ്രങ്ങളുമാണ് മിസൈൽ ആക്രമണത്തിലൂടെ തകർക്കുന്നത്. ഇതിനകം 500-ഓളം എണ്ണ ടാങ്കറുകൾ തകർത്തതായി റഷ്യൻ വ്യോമസേന അവകാശപ്പെട്ടു. സിറിയയിലെയും ഇറാഖിലെയും ഐസിസിന്റെ റിഫൈനറികളിലേക്കുള്ള ഗതാഗതവും ഏറെക്കുറെ തടയാനായിട്ടുണ്ട്. ഐസിസിന്റെ പ്രധാന വരുമാനമാർഗം എണ്ണയുത്പാദനമാണ്.

എണ്ണയുത്പാദനത്തിലൂടെ ഇപ്പോഴും പ്രതിവർഷം 320 മില്യൺ പൗണ്ട് ഐസിസ് നേടുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ദയേഷിലാണ് ഈ എണ്ണപ്പാടങ്ങളിലേറെയുമുള്ളത്. തുടർച്ചയായി ഇവിടെ ആക്രമണങ്ങൾ നടത്തി ഐസിസിന്റെ സ്രോതസ്സുകൾ ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്ന് ഫ്രഞ്ച് പ്രതിരോധ മന്ത്രി ഴാങ് യെവ്‌സ് ലെ ഡ്രിയാൻ പറഞ്ഞു.

സിറിയൻ പ്രസിഡന്റ് ആസാദിനോടുള്ള സൗഹൃദത്തിന്റെ കാര്യത്തിൽ രണ്ടുതട്ടിലാണെങ്കിലും ഐസിസിനെതിരായ പോരാട്ടത്തിൽ യോജിച്ചുനിൽക്കാനാണ് റഷ്യയുടെയും ഫ്രാൻസിന്റെയും തീരുമാനം. റഷ്യൻ പ്രസിഡന്റ് പുട്ടിൻ ആസാദുമായി സൗഹൃദം പുലർത്തുന്നയാളാണ്. ഫ്രാൻസാകട്ടെ, ഇക്കാര്യത്തിൽ പാശ്ചാത്യ ചേരികളുടെ നയത്തിനൊപ്പമാണ്. എന്നാൽ, ഭീകരാക്രമണത്തോടെ, ഐസിസിനെ ഇല്ലാതാക്കുകയെന്ന കാര്യത്തിൽ വിട്ടുവീഴ്ച വേണ്ടെന്ന് ഫ്രാൻസും തീരുമാനിച്ചിരിക്കുകയാണ്.