- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം മല എലിയെ പ്രസവിച്ച പോലെ; ഒരു സ്വകാര്യ ചാനലിന്റെ സർവേ റിപ്പോർട്ട് പുറത്തുവന്നതോടെയാണ് പ്രതിപക്ഷത്തിന് ഹാലിളക്കം കൂടിയത്; നാണംകെട്ടവന്റെ ആസനത്തിൽ ആൽ മുളച്ചാൽ അവിടെ ഊഞ്ഞാൽ കെട്ടി ആടുകയാണ് മുസ്ലിം ലീഗ്; പ്രതിപക്ഷം ഫ്രോഡ് പൊളിറ്റിക്സ് കൈകാര്യം ചെയ്യുകയാണ്; സഭയിൽ പ്രതിപക്ഷത്തിന് എതിരെ ആഞ്ഞടിച്ച് എസ് ശർമ്മ
തിരുവനന്തപുരം: മല എലിയെ പ്രസവിച്ചത് പോലെയായിരുന്നു വി.ഡി സതീശന്റെ അവിശ്വാസ പ്രമേയമെന്ന് എസ്.ശർമ്മ. കേരള നിയമസഭയിൽ ഇതുവരെ ചർച്ച ചെയ്ത പതിനെട്ട് അവിശ്വാസ പ്രമേയങ്ങൾക്കും അതിന്റേതായ കാരണങ്ങളുണ്ടായിരുന്നു. യു.ഡി.എഫിന്റെ അലങ്കോല അവസ്ഥയും എംഎൽഎമാരുടെ എണ്ണകുറവുമാണ് യു.ഡി.എഫ് അവിശ്വാസപ്രമേയം അവതരിപ്പിക്കാൻ കാരണം.
ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ട ഒരു മുന്നണിക്ക് സർക്കാരിനെ ചോദ്യം ചെയ്യാൻ അവകാശമില്ല. സുരേന്ദ്രൻ പറഞ്ഞതൊക്കെ യു.ഡി.എഫ് അതേപടി ഏറ്റെടുക്കുകയാണ്. ബിജെപിയുടെ ആരോപണങ്ങൾ യു.ഡി.എഫ് ഏറ്റുപറയുകയാണ്. സ്വപ്ന കേരളം വിട്ടത് അടക്കമുള്ള എല്ലാ ആരോപണങ്ങളും പൊളിഞ്ഞെന്നും ശർമ്മ കുറ്റപ്പെടുത്തി.
ഓഖി, പ്രളയം,നിപ, കോവിഡ് അടക്കമുള്ള സാഹചര്യങ്ങൾ ലോക പ്രശംസ നേടി അതിജീവിച്ച സർക്കാരാണിത്. ഒരു സ്വകാര്യ ചാനലിന്റെ സർവേ റിപ്പോർട്ട് പുറത്തുവന്നതോടെയാണ് പ്രതിപക്ഷത്തിന് ഹാലിളക്കം കൂടിയത്. കോൺഗ്രസിന് ഒരു പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ പോലും ആകുന്നില്ല.
രാമക്ഷേത്രത്തിന് തറക്കല്ലിട്ടപ്പോൾ എന്നെ വിളിച്ചില്ല, എന്നെ വിളിച്ചില്ല എന്ന് രാജ്യം മുഴുവൻ ഒരു മതേതര പാർട്ടി പാടി നടക്കുകയായിരുന്നു. കോൺഗ്രസ് ബിജെപിയുടെ ബി ടീമായി.കോൺഗ്രസ് മതേതരത്വത്തിന് വെല്ലുവിളിയായി മാറുകയാണ്. കോൺഗ്രസ് മൃദു ഹിന്ദുത്വം സ്വീകരിക്കുന്നതുകൊണ്ടാണ് കോൺഗ്രസിൽ നിന്ന് ആളുകൾ ബിജെപിയിലേക്ക് പോകുന്നത്. നാണംകെട്ടവന്റെ ആസനത്തിൽ ആൽ മുളച്ചാൽ അവിടെ ഊഞ്ഞാൽ കെട്ടി ആടുകയാണ് മുസ്ലിം ലീഗ്.
പ്രതിപക്ഷം വാഴ്ത്തിപാടുന്ന സിബിഐയാണ് ചിദംബരത്തെ ജയിലിൽ അടച്ചത്. സഹസ്രകോടികളുടെ അഴിമതിയാണ് കേന്ദ്രത്തിൽ കോൺഗ്രസ് നടത്തിയത്. രാജീവ്ഗാന്ധി ട്രസ്റ്റും, നാഷ്ണൽ ഹെറാൾഡും അഴിമതി നിഴലിലാണ്. കോവിഡ് കാലത്ത് അംബാനിയെ കോടീശ്വരനാക്കാൻ കേന്ദ്രസർക്കാർ ശ്രമിച്ചിട്ടും കോൺഗ്രസ് അവിശ്വാസ പ്രമേയം കൊണ്ടുവന്നില്ല.പ്രതിപക്ഷം ഫ്രോഡ് പൊളിറ്റിക്സ് കൈകാര്യം ചെയ്യുകയാണ്.
മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തിന് സ്വപ്ന സുരേഷ് പങ്കെടുത്തിട്ടുണ്ടെന്ന് വ്യാജ പ്രചാരണം നടത്തി. സംസ്ഥാന ചരിത്രത്തിൽ ജനക്ഷേമകരാമയ പ്രവർത്തനം നടത്തിയ സർക്കാരാണിതെന്നും ശർമ്മ പറഞ്ഞു. ഇത് അവതാരങ്ങളുടെ കാലമെന്നായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പ്രതികരണം. സ്വപ്നയും,പ്രൈസ് വാട്ടർ കൂപ്പറും റെജി പിള്ളയും, പ്രതാപ് മോഹൻ നായരും, റെജി ലൂക്കോസും അവതാരങ്ങളാണ്. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി തന്നെ മാധ്യമ പ്രവർത്തകരെ കുറ്റപ്പെടുത്തുന്നു എന്നിട്ടും മുഖ്യമന്ത്രി ഒന്നും ചെയ്യുന്നില്ലെന്നും തിരുവഞ്ചൂർ പറഞ്ഞു.
മറുനാടന് ഡെസ്ക്