ബെംഗളൂരു: ഏഴുകോടി രൂപയുടെ ഹാഷിഷ് ഓയിലുമായി മലയാളിയുവതിയുൾപ്പെടെ മൂന്നുപേർ ബെംഗളൂരുവിൽ പിടിയിലായ കേസ് അന്വേഷണം കൊച്ചിയിലേക്കും. ടാറ്റൂ ആർട്ടിസ്റ്റുകളായ കോട്ടയം സ്വദേശിനി വിഷ്ണുപ്രിയ (22), സുഹൃത്ത് കോയമ്പത്തൂർ സ്വദേശി സിഗിൽ വർഗീസ് (32), ഇവരുടെ സഹായി ബെംഗളൂരു സ്വദേശി വിക്രം (23) എന്നിവരാണ് പിടിയിലായത്. ഇവർക്ക് പിന്നിൽ വൻ മാഫിയയുണ്ടെന്നാണ് സൂചന.

വിഷ്ണുപ്രിയയും സുഹൃത്ത് സിഗിലും കൊത്തന്നൂരിൽ വീടെടുത്ത് താമസിച്ചുവരുകയായിരുന്നു. വിശാഖപട്ടണത്തുനിന്നാണ് ഇവർ മയക്കുമരുന്ന് ബെംഗളൂരുവിലെത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇവ ആവശ്യക്കാർക്ക് വിതരണം ചെയ്തത് വിക്രമാണ്. വിശാഖപട്ടണത്ത് നിന്നും ഇവർക്ക് ഇത് നൽകുന്നത് വമ്പൻ ടീമാണെന്നാണ് സൂചന. ഇതിൽ ചിലർ മലയാളികളാണെന്നും സൂചനയുണ്ട്.

കഴിഞ്ഞ ശനിയാഴ്ച ബി.ടി.എം. ലേഔട്ടിൽനിന്ന് 80 ഗ്രാം ഹാഷിഷ് ഓയിലുമായി വിക്രം പൊലീസിന്റെ പിടിയിലായിരുന്നു. ഇയാൾ നൽകിയ മൊഴിയെത്തുടർന്നാണ് വിഷ്ണുപ്രിയയുടെയും സിഗിലിന്റെയും വീട്ടിൽ പൊലീസ് പരിശോധന നടത്തിയത്. ഇവിടെനിന്ന് ഏഴുകോടിയോളം വിലമതിക്കുന്ന 12 കിലോ ഹാഷിഷ് ഓയിൽ കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് സംഭവത്തിന്റെ ഗൗരവം പൊലീസിന് പിടികിട്ടിയത്.

ബെംഗളൂരുവിലെ സ്വകാര്യ കോളേജിൽ ഒന്നിച്ച് പഠിച്ചവരാണ് വിഷ്ണുപ്രിയയും സിഗിലും. പിന്നീട് വാടകവീടെടുത്ത് ടാറ്റൂ ആർട്ടിസ്റ്റുകളായി പ്രവർത്തിച്ചുവരുകയായിരുന്നു. 2020 മുതലാണ് ഇവർ മയക്കുമരുന്ന് ഇടപാടുകളിലേക്ക് തിരിഞ്ഞതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇരുവരുടെയും ബാങ്കിടപാടുകൾ പൊലീസ് പരിശോധിച്ചുവരുകയാണ്.

നഗരത്തിലെ കോളജിൽനിന്നാണ് സിജിൽ വർഗീസും വിഷ്ണുപ്രിയയും ബിബിഎ പഠനം പൂർത്തിയാക്കിയിരുന്നത്. ഇതിനിടെയാണ് മയക്കുമരുന്ന് ലോബിയുടെ പിടിയിലായതെന്നാണ് വിലയിരുത്തൽ. സഹപാഠികളായ ഇരുവരും കുറച്ചുകാലം സ്വകാര്യകമ്പനിയിൽ ജോലിചെയ്തശേഷം പിന്നീട് ഫ്രീലാൻസായി ടാറ്റു ആർട്ടിസ്റ്റുകളായി മാറി. ഇതോടെയാണ് ഹാഷിഷ് കച്ചവടവും പുതിയ തലത്തിലെത്തുന്നത്. നേരത്തേ മൊബൈൽ മോഷണക്കേസിൽ വിക്രം അറസ്റ്റിലായിരുന്നു.

വിഷ്ണുപ്രിയയും, സിഗിലുമാണ് മയക്കുമരുന്ന് നൽകിയതെന്ന് വിക്രമിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കോത്തന്നൂരിലെ വീട്ടിലെത്തി പൊലീസ് അന്വേഷണം നടത്തുകയായിരുന്നു.താമസസ്ഥലത്ത് നിന്ന് കോടികൾ വിലവരുന്ന മയക്കുമരുന്ന് റെയ്ഡിൽ പിടിച്ചെടുത്തോടെ അന്വേഷണം പുതിയ തലത്തിലെത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.

ബിബിഎ പഠനത്തിനിടെ സിഗിലും വിഷ്ണു പ്രിയയും അടുക്കുകയായിരുന്നു. അതിന് ശേഷം ലിവിങ് ടുഗദറു പോലെയായിരുന്നു താമസം. ഇതിന് ശേഷം ആഡംബ ജീവിതത്തിന് പുതിയ വഴി തേടിയെന്നാണ് വിലയിരുത്തൽ. മയക്കു മരുന്ന് കച്ചവടത്തിന് വേണ്ടി കൂടിയാണ് ടാറ്റു ആർട്ടിസ്റ്റുകളായി മാറിയതെന്നും സൂചനയുണ്ട്.