- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആര്യൻ ഖാനെതിരെ വാട്സാപ്പ് ചാറ്റുകളും ഫോട്ടോകളും തെളിവായുണ്ട്; കേസിൽ അന്താരാഷ്ട്ര ബന്ധങ്ങൾ അന്വേഷിക്കാൻ സമയം വേണമെന്ന് എൻസിബി; ക്രിമിനൽ പശ്ചാത്തലങ്ങളില്ലെന്ന് പ്രതിഭാഗം; ജാമ്യഹർജിയിൽ വിധി പറയാൻ 20ലേക്ക് മാറ്റി
മുംബൈ: ആഡംബര കപ്പലിലെ ലഹരിപാർട്ടിക്കിടെ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്ത ആര്യൻ ഖാന്റെ ജാമ്യഹർജിയിൽ വിധി 20-ന്. മുംബൈയിലെ എൻ.ഡി.പി.എസ്. പ്രത്യേക കോടതി ജഡ്ജി വി.വി. പാട്ടീലാണ് ജാമ്യഹർജി വിധി പറയാനായി ഒക്ടോബർ 20-ലേക്ക് മാറ്റിയത്. ഇതോടെ ആറുദിവസം കൂടി ആര്യൻ ജയിലിൽ തുടരും. ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ആര്യൻ ഖാൻ നിലവിൽ മുംബൈ ആർതർ റോഡ് ജയിലിലാണുള്ളത്.
ജാമ്യഹർജിയിൽ വ്യാഴാഴ്ചയും മണിക്കൂറുകൾ നീണ്ട വാദമാണ് കോടതിയിൽ നടന്നത്. ആഡംബര കപ്പലിൽനിന്ന് ലഹരിമരുന്ന് പിടികൂടിയ കേസിൽ അന്താരാഷ്ട്ര ബന്ധങ്ങൾ അന്വേഷിക്കാൻ കൂടുതൽ സമയം വേണമെന്ന് എൻ.സി.ബി.യുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. ആര്യൻ ഖാൻ സ്ഥിരമായി ലഹരിമരുന്ന് ഉപയോഗിക്കുന്നയാളാണ്.
സുഹൃത്തായ അർബാസിൽനിന്ന് പിടിച്ചെടുത്ത ലഹരിമരുന്ന് ആര്യനും കൂടി ഉപയോഗിക്കാനുള്ളതായിരുന്നു. ഇവരുടെ ഫോണുകളിൽനിന്ന് വാട്സാപ്പ് ചാറ്റുകളും ഫോട്ടോകളും തെളിവായി ലഭിച്ചിട്ടുണ്ട്. ലഹരിമരുന്ന് വിൽപനയെ സംബന്ധിച്ച് ആര്യൻ ചർച്ച നടത്തിയതിനും തെളിവുണ്ട്. പ്രായം കുറവാണെന്ന് പറഞ്ഞ് ജാമ്യം നൽകുന്നത് തെറ്റാണെന്നും എൻ.സി.ബി. അഭിഭാഷകൻ കോടതിയിൽ വാദിച്ചു.
എന്നാൽ ആര്യനെതിരേ അന്താരാഷ്ട്ര ലഹരിമരുന്ന് ബന്ധം ആരോപിക്കുന്നത് ശുദ്ധ അസംബന്ധമാണെന്ന് പ്രതിഭാഗം കോടതിയിൽ പറഞ്ഞു. വാട്സാപ്പ് ചാറ്റുകൾ ദുർബലമായ തെളിവുകളാണെന്നും അതിന്റെ പേരിൽ ഈ ആൺകുട്ടിയുടെ സ്വാതന്ത്ര്യത്തെ ഹനിക്കരുതെന്നും പ്രതിഭാഗം വാദിച്ചു. നിലവിൽ കുറ്റവിമുക്തനാക്കാനല്ല, ജാമ്യത്തിനായാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. അന്വേഷണത്തിന് ഹാജരാകാമെന്നുള്ള ഉപാധികളടക്കം മുന്നോട്ടുവെച്ച് കോടതിക്ക് ജാമ്യം നൽകാമെന്നും പ്രതിക്ക് ക്രിമിനൽ പശ്ചാത്തലങ്ങളില്ലെന്നും പ്രതിഭാഗം പറഞ്ഞു. തുടർന്നാണ് ജാമ്യഹർജി വിധി പറയാനായി 20-ലേക്ക് മാറ്റിവെയ്ക്കുന്നതായി ജഡ്ജി വി.വി. പാട്ടീൽ വ്യക്തമാക്കിയത്.
ആഡംബര കപ്പലിലെ ലഹരിപാർട്ടിക്കിടെ ഒക്ടോബർ രണ്ടാം തീയതിയാണ് ആര്യൻ ഖാൻ ഉൾപ്പെടെയുള്ളവരെ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ(എൻ.സി.ബി) അറസ്റ്റ് ചെയ്തത്. ആര്യന്റെ സുഹൃത്തായ അർബാസ് മർച്ചന്റ്, നടിയും മോഡലുമായ മുൺമുൺ ധമേച്ച തുടങ്ങിയവരും എൻ.സി.ബി.യുടെ പിടിയിലായിരുന്നു. കേസിൽ ഇതുവരെ ആകെ 20 പേരാണ് അറസ്റ്റിലായിട്ടുള്ളത്. ലഹരിമരുന്ന് വിതരണക്കാരും ഇതിൽ ഉൾപ്പെടുന്നു.
വ്യാഴാഴ്ചയാണ് ക്വാറന്റൈൻ സെല്ലിൽനിന്ന് ആര്യനെ മുംബൈ ആർതർ റോഡ് ജയിലിലെ സാധാരണ സെല്ലിലേക്ക് മാറ്റിയത്. വ്യാഴാഴ്ച ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു പ്രതിഭാഗം. എന്നാൽ വിധി പറയുന്നത് 20-ലേക്ക് മാറ്റിയതോടെ ആറുദിവസം കൂടി ആര്യൻ ജയിലിൽ കഴിയേണ്ടിവരും. വ്യാഴാഴ്ച ജാമ്യഹർജിയിലെ വാദം കേൾക്കാൻ ഷാരൂഖ് ഖാന്റെ മാനേജറും ബോഡിഗാർഡും കോടതിയിലെത്തിയിരുന്നു.
ആർതർ റോഡ് ജയിലിൽ കഴിയുന്ന ആര്യൻ ഖാൻ ജയിലിലെ ഭക്ഷണം കഴിക്കുന്നില്ലെന്നാണ് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നത്. ജയിൽ കാന്റീനിൽനിന്ന് വാങ്ങിയ ബിസ്കറ്റും വെള്ളവും മാത്രമാണ് ആര്യൻ കഴിക്കുന്നതെന്നും തടവുകാർക്ക് വിതരണം ചെയ്യുന്ന ഭക്ഷണം കഴിക്കുന്നില്ലെന്നും ദേശീയമാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്തു. ഉന്നതനിലവാരത്തിൽ ജീവിച്ചിരുന്ന ആര്യൻ ജയിലിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ ഏറെ ബുദ്ധിമുട്ടുകയാണെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
ഷീര, പോഹ എന്നിവയാണ് ആർതർ റോഡ് ജയിലിലെ പ്രഭാതഭക്ഷണം. ഉച്ചയ്ക്കും രാത്രിയിലും ചപ്പാത്തി, ചോറ്, സബ്ജി, ദാൽ എന്നിവയും ലഭിക്കും. എന്നാൽ ആര്യൻ ഖാൻ ജയിലിൽ എത്തിയപ്പോൾ മുതൽ ഇതൊന്നും കഴിക്കുന്നില്ലെന്നാണ് റിപ്പോർട്ട്. ജയിലിൽ പുറത്തുനിന്നുള്ള ഭക്ഷണം അനുവദിക്കുകയുമില്ല.
വ്യാഴാഴ്ച ക്വാറന്റൈൻ കാലാവധി പൂർത്തിയായതോടെ ആര്യൻ ഖാനെ ജയിലിലെ സാധാരണ സെല്ലിലേക്ക് മാറ്റി. ക്വാറന്റൈൻ പൂർത്തിയാക്കി, കോവിഡ് പരിശോധന ഫലം നെഗറ്റീവാണെന്ന റിപ്പോർട്ട് ലഭിച്ചതോടെയാണ് ക്വാറന്റൈൻ സെല്ലിൽനിന്ന് സാധാരണ സെല്ലിലേക്ക് മാറ്റിയത്.
ലഹരിമരുന്ന് കേസിൽ എൻ.സി.ബിയുടെ സാക്ഷിപ്പട്ടികയിലുള്ള കെ.പി. ഗോസാവിക്കെതിരേ പൂണെ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. 2018-ൽ രജിസ്റ്റർ ചെയ്ത വഞ്ചനാക്കേസുമായി ബന്ധപ്പെട്ടാണ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. ഈ കേസിൽ ഗോസാവി ഒളിവിലാണെന്നാണ് പൊലീസ് നൽകുന്നവിവരം.
ആര്യൻഖാനെ കപ്പലിൽനിന്ന് പിടികൂടിയപ്പോൾ ഗോസാവിയും അവിടെയുണ്ടായിരുന്നു. ആര്യനൊപ്പമുള്ള ഇദ്ദേഹത്തിന്റെ സെൽഫിയും പുറത്തുവന്നു. ഇതിനുപിന്നാലെയാണ് ഗോസാവിക്കെതിരേ ഗുരുതര ആരോപണമുന്നയിച്ച് മഹാരാഷ്ട്രയിലെ മന്ത്രി നവാബ് മാലിക്ക് രംഗത്തെത്തിയത്. ആര്യൻ ഖാൻ ഉൾപ്പെടെയുള്ളവരുടെ അറസ്റ്റിലേക്ക് നയിച്ച എൻ.സി.ബി. റെയ്ഡ് ഗൂഢാലോചനയുടെ ഭാഗമായാണെന്നും ബിജെപിയാണ് ഇതിനുപിന്നിലെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
ന്യൂസ് ഡെസ്ക്