ന്യൂഡൽഹി: സിപിഎം നേതാക്കളുടെ മക്കളും മറ്റും പാർട്ടിയുടെപേരിൽ നടത്തുന്ന അവിഹിത ഏർപ്പാടുകൾക്കു പാർട്ടിയുടെ കൂട്ടുണ്ടാവില്ലെന്നും അവരുമായി ഇടപെടുന്നവർക്കു ജാഗ്രത വേണമെന്നും പൊളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻ പിള്ള. കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് ഉൾപ്പെട്ട പണം തട്ടിപ്പു കേസിന്റെ പശ്ചാത്തലത്തിലാണു മുതിർന്ന നേതാവിന്റെ മുന്നറിയിപ്പ്. മനോരമയുടെ ജോമി തോമസിന് നൽകിയ അഭിമുഖത്തിലാണ് എസ് രാമചന്ദ്രൻ പിള്ള നിലപാട് വ്യക്തമാക്കുന്നത്.

'പാർട്ടിയുടെയോ നേതാക്കളുടെയോ പേരു പറഞ്ഞു മക്കളും കൊച്ചുമക്കളും മരുമക്കളും ബന്ധുക്കളും മിത്രങ്ങളും അവിഹിതമായി സ്വത്തു സമ്പാദിക്കുന്നുണ്ടെങ്കിൽ അതിൽ പാർട്ടിക്ക് ഉത്തരവാദിത്തമില്ല. അവർക്കു പണം നൽകുന്നവർ ആവശ്യമായ മുൻകരുതലുകളെടുക്കണം' രാമചന്ദ്രൻ പിള്ള മനോരമയോടു പറഞ്ഞു. സഖാക്കളുടെ മക്കളുടെയും ബന്ധുമിത്രാദികളുടെയും അവിഹിത ഇടപാടുകളെയും സ്വത്തു സമ്പാദനത്തെയും കുറിച്ച് അറിഞ്ഞാൽ പാർട്ടി അതു തടയാൻ ശ്രമിക്കുമെന്നും എസ്ആർപി പറഞ്ഞു.

കോടിയേരി ബാലകൃഷ്ണൻ ടൂറിസം മന്ത്രിയായിരുന്നകാലത്ത്, 2007 ൽ, മകന്റെ സുഹൃത്ത് രാഖുൽ കൃഷ്ണനും യുഎഇ പൗരനും ചേർന്നുണ്ടാക്കിയ ടൂറിസം കമ്പനിയുമായുള്ള സാമ്പത്തിക ഇടപാടാണ് ഇപ്പോൾ നിയമനടപടികളിലേക്കും സിപിഎമ്മിന്റെ ദേശീയ നേതൃത്വത്തിന്റെ ഇടപെടലിലേക്കും എത്തിനിൽക്കുന്നത്. എന്നാൽ, കോടിയേരിയുടെ ഭാഗത്തുനിന്ന് അധികാരദുർവിനിയോഗമുണ്ടായെന്ന് ഇതുവരെ ആക്ഷേപമില്ലെന്ന് എസ്ആർപി പറഞ്ഞു. പാർട്ടിക്കോ കോടിയേരിക്കോ എതിരെ പരാതിയില്ല. കേസിൽ പാർട്ടി കക്ഷിയല്ല. അതുകൊണ്ടാണു പാർട്ടി ഇടപെടില്ലെന്നു പറഞ്ഞതെന്നും എസ്ആർപി വിശദീകരിച്ചു.

എന്നാൽ, പാർട്ടി കക്ഷിയല്ലെന്ന് എസ്ആർപി പറയുമ്പോഴും, കോടിയേരിയുടെ മകനുമായി ബന്ധപ്പെട്ട വിഷയം നേതാക്കളുടെ മക്കളുടെ വഴിവിട്ടരീതികളെക്കുറിച്ചു പാർട്ടിയിൽ വിശദമായ ചർച്ചയുണ്ടാകാവുന്ന രീതിയിലാണു കാര്യങ്ങൾ നീങ്ങുന്നതെന്നു സിപിഎം വൃത്തങ്ങൾ സൂചിപ്പിച്ചു. വേണ്ടത്ര മുന്നറിയിപ്പുകൾ ലഭിച്ചിട്ടും കോടിയേരി ജാഗ്രത പാലിച്ചില്ലെന്നാണു നേതാക്കളുൾപ്പെടെ വിമർശിക്കുന്നത്. എന്തൊക്കെയാണ് ഇതുവരെയുള്ള ബിസിനസുകളെന്ന ചോദ്യത്തിനും വ്യക്തമായ മറുപടിയുണ്ടായിട്ടില്ല.