കീവ് : യുക്രെയ്ൻ പട്ടണമായ ബുച്ചയിലെ കൂട്ടക്കൊലയിൽ ഫ്രാൻസിസ് മാർപാപ്പ ദുഃഖവും ആശങ്കയും രേഖപ്പെടുത്തി. ഇറ്റലിയിലുള്ള യുക്രെയ്ൻ അഭയാർഥികൾക്കൊപ്പം, വത്തിക്കാനിലെ പ്രതിവാര പ്രാർത്ഥനാസംഗമത്തിലാണ് മാർപാപ്പ സമാധാനത്തിന് ആഹ്വാനം ചെയ്തത്. കൂട്ടക്കുരുതി നടന്ന ബുച്ചയിൽനിന്നു കൊണ്ടുവന്ന യുക്രെയ്ൻ പതാക എല്ലാവരെയും കാണിച്ചുകൊണ്ടാണ് മാർപാപ്പ പ്രസംഗിച്ചത്.വരകളും എഴുത്തുമുള്ള, ചെളിപുരണ്ടു പതാകയിൽ ചുംബിച്ച അദ്ദേഹം യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

ബുച്ചയിൽ നടന്ന കൂട്ടക്കൊലക്കെതിരെ ലോക രാഷ്ട്രങ്ങൾ ഒരേ സ്വരത്തിൽ പ്രതിഷേധം അറിയിക്കുകയാണ്.വംശഹത്യയിൽ കുറഞ്ഞൊന്നുമല്ലെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ പറഞ്ഞു.ഇതിനിടെ റഷ്യൻ അനുകൂല യുക്രെയ്ൻ മേഖലയായ ലുഹാൻസ്‌കിൽ നിന്ന് ജനങ്ങൾ കഴിവതും വേഗത്തിൽ ഒഴിഞ്ഞുപോകണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

യുഎൻ മനുഷ്യാവകാശ കൗൺസിലിൽനിന്ന് റഷ്യയെ പുറത്താക്കുന്നതു സംബന്ധിച്ച് ഐക്യരാഷ്ട്ര സംഘടന പൊതുസഭയിൽ ഇന്ന് വോട്ടെടുപ്പ് നടക്കും.റഷ്യയ്‌ക്കെതിരെ കൂടുതൽ ഉപരോധങ്ങൾക്കുള്ള പടിഞ്ഞാറൻ നടപടികൾ പുരോഗമിക്കുന്നെങ്കിലും യൂറോപ്യൻ കമ്മിഷൻ മുന്നോട്ടുവച്ച കൽക്കരി ഇറക്കുമതി നിരോധന നിർദേശത്തിന് അംഗരാജ്യങ്ങളുടെ പിന്തുണ ലഭിച്ചിട്ടില്ല. ഇതുവരെ 42 ലക്ഷം പേർ യുക്രെയ്ൻ വിട്ട് മറ്റു രാജ്യങ്ങളിൽ അഭയം തേടിയതായി യുഎൻ അഭയാർഥി ഏജൻസി പറഞ്ഞു.

റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുട്ടിന്റെ മക്കളായ മരിയ പുട്ടിനെയും കാതറീന ടിഖനോവയും ഉൾപ്പെടെ കൂടുതൽ പേർക്കെതിരെ യുഎസ് പുതിയ ഉപരോധം ഏർപ്പെടുത്തി. യുഎസിലെ സ്വത്തുക്കൾ മരവിപ്പിക്കുന്നതുൾപ്പെടെ സാമ്പത്തിക വ്യവസ്ഥയിൽ നിന്ന് പൂർണമായും വിച്ഛേദിക്കും. പ്രധാനമന്ത്രി മിഹയിൽ മിഷുസ്തിൻ, വിദേശകാര്യമന്ത്രി സെർഗെയ് ലാവ്‌റോവിന്റെ ഭാര്യയും മക്കളും, മുൻ പ്രസിഡന്റും പ്രധാനമന്ത്രിയുമായ ദിമിത്രി മെദ്വെദേവ് എന്നിവർക്കെതിരെയും ഉപരോധമുണ്ട്.

അതേസമയം യുദ്ധം പ്രവചിച്ച ഷിറിനോവ്‌സ്‌കി അന്തരിച്ചു.യുക്രെയ്‌നിലെ റഷ്യൻ അധിനിവേശം പ്രവചിച്ച തീപ്പൊരി രാഷ്ട്രീയ നേതാവ് വ്‌ലാഡിമിർ ഷിറിനോവ്‌സ്‌കി (75) അന്തരിച്ചു. ആകെ 8 ഡോസ് വാക്‌സീൻ സ്വീകരിച്ചതായി അവകാശപ്പെട്ടിരുന്ന ഇദ്ദേഹം കോവിഡ് ബാധിതനായി ആഴ്ചകളോളം ചികിത്സയിലായിരുന്നു. തീവ്രദേശീയതയ്ക്കും വിവാദങ്ങൾക്കും കുപ്രസിദ്ധനായിരുന്നു.