- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അതിവേഗ റെയിൽ പാതയിൽ കെ റെയിലിന് പ്രതീക്ഷ തീർന്നോ? ശബരി പദ്ധതിയിൽ പുതുക്കിയ എസ്റ്റിമേറ്റ് തയ്യാറാക്കിയത് സിൽവർലൈനിന് വേണ്ടിയുണ്ടാക്കിയ കമ്പനി; ശബരി പദ്ധതിയിൽ റെയിൽവേ തീരുമാനം അനുകൂലമാകുമെന്ന പ്രതീക്ഷയിൽ കെ റെയിലും; അങ്കമാലി മുതൽ എരുമേലി വരെ 111 കിലോമീറ്റർ പാത യാഥാർത്ഥ്യമാകുമോ?
കോട്ടയം: ശബരി പദ്ധതിയിൽ റെയിൽവേയുടെ തീരുമാനം അനുകൂലമാകുമെന്ന പ്രതീക്ഷയിൽ കേരളം. പുതുക്കിയ എസ്റ്റിമേറ്റ് ഏപ്രിലിൽ കേരളം തയ്യാറാക്കി നൽകിയിരുന്നു. ഇത് ദക്ഷിണ റെയിൽവേയുടെ പരിഗണനയിലാണ്. അനുകൂല തീരുമാനമുണ്ടായാൽ പദ്ധതി റെയിൽവേ ബോർഡിന് കൈമാറും. കെറെയിലാണ് ഈ പദ്ധതി തയ്യറാക്കിയത്. സിൽവർലൈനിൽ പ്രതിസന്ധിയുണ്ടായതോടെ ഇത്തരം റിപ്പോർട്ടുകൾ തയ്യാറാക്കി നിലനിൽക്കാനാണ് കെ റെയിൽ തീരുമാനം.
ചെലവിൽ പകുതി സംസ്ഥാനം വഹിക്കണമെന്നാണ് ആവശ്യപ്പെട്ടതെന്ന് കെ-റെയിൽ എം.ഡി. വി.അജിത്ത് കുമാർ അറിയിച്ചു. ബാക്കി റെയിൽവേ നൽകണം. ഈ പദ്ധതി അംഗീകരിക്കപ്പെട്ടാൽ അതിന്റെ നിർമ്മാണത്തിൽ കെ റെയിൽ കമ്പനിയും സഹകരിക്കാൻ സാധ്യതയുണ്ട്. ഇതിനുള്ള സാധ്യതകളും കമ്പനി തേടുന്നുണ്ട്. സിൽവർലൈൻ നടപ്പാകില്ലെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. കേന്ദ്രം അതിവേഗ റെയിൽ പാതയ്ക്ക് അനുമതി നൽകാൻ സാധ്യത കുറവാണ്. ഇതിനൊപ്പമാണ് സ്ഥലം വിട്ടുകൊടുക്കേണ്ടവരുടെ പ്രതിഷേധവും.
ശബരിപാതയ്ക്ക് സ്ഥലം ഏറ്റെടുക്കുന്നതിലും ചില പ്രശ്‌നങ്ങൾ മുമ്പുണ്ടായിരുന്നു. അതൊന്നും ഇനിയുണ്ടാകില്ലെന്നാണ് പ്രതീക്ഷ. സിൽവർലൈനിന് വേണ്ടി ഭാരിച്ച ജോലികൾ കെ റെയിൽ ചെയ്യുന്നുണ്ട്. ഇതിനിടെയാണ് മറ്റൊരു പദ്ധതിക്ക് വേണ്ടിയും പഠനം നടത്തിയത്. ശബരി റെയിലിൽ 3421 കോടി രൂപ വരുന്ന പുതുക്കിയ എസ്റ്റിമേറ്റാണ് സംസ്ഥാനത്തിനുവേണ്ടി കെ-റെയിൽ തയ്യാറാക്കിയത്. പദ്ധതിയുടെ വിശദപദ്ധതി രേഖയും തയ്യാറായിട്ടുണ്ട്. പുതിയ പദ്ധതിപ്രകാരം, വേണ്ട ഭൂമിയുടെ അളവ് കുറഞ്ഞിട്ടുണ്ട്. അങ്കമാലി മുതൽ എരുമേലി വരെയുള്ള 111 കിലോമീറ്റർ പാതയിൽ കാലടി വരെയുള്ള ഏഴുകിലോമീറ്റർ പൂർത്തിയായി. വിശദമായ പദ്ധതി റിപ്പോർട്ടാണ് കെ റെയിൽ തയ്യാറാക്കിയിരിക്കുന്നത്.
ശേഷിക്കുന്ന 104 കിലോമീറ്ററിനായി 416 ഹെക്ടർ ഭൂമി വേണമെന്നാണ് പഴയ സർവേ റിപ്പോർട്ട്. പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 274 ഹെക്ടർ മതി. മേൽപ്പാലം, തുരങ്കം എന്നിവയുടെ എണ്ണംകൂട്ടിയാണ് ഭൂമിയുടെ അളവ് കുറച്ചത്. 9.2 കിലോമീറ്ററാണ് തുരങ്കദൂരം. ദിവസം 40,000 യാത്രികരെ പ്രതീക്ഷിക്കുന്നുണ്ട് കെ റെയിൽ. 900 കോടി രൂപയാണ് ഭൂമി ഏറ്റെടുക്കലിന് വേണ്ടിവരുക. 400 കെട്ടിടങ്ങൾ പൊളിക്കണം. ഓടക്കാലി, കരിങ്കുന്നം എന്നിവ ഹാൾട്ട് സ്റ്റേഷനാകും. ഇവിടെ ഒരു പ്ലാറ്റ്‌ഫോം മാത്രമേ ഉണ്ടാകൂ. ബാക്കിയുള്ളവയിൽ രണ്ടെണ്ണവും. മൊത്തം 14 സ്റ്റേഷനുകൾ.
1997-ൽ റെയിൽവേ അംഗീകരിച്ച പദ്ധതിക്കായി 900 ഭൂവുടമകളുടെ ഭൂമി വേണ്ടിവരുമെന്നാണ് കണ്ടെത്തിയത്. പിന്നീട്, പദ്ധതി പ്രവർത്തനം നിലച്ചു. കേരളം ശബരി റെയിൽവേയിൽ താത്പര്യം പ്രകടിപ്പിച്ചതോടെ പുതുക്കിയ എസ്റ്റിമേറ്റ് തയ്യാറാക്കാൻ കേന്ദ്രം ആവശ്യപ്പെടുകയായിരുന്നു. 2017-ൽ തയ്യാറാക്കിയ 2815 കോടി രൂപയുടെ എസ്റ്റിമേറ്റ് പരിശോധിച്ച കേന്ദ്രം ചെലവുമുഴുവൻ വഹിക്കാൻ തയ്യാറല്ലെന്ന് അറിയിച്ചു.
2021-ൽ 3347 കോടിയുടെ പുതുക്കിയ റിപ്പോർട്ട് തയ്യാറായി. ഇതിൽ മാറ്റം വരുത്താൻ റെയിൽവേ നിർദ്ദേശിച്ചു. അന്തിമ എസ്റ്റിമേറ്റാണ് 3421 കോടിയുടേത്.
മറുനാടന് മലയാളി ബ്യൂറോ