- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യുക്രൈൻ അതിർത്തി കടന്നെത്തിയ അഞ്ച് കലാപകാരികളെ വധിച്ചെന്ന് റഷ്യ; അവകാശവാദം തള്ളി യുക്രൈൻ; യൂറോപ്പ് യുദ്ധഭീതിയിൽ; വിഘടനവാദി റിപ്പബ്ലിക്കുകളെ സ്വാതന്ത്ര രാജ്യമായി അംഗീകരിക്കുന്നത് പരിഗണനയിലെന്ന് പുടിൻ; പരാമർശം യുക്രൈന് മേൽ സമ്മർദ്ദം വർദ്ധിപ്പിക്കാൻ; മേഖലയിലെ സ്ഥിതി കൂടുതൽ സങ്കീർണമാക്കുമെന്ന് വിലയിരുത്തൽ
മോസ്‌കോ: യുക്രൈനിൽ നിന്നും അതിർത്തി കടന്നെത്തി ആക്രമണം നടത്തിയ അഞ്ച് കലാപകാരികളെ വധിച്ചെന്ന വെളിപ്പെടുത്തലുമായി റഷ്യ. റോസ്‌തോവ് മേഖലയിലെ മിത്യകിൻസ്‌കായ ഗ്രാമത്തിനു സമീപം രാവിലെ ആറിനാണ് അഞ്ചു പേരെ വധിച്ചതെന്ന് റഷ്യൻ സേന പ്രസ്താവനയിൽ പറഞ്ഞു. യുക്രൈൻ നടത്തിയ ഷെൽ ആക്രണത്തിൽ അതിർത്തി പോസ്റ്റ് തകർന്നതായി റഷ്യ നേരത്തെ ആരോപിച്ചിരുന്നു. എന്നാൽ അതിർത്തി കടന്ന് ആക്രണം നടത്തിയ യുക്രൈൻ വിഘടനവാദികളെ കൊലപ്പെടുത്തിയെന്നുള്ള റഷ്യയുടെ വാദം യുക്രൈൻ തള്ളി.
റഷ്യയുടെ വാദങ്ങളെ തള്ളി യുക്രൈൻ വിദേശകാര്യ വകുപ്പ് മന്ത്രി രംഗത്തെത്തി. 'ഡൊനെറ്റ്‌സ്‌കിലോ ലുഹാൻസ്‌കിലോ ആക്രമണം നടത്തിയിട്ടില്ല. റഷ്യൻ അതിർത്തിയിലേക്ക് കലാപകാരികളെ അയച്ചിട്ടില്ല. റഷ്യൻ അതിർത്തിയിൽ ഷെൽ ആക്രമണം നടത്തിയില്ല, അട്ടിമറി പ്രവർത്തനങ്ങൾ നടത്തിയിട്ടില്ല, യുക്രൈൻ അത്തരത്തിലുള്ള നടപടികളൊന്നും ആസൂത്രണം ചെയ്യുന്നില്ല. വ്യാജവാർത്ത പ്രചരിപ്പിക്കുന്നത് റഷ്യൻ ഉടൻ അവസാനിപ്പിക്കുക.' ഡിമിട്രോ കുലേബ ട്വീറ്റ് ചെയ്തു.
റഷ്യയുടെ റോസ്‌തോവ് മേഖലയിലെ സൈനിക കാവൽ പോസ്റ്റ് പൂർണമായും തകർന്നതായി ഫെഡറൽ സെക്യൂരിറ്റി സർവീസ് (എഫ്എസ്ബി) അവകാശപ്പെട്ടു. എഫ്എസ്ബിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ ഇന്റർഫാക്‌സാണ് ഈ വാർത്ത പുറത്തുവിട്ടത്.
റഷ്യ-യുക്രൈൻ അതിർത്തിയിൽ നിന്നും 150 മീറ്റർ അകലെയാണ് ഷെൽ പതിച്ചതെന്ന് എഫ്എസ്ബിയെ ഉദ്ധരിച്ചുള്ള ഇന്റർഫാക്‌സ് റിപ്പോർട്ടിൽ പറയുന്നു. അതിർത്തി പോസ്റ്റിനു നേരെ ആക്രണം നടത്തിയെന്ന റഷ്യയുടെ ആരോപണം യുക്രൈൻ നിഷേധിച്ചു. റഷ്യയുടെ ആരോപണത്തെ വ്യാജ വാർത്ത എന്നാണ് യുക്രൈൻ സൈന്യം വിശേഷിപ്പിച്ചത്.
വ്യാജ വാർത്ത നിർമ്മിക്കുന്നതിൽ നിന്നും അവരെ തടയാൻ ഞങ്ങൾക്കു കഴിയില്ല. ഏതെങ്കിലും ജനവാസ മേഖലയിലേക്ക് വെടിയുതിർക്കരുതെന്നാണ് ഞങ്ങളുടെ അഭിപ്രായം. അതിൽ ഉറച്ചു നിൽക്കുന്നു. യുക്രൈനിയൻ സൈനിക വക്താവ് പാവ്ലോ കോവൽചുക്ക് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അതേ സമയം യുക്രൈനെ കൂടുതൽ സമ്മർദ്ദത്തിലാക്കാനുള്ള നീക്കവുമായി റഷ്യ രംഗത്തെത്തി. കിഴക്കൻ യുക്രൈനിലെ രണ്ട് വിഘടനവാദി റിപ്പബ്ലിക്കുകളെ സ്വാതന്ത്ര രാജ്യമായി അംഗീകരിക്കുന്ന കാര്യം പരിഗണനയിലെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ വ്യക്തമാക്കി. ഡൊനെറ്റ്‌സ്‌കിലെയും ലുഗാൻസ്‌കിലെയും വിമത നേതാക്കൾ തിങ്കളാഴ്ച തങ്ങളെ സ്വതന്ത്ര റിപബ്ലിക്കുകളായി അംഗീകരിക്കണമെന്ന് പുടിനോട് അഭ്യർത്ഥന നടത്തിയിരുന്നു.
റഷ്യയുടെ സുരക്ഷാ കൗൺസിലിന്റെ ഷെഡ്യൂൾ ചെയ്യപ്പെടാത്ത ഒരു യോഗത്തിലാണ് പുടിൻ ഈ പരാമർശം നടത്തിയത്. നിലവിലെ സാഹചര്യത്തിൽ യുക്രൈനെ കൂടുതൽ സമ്മർദ്ദത്തിലാക്കുന്ന പരാമർശമാണ് പുടിൻ നടത്തിയിരിക്കുന്നത്. ഇത് കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കുമെന്നാണ് വിലയിരുത്തൽ
2014-ലെ യുക്രൈനിലെ യൂറോപ്യൻ യൂണിയൻ അനുകൂല വിപ്ലവത്തിന് ശേഷം സ്വതന്ത്രമായി സ്വയം പ്രഖ്യാപിച്ച റഷ്യൻ അനുകൂല വിഘടനവാദ പ്രദേശങ്ങളെ അംഗീകരിക്കണമെന്ന് റഷ്യൻ പാർലമെന്റും പുടിനോട് ആവശ്യപ്പെട്ടിരുന്നു.
'ലുഗാൻസ്‌ക് പീപ്പിൾസ് റിപ്പബ്ലിക്കിന്റെ പരമാധികാരവും സ്വാതന്ത്ര്യവും അംഗീകരിക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു,' വിഘടനവാദി ലിയോനിഡ് പസെക്നിക് റഷ്യൻ സ്റ്റേറ്റ് ടെലിവിഷനിൽ സംപ്രേഷണം ചെയ്ത വീഡിയോയിൽ പറഞ്ഞു. ഡൊനെറ്റ്സ്‌ക് പീപ്പിൾസ് റിപ്പബ്ലിക്കിന്റെ വിമത നേതാവ് ഡെനിസ് പുഷിലിനും സമാനമായ ഒരു അഭ്യർത്ഥന നടത്തിയിരുന്നു.

യുക്രൈനിന് നേരെയുള്ള ഭീഷണിയേയും അതിർത്തിയിൽ സൈന്യത്തെ വൻതോതിൽ വിന്യസിക്കുന്നതിനെയും ചൊല്ലി ആഴ്ചകളായി റഷ്യയും പാശ്ചാത്യരാജ്യങ്ങളും തമ്മിൽ സംഘർഷം നിലനിൽക്കുകയാണ്. ഏകദേശം 1.6 ലക്ഷം റഷ്യൻ സൈനികർ യുക്രൈൻ ആക്രമിക്കാൻ സജ്ജരാണെന്നാണ് പാശ്ചാത്യ രഹസ്യാന്വേഷണ ഏജൻസികൾ അവകാശപ്പെടുന്നത്.
യുദ്ധം തടയാൻ യൂറോപ്യൻ യൂണിയൻ റഷ്യക്കെതിരെ ഉപരോധം ഏർപ്പെടുത്തണമെന്ന് യുക്രൈൻ ആവശ്യപ്പെട്ടിരുന്നു. അതേസമയം, 1945-ന് ശേഷം യൂറോപ്പിൽ ഏറ്റവും വലിയ യുദ്ധമാണ് റഷ്യ ആസൂത്രണം ചെയ്യുന്നതെന്ന് യു.കെ. പ്രധാനമന്ത്രി ബോറിസ് ജോൺസൺ നേരത്തെ പറഞ്ഞിരുന്നു.
ഇപ്പോഴുള്ള സംഭവവികാസങ്ങളെ ആശങ്കയോടെയാണ് ലോകരാജ്യങ്ങൾ വീക്ഷിക്കുന്നത്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ അവരുടെ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എംബസി ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളോട് യുക്രൈനിൽ നിന്ന് മടങ്ങാനും വിദേശകാര്യ മന്ത്രാലയം ഞായറാഴ്ച നിർദ്ദേശം നൽകിയിരുന്നു.
അതേസമയം യുഎസ് പ്രസിഡന്റ് ജോ ബൈഡനും റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിനും കൂടിക്കാഴ്ച നടത്തിയേക്കുമെന്ന റിപ്പോർട്ടും പുറത്തുവന്നു. റഷ്യ യുക്രൈനിൽ ആക്രണം നടത്തിയില്ലെങ്കിൽ മാത്രം എന്ന നിബന്ധനയോടെയാണ് കൂടിക്കാഴ്ചയ്ക്ക് യുഎസ് പ്രസിഡന്റ് സമ്മതിച്ചിരിക്കുന്നത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണിന്റെ ശ്രമഫലമായാണ് കൂടിക്കാഴ്ചയ്ക്ക് ഇരു നേതാക്കളും സമ്മതിച്ചിരിക്കുന്നത്.
പുടിനുമായി ഫോണിൽ സംസാരിച്ച മാക്രോൺ നയതന്ത്ര പരിഹാരത്തിന് സന്നദ്ധമാകണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി സംസാരിച്ച മാക്രോൺ യുറോപ്പിൽ സമാധാനം ഉറപ്പുവരുത്താൻ സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതോടെയാണ് ഉപാധികളോടെ ചർച്ചയ്ക്ക് തയ്യാറാണെന്ന് യുഎസ് അറിയിച്ചത്.
യുക്രൈനെതിരെ ആക്രമണവുമായി മുന്നോട്ടു പോകാൻ റഷ്യൻ സേനയ്ക്ക് നിർദ്ദേശം ലഭിച്ചതായാണ് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തൽ. സൈനിക നടപടിക്ക് കഴിഞ്ഞ ആഴ്ച പുടിൻ ഉത്തരവിട്ടതായാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തൽ. സൈനിക വിന്യാസം അഭ്യാസത്തിന്റെ ഭാഗമല്ലെന്നും ആക്രണത്തിനുള്ള തയ്യാറെടുപ്പാണെന്നും അമേരിക്ക ആരോപിക്കുന്നു.




