ഷിംല: യുദ്ധകോലാഹലങ്ങളിൽ നിന്നും വളരെ അകലെ ഹിമാചലിന്റെ ശാന്തതയിൽ ഒരുവിവാഹം. പ്രണയത്താൽ കോർത്ത ചരടില്ലായിരുന്നെങ്കിൽ അവർ ഇരുവരും ഒരുപക്ഷേ ശത്രുപാളയങ്ങളിൽ ഇരുന്ന് പരസ്പരം തോക്കിന് ഉന്നം വച്ചേനെ. രാജ്യങ്ങൾ തമ്മിലെ യുദ്ധം തങ്ങളുടെ സ്‌നേഹത്തെ എങ്ങനെ ബാധിക്കുമെന്ന ചോദ്യമാണ് റഷ്യാക്കാരനായ സെർജി നോവിക്കോവും, ഉക്രെയിൻകാരിയായ എലോണ ബ്രോമകയും ചോദിക്കുന്നത്. ഇരുവരുടെയും വിവാഹം ഹിമാചൽ പ്രദേശിലെ ധർമ്മശാലയിൽ വച്ച് കഴിഞ്ഞ ദിവസം നടന്നു.

റഷ്യൻ വംശജനായ ഇസ്രയേലി പൗരനാണ് സെർജി. എലോണയെ കുറച്ചുവർഷങ്ങളായി ഡേറ്റ് ചെയ്യുന്നു. തങ്ങളുടെ സ്‌നേഹം വിവാഹബന്ധം എന്ന ചരടിൽ കോർക്കാൻ അവർ തിരഞ്ഞെടുത്തത് ശാന്തസുന്ദരമായ ധർമ്മശാലയാണെന്ന് മാത്രം.

ഓഗസ്റ്റ് രണ്ടിന് പരമ്പരാഗത ഹൈന്ദവ ചടങ്ങനുസരിച്ചായിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചതോടെ വൈറലായിരിക്കുകയാണ് ഈ ദമ്പതികൾ. പൂജാരി മന്ത്രം ചൊല്ലി കൊടുക്കുന്നതും ഇരുവരും മണ്ഡപത്തിന് ചുറ്റും വലം വെക്കുന്നതും സാമൂഹ്യമാധ്യമങ്ങളിൽ വൈറലായ വീഡിയോയിലുണ്ട്.

എലോണ ചുവപ്പ് നിറത്തിലുള്ള ലെഹംഗയും സെർജി മെറൂൺ നിറത്തിലുള്ള കുർത്തിയും പൈജാമയുമാണ് ധരിച്ചത്. ഇരുവരുടെയും ബന്ധുക്കൾ ധർമ്മശാലയിൽ നടന്ന ചടങ്ങിൽ പങ്കെടുത്തിരുന്നു. നവദമ്പതികൾക്ക് ആശംസകൾ അറിയിച്ച് നിരവധി ആളുകളാണ് ഇതിനകം സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ കമന്റ് ചെയ്തിരിക്കുന്നത്.

'സെർജിയും, എലോണയും ധർമ്മശാലയ്ക്ക് അടുത്ത് ധരംകോട്ടിൽ ഒരുവർഷമായി കുടുംബത്തിനൊപ്പം താമസിച്ചുവരികയാണ്. കുടുംബമാണ് വിവാഹത്തിന് വേണ്ട ഏർപ്പാടുകൾ ചെയ്തത്. ഞങ്ങളുടെ ആശ്രമത്തിലെ പണ്ഡിത് രാമൻ ശർമ വേദമന്ത്രങ്ങൾ ഉരുവിട്ട് വിവാഹ ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചു', പണ്ഡിത് സന്ദീപ് ശർമ അറിയിച്ചു. കന്യാദാമനം അടക്കമുള്ള ചടങ്ങുകൾ നടത്തി.

ദേശി സ്റ്റൈൽ വിദേശി കല്യാണം, ഖനിയറയിലെ ദിവ്യ ആശ്രമത്തിലാണ് അരങ്ങേറിയത്. ചടങ്ങിന് കൊഴുപ്പ് കൂട്ടാൻ, നാടോടി ഗാനങ്ങളും, നൃത്തവും പോരാഞ്ഞ് ഉഗ്രൻ വിരുന്നും ഉണ്ടായിരുന്നു. ഇന്ത്യൻ വിവാഹ പാരമ്പര്യത്തിന് അനുസരിച്ച് വിദേശ ദമ്പതികൾ വിവാഹിതരായതിൽ പണ്ഡിത് രാമൻ ശർമ അടക്കം ഉള്ളവരും സന്തുഷ്ടർ. വിവാഹ മന്ത്രങ്ങളെ കുറിച്ചും മറ്റും ദമ്പതികൾ വളരെ താൽപര്യത്തോടെ ചോദിച്ചെന്നും അദ്ദേഹം പറഞ്ഞു.