തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ എസ്.വി പ്രദീപിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുൻപിൽ കുടുംബം സത്യഗ്രഹം ആരംഭിച്ചു. പ്രദീപിന്റെ മാതാവ് വസന്തകുമാരിയുടെ നേതൃത്വത്തിലാണ് സത്യഗ്രഹം. പി.ടി തോമസ് എംഎൽഎ സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു.

പ്രദീപിന്റെ മരണത്തിൽ ദുരൂഹത ബാക്കി നിൽക്കേ സിബിഐ അന്വേഷണം വേണമെന്ന ആവശ്യവുമായി ആക്ഷൻ കൗൺസിൽ പ്രത്യക്ഷ സമരത്തിന് ഒരുങ്ങുകയാണ്. ഇതിന്റെ ആരംഭമെന്നോണമാണ് കുടുംബം സത്യഗ്രഹം അനുഷ്ഠിക്കുന്നത്. വൈകീട്ട് അഞ്ച് മണിവരെയാണ് സത്യഗ്രഹം.

പ്രദീപിന്റെ മരണം കൊലപാതകമാണെന്നും കുറ്റക്കാരെ സംരക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും അമ്മ പറഞ്ഞു. സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്നും അമ്മ ആവശ്യപ്പെട്ടു. ബിജെപി മുൻ ജില്ലാ അധ്യക്ഷൻ എസ് സുരേഷ്, കെ എം ഷാജഹാൻ തുടങ്ങിയവർ പങ്കെടുത്തു. സമാപനം ഒ രാജഗോപാൽ എം എൽ എ ഉദ്ഘാടനം ചെയ്യും.

പ്രദീപ് മരിച്ച് ഒരുമാസം പിന്നിട്ടിട്ടും അന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ടാക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. മാത്രവുമല്ല നിർണ്ണായക തെളിവുകളെയും സാക്ഷിമൊഴികളെയും അവഗണിക്കുന്ന പൊലീസ് കുറ്റക്കാർക്ക് അനുകൂലമായാണ് അന്വേഷണം കൊണ്ടുപോകുന്നത്. ഈ സാഹചര്യത്തിലാണ് പ്രത്യക്ഷ സമരവുമായി മുന്നോട്ട് പോകാൻ ആക്ഷൻ കൗൺസിൽ തീരുമാനിച്ചത്.

അതേസമയം, നേമം പൊലീസ് സംഭവസ്ഥലത്ത് കൂടി സഞ്ചരിച്ച രണ്ട് ബൈക്ക് യാത്രികരുടെ ചിത്രങ്ങൾ പുറത്തുവിട്ടു. ഈ ഫോട്ടോയിൽ കാണുന്ന വാഹനങ്ങളെയോ വ്യക്തികളെയോ പറ്റി അറിയുന്നവർ നേമം പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടേണ്ടതാണ് എന്നാണ് അറിയിപ്പ്,

മധ്യമ പ്രവർത്തകനായ S. V പ്രദീപ് 14/12/2020 തീയതി 3. 12 pm ന് കാരയ്ക്ക മണ്ഡപത്തിന് സമീപത്ത് വച്ച് ടിപ്പർ ലോറി ഇടിച്ച് മരണപ്പെട്ട സമയം സംഭവസ്ഥലത്ത് കൂടി സഞ്ചരിച്ച ഈ ഫോട്ടോയിൽ കാണുന്ന വാഹനങ്ങളെയോ വ്യക്തികളെയോ പറ്റി അറിയുന്നവർ നേമം പൊലീസ് സ്റ്റേഷനുമായി ബന്ധപെടേണ്ടതാണ്. ACP FORT- 9497990009. SHO Nemom 9497987011. SI Nemom- 9497980009 Nemom PS- 0471-2390223