തിരുവനന്തപുരം: വികസന പദ്ധതികൾ വൈകുന്നത് രാഷ്ട്രീയ ഇച്ഛാശക്തി ഇല്ലാത്തതു കൊണ്ടാണെന്നും അതിനു ജനത്തെ കുറ്റം പറഞ്ഞിട്ടു കാര്യമില്ലെന്നും കണ്ണൂർ ഗവൺമെന്റ് കോളജ് ഓഫ് എൻജിനീയറിങ് റിട്ടയേർഡ് പ്രിൻസിപ്പലും ശാസ്ത്രി സാഹിത്യ പരിഷത്ത് മുൻ പ്രസിഡന്റുമായ ആർ.വി.ജി. മേനോൻ.

ജന സാമാന്യത്തിന് പ്രയോജനപ്പെടുന്ന വികസനമാണ് വേണ്ടത്. സിൽവർ ലൈൻ പദ്ധതിക്ക് പല പ്രശ്നങ്ങളുമുണ്ട്. ഞങ്ങളിത് തീരുമാനിച്ചു കഴിഞ്ഞു, എന്തുവില കൊടുത്തും നടപ്പാക്കും എന്നത് ഭീകരമായ പ്രസ്താവനയാണ്. ഇനി വേണമെങ്കിൽ നിങ്ങളുമായി ചർച്ച നടത്താം എന്ന് പറയുന്നത് മര്യാദകേടാണെന്നും അദ്ദേഹം പറഞ്ഞു.

സ്റ്റാൻഡേഡ് ഗേജിൽ സിൽവർലൈൻ പദ്ധതി നടപ്പിലാക്കാനുള്ള തീരുമാനത്തെ ആർ.വി.ജി. മോനോൻ എതിർത്തു. നിലവിലെ റെയിൽപാതയോടു ചേർന്ന് മൂന്നാമത്തെയും നാലാമത്തെയും പാത നിർമ്മിച്ചാൽ അതിവേഗ ട്രെയിൻ ഓടിക്കാൻ കഴിയുമെന്നും സിൽവർലൈൻ സംവാദത്തിൽ അദ്ദേഹം പറഞ്ഞു.

കേരളത്തിൽ ദേശീയപാതാ വികസനം നടക്കാത്തതു കാര്യങ്ങൾ ശരിയായി ചെയ്യാൻ കഴിവില്ലാത്തതിനാലാണ്. റെയിൽവേ വികസനത്തിനു തടസം നാട്ടുകാരുടെ എതിർപ്പല്ല. റെയിൽവേയ്ക്ക് കേരളത്തോട് അവഗണനയാണ്. റെയിൽപാത ഇരട്ടിപ്പിക്കൽ 30 വർഷമായി തടസപ്പെട്ടു കിടക്കുന്നു. ഇപ്പോഴാണ് പണികൾ ആരംഭിക്കാൻ കഴിഞ്ഞത്. റെയിൽപാത ഇരട്ടിപ്പിക്കൽ പൂർത്തിയായാൽ മൂന്ന് മണിക്കൂറിൽ എറണാകുളത്ത് എത്താനാകും. സിൽവർലൈന്റെ പ്രധാന പ്രശ്‌നം സ്റ്റാൻഡേഡ് ഗേജ് ആണെന്നും ആർ.വി.ജി. മേനോൻ പറഞ്ഞു.

''ബ്രോഡ് ഗേജിൽ റെയിൽവേ 160 കിലോമീറ്റർ വേഗത്തിൽ ട്രെയിനുകൾ ഓടിക്കുന്നുണ്ട്. അതിന്റെ ഘടകങ്ങൾ ഇന്ത്യയിലാണു നിർമ്മിക്കുന്നത്. സ്റ്റാൻഡേഡ് ഗേജാണെങ്കിൽ പുറത്തുനിന്ന് ഘടകങ്ങൾ വരണം. സ്റ്റാൻഡേർഡ് ഗേജ് മതിയെന്നു കെ റെയിൽ കോർപറേഷൻ തീരുമാനിച്ചത് എന്തു പ്രക്രിയയിലൂടെയാണെന്ന് ജനം അറിയണം. പദ്ധതിയെ എതിർക്കുന്നവർ പിന്തിരിപ്പന്മാരാണെന്ന ചിന്ത ശരിയല്ല.''

''കൊല്ലത്ത് മുഖത്തലയിൽ വെള്ളക്കെട്ടുള്ള സ്ഥലത്താണ് സ്റ്റേഷൻ വരുന്നത്. അവിടെ ഒരു തോട് ഒഴുകുന്നുണ്ട്. തോട് മാറ്റി സ്ഥാപിക്കണമെന്നാണ് പഠനത്തിൽ പറയുന്നത്. കൊച്ചിയിലെ വിമാനത്താവളത്തിനടുത്തും തോട് ഉണ്ടായിരുന്നു. അത് മൂടിയതു കൊണ്ടാണ് കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ കൊച്ചി വിമാനത്താവളം വെള്ളത്തിൽ മുങ്ങിയത്.

622 വളവുകൾ നിലവിലെ പാതയിലുണ്ട്. അതിലൂടെ അതിവേഗ ട്രെയിൻ ഓടിക്കാൻ കഴിയില്ല. കേരളത്തിൽ പുതിയ റെയിൽപ്പാതകൾ വികസിപ്പിക്കാൻ എന്തു ചെയ്യണമെന്ന് കെറെയിൽ പരിശോധിക്കണം. പുതിയ ലൈനുകളും സിഗ്‌നൽ സംവിധാനവും വരണം. അങ്ങനെ വന്നാൽ കൂടുതൽ ട്രെയിനുകൾ ഓടിക്കാൻ കഴിയും' ആർ.വി.ജി. മേനോൻ പറഞ്ഞു.

നിലവിലെ പാതയോടു ചേർന്ന് മൂന്നാമത്തെയും നാലാമത്തെയും പാത വരുമ്പോൾ കൂടുതൽ വേഗമുള്ള ട്രെയിൻ ഓടിക്കാം. റെയിൽപാതയോട് ചേർന്നുള്ള ഭൂമിക്കു വില കുറവാണ്. സർക്കാർ നല്ല വില കൊടുത്താൽ ജനം ഭൂമി വിട്ടുകൊടുക്കും. ഈ ചർച്ച 34 വർഷം മുൻപ് നടത്തേണ്ടതായിരുന്നെന്നും ആർ.വി.ജി. മേനോൻ പറഞ്ഞു.

എന്തു വില കൊടുത്തും പദ്ധതി നടപ്പിലാക്കുമെന്നു പറഞ്ഞിട്ട് ഇനി ചർച്ചയാകാം എന്നു പറയുന്നത് ശരിയല്ല. ചർച്ചയിലൂടെ ഏതുതരത്തിലുള്ള പദ്ധതി വേണമെന്ന് നിശ്ചയിച്ചിട്ട് മുന്നോട്ടു പോകണമായിരുന്നു. ജപ്പാൻ കടം തരുന്നത് നമ്മുടെ വികസനത്തിനല്ല. അവരുടെ സാങ്കേതിക വിദ്യ കൊണ്ടുവരാനാണ്. എല്ലാം വിപണിക്കു വിട്ടാൽ അവർ ഹ്രസ്വകാല ലാഭമുണ്ടാക്കാൻ ചിന്താഗതികളെ തിരിച്ചുവിടും. കേരള വികസനത്തിൽ റെയിൽവേയ്ക്കു വലിയ പങ്കുണ്ടെന്നും ആർ.വി.ജി. മേനോൻ പറഞ്ഞു.

'സിൽവർ ലൈൻ അല്ല പ്രശ്നം, ഗതാഗത വികസനമാണ്. ഗതാഗത വികസനത്തിൽ തീർച്ചയായും റെയിൽവെയ്ക്ക് പങ്കുണ്ട്. പാത ഇരട്ടിപ്പിക്കൽ വൈകുന്നത് പ്രശ്നമാണ്. ചിങ്ങവനം മുതൽ ഏറ്റുമാനൂർ വരെയുള്ള പാത മുടങ്ങിക്കിടന്നിട്ട് മുപ്പത് വർഷമായി. നാട്ടുകാർ എതിർത്തിട്ടൊന്നുമല്ല താമസിച്ചത്. അതിനുള്ള ശേഷിയും ഇച്ഛാശക്തിയും രാഷ്ട്രീയ നേതൃത്വത്തിനില്ല. ഇപ്പോൾ അത് പരിഹരിച്ച് മുന്നോട്ടുപോകുന്നു. ആലപ്പുഴ റൂട്ടിൽ അമ്പലപ്പുഴ മുതൽ അനക്കമില്ല, ആര് എതിർത്തിട്ടാണ്,നാട്ടുകാരെ കുറ്റം പറയുകയാണ്.

5.55ന് ജനശതാബ്ദിയിൽ തിരുവനന്തപുരത്ത് നിന്ന് കേറിയിൽ 9.15ന് എറണാകുളത്തെത്താം. അത് ഒട്ടും മോശമല്ല. ഇരട്ടിപ്പിക്കൽ പൂർത്തിയായാൽ എളുപ്പത്തിൽ എത്തും. ജനസാമാന്യത്തിന് പ്രയോജനപ്പെടുന്ന വികസനമാണ് വേണ്ടത്. സിൽവർ ലൈൻ പദ്ധതിക്ക് പല പ്രശ്നങ്ങളുമുണ്ട്. സ്റ്റാന്റേർഡ് ഗേജിലാണ് എന്നത് പ്രശ്നമാണ്. ബ്രോഡ്ഗേജിൽ വന്ദേ ഭാരത് എക്സ്പ്രസ് പോലുള്ള സെമി ഹൈസ്്പീഡ് ട്രെയിനുകൾ ഓടിക്കുന്നുണ്ട്. 160 കിലോമീറ്റർ സ്പീഡിലേ പോകൂ എന്ന് മോശമായിട്ട് പറയുന്നു. ഒളിമ്പിക്സ് റെയിസിന് പോവുകയല്ല. 200 കിലോമീറ്റർ ആയാലെ പറ്റുള്ളു എന്നൊക്കെ പറയുന്നത് ആരെ പറ്റിക്കാനാണ്?

ഇന്ത്യയിലുണ്ടാക്കുന്ന ബ്രോഡ്ഗേജിലുള്ള വേഗത കൂടിയ ട്രെയിനുകൾ എന്തുകൊണ്ട് പരീക്ഷിച്ചുകൂടാ? സിൽവർ ലൈൻ സ്റ്റാന്റേർഡ് ഗേജ് മതിയെന്ന് ഏത് പ്രക്രിയയിലൂടെയാണ് തീരുമാനിച്ചത്? അത് അറിയാനുള്ള അവകാശം ജനങ്ങൾക്കില്ലേ?

ഞങ്ങൾ തീരുമാനിച്ചു, ഇതാണ് വികസനം, ഇതിനെ എതിർക്കുന്നവരെല്ലാം മോശക്കാരാണ് എന്നുപറയുന്നത് സമ്മതിച്ചുകൊടുക്കാൻ പറ്റില്ല. ജപ്പാൻകാർ കടം തരുന്നത് നമ്മൾ നന്നാകാൻ വേണ്ടിയല്ല. അവരുടെ സാമ്പത്തിക നേട്ടത്തിന് വേണ്ടിയാണ്. ഈ ചർച്ച മൂന്നാലു കൊല്ലം മുൻപ് നടത്തേണ്ടതായിരുന്നു. ഞങ്ങളിത് തീരുമാനിച്ചു കഴിഞ്ഞു, എന്തുവില കൊടുത്തും നടപ്പാക്കും എന്നത് ഭീകരമായ പ്രസ്താവനയാണ്. ഇനി വേണമെങ്കിൽ നിങ്ങളുമായി ചർച്ച നടത്താം എന്ന് പറയുന്നത് മര്യാദകേടാണ്.' ആർ.വി.ജി. മേനോൻ പറഞ്ഞു.

അതേസമയം, സിൽവർ ലൈൻ കേരളത്തിന്റെ വികസനത്തിന് അത്യന്താപേക്ഷിതമാണ് എന്ന് മറ്റ് പാനലിസ്റ്റുകൾ വാദിച്ചു. രാവിലെ പതിനൊന്ന് മണി മുതൽ ഒരു മണി വരെ രണ്ട് മണിക്കൂറാണ് സംവാദം നടന്നത്.

കെ റെയിൽ സംവാദത്തിൽ കെഎസ്ആർടിസിയെ ആദ്യം നന്നാക്കേണ്ടേ എന്ന് കാണികളിൽ ഒരാളുടെ ചോദ്യം. കെ റയിൽ എംഡി മറുപടി പറയണം എന്നായിരുന്നു ആവശ്യം. ആരും മറുപടി നൽകിയില്ല ഈ ചോദ്യത്തിന് എന്ന് മാത്രമല്ല, ചർച്ച തുടരുകയും ചെയ്തു.

ജപ്പാൻ സാങ്കേതിക വിദ്യയെ ആശ്രയിക്കുന്നതിൽ വിമർശനവുമായി ആർ വി ജി മേനോൻ രംഗത്തെത്തി. ഇന്ത്യൻ വിദഗ്ദ്ധർക്ക് ഇത്തരം സാങ്കേതിക വിദ്യകൾ വികസിപ്പിക്കാം. ഇത് കൂടുതൽ തൊഴിൽ അവസരം സൃഷ്ടിക്കുമെന്നും ആർവിജി മേനോൻ.

ജോസഫ് സി മാത്യുവിനെ ഒഴിവാക്കുകയും അലോക് വർമ്മയും ശ്രീധർ രാധാകൃഷ്ണനും പിന്മാറുകയും ചെയ്തതോടെ എതിർക്കുന്നവരിൽ അവശേഷിച്ചത് ആർവിജി മേനോൻ മാത്രമാണ്. അനുകൂലിക്കുന്ന പാനലിൽ മുൻ റെയിൽവെ ബോർഡ് എഞ്ചിനീയർ സുബോധ് ജെയിൻ, കുഞ്ചറിയ പി ഐസക്, രഘുചന്ദ്രൻ നായർ എന്നിവരാണുണ്ടായിരുന്നത്.

അതേസമയം, കെ റെയിൽ സംവാദത്തിന് ബദലായി ജനകീയ പ്രതിരോധ സമിതി മെയ് നാലിന് തിരുവനന്തപുരത്ത് ബദൽ സംവാദം സംഘടിപ്പിക്കുന്നുണ്ട്. അലോക് വർമ്മയും ശ്രീധറും ജോസഫ് സി മാത്യുവും ആർവിജി മേനോനും ഈ ബദൽ സംവാദത്തിൽ പങ്കെടുക്കും. ഒപ്പം മുഖ്യമന്ത്രിയെയും കെ റെയിൽ അധികൃതരെയും ക്ഷണിക്കാനും ആലോചനയുണ്ട്.

സംവാദത്തിൽ പങ്കെടുത്തതിൽ പദ്ധതിയെ അനുകൂലിച്ചവർ :
1. സുബോധ് കുമാർ ജയിൻ,റിട്ടയേർഡ് റെയിൽവേ ബോർഡ് മെംബർ

2. എസ്.എൻ. രഘുചന്ദ്രൻ നായർ, ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്സ്

3. ഡോ. കുഞ്ചെറിയ പി. ഐസക്, മുൻ വൈസ് ചാൻസലർ , കേരള സാങ്കേതിക സർവകലാശാല

പദ്ധതിയെ എതിർത്തത്.

ഡോ. ആർ.വി. ജി മേനോൻ, റിട്ട. പ്രിൻസിപ്പൽ കണ്ണൂർ ഗവ. കോളേജ് ഓഫ് എൻജിനീയറിങ്


ഡോ. കുഞ്ചെറിയ പി. ഐസക് സംസാരിച്ചതിന്റെ പ്രസക്തഭാഗങ്ങൾ:

കേരളത്തിലാണ് രാജ്യത്ത് ഏറ്റവും കുറഞ്ഞ ചുറ്റളവിൽ ഏറ്റവും കൂടുതൽ റോഡുകളുള്ളത്. നമുക്ക് 30-40 കി.മീ മണിക്കൂറിൽ മാത്രം വേഗത്തിലേ യാത്ര ചെയ്യാൻ കഴിയുന്നുള്ളൂ. നമുക്ക് നല്ല യാത്രാ സംവിധാനം വേണം ജയശതാബ്ദി, രാജധാനി എന്നിവയാണ് ഏറ്റവും വേഗത്തിൽ ഓടുന്ന തീവണ്ടികൾ. അത് തന്നെ മണിക്കൂറിൽ 60 കി. മീ മാത്രമേ വേഗതയുള്ളൂ. ഒരു ജനശതാബ്ദി കൊണ്ട് നമ്മുടെ ആവശ്യങ്ങൾ നടക്കില്ല. രാത്രികളിൽ ഏറ്റവും കൂടുതൽ യാത്ര നടത്താനാണ് ആളുകൾ ശ്രമിക്കുക. അതും സ്വന്തം വാഹനങ്ങളിൽ. അതായിരിക്കാം അപകടനിരക്ക് കൂട്ടുന്നത്.

എൻ എച്ച് 66 -നെതിരെ വലിയ എതിർപ്പുയർന്നതാണ്. എന്നാലിപ്പോൾ അത് കേരളത്തിന്റെ ഗതാഗതത്തിന്റെ കേന്ദ്രമായി മാറി. നമുക്ക് അപ്പോൾ എൻ എച്ച് 66 മാത്രം മതിയോ? അത് മതിയാകില്ല. കിഴക്ക് മുതൽ പടിഞ്ഞാറ് വരെ കൃത്യമായ കണക്ടിവിറ്റി വേണം. എക്സ്‌പ്രസ് വേ നേരത്തേ തന്നെ കേരളം ആലോചിച്ചതാണ്. പക്ഷേ അത് നടപ്പായില്ല. കേരളത്തിലെ എക്സ്‌പ്രസ് വേയുടെ ഗതി സിൽവർ ലൈനിന് വരരുത്. നമ്മുടെ റോഡുകൾ മാത്രം വികസിച്ചാൽപ്പോര. അതെല്ലാം വികസിച്ച് വന്നാൽപ്പോലും വേഗത്തിൽ യാത്ര ചെയ്യാൻ പറ്റില്ല.

ജലഗതാഗതം മാത്രം കൊണ്ട് വേഗത്തിലെത്തില്ല. ഇന്റർമോഡൽ ട്രാൻസ്ഫറാണ് യാത്ര ചെയ്യാൻ ഉണ്ടാകേണ്ടത്. ഒരു യാത്ര ചെയ്ത് വന്ന്, മറ്റൊന്നിലേക്ക് പോകാനുള്ള പദ്ധതി വേണം. വണ്ടി പാർക്ക് ചെയ്ത്, മെട്രോയിൽ കയറി, അല്ലെങ്കിൽ ബസ് കയറി എത്തി കെ റയിലിലേക്ക് കയറാൻ കഴിയണം.

ഇത് കേരളത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ മെച്ചപ്പെടുത്തുമോ? അമേരിക്കയെപ്പോലുള്ള രാജ്യങ്ങൾ ആദ്യം എക്സ്‌പ്രസ് വേകളാണ് പണിതത്. എന്തുകൊണ്ടും മികച്ച യാത്രാസംവിധാനം ഉണ്ടാക്കുകയാണ് വികസനത്തിന്റെ ആദ്യപടി. അതിനാൽത്തന്നെ ടൂറിസം അടക്കമുള്ള എല്ലാ സംവിധാനങ്ങളും വഴി വരുമാനം വരും.

എസ് എൻ രഘുചന്ദ്രൻ നായർ സംസാരിച്ചതിന്റെ പ്രസക്ത ഭാഗങ്ങൾ

96 ലക്ഷം ഏക്കറുണ്ട് കേരളം. ഇന്ത്യയിലെ 1.1% ഭൂപ്രകൃതി മാത്രമേ കേരളത്തിലുള്ളൂ. കേരളത്തിലിനി വികസനത്തിനായി ഒരു 15 ലക്ഷം ഏക്കർ മാത്രമേ ഉണ്ടാകൂ. 1000 പേർക്ക് 5 കി. മീ റോഡേ ഉള്ളൂ. നിലവിൽ ആയിരം പേർക്ക് 425 വാഹനങ്ങളുണ്ട്. ദേശീയശരാശരിയിൽ ഇത് 180 വാഹനങ്ങളേ ഉള്ളൂ. നമ്മൾ വാഹനങ്ങളുടെ എണ്ണത്തിൽ വളരെ മുന്നിലാണ്.

പൊതുഗതാഗതസംവിധാനം വികസിപ്പിക്കേണ്ടതുണ്ട്. ഏത് പദ്ധതി വന്നാലും ഇവിടെ എതിർപ്പുയരും. അക്കാര്യത്തിൽ മാറ്റം വന്നേ തീരൂ. സിയാൽ വിമാനത്താവളത്തിനെതിരെ, വിഴിഞ്ഞത്തിനെതിരെ, ഗെയിലിനെതിരെ ഒക്കെ എന്നും എതിർപ്പ് ഉണ്ടായതാണ്. കേരളത്തിലൊന്നും നടക്കില്ല എന്ന ചിന്താഗതിയാണ്. കേരളത്തിലെ യുവാക്കളെല്ലാവരും കാനഡയ്ക്കും അമേരിക്കയ്ക്കും പോവുകയാണ്. ഒരു കാലത്ത് കേരളം ഹൈവേയെ എതിർത്തു, കമ്പ്യൂട്ടറിനെ എതിർത്തു- ഇതെല്ലാം 25 വർഷം കഴിഞ്ഞാൽ തിരിച്ചുവരും.

റെയിൽവേ പാത ഇരട്ടിപ്പിക്കൽ കൃത്യമായി നടക്കുന്നില്ല. അപകടത്തിൽപ്പെട്ട് മരിച്ചുപോകുന്നവർക്ക് വേണ്ടിയാണ് ഈ പദ്ധതി. രാവിലെ ഓഫീസിലേക്ക് പോകാനായി, ഈ സിൽവർ ലൈനിൽ കയറി തിരുവനന്തപുരത്ത് നിന്ന് വെറും ഒരു മണിക്കൂർ കൊണ്ട് എറണാകുളത്ത് എത്തിയാൽ എത്രയോ പേർ ഇവിടെ പുതിയ ബിസിനസ്സുകൾ തുടങ്ങും. ടൂറിസ്റ്റുകൾ വരും. എതിർപ്പ് കാരണം വൈകിയാൽ പദ്ധതിച്ചെലവ് കൂടും.

ഈ കെ റയിലിനെ മംഗലാപുരത്തേക്ക് നീട്ടാനാകുമോ? എന്നാലോചിക്കണം. ഇന്റർമോഡൽ ട്രാൻസ്‌പോർട്ട് വേണം. കേന്ദ്രസർക്കാരിന്റെ DIAMOND QUADRILATERAL- പദ്ധതിയിലേക്ക് കണക്ട് ചെയ്യാനാകുമോ?

തുക തിരിച്ചടയ്ക്കാൻ കഴിയുമോ ഇല്ലയോ എന്ന് നോക്കിയേ പണം നൽകൂ. കേന്ദ്രം അനുവദിക്കുമോ? കേരളത്തിന് ഇത് താങ്ങാനാകുമോ എന്നൊക്കെ നോക്കിയേ ഏത് ഏജൻസിയും പണം കൊടുക്കാറുള്ളൂ.

ആളുകൾക്ക് നഷ്ടപരിഹാരം കൊടുക്കണം. LARA ആക്ട് പോലെ തന്നെ കൃത്യമായ ഒരു പദ്ധതി വേണം. നിയമം വേണം. 13,000 കോടി രൂപയാണ് ഭൂമി ഏറ്റെടുക്കാൻ പോകുന്നത്. ആ പണം നമ്മുടെ സംവിധാനത്തിനകത്ത് തന്നെ വിനിമയം ചെയ്യപ്പെടുന്നു.

വീടിനകത്ത് കയറി കല്ലിടുന്നത് ശരിയല്ല. ആളുകളെ വിശ്വാസത്തിലെടുത്ത് തന്നെ സർവേ നടത്തണം. ആളുകളുടെ സംശയം ദുരീകരിക്കണം. റെയിൽവേ പ്രോജക്ടുകളുടെ ബഫർ സോൺ 30 മീറ്ററാണ്. കെ റയിൽ ബഫർ സോൺ 10 മീറ്ററേ ഉള്ളൂ. ബഫർ സോണുള്ളവർക്കും വീട് വാങ്ങാനും, ലോണെടുക്കാനും എൻഒസി വാങ്ങണം എന്നേയുള്ളൂ. ബഫർ സോണിനെ ഭയക്കേണ്ടതില്ല. കേരളത്തിലൊരു അഭിമാനപദ്ധതി വരുമ്പോൾ അത് ഇല്ലാതാക്കരുത്. എല്ലാ തരത്തിലുള്ള നല്ല നിർദേശങ്ങളും സ്വീകരിക്കാം.

സുബോധ് കുമാർ ജയിൻ സംസാരിച്ചതിന്റെ പ്രസക്തഭാഗങ്ങൾ

കേരളത്തിൽ ഗതാഗതവികസനം അത്യാവശ്യമാണെന്ന കാര്യത്തിൽ ആർക്കും സംശയമില്ല. കാറുകളില്ലാത്തവർക്കും യാത്ര ചെയ്യാനാകണം, മാത്രമല്ല, കാറുകളുള്ളവർ കൂടി പൊതുഗതാഗതസംവിധാനത്തിലേക്ക് എത്തണം. അതിന് നല്ല സ്പീഡുള്ള ഗതാഗതസംവിധാനം വേണം. അതിലൂടെ വലിയ രീതിയിൽ പൊതുഗതാഗതസംവിധാനം വികസിക്കും.

കേരളത്തിലെ ഭൂപ്രകൃതി വളരെ പ്രധാനമാണ്. ഇതനുസരിച്ച് യാത്ര ചെയ്യാൻ നമുക്ക് കൃത്യമായ അപ്‌ഗ്രേഡഡ് ടെക്‌നോളജി ആവശ്യമാണ്. ഭാവിയിലേക്ക് കൂടി കണക്കാക്കേണ്ട പദ്ധതിയാണിത്.

പാത ഇരട്ടിപ്പിനെ നമുക്ക് കാത്തിരിക്കാനാകില്ല. അതിലടക്കം വലിയ രാഷ്ട്രീയമുണ്ട്. കേരളത്തിൽ നിന്ന് വലിയ ചരക്ക് ഗതാഗതമില്ല, അതിനാൽത്തന്നെ റെയിൽവേ വലിയ രീതിയിൽ കേരളത്തിൽ നിക്ഷേപം നടത്തിക്കൊള്ളണം എന്നില്ല. കെ റയിൽ ഭാവിയിൽ ഫീഡർ ലൈനായി മാറും. അതിവേഗപാതയ്ക്ക് സ്റ്റാൻഡേഡ് ഗേജ് തന്നെ.

തുടക്കത്തിൽത്തന്നെ ദിവസത്തിൽ 80,000 പേർ എങ്ങനെ യാത്ര ചെയ്യും എന്ന ചോദ്യമുയരുന്നു. ദിവസം 30,000 യാത്രക്കാർ തന്നെ വന്നാൽപ്പോരേ? ഇന്റർമോഡൽ ട്രാൻസ്ഫർ ആവശ്യമുണ്ട്. കൃത്യമായി ആളുകൾക്ക് അങ്ങനെ യാത്ര ചെയ്യാനാകണം.
പണം കൃത്യമായി കിട്ടിക്കോളും. തിരിച്ചടവിന് പ്രാപ്തിയുള്ള സംസ്ഥാനമാണ് കേരളം.