വാഷിങ്ടൺ: യുക്രൈനിൽ റഷ്യയുടെ സൈനിക നടപടി മുറുകുന്നതിനിടെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിരോധിച്ച് അമേരിക്ക. എണ്ണയും പ്രകൃതി വാതകവും ഇറക്കുമതി ചെയ്യുന്നത് നിർത്തുമെന്ന് അമേരിക്ക അറിയിച്ചു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റേതാണ് പ്രഖ്യാപനം.

യുക്രൈൻ അധിനിവേശത്തിനെതിരെ റഷ്യയെ കൂടുതൽ സമ്മർദത്തിലാക്കുന്നതിന്റെ ഭാഗമായാണ് റഷ്യൻ എണ്ണ ഇറക്കുമതി നിരോധിക്കാൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ തീരുമാനിച്ചത്.

വില നിയന്ത്രിക്കാൻ പരമാവധി ശ്രമിക്കുമെന്ന് ബൈഡൻ പറഞ്ഞു. യുക്രെയ്ൻ ലോകത്തെ പ്രചോദിപ്പിക്കുന്നെന്നും ബൈഡൻ കൂട്ടിച്ചേർത്തു. റഷ്യയിൽ നിന്നുള്ള എണ്ണയും ഗ്യാസും മറ്റ് ഇന്ധനങ്ങളും നിരോധിക്കുന്നതായി പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു.

'യുഎസ് തുറമുഖങ്ങളിൽ റഷ്യൻ എണ്ണ അടുപ്പിക്കില്ല. അമേരിക്കൻ ജനത റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുട്ടിന് നൽകുന്ന ശക്തമായ അടിയായിരിക്കും ഇത്. രാജ്യത്ത് ഇന്ധനവില വർധിക്കാതിരിക്കാൻ സാധ്യമായതെല്ലാം ചെയ്യും. സഖ്യരാജ്യങ്ങളുമായി ആലോചിച്ചെടുത്ത തീരുമാനമാണിത്' ബൈഡൻ പറഞ്ഞു.

രാജ്യത്ത് ഇന്ധനവില വർധിക്കുന്നതിനിടെയാണു റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി യുഎസ് നിരോധിച്ചത്. യൂറോപ്യൻ രാജ്യങ്ങളിലേക്കും യുഎസിലേക്കും റഷ്യ വൻതോതിൽ എണ്ണ കയറ്റി അയയ്ക്കുന്നുണ്ട്. റഷ്യയ്ക്കുമേൽ കടുത്ത സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയതിനു പിന്നാലെയാണ് എണ്ണ ഇറക്കുമതിയും നിരോധിച്ചത്. റഷ്യയുടെ പ്രധാന സാമ്പത്തിക സ്രോതസ്സുകളിലൊന്നാണ് എണ്ണ.

നേരത്തേ ഏർപ്പെടുത്തിയ ഉപരോധത്തെത്തുടർന്ന് റഷ്യയിൽ സാമ്പത്തിക ഞെരുക്കം അനുഭവപ്പെടാൻ തുടങ്ങി. ഭക്ഷ്യസാധനങ്ങളുടെ വിതണത്തിൽ പോലും നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പുതിയ ഉപരോധം റഷ്യയെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിടും. ആഗോളതലത്തിൽ ഇന്ധനവില കുതിച്ചുയരാനും യുഎസിന്റെ തീരുമാനം വഴിയൊരുമെന്നാണ് ആശങ്ക.

അതേ സമയം റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ബ്രിട്ടനും നിരോധിക്കുമെന്നാണ് റിപ്പോർട്ട്. റഷ്യയിൽ നിന്നുള്ള എണ്ണയുടെയും അനുബന്ധ ഉൽപന്നങ്ങളുടെയും ഇറക്കുമതി 2022 അവസാനത്തോടെ പൂർണമായി ഒഴിവാക്കുമെന്ന് ബ്രിട്ടനും അറിയിച്ചു. പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

അതിനിടെ ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ എണ്ണ ഉൽപ്പാദക രാജ്യമായ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി അമേരിക്ക നിരോധിച്ചത് നിലവിൽ തന്നെ ഉയർന്നുനിൽക്കുന്ന അസംസ്‌കൃത എണ്ണ വില വീണ്ടും കുതിച്ചുയരാൻ ഇടയാക്കുമോ എന്ന ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.

പാശ്ചാത്യ രാജ്യങ്ങൾ റഷ്യയിൽനിന്നുള്ള അസംസ്‌കൃത എണ്ണ ഇറക്കുമതി വിലക്കിയാൽ ഗുരുതരമായ പ്രത്യാഘാതമുണ്ടാവുമെന്ന് റഷ്യ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണ വില ബാലരിന് 300 ഡോളർ വരെയാവുമെന്നാണ് റഷ്യൻ ഉപപ്രധാനമന്ത്രി അലക്‌സാണ്ടർ നൊവാകിന്റെ മുന്നറിയിപ്പ്.

യൂറോപ്യൻ മാർക്കറ്റിൽ റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഒന്നില്ലാത്ത അവസ്ഥ അസാധ്യമാണെന്ന് നൊവാക് അഭിപ്രായപ്പെട്ടു. ഒരു വർഷത്തേക്കെങ്കിലും അതാണ് സ്ഥിതി. ഒരു വർഷത്തിനപ്പുറം റഷ്യൻ എണ്ണയ്ക്കു പകരം സംവിധാനമുണ്ടാക്കിയാൽ പോലും അവർക്കത് താങ്ങാനാവില്ലെന്ന് നൊവാക് ചൂണ്ടിക്കാട്ടി.

റഷ്യയ്‌ക്കെതിരെ കൂടുതൽ ഉപരോധം ഏർപ്പെടുത്തുന്നതിനെക്കുറിച്ച് യൂറോപ്യൻ രാജ്യങ്ങൾ ആലോചിക്കുന്നതിനിടെയാണ് നൊവാക്കിന്റെ മുന്നറിയിപ്പ്. ഉപരോധവുമായി മുന്നോട്ടുപോവുകയാണെങ്കിൽ വരുന്ന ഊർജ പ്രതിസന്ധിയെക്കുറിച്ച് നേതാക്കൾ യൂറോപ്പിലെ ജനങ്ങളോടു പറയണമെന്ന് നൊവാക് ആവശ്യപ്പെട്ടു. റഷ്യൻ എണ്ണ വിലക്കിയാൽ അത് മേഖലയിൽ ഊർജ അസ്ഥിരതയുണ്ടാക്കും. ജനങ്ങളായിരിക്കും അതിന്റെ ഇരകളെന്നും നൊവാക് പറഞ്ഞു.