- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആകാശ മാർഗമുള്ള ഏതാക്രമണവും ചെറുക്കും; പാക്കിസ്ഥാൻ, ചൈന അതിർത്തികളിൽ രാജ്യത്തെ സുരക്ഷിതമാക്കാൻ എസ് 400 ട്രയംഫ് മിസൈലുകൾ; റഡാറുകൾക്ക് 600 കിലോമീറ്റർ വരെ നിരീക്ഷണ ദൂരപരിധി; യുഎസിനേയും ചൈനയേയും ഒരേ പോലെ ചൊടിപ്പിച്ച റഷ്യയുമായുള്ള പ്രതിരോധ കരാറുമായി ഇന്ത്യ മുന്നോട്ട്; ആകാശ കാവലൊരുങ്ങുക ജനുവരിയോടെ
ന്യൂഡൽഹി: വ്യോമ പ്രതിരോധത്തിൽ വിദേശി - സ്വദേശി മിസൈലുകളുടെ സംഗമം ഒരുക്കി കരുത്ത് വർധിപ്പിക്കാനുള്ള നീക്കത്തിലാണ് ഇന്ത്യ. റഷ്യൻ നിർമ്മിത എസ് 400 ട്രയംഫ് മിസൈലുകൾ അതിർത്തി മേഖലകളിൽ കാവലൊരുക്കുമ്പോൾ പ്രതിരോധ ഗവേഷണ വികസന കേന്ദ്രം (ഡിആർഡിഒ) തദ്ദേശീയമായി വികസിപ്പിക്കുന്ന മിസൈൽവേധ സംവിധാനം (ശത്രുവിന്റെ മിസൈലുകൾ തകർക്കുന്ന ഇന്റർസെപ്റ്റർ മിസൈൽ) വൈകാതെ സേനയുടെ ഭാഗമാകും.
'പ്രോഗ്രാം എഡി' എന്ന കോഡ് നാമമുള്ള ഡിആർഡിഒ പദ്ധതിയിലൂടെ ദീർഘഹ്രസ്വദൂര മിസൈൽ പ്രതിരോധ സംവിധാനം വികസിപ്പിക്കും. പൃഥ്വി എയർ ഡിഫൻസ് (ദീർഘദൂരം), അഡ്വാൻഡ്‌സ് എയർ ഡിഫൻസ് (ഹ്രസ്വദൂരം) എന്നിവയുൾപ്പെട്ട എഡി മിസൈലുകൾ ഡൽഹി, മുംബൈ എന്നീ വൻ നഗരങ്ങൾക്ക് വ്യോമപ്രതിരോധം ഒരുക്കും.
റഷ്യയിൽനിന്നും ലഭിക്കുന്ന അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനമായ എസ് 400 ട്രയംഫ് മിസൈലുകൾ ഇന്ത്യ ആദ്യം സജ്ജമാക്കുക പടിഞ്ഞാറൻ അതിർത്തിയിലാകും. പ്രധാനമായും ലക്ഷ്യമിടുന്നത് പാക്കിസ്ഥാനെ തന്നെ. വടക്ക്, കിഴക്ക് അതിർത്തി മേഖലകളിൽ ചൈനയെ ലക്ഷ്യമിട്ടും മിസൈലുകൾ പിന്നാലെ സജ്ജമാക്കും. ഇന്ത്യയ്ക്കുള്ള മിസൈലുകളുടെ വിതരണം ആരംഭിച്ചതായി റഷ്യയുടെ മിലിറ്ററി സാങ്കേതിക സഹകരണ ഫെഡറൽ സർവീസ് ഡയറക്ടർ ദിമിത്രി ഷൂഗേവ് ഞായറാഴ്ച അറിയിച്ചിരുന്നു.
കരയിൽനിന്ന് ആകാശത്തേക്കു തൊടുക്കുന്ന എസ് 400 ട്രയംഫിലൂടെ ലോകത്തിലെ ഏറ്റവും കരുത്തുറ്റ വ്യോമ പ്രതിരോധ സംവിധാനമാണ് ഇന്ത്യയിലേക്കെത്തുന്നത്. ദക്ഷിണേഷ്യൻ മേഖലയിൽ അവഗണിക്കാൻ പറ്റാത്ത സൈനിക ശക്തിയായി ഇന്ത്യയെ മാറ്റുന്നതിൽ എസ് 400 നിർണായക പങ്കു വഹിക്കും. 40,000 കോടി രൂപയ്ക്ക് 5 യൂണിറ്റുകളാണ് വ്യോമസേനയ്ക്കായി ഇന്ത്യ വാങ്ങുന്നത്. ഇതിൽ ആദ്യത്തേതിന്റെ വിതരണമാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്.
ശത്രുസേനയ്ക്കു കടക്കാനാവാത്ത വിധം ഇന്ത്യൻ വ്യോമാതിർത്തിയിൽ ഇതുവഴി ആകാശക്കാവലൊരുക്കാം. ആക്രമണ ലക്ഷ്യത്തോടെയല്ല മിസൈലുകൾ ഇന്ത്യ സ്വന്തമാക്കുന്നത്. മറിച്ച്, ഏത് ആക്രമണവും നേരിടാൻ തങ്ങൾക്കു കെൽപ്പുണ്ടെന്ന മുന്നറിയിപ്പ് അയൽ രാജ്യങ്ങൾക്കു നൽകാൻ വേണ്ടിയാണ്. ആക്രമണമല്ല, പ്രതിരോധമാണ് എസ് 400ന്റെ പ്രാഥമിക ദൗത്യം.
റഷ്യയുമായുള്ള ഈ കരാറിലൂടെ ഒരേസമയം യുഎസിനേയും ചൈനയേയും ഇന്ത്യ ചൊടിപ്പിച്ചിരിക്കുന്നു. റഷ്യയുമായി പ്രതിരോധ കരാർ ഒപ്പുവച്ചതിലാണ് യുഎസിന് എതിർപ്പ്. മിസൈലുകൾ തങ്ങളെ നേരിടാൻ കൂടി ലക്ഷ്യമിട്ടുള്ളതാണെന്നു ചൈനയ്ക്കു വ്യക്തമായി അറിയാം.
പലതരം മിസൈലുകൾ, റഡാറുകൾ, മിസൈൽ ഘടിപ്പിക്കുന്ന വാഹനം എന്നിവയടങ്ങുന്ന വ്യോമ പ്രതിരോധ മിസൈൽ യൂണിറ്റ് റഷ്യൻ സാങ്കേതിക വിദഗ്ധരുടെ മേൽനോട്ടത്തിൽ ഈ വർഷം അവസാനം ഇന്ത്യയിൽ പരീക്ഷിക്കും. അടുത്ത ജനുവരി ഫെബ്രുവരി മാസങ്ങളിൽ അവ അതിർത്തിയിൽ സജ്ജമാക്കും. 2023നകം 5 യൂണിറ്റുകളും ഇന്ത്യയ്ക്കു ലഭിക്കും. മിസൈലുകൾ പ്രവർത്തിപ്പിക്കാനുള്ള പരിശീലനത്തിനായി വ്യോമസേനാംഗങ്ങളെ ഏതാനും മാസങ്ങൾക്കു മുൻപ് ഇന്ത്യ റഷ്യയിലേക്ക് അയച്ചിരുന്നു.
Russia starts delivery of S-400 missile systems to India:
- Defence Decode® (@DefenceDecode) November 14, 2021
"The supplies of the #S400 ADS to India have started and are proceeding on schedule,": Director of FSMTC
India has signed a $5bn deal with Russia for 5 units of the missile systems. pic.twitter.com/MS99AyusHn
പാക്കിസ്ഥാൻ, ചൈന അതിർത്തികളിൽ ആകാശമാർഗമുള്ള ഏത് ആക്രമണവും നേരിടാൻ മിസൈലിനു ശേഷിയുണ്ട്. നിലവിൽ ഇരു രാജ്യങ്ങളുടെയും പക്കലുള്ള യുദ്ധവിമാനങ്ങൾ, മിസൈലുകൾ, ഡ്രോണുകൾ എന്നിവയെ തകർക്കാൻ എസ് 400നു സാധിക്കുമെന്നു പ്രതിരോധ മേഖലയിലെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
മിസൈലിന്റെ ഭാഗമായുള്ള റഡാറുകൾക്ക് 600 കിലോമീറ്റർ വരെ നിരീക്ഷണ ദൂരപരിധിയുണ്ട്. അതിർത്തി മേഖലയിൽ ഇവ സ്ഥാപിക്കുന്നതോടെ, പാക്കിസ്ഥാൻ, ചൈന എന്നിവിടങ്ങളിൽനിന്ന് ഇന്ത്യയെ ലക്ഷ്യമിട്ട് പറന്നുയരുന്ന ഏതു വസ്തുവും നിമിഷങ്ങൾക്കുള്ളിൽ റഡാറുകൾ കണ്ടെത്തും; തൊട്ടുപിന്നാലെ മിസൈലുകൾ ഉപയോഗിച്ച് അവ തകർക്കും.
കരുത്തിലും സാങ്കേതിക വിദ്യയിലും ലോകത്തെ ഏറ്റവും മികച്ച യുദ്ധവിമാനമെന്ന പെരുമയോടെ യുഎസ് കമ്പനിയായ ലോക്ക്ഹീഡ് മാർട്ടിൻ നിർമ്മിച്ച എഫ് 35നെ പ്രതിരോധിക്കാനും തകർക്കാനും എസ് 400നു ശേഷിയുണ്ട്. ശത്രുസേനകളുടെ കണ്ണിൽപ്പെടാതെ പറക്കാനുള്ള നൂതന സ്റ്റെൽത്ത് സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന എഫ് 35നെ എസ് 400ന്റെ അത്യാധുനിക റഡാർ കണ്ണുകൾക്കു കണ്ടുപിടിക്കാനാവും. സാങ്കേതിക വിശദാംശങ്ങൾ വരെ ചോർത്തിയെടുക്കാൻ സാധിക്കുന്നതു വഴി വിമാനത്തിന്റെ കുറവുകൾ എസ് 400നു മനസ്സിലാക്കാനാവും.
മിസൈലിന്റെ വരവോടെ പാക്കിസ്ഥാനുമായുള്ള ബലാബലത്തിൽ ഇന്ത്യ ബഹുദൂരം മുന്നിലെത്തും. പാക്കിസ്ഥാനുമായി സൈനിക സഹകരണമുള്ള യുഎസ് അതിനെ ആശങ്കയോടെ വീക്ഷിക്കുന്നു. പാക്കിസ്ഥാൻ വ്യോമസേനയുടെ കുന്തമുനയായ യുഎസ് നിർമ്മിത എഫ് 16 ഫൈറ്റിങ് ഫാൽക്കണിനെ തകർക്കാൻ എസ് 400നു കരുത്തുണ്ട്.
ഇന്ത്യയും റഷ്യയും തമ്മിൽ അടുത്ത മാസം നടക്കുന്ന വാർഷിക ഉച്ചകോടിയിൽ എസ് 400ന്റെ അടുത്ത പതിപ്പായ എസ് 500 ഇന്ത്യയ്ക്കു വിൽക്കാൻ റഷ്യ ശ്രമിക്കുമെന്നാണു സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിനും ഉച്ചകോടിയിൽ പങ്കെടുക്കും.
തങ്ങളുടെ എതിരാളികളായ റഷ്യ, ഉത്തര കൊറിയ, ഇറാൻ എന്നീ രാജ്യങ്ങളുമായി വിവിധ മേഖലകളിൽ കരാറിലേർപ്പെടുന്നവർക്കെതിരെ യുഎസ് ചുമത്തുന്ന ഉപരോധം വകവയ്ക്കാതെയാണ് എസ് 400 വാങ്ങാൻ ഇന്ത്യ തീരുമാനിച്ചത്. റഷ്യയിൽനിന്ന് എസ് 400 വാങ്ങിയതിന് ചൈന, തുർക്കി എന്നിവയ്ക്കു മേൽ യുഎസ് മുൻപ് ഉപരോധമേർപ്പെടുത്തിയിരുന്നു. എന്നാൽ, വൻശക്തിയായി വളരുന്ന ചൈനയെ പ്രതിരോധിക്കാൻ കെൽപുള്ള ഇന്ത്യയുമായുള്ള സഹകരണം യുഎസിന് അനിവാര്യമാണ്. അതുകൊണ്ടുതന്നെ ഉപരോധമേർപ്പെടുത്താൻ യുഎസ് തയാറായേക്കില്ലെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ.
യുഎസുമായി മറ്റൊരു പ്രതിരോധ കരാറിനും വൈകാതെ ഇന്ത്യ കൈകൊടുക്കും. 20,000 കോടി രൂപയ്ക്ക് യുഎസിൽ നിന്ന് 30 പ്രിഡേറ്റർ ഡ്രോണുകൾ വാങ്ങാനാണ് ആലോചന. കര, നാവിക, വ്യോമ സേനകൾക്ക് 10 വീതം ഡ്രോണുകൾ ലഭ്യമാക്കും. കരാർ സംബന്ധിച്ച് 2 വർഷത്തിലേറെയായി ഇന്ത്യയും യുഎസും ചർച്ച നടത്തുന്നുണ്ട്.
ഇന്ത്യയെ ഉന്നമിട്ട് ചൈന
2014ൽ റഷ്യയിൽ നിന്ന് ആറ് എസ് 400 മിസൈൽ യൂണിറ്റുകൾ ചൈന വാങ്ങിയിരുന്നു. ഇന്ത്യയെ ഉന്നമിട്ട് അതിർത്തി മേഖലകളിൽ അവർ മിസൈലുകൾ സജ്ജമാക്കിയിട്ടുണ്ട്. ചൈനയ്ക്കു പുറമെ തുർക്കിയും റഷ്യയിൽനിന്ന് എസ് 400 വാങ്ങിയിട്ടുണ്ട്. എസ് 400നു ബദലായേക്കാവുന്ന വ്യോമപ്രതിരോധ സംവിധാനമായ 'സൈപർ' മിസൈൽ തുർക്കി സ്വന്തമായി വികസിപ്പിച്ചിട്ടുണ്ട്. മിസൈൽ കഴിഞ്ഞ ദിവസം വിജയകരമായി പരീക്ഷിച്ചിരുന്നു. സൗദി അറേബ്യ, ഈജിപ്ത് എന്നിവർ മിസൈൽ വാങ്ങാൻ താൽപര്യമറിയിച്ചിട്ടുണ്ട്. സിറിയയിൽ വ്യോമ പ്രതിരോധത്തിന് റഷ്യ മുൻപ് എസ് 400 ഉപയോഗിച്ചിരുന്നു.
ന്യൂസ് ഡെസ്ക്