ബെയ്ജിങ്: റഷ്യ നടത്തുന്ന യുക്രൈൻ അധിനിവേശത്തെ പിന്തുണച്ച് ചൈന. യുഎസും വടക്കൻ യൂറോപ്പും സ്വീകരിക്കുന്ന നിലപാടുകളെ വിമർശിച്ചുകൊണ്ടാണ് റഷ്യയ്ക്ക് പരോക്ഷ പിന്തുണയുമായി ചൈന രംഗത്ത് എത്തിയത്. റഷ്യയുടെ സൈനിക നീക്കത്തെ 'അധിനിവേശം' എന്ന് വിശേഷിപ്പിക്കാൻ മടിച്ച ചൈന ഇരു രാജ്യങ്ങളോടും സമദൂരപരമായ നിലപാടാണ് സ്വീകരിക്കുന്നത് എന്ന് കൂട്ടിച്ചേർത്തു.

'റഷ്യയുടെ സൈനിക നീക്കത്തെ അധിനിവേശം എന്നു വിശേഷിപ്പിക്കാൻ ആവില്ല. വളരെ മുൻവിധി കലർന്ന ഒരു പ്രയോഗവും ചിന്തയുമാണ് അത്'- ചൈനയുടെ വിദേശകാര്യ വക്താവ് ഹുവാ ചുൻയിങ് പറഞ്ഞു. 'എല്ലാ കക്ഷികളും സംയമനം പാലിക്കണം. സ്ഥിതിഗതികൾ നിയന്ത്രണവിധേയമായി തുടരുന്നുണ്ടെന്ന് ഉറപ്പു വരുത്തണം'-ചുൻയിങ് പറഞ്ഞു.

'യുക്രൈൻ സംഭവം വളരെ സങ്കീർണ്ണവും ചരിത്രപരമായ അനവധി പ്രത്യേകതകളും ചേർന്ന ഒന്നാണ്. എന്നാൽ യുഎസും വടക്കൻ യൂറോപ്പും ഈ വിഷയത്തിൽ സ്വീകരിച്ചിരിക്കുന്ന നിലപാട് എരിതീയിൽ എണ്ണ ചേർക്കുന്ന ഒന്നാണ്'- ചുൻയിങ് കൂട്ടിച്ചേർത്തു. അതേസമയം യുക്രൈനിൽ വസിക്കുന്ന ചൈനീസ് ജനത ശാന്തത കൈവിടരുതെന്നും വീടുകൾക്കുള്ളിൽ സുരക്ഷിതമായി കഴിയണമെന്നും ചൈനീസ് എംബസി ജനങ്ങളോട് ആവശ്യപ്പെട്ടു.

യുക്രൈൻ പ്രതിസന്ധി ചർച്ച ചെയ്യാൻ ചേർന്ന യു.എൻ രക്ഷാസമിതിയുടെ അടിയന്തരയോഗം ചേരുന്നതിനിടെയാണ് പുടിൻ സൈനിക നടപടി പ്രഖ്യാപിച്ചത്. യുക്രൈനിലെ സൈനികനടപടി അനിവാര്യമെന്ന് പറഞ്ഞ പുടിൻ നാറ്റോ വിപുലീകരണത്തിന് യുക്രൈനെ ഭാഗമാക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കി.

അതേസമയം, റഷ്യയാണ് ഏകപക്ഷീയമായ ആക്രമണം തുടങ്ങിവച്ചതെന്നും ആരും ഒളിച്ചോടാൻ പോകുന്നില്ലെന്നും യുക്രൈൻ വിദേശകാര്യമന്ത്രി ദിമിത്രോ കുലേബ ട്വീറ്റ് ചെയ്തു. നിരവധി നഗരങ്ങളിൽ ആക്രമണം ഉണ്ടായതോടെ യുക്രൈനിൽ പട്ടാളനിയമം പ്രഖ്യാപിച്ചു.