തിരുവനന്തപുരം: മുൻ സംസ്ഥാന ചീഫ് സെക്രട്ടറി എസ്. പത്മകുമാർ (84) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി എട്ടിനോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നിന് തൈക്കാട് ശാന്തി കവാടത്തിൽ. പനിയും ശ്വാസംമുട്ടലിനേയും തുടർന്നു രണ്ടു ദിവസം മുൻപ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

മൂന്നര പതിറ്റാണ്ടോളം സിവിൽ സർവീസ് കേരള കേഡറിൽ സേവനമനുഷ്ഠിച്ച അദ്ദേഹം കോട്ടയം ജില്ലാ കലക്ടർ, ഡവലപ്മെന്റ് കമ്മീഷണർ, ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് എംഡി, റവന്യൂ സെക്രട്ടറി, ധനകാര്യ സെക്രട്ടറി, പ്ലാനിങ് അഡീഷനൽ സെക്രട്ടറി, കെഎസ്‌ഐഡിസി ചെയർമാൻ, റവന്യൂബോർഡ് ഒന്നാം അംഗം തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.

തിരുവനന്തപുരത്ത് അമ്പലമുക്ക് ചിറ്റല്ലൂർകുടുംബത്തിൽ പരേതനായ സി.പി. ശങ്കരപ്പിള്ളയുടെ മകനായ പത്മകുമാർ യൂണിവേഴ്സിറ്റി കോളജിൽ നിന്നു ധനതത്ത്വശാസ്ത്രം ഒന്നാംറാങ്കോടെയാണു ബിഎ പാസായത്. തുടർന്നു ഡൽഹി സ്‌കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്നു എംഎ ബിരുദമെടുത്തു. ഇന്ത്യൻ പൊലീസ് സർവീസിലേക്ക് 1956-ൽ തിരഞ്ഞെടുക്കപ്പെട്ടുവെങ്കിലും അതു സ്വീകരിക്കാതെ 57-ൽ ഐഎഎസ് പരീക്ഷ പാസായി. കോഴിക്കോട് അസിസ്റ്റന്റ് കലക്ടറായി (ട്രെയിനിങ്) ഔദ്യോഗിക ജീവിതമാരംഭിച്ചു. തുടർന്നു മലപ്പുറം സബ് കലക്ടറായി. പട്ടം താണുപിള്ള മുഖ്യമന്ത്രിയായപ്പോൾ 1960 ൽ അദ്ദേഹത്തിന്റെ സെക്രട്ടറിയായി. മുഖ്യമന്ത്രിയുടെ സെക്രട്ടറിയാകുന്ന ആദ്യത്തെ ഐഎഎസ് ഉദ്യോഗസ്ഥനാണ്. ചീഫ് സെക്രട്ടറിയെന്ന നിലയിലുള്ള സേവനത്തിനു മന്ത്രിസഭയുടെ പ്രത്യേക പ്രശംസയ്ക്ക് അർഹനായി സർവീസിൽ നിന്നു വിരമിച്ച ആദ്യ ചീഫ് സെക്രട്ടറി കൂടിയായിരുന്നു. 1991 ഓഗസ്റ്റ് ഒന്നുമുതൽ 1992 ഓഗസ്റ്റ് 31 വരെ സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറിയായിരുന്നു പത്മകുമാർ.

വിമലയാണ് ഭാര്യ. മക്കൾ: ഡോ.ആശ, ഡോ.പി.രാജ്കുമാർ (ഇംഗ്ലണ്ട്), പി.വിജയകുമാർ (എൻജിനിയർ). മരുമക്കൾ: ഡോ.ശ്രീകുമാർ, നിത, സുപ്രിയ. മുന്മന്ത്രി എസ്.കൃഷ്ണകുമാർ ഇളയ സഹോദരനാണ്. മറ്റു സഹോദരങ്ങൾ പത്മാമേനോൻ, ഐശ്വര്യാ മേനോൻ.