- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരഞ്ഞെടുപ്പ് കാലത്ത് കാട്ടിയ ഉഷാർ രണ്ടാം വട്ടം അധികാരം പിടിച്ചതോടെ ഉഴപ്പായി; ഭൂമി അളന്ന് കല്ലിട്ടിട്ട് രണ്ട് പതിറ്റാണ്ട്; ശബരി റെയിൽ പദ്ധതി വൈകുന്നത് ഭൂമുതലാളിമാരുടെ സമ്മർദ്ദത്തിന് വഴങ്ങി; പദ്ധതി പാളം തെറ്റുമ്പോൾ പ്രദേശത്ത് വീട് പുതുക്കി പണിയാനോ സ്ഥലം വിൽക്കാനോ ആകാതെ പൊള്ളവാക്കുകൾ കേട്ട് മടുത്ത് നാട്ടുകാർ
മൂവാറ്റുപുഴ: മലയോരജനതയ്ക്ക് പുറംലോകത്തേയ്ക്കുള്ള യാത്രകളുടെ ഗതിവേഗം വർദ്ധിപ്പിക്കാൻ പ്രഖ്യാപിച്ച ശബരി റെയിൽപാത പ്രഖ്യാപനത്തിലൊതുങ്ങുന്നുവെന്ന് പരാതി. പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കുന്നതിന് ഇരുപത് വർഷം മുമ്പ് അളന്ന് കല്ലിട്ടെങ്കിലും ഇതുവരെയും സ്ഥലം ഏറ്റെടുപ്പ് ആരംഭിച്ചിട്ട് പോലുമില്ല. ഇതുമൂലം സ്വന്തം സ്ഥലം അടിയന്തരആവശ്യങ്ങൾക്ക് പോലും വിൽക്കാനോ പണയം വയ്ക്കാനോ കഴിയാത്ത അവസ്ഥയിലാണ് പദ്ധതിപ്രദേശത്തെ ജനങ്ങൾ. പദ്ധതി പാതിവഴിയിൽ നിൽക്കുന്നതിനാൽ സ്ഥലത്തിന് വിപണി മൂല്യമില്ല. കിട്ടുന്ന കാശിന് വിൽക്കുക എന്നത് മാത്രമാണ് നിവർത്തിയെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പും പഴയ വാഗ്ദാനം ഒന്നാം പിണറായി സർക്കാർ പൊടിതട്ടിയെടുത്തെങ്കിലും തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം എല്ലാം വീണ്ടും പഴയനിലയിലായി. ശബരിപാത യാഥാർത്ഥ്യമാക്കാൻ ഭരണപക്ഷത്തിനോ പ്രതിപക്ഷത്തിനോ താൽപര്യമില്ലെന്നാണ് പ്രദേശവാസികളുടെ ആരോപണം. അതേസമയം, പാത യാഥാർഥ്യമായാൽ അത് ഇടുക്കി, പത്തനംതിട്ട ജില്ലകളുടെയും കോട്ടയത്തിന്റെ കിഴക്കന്മേഖലയുടെയും വികസനത്തിന് ഊർജം പകരുന്നതാവും. ഒപ്പം നിർദിഷ്ട എരുമേലി വിമാനത്താവളത്തിനു കുതിപ്പാകുന്നതുംം ശബരിമലയാത്രയ്ക്ക് വേഗം പകരുന്നതുമായ മാർഗമായി ശബരിപാത മാറുമെന്ന് ഉറപ്പാണ്.
1997 ലെ റെയിൽവേ ബജറ്റിൽ പ്രഖ്യാപിച്ച ശബരി റെയിൽ പദ്ധതി, രാഷ്ട്രീയ വടംവലികളും നാട്ടുകാരിൽ ഒരു വിഭാഗത്തിന്റെ എതിർപ്പും സംസ്ഥാനത്തിന്റെ ഉഴപ്പും മൂലമാണ് ഇത്രയും കാലം നടക്കാതെപോയത്. ഇടക്കാലത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലായ പദ്ധതി, പല കേന്ദ്രങ്ങളിൽ നിന്നുള്ള ആവശ്യത്തെത്തുടർന്നാണ് പകുതിച്ചെലവു സംസ്ഥാനം വഹിച്ചാൽ നടപ്പാക്കാം എന്ന നിർദ്ദേശത്തിലേക്ക് റെയിൽവേ മന്ത്രാലയവും എത്തിയത്. കഴിഞ്ഞ സംസ്ഥാന സർക്കാരിന്റെ കാലത്ത് തത്വത്തിൽ അംഗീകരിച്ചെങ്കിലും തിരഞ്ഞെടുപ്പു വന്നതോടെ നടപടി മുടങ്ങി. പിന്നീട് അധികാരമേറ്റ സംസ്ഥാന സർക്കാർ ഈ നിർദ്ദേശം കാര്യമായി പരിഗണിച്ചില്ല. എന്നാൽ, കഴിഞ്ഞ സർക്കാരും അതിന് മുമ്പത്തെ സർക്കാരും അവസാനകാലത്ത് പകുതി ചെലവു വഹിക്കാം എന്ന നിർദ്ദേശം അംഗീകരിച്ചെങ്കിലും പദ്ധതി മുന്നോട്ട് നീങ്ങിയില്ല.
റെയിൽവേ തന്നെ പണം മുടക്കി പണി തുടങ്ങിയ ഘട്ടത്തിലാണ് ചില മേഖലയിൽ നിന്നുള്ള എതിർപ്പിനെ തുടർന്ന് 2008 ൽ പണി നിർത്തിയത്. എല്ലാ ജില്ലകളിലൂടെയും റെയിൽവേലൈൻ എന്ന നയത്തിൽ ഉൾപ്പെടുത്തി തൊടുപുഴ കൂടി റെയിൽവേ ഭൂപടത്തിൽ എത്തിയത് ഇടുക്കി ജില്ലയ്ക്ക് ഏറെ പ്രതീക്ഷ നൽകിയിരുന്നു. ഇടുക്കിയുടെ ടൂറിസം വികസനത്തിനും മലഞ്ചരക്ക് കയറ്റുമതിക്കുമെല്ലാം പുതിയ ചാലകശക്തിയാവും ഈ പാത എന്ന വിശ്വാസത്തിലായിരുന്നു ഹൈറേഞ്ച് ജനത.
അങ്കമാലിയിൽ നിന്നാരംഭിച്ച് കാലടി, പെരുമ്പാവൂർ, മൂവാറ്റുപുഴ, തൊടുപുഴ, രാമപുരം, പാലാ, കാഞ്ഞിരപ്പള്ളി വഴി എരുമേലി വരെ 111 കിലോമീറ്ററാണ് പാതയുടെ നീളം. 20 വർഷം മുമ്പ് തറക്കല്ലിട്ട പദ്ധതിക്കായി, എറണാകുളം ജില്ലയിൽ സ്ഥലമെടുപ്പു നടപടികൾ ആരംഭിച്ചിരുന്നു. അന്ന് പാതയ്ക്ക് വേണ്ടി അളന്ന് കല്ലിട്ട പ്രദേശങ്ങളിലെ ഭൂഉടമകളാണ് പദ്ധതി മുന്നോട്ട് പോകാതായതോടെ ആകെ പ്രതിസന്ധിയിലായിരിക്കുന്നത്. കല്ലിട്ടുപോയതോടെ അവിടത്തെ ഭൂമിയുടെ വിപണിമൂല്യം അഞ്ചിലൊന്നായി ഇടിഞ്ഞു. ഈ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നാന്നൂറോളം ഭൂഉടമകൾ ഒപ്പിട്ട ഭീമഹർജികൾ വി എസ് അച്യുതാനന്ദനും ഉമ്മൻ ചാണ്ടിയും പിണറായി വിജയനും ആക്ഷൻ കൗൺസിൽ നൽകിയിരുന്നു. എന്നാൽ ഒരു നടപടിയുമുണ്ടായില്ലെന്നാണ് അവർ പറയുന്നത്..
അങ്കമാലിയിൽനിന്ന് കാലടി വരെ പാതയുടെ പണി ആരംഭിച്ചിരുന്നു. മറ്റൂരിൽ പാലം പണിയും പൂർത്തിയായി. എന്നാൽ, അലൈന്മെന്റ് സംബന്ധിച്ച് കോട്ടയം ജില്ലയിലെ ചില ഭാഗങ്ങളിലുയർന്ന എതിർപ്പാണ് പദ്ധതിയെ അനിശ്ചിതത്വത്തിലാക്കിയത്. പുതിയ അലൈന്മെന്റിൽ ഇതുവരെ അന്തിമ തീരുമാനം ഉണ്ടായിട്ടില്ലെന്നത് പദ്ധതിയുടെ പുനരുജ്ജീവനം ഏറെ ക്ലേശകരമാക്കും എന്നുവേണം കരുതാൻ. പദ്ധതി കടന്നുപോകുന്ന പ്രദേശങ്ങളിൽ എസ്റ്റേറ്റുകളും തോട്ടങ്ങളുമുള്ള ഭൂമുതലാളിമാരുടെ താൽപര്യങ്ങൾക്ക് വഴങ്ങി ചില രാഷ്ട്രീയപാർട്ടികളാണ് പദ്ധതി മുടക്കുന്നതെന്ന് ആക്ഷൻ കൗൺസിൽ ആരോപിക്കുന്നു.
പ്രഖ്യാപിക്കുമ്പോൾ 515 കോടി ചെലവു കണക്കാക്കിയ പദ്ധതിക്ക്, ഇപ്പോൾ 2815 കോടിയാണു വേണ്ടത്. ഏകദേശം അഞ്ചിരട്ടി. ഇതിൽ 1400 കോടിയാണ് സംസ്ഥാന സർക്കാർ നൽകേണ്ടിവരിക. പണി പുരോഗമിക്കുന്നതനുസരിച്ചു തവണകളായി നൽകിയാൽ മതി എന്നതുമാത്രമാണ് ആശ്വാസം. ഈ പദ്ധതിക്കൊപ്പം തമിഴ്നാട്ടിലും മറ്റു സംസ്ഥാനങ്ങളിലും തുടക്കമിട്ട റെയിൽപാതകളിൽ വണ്ടി ഓടിത്തുടങ്ങിയിട്ട് വർഷങ്ങളായി. കേരളം ചെലവിടുന്ന തുകയുടെ പകുതി പോലും ചെലവാക്കാതെയാണ് ഈ പാതകൾ തീർന്നതെന്നതാണ് യാഥാർഥ്യം.
സ്ഥലം റെയിൽവേ കല്ലിട്ട് അടയാളപ്പെടുത്തിയതോടെ വൻകിട കൃഷിയോ നിർമ്മാണങ്ങളോ സ്ഥലം വിൽപനയോ സാധിക്കാതെ പ്രതിസന്ധിയിലായ നൂറുകണക്കിനു കർഷകരാണ് മേഖലയിലുള്ളത്. പഴയ വീട് പുതുക്കിപ്പണിയാൻ പോലും പറ്റാതെ പോയ ഒട്ടേറെ കുടുംബങ്ങൾ ഈ മേഖലയിലുണ്ട്. സംസ്ഥാനം പാഴാക്കിയ 20 വർഷവും ജീവിതം അനിശ്ചിതത്വത്തിലായവരാണ് ഈ കർഷകർ. കേവലം പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളും കേൾക്കാൻ അവർക്ക് സമയമില്ല, താൽപര്യവുമില്ല. ശബരി റെയിൽപാതയുടെ പണി എന്ന് പുനരാരംഭിക്കും എന്ന് മാത്രമാണ് അവർക്കറിയേണ്ടത്.