മോസ്‌കോ: യുക്രെയ്ൻ അതിർത്തിയിൽ ദിവസങ്ങൾ നീണ്ട സംഘർഷാവസ്ഥയ്ക്ക് അയവു വരുത്തി റഷ്യ. രാജ്യാതിർത്തിയോട് ചേർന്നുള്ള ക്രിമിയയിൽ സൈനിക അഭ്യാസം അവസാനിപ്പിച്ച് പിൻവാങ്ങുകയാണെന്ന് റഷ്യ പ്രഖ്യാപിച്ചു. യുക്രൈൻ അതിർത്തികളിൽ നിന്ന് ഒരു വിഭാഗം സൈനികരെ അവരുടെ താവളങ്ങളിലേക്ക് മാറ്റികൊണ്ടിരിക്കുകയാണെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം.

സംഘർഷസാധ്യത നിലനിൽക്കുന്ന യുക്രൈൻ അതിർത്തിയിൽ വിന്യസിച്ചിരുന്ന ഒരുവിഭാഗം സേനയെ അവരുടെ താവളങ്ങളിലേക്ക് പിൻവലിക്കുന്നതായി റഷ്യൻ പ്രതിരോധമന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നെങ്കിലും അമേരിക്കയുൾപ്പടെയുള്ള നാറ്റോ രാജ്യങ്ങൾ ഇത് വിശ്വാസത്തിലെടുത്തിരുന്നില്ല. ഇതിന് പിന്നാലെയാണ് സേനാപിന്മാറ്റത്തിന്റെ ചിത്രം പുറത്തുവിട്ടിട്ടുണ്ട്. യുദ്ധഭീതി മാറ്റുന്നതിന്റെ ഭാഗമായി ക്രിമിയ ഉപദ്വീപിലെ സൈനികാഭ്യാസം അവസാനിപ്പിക്കുന്നതായി റഷ്യ അറിയിച്ചു.

'തെക്കൻ മിലിട്ടറി ഡിസ്ട്രിക്ട് യൂണിറ്റുകൾ അവരുടെ തന്ത്രപരമായ സൈനിക അഭ്യാസങ്ങൾ പൂർത്തിയാക്കി അവരെ നേരത്തെ വിന്യസിച്ചിരുന്ന താവളങ്ങളിലേക്ക് മടങ്ങുകയാണെന്ന്'റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ വ്യക്തമാക്കി.

സൈനികർ ക്യാമ്പുകളിലേക്ക് മടങ്ങുന്നതിന്റെ ദൃശ്യങ്ങളും റഷ്യൻ ദേശീയ ചാനൽ പുറത്തുവിട്ടു. ടാങ്കുകളും പീരങ്കികളും അടക്കമുള്ള കവചിതവാഹനങ്ങളും ക്രൈമിയയിൽ നിന്ന് റെയിൽ മാർഗം മാറ്റുന്നതായും പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവനയിലുണ്ട്.

പരിശീലനങ്ങൾക്കു ശേഷം സതേൺ മിലിറ്ററി ഡിസ്ട്രിക്റ്റ് യൂണിറ്റിലെ സൈനികർ സേനാ ക്യാംപുകളിലേക്കു മടങ്ങിയെന്നു റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചതായി വാർത്താ ഏജൻസി എഎഫ്‌പി റിപ്പോർട്ട് ചെയ്തിരുന്നു. ടാങ്കുകൾ, യുദ്ധ വാഹനങ്ങൾ, ആയുധങ്ങൾ തുടങ്ങിയവ ക്രൈമിയയിൽനിന്നു തിരിച്ചെത്തിക്കുകയാണ്.

അതേസമയം, റഷ്യ യുക്രെയ്‌നെ ആക്രമിക്കാനുള്ള സാധ്യത ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നാണ് യൂറോപ്പിലെ പല രാജ്യങ്ങളുടെയും നിലപാട്. ആക്രണത്തിന് വളരെയധികം സാധ്യതയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ കഴിഞ്ഞ ദിവസം തുറന്നുപറഞ്ഞിരുന്നു. സേന പിന്മാറിയെന്ന റഷ്യൻ വാദം ബൈഡൻ സ്ഥിരീകരിച്ചിരുന്നില്ല. തുടർന്നാണു റഷ്യ ചിത്രങ്ങൾ പുറത്തുവിട്ടത്. റഷ്യയുടെ ഉദ്ദേശ്യത്തിൽ സംശയം പ്രകടിപ്പിക്കുന്ന ബൈഡൻ, യുദ്ധമുണ്ടായാൽ ലോകരാജ്യങ്ങളെ അണിനിരത്തി നേരിടുമെന്ന മുന്നറിയിപ്പും നൽകിയിരുന്നു.

റഷ്യയുമായി നേരിട്ടുള്ള ഏറ്റുമുട്ടലിന് അമേരിക്ക ശ്രമിക്കുന്നില്ലെന്നും സൈനികർ യുക്രൈനിലേക്ക് യുദ്ധം ചെയ്യാൻ പോകുന്നില്ലെന്നും പ്രസിഡന്റ് പറഞ്ഞു. എന്നാൽ റഷ്യ യുക്രൈനിലുള്ള അമേരിക്കക്കാരെ ആക്രമിക്കുകയാണെങ്കിൽ ശക്തമായി പ്രതികരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

''അമേരിക്കയും നോർത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓർഗനൈസേഷനും (നാറ്റൊ) റഷ്യയ്ക്ക് ഭീഷണിയല്ല. യുക്രൈനിൽ യുഎസിനും നാറ്റോയ്ക്കും മിസൈലുകളില്ല. റഷ്യയിലെ ജനങ്ങളെ ഞങ്ങൾ ലക്ഷ്യമിടുന്നില്ല. റഷ്യയെ അസ്ഥിരപ്പെടുത്താൻ ഞങ്ങൾ ശ്രമിക്കുന്നില്ല,'' ബൈഡൻ വ്യക്തമാക്കി.

''റഷ്യയിലെ പൗരന്മാരോടായി പറയുന്നു, നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല. യുക്രൈനെതിരായ ഒരു യുദ്ധവും രക്തച്ചൊരിച്ചിലും നിങ്ങൾ ആഗ്രഹിക്കുമെന്ന് ഞാൻ കരുതുന്നില്ല. യുക്രൈനെ ആക്രമിച്ചാൽ റഷ്യ നേരിടാൻ പോകുന്ന പ്രത്യാഘാതം വലുതായിരിക്കും. അനാവശ്യ നടപടികൾ റഷ്യ സ്വീകരിച്ചാൽ ലോകം അത് ഒരിക്കലും മറക്കില്ല,'' അമേരിക്കൻ പ്രസിഡന്റ് പറഞ്ഞു.