വാഷിങ്ടൺ: യുക്രൈനെതിരായ യുദ്ധത്തിൽ ചൈനയുടെ സൈനിക സഹായം റഷ്യ അഭ്യർത്ഥിച്ചതായി റിപ്പോർട്ട്. യുദ്ധം തുടരുന്നതിനിടെ ഡ്രോണുകൾ ഉൾപ്പെടെയുള്ളവ ചൈനയോട് റഷ്യ ആവശ്യപ്പെട്ടതായാണ് യുഎസ് ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ, റഷ്യയെ സഹായിക്കാൻ ചൈന തയ്യാറാകുമോ എന്നത് സംബന്ധിച്ച സൂചനകളൊന്നുമില്ലെന്ന് വാഷിങ്ടണിലെ ചൈനീസ് എംബസി വക്താവ് ലിയു പെൻഗ്യു പ്രതികരിച്ചു. അതിനേക്കുറിച്ച് അറിവില്ലെന്നാണ് സൈനിക സഹായത്തിനായുള്ള റഷ്യയുടെ അഭ്യർത്ഥന സംബന്ധിച്ച ചോദ്യത്തോട് പെൻഗ്യു പ്രതികരിച്ചത്. യുക്രൈനിലെ സ്ഥിതിഗതികളിൽ ആശങ്ക പ്രകടിപ്പിച്ച പെൻഗ്യു, അവർക്ക് ചൈന മാനുഷിക സഹായങ്ങൾ തുടരുമെന്നും വ്യക്തമാക്കി.

അതേ സമയം യുക്രൈന് കൂടുതൽ ആയുധങ്ങൾ നൽകുന്നതിനായി അമേരിക്ക 1535 കോടി രൂപകൂടി ചെലവിടുന്നുവെന്നാണ് പുറത്തുവരുന്ന വാർത്തകൾ. തുകയ്ക്ക് പ്രസിഡന്റ് ജോ ബൈഡൻ അംഗീകാരം നൽകിയതായി വൈറ്റ് ഹൗസ് ശനിയാഴ്ച അറിയിച്ചു. ഇതടക്കം 2021 ജനുവരി മുതൽ യുക്രൈനു വേണ്ടി യു.എസ്. ഏകദേശം 9211 കോടി രൂപയാണ് ചെലവിട്ടത്.

ഇതിനിടെ യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയമായ യുക്രൈനിലെ സാഫോറീസിയ റഷ്യ പൂർണമായും നിയന്ത്രണത്തിലാക്കാൻ തയ്യാറെടുക്കുന്നുവെന്ന് റിപ്പോർട്ട്. യുക്രൈൻ നൽകിയ വിവരമനുസരിച്ച് നിലയം പൂർണമായും ഏറ്റെടുത്ത് റഷ്യയുടെ റോസാറ്റം മാനേജ്മെന്റിനു കീഴിലാക്കാനാണ് ശ്രമമെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ ഡയറക്ടർ ജനറൽ റഫേൽ മരിയാനോ പറഞ്ഞു.

പടിഞ്ഞാറൻ യുക്രെയ്നിൽ അതിർത്തിക്കു സമീപത്തെ യവോറിവ് സൈനിക കേന്ദ്രത്തിൽ റഷ്യ നടത്തിയ വൻവ്യോമാക്രമണം പോളണ്ടിലും ആശങ്ക പടർത്തിയിട്ടുണ്ട്. പോളണ്ട് അതിർത്തിയിൽനിന്ന് 35 കിലോമീറ്റർ മാത്രം അകലെയാണിത്. ഇവിടെ യുക്രെയ്ൻ സേനയ്ക്ക് നാറ്റോ പരിശീലനം നൽകിയിരുന്നു. രാജ്യാന്തര സമാധാന സേനയുടെ കേന്ദ്രം കൂടിയായ ഇവിടെ നാറ്റോ സേനാംഗങ്ങളും ഉണ്ടാകാറുണ്ട്.

പോളണ്ട് അതിർത്തിയോട് ചേർന്ന സൈനിക താവളം റഷ്യ ആക്രമിച്ചതിൽ കടുത്ത പ്രതിഷേധവുമായി അമേരിക്ക രംഗത്തെത്തി. ആക്രമണത്തെ ശക്തമായി അപലപിച്ച യുഎസ് റഷ്യ ആക്രമണം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. പോളണ്ട്-യുക്രൈൻ അതിർത്തിക്ക് സമീപമുള്ള യവോരിവ് നഗരത്തിലാണ് റഷ്യ ആക്രമണം നടത്തിയത്. ഇവിടെ 35 പേർ കൊല്ലപ്പെടുകയും 134 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 30 ലധികം ക്രൂയിസ് മിസൈലുകൾ പ്രയോഗിച്ചതായാണ് യുക്രൈന്റെ ആരോപണം.

പോളണ്ട് അതിർത്തിയിൽ നിന്ന് 25 കിലോമീറ്റർ മാത്രം അകലെയാണ് വ്യോമ ആക്രമണം ഉണ്ടായത് എന്നതുകൊണ്ട് തന്നെ ഇത് സംഘർഷത്തിന്റെ ഗുരുതരാവസ്ഥ കൂട്ടുന്നുവെന്ന് ബ്രിട്ടൻ ആശങ്കയറിയിക്കുന്നുണ്ട്. റഷ്യയുടെ അധിനിവേശം നാറ്റോ സഖ്യരാജ്യത്തിന് നേർക്കുവന്നാൽ കൂട്ടായ സംരക്ഷണമുണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും മുന്നറിയിപ്പ് നൽകി.

മരിയുപോളിൽ വ്യോമാക്രമണം ശക്തമായി തുടരുകയാണ്. അസോവ് തീരത്തെ മറ്റു യുക്രെയ്ൻ നഗരങ്ങളെയും നിയന്ത്രണത്തിലാക്കിയാൽ ക്രൈമിയയിലേക്കു കരമാർഗം യാത്ര സാധ്യമാകും. റഷ്യയുടെ ആക്രമണത്തിൽ ഇതിനകം 79 കുട്ടികൾ കൊല്ലപ്പെട്ടെന്നും 100 കുട്ടികൾക്കെങ്കിലും പരുക്കേറ്റെന്നും യുക്രെയ്ൻ അറിയിച്ചു.

അതേസമയം ഡൊണെറ്റ്‌സ്‌ക് മേഖലയിലെ വോൾനോവാഖ നഗരം റഷ്യൻ ബോംബാക്രമണത്തിൽ പൂർണ്ണമായും തകർന്നിട്ടുണ്ട്. 12 ദിവസം മുമ്പ് റഷ്യൻ സൈന്യം വളഞ്ഞ മരിയുപോളിൽ സ്ഥിതിഗതികൾ ഏറെ പ്രയാസമാണ്. ഭക്ഷണം പോലും കിട്ടാതെയാണ് ഇവിടെ കുറയധികം മനുഷ്യർ കഴിയുന്നത്.

അതിനിടെ കീവിനടുത്ത് ഒരു ഗ്രാമം ഒഴിപ്പിക്കുന്നതിനിടെ സ്ത്രീകളുടെയും കുട്ടികളുടെയും വാഹനവ്യൂഹത്തിന് നേരെ റഷ്യൻ ആക്രമണമുണ്ടായി. ഏഴ് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. അതേസമയം യുക്രൈനിയൻ അതിർത്തി കടക്കുന്ന അഭയാർത്ഥികളുടെ നിരക്ക് കുറഞ്ഞു. 26 ലക്ഷം പേരാണ് അയൽരാജ്യങ്ങളിൽ അഭയം തേടിയത്.

ഇർപിനിൽ ഇന്നലെ യുഎസ് മാധ്യമപ്രവർത്തകൻ ബ്രെൻഡ് റെനോയും കീവിൽ കഴിഞ്ഞ ദിവസം സന്നദ്ധപ്രവർത്തക വലേറിയ മക്സെറ്റ്സ്‌കയും വെടിയേറ്റു മരിച്ചത് സന്നദ്ധപ്രവർത്തകരെപ്പോലും ലക്ഷ്യം വയ്ക്കുന്ന റഷ്യയുടെ പുതിയ ഭീകരതയുടെ മുഖമാണെന്നു യുക്രൈൻ ആരോപിക്കുന്നു.

സാപൊറീഷ്യ ആണവനിലയത്തിന്റെ സമ്പൂർണ നിയന്ത്രണത്തിന് റഷ്യ ശ്രമിക്കുകയാണെന്നും യുക്രൈൻ ആരോപിച്ചു. രാജ്യത്തു നിന്നുള്ള രാസവള കയറ്റുമതി നിർത്തി. ഇസ്രയേൽ മധ്യസ്ഥതയിൽ പുട്ടിനുമായി ചർച്ചയ്ക്ക് ഒരുക്കമാണെന്ന് യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചെങ്കിലും റഷ്യ പ്രതികരിച്ചിട്ടില്ല.

അതേസമയം, നാറ്റോയ്ക്ക് മുന്നറിയിപ്പുമായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി രംഗത്തെത്തി. റഷ്യൻ സൈന്യം ഏതു നിമിഷവും നാറ്റോ രാജ്യങ്ങളെയും ആക്രിമിച്ചേക്കാമെന്ന് സെലെൻസ്‌കി പറഞ്ഞു. റഷ്യയ്‌ക്കെതിരെ പ്രതിരോധം ഒരുക്കിയില്ലെങ്കിൽ യുദ്ധമുണ്ടാകുമെന്ന് താൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നെന്നും വിഡിയോ സന്ദേശത്തിൽ സെലെൻസ്‌കി ഓർമിപ്പിച്ചു.