ചണ്ഡീഗഢ്: രണ്ടാം ക്ലാസ്സുകാരൻ ശുചിമുറിയിൽ കൊല്ലപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണം നേരിടുന്ന റയാൻ ഇന്റർനാഷണൽ സ്‌കൂൾ ഉടമകളെ അറസ്റ്റ് ചെയ്യുന്നതിന് താത്കാലികമായ കോടതി വിലക്ക്. പഞ്ചാബ്ഹരിയാന ഹൈക്കോടതിയാണ് ഉടമകളെ അറസ്റ്റ് ചെയ്യുന്നത് താത്ക്കാലികമായി വിലക്കി കൊണ്ട് ഉത്തരവിറക്കിയത്.

ഒക്ടോബർ ഏഴുവരെ ഇവരെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതിയുടെ നിർദ്ദേശം. സെപ്റ്റംബർ എട്ടിനാണ് രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിയായ പ്രദ്യുമ്‌നൻ ഠാക്കൂറിനെ ശുചിമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

റയാൻ ഇന്റർനാഷണൽ സ്‌കൂൾ ഗ്രൂപ്പ് സ്ഥാപക ചെയർമാൻ അഗസ്റ്റിൻ പിന്റോ, മാനേജിങ് ഡയറക്ടർ ഗ്രേസ് പിന്റോ ഇവരുടെ മകൻ റയാൻ പിന്റോ എന്നിവർ മുൻകൂർ ജാമ്യം തേടി ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു.ആദ്യം ഹരിയാന പൊലീസാണ് കേസ് അന്വേഷിച്ചത്. സ്‌കൂൾ ബസ് ഡ്രൈവറെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് പ്രദ്യുമനന്റെ അച്ഛന്റെ ആവശ്യപ്രകാരം സി ബി ഐ അന്വേഷണത്തിന് സർക്കാർ നിർദ്ദേശം നൽകുകയായിരുന്നു.