- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മണിക്കൂറുകൾക്കകം കീഴടങ്ങുക; അല്ലെങ്കിൽ കൂട്ടത്തോടെ കൊന്നൊടുക്കും; മരിയുപോൾ നഗരത്തിന് അന്ത്യശാസനം നൽകി റഷ്യൻ സേന; യുദ്ധത്തിന്റെ ഭയാനകതകൾ വ്യക്തമാക്കുന്ന വീഡിയോ ഡോക്യൂമെന്ററി പുറത്ത്; യുക്രെയിനിൽ മരിച്ചു വീഴുന്നത് ആയിരങ്ങൾ
കീവ്: മരിയുപോൾ നഗരത്തിലെ യുക്രെയിന്ന്സൈന്യത്തോട് കീഴടങ്ങാൻ റഷ്യ അന്ത്യശാസനം നൽകിയിരിക്കുകയാണ്. അതല്ലെങ്കിൽ ഒരു നഗരത്തിലെ അന്തേവാസികൾ മുഴുവൻ മരണമടഞ്ഞേക്കാവുന്ന രീതിയിലുള്ള കടുത്ത നടപടികളിലേക്ക് കടക്കും എന്നാണ് ഭീഷണി.റഷ്യൻ സൈന്യം അതിക്രമിച്ചു കടന്ന നഗരത്തിനകത്ത് ഇപ്പോഴും യുദ്ധം തുടർന്നുകൊണ്ടിരിക്കുകയാണ്.
അതിനിടയിൽ യുക്രെയിന് കൂടുതൽ ആയുധസഹായം നൽകാൻ തയ്യാറാണെന്ന് അറിയിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ, നിലവിലെ സാഹചര്യത്തിൽ എന്താണ് യുക്രെയിൻ സൈന്യത്തിന് ആവശ്യമുള്ളതെന്ന് അറിയിക്കുവാൻ സെലെൻസ്കിയോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. മാത്രമല്ല, ഈ ആഴ്ച്ച നടകാൻ പോകുന്ന നാറ്റോ സമ്മേളനത്തിലും ജി 7 ഉച്ചകോടിയിലും യുക്രെയിനെ പിന്തുണക്കേണ്ടുന്നതിന്റെ ആവശ്യകത ബ്രിട്ടൻ ഊന്നിപ്പറയുമെന്നാണ് കരുതുന്നത്. അതോടൊപ്പം സുപ്രധാന പങ്കാളികളുമായുള്ള ദ്വികക്ഷി യോഗങ്ങളിലുമിത് ഉന്നയിക്കുമെന്ന് ഡൗണിങ്സ്ട്രീറ്റ് വക്താവ് വ്യക്തമാക്കി.
ലക്കും ലഗാനുമില്ലാതെ മരിയുപോളിലെ സാധാരണ ജനങ്ങൾ അധിവസിക്കുന്ന മേഖലകളിൽ പോലും ബോംബിടുന്ന റഷ്യൻ നടപടിയെ അപലപിച്ച ബോറിസ് ജോൺസൺ, കൂടുതൽ കടുത്ത ഉപരോധങ്ങളിലേക്ക് നീങ്ങണമെന്നും സഖ്യ രാജ്യങ്ങളോട് ആവശ്യപ്പെട്ടു. ഇതിനിടയിൽ കീവിലേക്കൊരു മിന്നൽ സന്ദർശനം നടത്താൻ ബോറിസ് ജോൺസൺ ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
ദുരന്തങ്ങളുടെ നേർക്കാഴ്ച്ചയുമായി ഒരു ഡോക്യൂമെന്ററി
''പിഞ്ചുകുഞ്ഞുങ്ങളുടെ രക്തത്തിലും കണ്ണുനീരിലുമാണ് റഷ്യ യുക്രെയിനെ മുക്കിക്കൊല്ലുന്നത്'', നെഞ്ചുരുക്കുന്ന നേർക്കാഴ്ച്ചകളുമായി പുറത്തുവന്ന, റഷ്യൻ-യുക്രെയിൻ യുദ്ധത്തെ കുറിച്ചുള്ള ഒരു ഡോക്യൂമെന്ററി കണ്ട ഒരു പശ്ചാത്യ മാധ്യമ പ്രവർത്തകൻ സമൂഹമാധ്യമങ്ങളിൽ കുറിച്ച വരികളാണിത്. തകർന്നടിഞ്ഞ കെട്ടിടാവശിഷിടങ്ങൾക്കിടയിൽ ജീവനറ്റ ശരീരങ്ങൾ ഉറങ്ങുമ്പോൾ ചുറ്റുമുയരുന്ന നിശ്ശൂന്യതയാണ് ഈ യുദ്ധം ബാക്കി നിർത്തി പോകുന്നത് എന്നും അയാൾ കുറിക്കുന്നു.
വാസ് (ആയിരുന്നു) എന്ന പേരിൽ പുറത്തിറങ്ങിയ വീഡിയോ പക്ഷെ അപ്പോഴും ശുഭാപ്തിവിശ്വാസം കൈവിടുന്നില്ല. യുക്രെയിന്റെ പഴയകാല നേട്ടങ്ങളേയുംസംസ്കാരത്തെയുമൊക്കെ എടുത്തുകാട്ടിക്കൊണ്ടുള്ള വീഡീയോയുടെ അന്ത്യത്തിൽവി വിൽ വിൻ എന്ന മുദ്രാവ്യാക്യംവിളിയോടെയാണ് ഈ ഡോക്യൂമെന്ററി അവസാനിക്കുന്നത്.
''വാസ് (ആയിരുന്നു), സാധാരണ ജീവിതത്തിൽ ഏറെ തവണ ഉപയോഗിക്കാറുള്ള ഒരു ലളിതമായ ക്രിയാപദം. എന്നാൽ ഞങ്ങൾക്കത് അത്ര ലളിതമല്ല. കാരണം, ഇന്ന് പൊട്ടിക്കരയാതെ ഒരു യുക്രെയിൻ കാരനും വാസ് എന്ന വാക്ക് ഉച്ഛരിക്കാനാകില്ല, ഭൂതകാലത്തെ കുറിച്ച് ഓർക്കാൻ ആകില്ല'' വീഡിയോയുടെ ആരംഭത്തിൽ പറയുന്നു. ''ഇത് എന്റെ വീടായിരുന്നു, ഇത് എന്റെ സുഹൃത്തായിരുന്നു, ഇത് എന്റെ പ്രിയപ്പെട്ട വളർത്തു നായ ആയിരുന്നു, ഇത് എന്റെ കാറായിരുന്നു, അങ്ങനെയങ്ങനെ ഒരുപാട് ആയിരുന്നു കളാണ് ഇന്ന് ഓരോ യുക്രെയിനിക്കും കൈമുതലായുള്ളത്'', ഡോക്യൂമെന്ററിയിലെ വിവരണം തുടരുന്നു.
ഏകദേശം 3 ലക്ഷത്തോളം പേർ ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ കണ്ടു കഴിഞ്ഞു. ഇത്രയധികം ദുരിതങ്ങൾ അനുഭവിക്കുമ്പോഴും അവരുടെ ശുഭാപ്തി വിശ്വാസം ഒട്ടും ചോർന്നുപോകുന്നില്ല എന്നതിന്റെ തെളിവാണ് ഡോക്യൂമെന്ററിയുടെ അവസാന ഭാഗങ്ങളിൽ ഉള്ള ചില വിവരണങ്ങൾ, ''പുതിയ വീടുകൾ ഉണ്ടാകും, പുതിയ നഗരങ്ങൾ ഉണ്ടാകും, അതോടൊപ്പം പുതിയ സ്വപ്നങ്ങളും. ഒരു പുതിയ കഥയും ഉണ്ടാകും. നമ്മളെ വിട്ടുപിരിഞ്ഞവർ എന്നും ഓർമ്മിക്കപ്പെടും. യുക്രെയിൻ സുന്ദരമായിരുന്നു, പക്ഷെ ഇനിയത് മഹത്തരമാകും.''
മറുനാടന് ഡെസ്ക്