ഗുരുഗ്രാം: ഹരിയാനയിലെ റയാൻ ഇന്റർനാഷണൽ സ്‌കൂളിലെ വിദ്യാർത്ഥിയായ പൃഥ്വിമാൻ ഠാക്കൂർ മരിച്ചതിന് പിന്നാലെ സ്‌കൂളിലെ വാൻ ഡ്രൈവറായ അശോക് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത് വളരെ നാടകീയമാണ്. അശോക് കുമാർ ആണ് പ്രതി എന്ന് ക്രൂരമായ പീഡനങ്ങൾ നടത്തിയാണ് സമ്മതിപ്പിച്ചതെന്ന് കുറ്റവിമുക്തനായി ജയിലിൽ നിന്ന് ഇറങ്ങിയ അശോക് കുമാർ പറയുന്നു. സിബിഐ അന്വേഷണത്തെ തുടർന്ന് പതിനൊന്നാം ക്ലാസുകാരനായ വിദ്യാർത്ഥിയാണ് പൃഥ്വിമാനെ കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞിരുന്നു. ഇതേ തുടർന്ന് ബുധനാഴ്ചയാണ് അശോക് കുമാറിനെ ജയിലിൽ നിന്നും റിലീസ് ചെയ്തത്.

ജയിലിൽ നിന്നും പുറത്തെത്തിയ കുമാർ എഴുന്നേറ്റ് നിൽക്കാൻ പോലും വയ്യാത്ത അവസ്ഥയിലാണുള്ളത്. വളരെ ബുദ്ധിമുട്ടിയാണ് ഇയാൾ സംസാരിക്കുന്നത് തന്നെ. പൊലീസിൽ നിന്ന് ഉണ്ടായ ശാരീരികവും മാനസികവുമായ പീഡനം അശോകിനെ ശാരീരികമായും മാനസികമായും വല്ലാതെ തളർത്തിയിട്ടുണ്ട്. കഴിഞ്ഞ പത്തു ദിവസമായി പനി ബാധിച്ച് കിടപ്പിലാണെന്ന് ഭാര്യ മംമ്ത പറയുന്നു. അതേസമയം വല്ലപ്പോഴും മാത്രമാണ് ഭക്ഷണവു കഴിക്കുന്നത്.

ഇക്കഴിഞ്ഞ സെപ്റ്റംബർ എട്ടിനാണ് ചെയ്യാത്ത കുറ്റം ആരോപിച്ച് പൊലീസ് അശോക് കുമാറിനെ അറസ്റ്റ് ചെയ്യുന്നത്. കുമാറിനെ അറസ്റ്റ് ചെയ്ത് ജയിലിൽ എത്തിച്ച ഉടൻ അഞ്ചാറ് പൊലീസുകാർ ചേർന്ന് ഷോണാ ക്രൈം യൂണിറ്റിലേക്ക് കൊണ്ടുപോയി. ഇവിടെ വെച്ച് രണ്ട് ഇൻജക്ഷനുകളും ഇലക്ട്രിക്ക് ഷോക്കും നൽകിയതായി കുമാർ പറയുന്നു. പിന്നീട് ഒരു കാരുണ്യവും ഇല്ലാത്ത കൊടും പീഡനമായിരുന്നു കുമാറിന്റെ ശരീരത്തിൽ പൊലീസ് നടത്തിയത്. ചെയ്യാത്ത കുറ്റം ഒരു നൂറ് തവണ സമ്മതിക്കുന്ന തരത്തിലുള്ള പീഡനം. കൊല്ലാക്കല ചെയ്യിച്ച് കുറ്റം സമ്മതിപ്പിക്കുമ്പോൾ വക്കീലിനെ ഏർപ്പാടാക്കി തരാമെന്നും പൊലീസ് പറഞ്ഞതായി കുമാർ പറയുന്നു. തുടർന്ന് ഞാൻ ബോധ രഹിതനായി വീഴുകയും ചെയ്തു. പിറ്റേന്ന് തനിക്ക് ബോധം വന്നപ്പോൾ തന്നെ മാധ്യമങ്ങൾക്ക് മുന്നിൽ ഹാജരാക്കി. വളരെ വേദന കലർന്ന ഭാഷയിലാണ് ഇതെല്ലാം കുമാർ പറയുന്നത്.

പിന്നീട് രണ്ട് മാസത്തോളം ഭോണ്ട്‌സി ജയിലിൽ കഴിഞ്ഞു. അപ്പോൾതന്നെ മരിച്ചു പോകുമെന്നാണ് കരുതിയത്. ഒരു മാസത്തിൽ കൂടുതൽ ജീവിച്ചിരിക്കുമെന്നു പോലും പ്രതീക്ഷയുണ്ടായിരുന്നില്ലയ. സെപ്റ്റംബർ എട്ടിന് സംഭവം നടക്കുന്ന ദിവസം ഞാൻ വാഷ്‌റൂമിൽ എത്തുന്നത് മെയിൻ ഗെയിറ്റ് വഴിയായിരുന്നു. ശ്വാസം ഉണ്ടായിരുന്ന പൃഥ്വിമാനെ പൂന്തോട്ടക്കാരന്റെ സഹായത്തോടെയാണ് കാറിൽ കയറ്റുകയും ചെയ്തു. പിന്നീട് ഞാൻ വാഷ് റൂമിൽ കയറിയത് സിസിടിവി ദൃശ്യത്തിൽ പതിഞ്ഞു എന്ന ഒറ്റക്കാരണത്താൽ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഒരു ഇരുട്ടുമുറിയിലാണ് തന്നെ അടച്ചിരുന്നത്. ഒരു ജനൽ മാത്രമാണ് ആ മുറിക്ക് ഉണ്ടായിരുന്നത്. മറ്റ് ജെയിൽ പുള്ളികളെ പോലെ എനിക്ക് പുറത്തേക്ക് പോവാൻ അനുവാദം ഉണ്ടായിരുന്നില്ല.