ഗുഡ്ഗാവ്: ഗുരുഗ്രാമിലെ റയാൻ ഇന്റർനാഷണൽ സ്‌കൂളിൽ കഴുത്തറുത്തുകൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ രണ്ടാം ക്ലാസ് വിദ്യാർത്ഥി പ്രദ്യുമ്നൻ ലൈംഗിക പീഡനത്തിന് ഇരയായിട്ടില്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുട്ടിയുടെ മൃതദേഹത്തിൽ പാടുകളൊന്നുമില്ല. ശരീരദ്രവങ്ങൾ പരിശോധിച്ചതിൽ നിന്നും കുട്ടി ലൈംഗിക പീഡനത്തിന് ഇരയായിട്ടില്ലെന്ന് വ്യക്തമായെന്നും ഫോറൻസിക് വിദഗ്ധൻ ദീപക് മാധൂർ പറഞ്ഞു.

അതേസമയം കൊലപാതകം നടന്ന സ്ഥലത്ത് തെളിവുകൾ നശിപ്പിക്കാൻ ശ്രമം നടന്നതായി ആരോപണമുയർന്നിട്ടുണ്ട്. ഇതേ സ്‌കൂളിലെ തന്നെ മറ്റൊരു വിദ്യാർത്ഥിയുടെ പിതാവായ സുഭാഷ് ഗാർഗ് ആണ് ആരോപണം ഉന്നയിച്ചത്. സംഭവ സ്ഥലം വൃത്തിയാക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും സ്‌കൂൾ അധികൃതർ ഇത് ചെവിക്കൊണ്ടില്ലെന്നും സുഭാഷ് പറഞ്ഞു.

സംഭവുമായി ബന്ധപ്പെട്ട് സ്‌കൂളിലെ ബസ് ഡ്രൈവർ അശോക് കുമാറിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ലൈംഗിക പീഡനത്തിനിടെയാണ് കൊലപാതകം നടത്തിയെന്നായിരുന്നു ഇയാളുടെ കുറ്റസമ്മതം. സ്‌കൂൾ ജീവനക്കാരുടേയും കുട്ടികളുടേയും നിലവിളി കേട്ടാണ് താൻ സംഭവ സ്ഥലത്ത് എത്തിയത്. അശോക് കുമാർ കുട്ടിയേയും എടുത്തു കൊണ്ട് പുറത്തേക്ക് വരുന്നത് കണ്ടുവെന്നും സുഭാഷ് വെളിപ്പെടുത്തിയിരുന്നു.