- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിപാതയുടെ അട്ടിമറിക്ക് പിന്നിൽ കേരളം; പകുതി ചെലവെന്ന കേന്ദ്ര നിർദ്ദേശം മന്ത്രിസഭാ യോഗം തള്ളി; പണമില്ലെന്ന് അറിയിച്ചുമില്ല; മന്ത്രിസഭാ യോഗത്തിലെ 'രഹസ്യം' വിവരാവകാശത്തിലൂടെ പുറത്ത്
കൊച്ചി: സർക്കാരിനു പണമില്ല, പണമില്ലെന്ന കാര്യം കേന്ദ്രത്തിൽ പറയുന്നുമില്ല. അങ്കമാലി - ശബരി റെയിൽപാതയും എറണാകുളം - കുമ്പളം പാത ഇരട്ടിപ്പിക്കലും കേരളത്തിന് നഷ്ടമാകുന്നു. രണ്ടു പദ്ധതികൾക്കും ചെലവാകുന്ന തുകയുടെ പകുതി സംസ്ഥാന സർക്കാർ വഹിക്കണമെന്ന കേന്ദ്രസർക്കാർ നിർദ്ദേശം തള്ളിക്കളഞ്ഞുകൊണ്ടുള്ള മന്ത്രിസഭയുടെ രഹസ്യരേഖ വിവരാവകാശ നി
കൊച്ചി: സർക്കാരിനു പണമില്ല, പണമില്ലെന്ന കാര്യം കേന്ദ്രത്തിൽ പറയുന്നുമില്ല. അങ്കമാലി - ശബരി റെയിൽപാതയും എറണാകുളം - കുമ്പളം പാത ഇരട്ടിപ്പിക്കലും കേരളത്തിന് നഷ്ടമാകുന്നു. രണ്ടു പദ്ധതികൾക്കും ചെലവാകുന്ന തുകയുടെ പകുതി സംസ്ഥാന സർക്കാർ വഹിക്കണമെന്ന കേന്ദ്രസർക്കാർ നിർദ്ദേശം തള്ളിക്കളഞ്ഞുകൊണ്ടുള്ള മന്ത്രിസഭയുടെ രഹസ്യരേഖ വിവരാവകാശ നിയമപ്രകാരം പുറത്തായി.
അങ്കമാലി -ശബരി റെയിൽപാതയ്ക്കു 50 ശതമാനം പണം മുടക്കാൻ സംസ്ഥാനത്തിനു പാങ്ങില്ലെന്നു കേന്ദ്രത്തെ അറിയിച്ചാൽ മാത്രം മതി, ശബരിമല തീർത്ഥാടകർക്കു വളരെയധികം സൗകര്യപ്രദമായ റെയിൽപാത കേന്ദ്രം സന്തോഷപൂർവം നിർമ്മിച്ചേനെ. എന്നാൽ അതിനും സംസ്ഥാന സർക്കാർ തയാറല്ല. ചുരുക്കത്തിൽ, പട്ടിയൊട്ടു തിന്നുകയുമില്ല...എന്ന അവസ്ഥ. ശബരിപാത സംബന്ധിച്ചു രാഷ്ട്രീയകക്ഷികൾക്കു പല താത്പര്യങ്ങളാണ്. കേരളകോൺഗ്രസ് ഉൾപ്പെടെയുള്ളവർ നിലവിലുള്ള റൂട്ട് മാറ്റാനുള്ള ശ്രമവും നടത്തി. തന്മൂലമാണ് പാത സഫലമാകാത്തത്്. തർക്കങ്ങളും താത്പര്യങ്ങളുമുള്ളതിനാൽ പാത വോട്ടു ബാങ്കിനെ സ്വാധീനിക്കാതിരിക്കാനാണ് പരണത്തു വച്ചിരിക്കുന്നത്.
പദ്ധതികൾ സംബന്ധിച്ച കാബിനറ്റ് രേഖകൾ വിവരാവകാശ നിയമപ്രകാരം നൽകാനാവില്ലന്ന സർക്കാർ നിലപാടിനെതിരെ ഹ്യൂമൻ റൈറ്റ്‌സ് ഡിഫൻസ് ഫോറം ജനറൽ സെക്രട്ടറി അഡ്വ. ഡി ബി ബിനു വിവരാവകാശ കമ്മീഷനെ സമീപിച്ചതിനെ തുടർന്നാണ് രേഖകൾ പുറത്തുവന്നത്. ശബരി പാത, എറണാകുളം - കുമ്പളം പാതയിരട്ടിപ്പിക്കൽ തുടങ്ങിയ വലിയ പ്രൊജക്ടുകളുടെ നിർമ്മാണച്ചെലവ് വഹിക്കാൻ സംസ്ഥാനത്തിന്റെ ധനാഗമന മാർഗങ്ങൾ പര്യാപ്തമല്ലെന്നും അതിനാൽ മുഴുവൻ തുകയും കേന്ദ്ര സർക്കാർ വഹിക്കാൻ ആവർത്തിച്ച് അഭ്യർത്ഥിക്കാനുമാണ് മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നതെന്നാണ് രേഖയിൽ പറയുന്നത്.
ഇതോടെ മലയോരമേഖലയുടെ സ്വപ്‌നപദ്ധതിയായ ശബരി റെയിൽപാത കേരളത്തിനു നഷ്ടമാകുമെന്ന് ഏറെക്കുറെ ഉറപ്പായി. ഇക്കാര്യം മന്ത്രിസഭാ തീരുമാനം വിശദീകരിച്ചുകൊണ്ടുള്ള പതിവുവാർത്താസമ്മേളനങ്ങളിലൊന്നും മുഖ്യമന്ത്രി പറയാതെ മറച്ചുവയ്ക്കുകയായിരുന്നു. 1997-98 റെയിൽവേ ബജറ്റിലാണ് ശബരിപാത പ്രഖ്യാപിച്ചത്. പദ്ധതിക്ക് ചെലവാകുന്ന തുകയുടെ പകുതി സംസ്ഥാന സർക്കാർ വഹിക്കണമെന്ന മാർഗനിർദ്ദേശം 2011-ലാണ് കേന്ദ്രം പുറപ്പെടുവിച്ചത്. 1566 കോടി രൂപയാണ് പദ്ധതി ചെലവ് കണക്കാക്കിയത്. തുടർന്ന് അങ്കമാലി മുതൽ കാലടി വരെയുള്ള പാത നിർമ്മാണത്തിനായി റെയിൽവെ ഇതിനകം 130 കോടി രൂപ ചെലവഴിക്കുകയും 1100 പരം ആളുകളുടെ ഭൂമി പദ്ധതിക്കായി ഏറ്റെടുത്തുകൊണ്ട് വിജ്ഞാപനം ഇറക്കുകയും ചെയ്തു. എന്നാൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂലമായ നീക്കം ഉണ്ടാകാത്തതിനെ തുടർന്ന് പദ്ധതിക്കായി തുറന്ന ഓഫീസ് റെയിൽവെ അടച്ചുപൂട്ടുകയും ഉദ്യോഗസ്ഥരോട് എറണാകുളം ഓഫീസിൽ റിപ്പോർട്ട് ചെയ്യാൻ നിർദ്ദേശം നൽകുകയുമായിരുന്നു.
പദ്ധതിക്കായി ഏറ്റെടുത്ത ഭൂമി മരവിപ്പിച്ചതിനാൽ സ്ഥലം ഉടമകൾ കഷ്ടത്തിലായിരിക്കുകയാണ്. അവർക്ക് ഈ ഭൂമിയിൽ വീടുവയ്ക്കാനോ വിൽക്കാനോ കഴിയാത്ത അവസ്ഥയാണ്. മാത്രമല്ല ഭൂമി വിട്ടു കൊടുത്ത കുടുംബങ്ങളിൽ ഒരാൾക്ക് റെയിൽവെ ജോലി നൽകാമെന്ന് വാഗ്ദാനം നൽകിയിരുന്നെങ്കിലും ഒന്നും പാലിക്കപ്പെട്ടിട്ടില്ല. ഇക്കാര്യത്തിലും സർക്കാർതലത്തിൽ ഒരു ഇടപെടലും ഉണ്ടായിട്ടില്ല. പദ്ധതി നടപ്പാക്കാൻ ചെലവാകുന്ന തുകയുടെ 50 ശതമാനം സംസ്ഥാന സർക്കാരിന്റെ പക്കൽ ഇല്ലെങ്കിൽ പത്തോ ഇരുപതോ ശതമാനം മുടക്കാൻ തയ്യാറായി കേന്ദ്രസർക്കാരുമായി ചർച്ച ചെയ്തിരുന്നെങ്കിൽ പദ്ധതി ശബരിപാത പൂർത്തിയാകുമായിരുന്നുവെന്നാണ് വിദഗ്ദ്ധർ പറയുന്നത്. സംസ്ഥാനത്തിനു പറ്റില്ലെങ്കിൽ അക്കാര്യമറിയിച്ചാൽ കേന്ദ്രം ശബരിപാത പൂർത്തിയാക്കാൻ തയാറാണെന്നു ബിജെപി നേതാക്കൾ ഉറപ്പു നൽകിയിട്ടുണ്ടെന്നു മുൻകേന്ദ്രസഹമന്ത്രി കൂടിയായ പി സി തോമസ് അറിയിച്ചിട്ടുണ്ട്.
മാത്രമല്ല ശബരിമലയിലേക്ക് ഏറ്റവും കൂടുതൽ തീർത്ഥാടകർ എത്തുന്ന തമിഴ്‌നാട്, കർണാടക, ആന്ധ്ര സംസ്ഥാന സർക്കാരുകളുമായി ചർച്ച നടത്തിയിരുന്നെങ്കിൽ അവരും ഈ പദ്ധതിക്ക് സഹായം നൽകുമായിരുന്നുവെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലൂടെ ശബരിപാത കടന്നു പോകണമെന്നാണ് കേന്ദ്ര നിർദ്ദേശം. എന്നാൽ ഈ റൂട്ട് അട്ടിമറിച്ച് പാലാ വഴി ശബരിമലയ്ക്ക് പാത നിർമ്മിക്കാനുള്ള നീക്കം സംസ്ഥാന സർക്കാർ നടത്തിയതായും ആരോപണമുണ്ട്.