തിരുവനന്തപുരം: സർക്കാരിതര സംഘടനയായ എച്ച്ആർഡിഎസിലെ സ്വപ്‌ന സുരേഷിന്റെ നിയമനം തന്റെ അറിവോടെ അല്ലെന്ന് ബിജെപി നേതാവും, എസ്.കൃഷ്ണകുമാർ. ഏഷ്യാനെറ്റ് ന്യൂസിനോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇപ്പോൾ, സംഘടനയുടെ ചെയർമാൻ സ്ഥാനത്ത് നിന്ന് തന്നെ നീക്കിയെന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് നടക്കുന്നത്. സംഘടനയുടെ സെക്രട്ടറി അജി കൃഷ്ണനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം വേണം. സ്വപ്നയെ നിയമിച്ചതിന് നിയമസാധുതയില്ലെന്നും എസ് കൃഷ്ണകുമാർ പറഞ്ഞു.

'എങ്ങനെയാണ് എച്ച്ആർഡിഎസ്സിൽ സ്വപ്നയെ നിയമിച്ചതെന്ന് ഒരു അറിവുമില്ല. സ്വപ്നയുടെ നിയമനം തന്നെ നിയമസാധുതയില്ലാത്തതാണ്. നിയമവിരുദ്ധമായ നീക്കങ്ങളാണ് സംഘടനയിൽ നടക്കുന്നത്. സംഘടനയുടെ ചെയർമാൻ സ്ഥാനത്ത് നിന്ന് തന്നെ നീക്കിയെന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് നടക്കുന്നത്': എസ് കൃഷ്ണകുമാർ പറഞ്ഞു.

ഹൈറേഞ്ച് റൂറൽ ഡെവലപ്‌മെന്റ് സൊസൈറ്റി (എച്ച്ആർഡിഎസ്) എന്ന സംഘടനയുടെ ചെയർമാനാണ് കഴിഞ്ഞ അഞ്ച് വർഷമായി എസ് കൃഷ്ണകുമാർ. സ്ഥാപക സെക്രട്ടറി അജി കൃഷ്ണനും ചീഫ് പ്രോജക്ട് കോർഡിനേറ്റർ എന്ന് അവകാശപ്പെടുന്ന ജോയ് മാത്യു എന്ന ഉദ്യോഗസ്ഥനും രണ്ട് സ്ത്രീ ജീവനക്കാരും ചേർന്ന് സംഘടനയിൽ അഴിമതി നടത്തുകയാണ്. സമാന്തരമായി വേറൊരു ഡയറക്ടർ ബോർഡ് ഉണ്ടാക്കി, അതിൽ വേറെ ആളുകളെ കുത്തിക്കയറ്റി. തന്നെ വരെ സ്ഥാനത്ത് നിന്ന് പുറത്താക്കിയെന്ന പ്രചാരണമാണ് അവർ നടത്തുന്നത്. നിയമപരമായി താൻ തന്നെയാണ് ചെയർമാൻ. അജി കൃഷ്ണൻ ഈ സ്ഥാപനത്തിന്റെ പേര് അടക്കം പറഞ്ഞ് എൻഡിഎ മുന്നണിയിൽ നിന്ന് പല ആനുകൂല്യങ്ങളും പറ്റിയെന്നും ഇടുക്കിയിൽ എൻഡിഎ സ്ഥാനാർത്ഥിയായി ബിഡിജെഎസ്സിന്റെ ബാനറിൽ അനുജൻ ബിജു കൃഷ്ണന് സീറ്റ് ഒപ്പിച്ചെടുത്തുവെന്നും എസ് കൃഷ്ണകുമാർ ആരോപിക്കുന്നു.

ചെയർമാൻ എന്ന നിലയിൽ തന്റെ ഒപ്പടക്കം പല രേഖകളിലും അവർ വ്യാജമായി ഉപയോഗിച്ചിട്ടുണ്ട്. കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി ഫണ്ട് അടക്കം ശേഖരിക്കാനായി ഒരു ഡയറക്ടറുടെ ആവശ്യം ആ സംഘടനയില്ല. വിദേശത്ത് നിന്ന് അടക്കം ഇത്രയധികം ഫണ്ട് വരുന്ന ഒരു എൻജിഒ അല്ല അത്. ചില്ലറ ഫണ്ട് ചിലയിടങ്ങളിൽ നിന്ന് വരുന്നുണ്ടെന്നല്ലാതെ ഇതിൽ വലിയൊരു ഫണ്ട് ശേഖരണം നിലവിൽ നടക്കുന്നില്ല. എന്തെല്ലാമാണ് ഈ സംഘടനയുടെ പേരിൽ നടക്കുന്ന ഇടപാടുകളെന്നോ ഇവിടത്തെ നിയമനങ്ങൾ എന്തെന്നോ തനിക്ക് ഒരു പിടിയുമില്ലെന്നും എസ് കൃഷ്ണകുമാർ പറയുന്നു.

എൻജിഒയുടെ സെക്രട്ടറി അജി കൃഷ്ണനും ജോയ് മാത്യു അടക്കമുള്ള ഉദ്യോഗസ്ഥർക്കും എതിരെ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്നും, കഴിഞ്ഞ അഞ്ച് വർഷമായി ഈ സംഘടനയുമായി ബന്ധപ്പെട്ട് നടന്ന എല്ലാ പണമിടപാടുകളും സംബന്ധിച്ച് വരവ് ചെലവ് ഓഡിറ്റ് നടത്തണമെന്നും, ഇതുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണവുമായും താൻ സഹകരിക്കാൻ തയ്യാറാണെന്നും എസ് കൃഷ്ണകുമാർ വ്യക്തമാക്കി.

സ്വപ്ന സുരേഷ് ജോലിയിൽ പ്രവേശിച്ചു

അത്സേമയം, സ്വപ്ന സുരേഷ് പുതിയ ജോലിയിൽ പ്രവേശിച്ചു. എച്ച്ആർഡിഎസ് ഇന്ത്യയുടെ കോർപറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി ഡയറക്ടറായാണ് നിയമനം. വെള്ളിയാഴ്ച രാവിലെ തൊടുപുഴയിലെ ഓഫിസിലെത്തിയാണ് ചുമതലയേറ്റത്. ജീവിതത്തിന്റെ രണ്ടാം ഘട്ടം തുടങ്ങുകയാണെന്ന് സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു. ലഭിച്ച ജോലി ആത്മാർത്ഥമായി ചെയ്യും. നിലവിലെ കേസുകളും ജോലിയും കൂട്ടിക്കുഴയ്ക്കാൻ ആഗ്രഹിക്കുന്നില്ല. ആദിവാസികളാണെങ്കിലും കോർപറേറ്റുകളാണെങ്കിലും മനുഷ്യരാണ്. സ്ഥാപനവും ഓഫീസുകളും മാത്രമേ മാറുന്നുള്ളൂ. മനുഷ്യ മനസുകൾ മാറുന്നില്ല. എവിടെ ആയാലും ജോലി ചെയ്യാൻ താൻ തയ്യാറാണെന്നും സ്വപ്ന സുരേഷ് പറഞ്ഞു.

ഇന്ത്യയിൽ 10 ലക്ഷം ആദിവാസി കുടുംബങ്ങൾക്കു വീടു നിർമ്മിച്ചു നൽകുന്ന 'സദ്ഗൃഹ' പദ്ധതിയാണു സംഘടന നിലവിൽ ഏറ്റെടുത്തിരിക്കുന്നത്. അട്ടപ്പാടിയിൽ 300 വീടുകൾ പൂർത്തിയാക്കി. സേലം കേന്ദ്രമായി പ്രവർത്തിക്കുന്ന സ്വാമി ആത്മ നമ്പിയാണ് അധ്യക്ഷൻ.

കേസുകളും വിവാദങ്ങളും സ്വപ്നയുടെ വ്യക്തിപരമായ കാര്യങ്ങളാണെന്നും സാമൂഹികസേവന രംഗത്തെ താൽപര്യവും പ്രവർത്തനശേഷിയും ഉപകാരപ്പെടുത്തുക മാത്രമാണ് എച്ച്ആർഡിഎസിന്റെ ലക്ഷ്യമെന്നും സ്ഥാപക സെക്രട്ടറി അജി കൃഷ്ണൻ പറഞ്ഞു.

ആദിവാസി വിഭാഗത്തിൽ പെട്ടവർക്ക് വീട് നിർമ്മിച്ചു നൽകുന്ന 'സദ്ഗൃഹ' എന്ന പദ്ധതിയിലേക്ക് അടക്കമാണ് സ്വപ്ന ഫണ്ട് കണ്ടെത്തേണ്ടത്. ജാമ്യത്തിലിറങ്ങിയശേഷം ജോലിയില്ലാത്തതിനാൽ കടുത്ത പ്രതിസന്ധിയിലാണെന്ന് സ്വപ്ന വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് സ്വപ്നയ്ക്ക് ജോലി നൽകാൻ എച്ച്ആർഡിഎസ് തയാറായതെന്ന് ചീഫ് പ്രൊജക്ട് കോഡിനേറ്റർ ജോയ് മാത്യു പറഞ്ഞു.

കമ്പനികളുടെ സാമൂഹിക ഉത്തരവാദിത്വ ഫണ്ട് ഉപയോഗിച്ചാണ് എച്ച്ആർഡിഎസ് പ്രവർത്തനം നടത്തുന്നത്.43,000 രൂപയോളമാണ് സ്വപ്നയുടെ മാസം ശമ്പളം. കേരളം, തമിഴ്‌നാട്, കർണ്ണാടക, ഗുജറാത്ത്, ത്രിപുര, ഉത്തരാഖണ്ഡ്, അസം, ഝാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ ആദിവാസി മേഖലകളിലാണ് ഈ എൻജിഒ പ്രവർത്തിക്കുന്നത്. ഗ്രാമീണരും ആദിവാസികളുമായ സാമ്പത്തികവും സാമൂഹികവുമായി പിന്നോക്കം നിൽക്കുന്നവരുടെ ഉന്നമനം ലക്ഷ്യമിട്ടാണ് ഈ എൻജിഒ സ്ഥാപിക്കപ്പെട്ടതെന്ന് ഇവർ അവകാശപ്പെടുന്നു.