ലണ്ടൻ: മുൻ റഷ്യൻ ചാരൻ സെർജി സ്‌ക്രിപാലിനെയും മകളെയും നെർവ് ഏജന്റിലൂടെ വിഷബാധയേൽപ്പിച്ച് റഷ്യ കൊല്ലാൻ ശ്രമിച്ചതിന് തിരിച്ചടിയായി 23 റഷ്യൻ ഉദ്യോഗസ്ഥരെ ബ്രിട്ടനിൽ നിന്നും പുറത്താക്കാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്‌ ഉത്തരവിട്ടു. ഇതിന് പുറമെ ലണ്ടനിൽ താമസിക്കുന്ന റഷ്യൻ കോടീശ്വരന്മാരുടെ സ്വത്തുക്കൾ മരവിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. കാര്യങ്ങൾ ഇത്രയ്ക്ക് വഷളായ സാഹചര്യത്തിൽ അടിയന്തിരമായി രക്ഷാസമിതി വിളിക്കാൻ ബ്രിട്ടൻ ആഹ്വാനം ചെയ്തിട്ടുമുണ്ട്. ഈ പ്രശ്നത്തിൽ ബ്രിട്ടന് ഉറച്ച പിന്തുണയുമായി അമേരിക്ക രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ തങ്ങളോട് വെറുതെ കളിക്കാൻ നിന്നാൽ പാഠം പഠിപ്പിക്കുമെന്ന് റഷ്യ തിരിച്ചടിച്ചിട്ടുണ്ട്.

റഷ്യൻ പ്രസിഡന്റ് വ്ലാദിമെർ പുട്ടിന്റെ വിശ്വസ്തരോ അല്ലെങ്കിൽ ചാരന്മാരോ ആയി ബ്രിട്ടനിൽ പ്രവർത്തിക്കുന്നവരെയാണ് പുറത്താക്കിയിരിക്കുന്നതെന്നാണ് തെരേസ പറയുന്നത്. റഷ്യയുമായി ബ്രിട്ടൻ എല്ലാ വിധത്തിലുള്ള ബന്ധങ്ങളും ഉപേക്ഷിക്കാനും തെരേസ ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിന് പുറമെ റഷ്യക്കെതിരെ അന്താരാഷ്ട്ര ഉപരോധം ഏർപ്പെടുത്തണമെന്നും തെരേസ ആവശ്യപ്പെടുുന്നു. എന്നാൽ തങ്ങൾക്കെതിരെയുള്ള തെരേസയുടെ ഈ നടപടികൾക്ക് അധികം വൈകാതെ ശക്തമായി തിരിച്ചടിക്കുമെന്നാണ് റഷ്യ പ്രതികരിച്ചിരിക്കുന്നത്. ഇത്രയധികം റഷ്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ ഒരുമിച്ച് നാട് കടത്തുന്ന ഈ തലമുറയിലെ തന്നെ ആദ്യത്തെ നടപടിയാണ് തെരേസ അനുവർത്തിച്ചിരിക്കുന്നത്.

റഷ്യൻ ഇന്റലിജൻസ് യുകെയിൽ നടത്തുന്ന നെറികെട്ട ഇടപെടലിന്റെ ഏറ്റവും പുതിയ ഉദാഹരണമായിട്ടാണ് സ്‌ക്രിപാലിനെയും മകളെയും വിഷം കൊടുത്തുകൊല്ലാൻ ശ്രമിച്ച സംഭവത്തെ തെരേസ അന്താരാഷ്ട്ര തലത്തിൽ ഉയർത്തിക്കാട്ടുന്നത്. ഇതിന് പുറകിൽ റഷ്യയാണെന്ന് തീർച്ചയാണെന്നും ആ ഉത്തരവാദിത്വത്തിൽ നിന്നും ആ രാജ്യത്തിന് ഒഴിഞ്ഞ് മാറാൻ സാധിക്കില്ലെന്നും അതിനാൽ അതിനുള്ള പ്രതികരണമായി ഇത്രയും കടുത്ത നടപടികളെങ്കിലും സ്വീകരിക്കാൻ ബ്രിട്ടൻ നിർബന്ധിതമാവുകയാണെന്നും തെരേസ വിശദീകരിക്കുന്നു.

തെരേസയുടെ നടപടികൾക്ക് പൂർണ പിന്തുണയുമായി ബ്രിട്ടനിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും രംഗത്തെത്തിയിരുന്നു. അത്യാവശ്യമാണെങ്കിൽ ഇനിയും കടുത്ത നടപടികൾ റഷ്യക്കെതിരെ പ്രയോഗിക്കാൻ മടിക്കേണ്ടതില്ലെന്നും അവർ തെരേസയോട് നിർദ്ദേശിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ ഈ വിഷയത്തിൽ റഷ്യ കുറ്റക്കാരാണെന്ന് വ്യക്തമായി തെളിവ് ലഭിച്ചിട്ടില്ലെന്ന നിലപാടാണ് ലേബർ നേതാവ് ജെറമി കോർബിൻ കൈക്കൊണ്ടിരിക്കുന്നത്. അതിനാൽ തെരേസ റഷ്യക്കെതിരെയെടുത്ത കടുത്ത നടപടികൾ ശരിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

ഇപ്പോൾ കണ്ടെത്തിയെന്ന് പറയപ്പെടുന്ന നെർവ് ഏജന്റിന്റെ സാമ്പിൾ റഷ്യയിലേക്ക് അയച്ച് കൊടുക്കണമെന്നും അവർ അവിടെ അത് പരിശോധിച്ച് ബോധ്യപ്പെട്ടതിന് ശേഷം മാത്രം മതി കടുത്ത നടപടികളെന്നുമാണ് കോർബിൻ നിർദ്ദേശിക്കുന്നത്. തെരേസയുടെ നടപടികൾക്ക് ഉറച്ച പിന്തുണയറിയിച്ച് ഇന്നലെ രാത്രി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരിട്ട് ഫോൺ വിളിച്ചിരുന്നു. ഇതിന് പുറമെ ജർമനി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളും ഈ വിഷയത്തിൽ ബ്രിട്ടന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ഇന്നലെ രാത്രി ഐക്യരാഷ്ട്രസമിതി അടിയന്തിരമായി കൂടുകയും ലോക നേതാക്കളിൽ ഭൂരിഭാഗം പേരും ഈ വിഷയത്തിൽ ബ്രിട്ടന് പിന്തുണയറിയിക്കുകയും ചെയ്തിരുന്നു.

സാലിസ്‌ബറി സംഭവം നിർണായകമായൊരു മുഹുർത്തമാണെന്നാണ് യുഎന്നിലെ അമേരിക്കയുടെ പ്രതിനിധി നിക്കി ഹാലെ യുഎൻ യോഗത്തിൽ വച്ച് പ്രതികരിച്ചിരിക്കുന്നത്.മിലിട്ടറി-ഗ്രേഡ് നെർവ് ഏജന്റ് വഴി സ്‌ക്രിപാലിനും മകൾക്കും നേരെ നടത്തിയ ആക്രമണത്തിന് ഉത്തരവാദി റഷ്യ തന്നെയാണെന്നാണ് യുഎസ് വിശ്വസിക്കുന്നതെന്നും ഈ വിഷയത്തിൽ യുഎസ് യുകെക്ക് ഒപ്പമാണെന്നും ഹാലെ ആവർത്തിക്കുന്നു. ഇത്തരത്തിൽ അപകടകാരികളായ രാസവസ്തുക്കൾ സിവിലിന്മാർക്ക് നേരെ റഷ്യ ഉപയോഗിച്ചിട്ടുണ്ടെന്നു ഹാലെ ആരോപിക്കുന്നു.

സിറിയയിൽ വിഎക്സ് ഗ്യാസ് പോലുള്ള കെമിക്കൽ ആയുധങ്ങൾ അടുത്ത കാലത്ത് റഷ്യ സിവിലിയന്മാർക്ക് നേരെ വരെ ഉപയോഗിച്ചത് ഹാലെ ഉദാഹരണണമായി എടുത്ത് കാട്ടുന്നു. ഇത്തരം നടപടികളുടെ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞ് മാറാതെ തെറ്റ് സമ്മതിക്കുകയാണ് റഷ്യ ചെയ്യേണ്ടതെന്നും ഹാലെ ആവശ്യപ്പെടുന്നു.