തിരുവനന്തപുരം: സംസ്ഥാന സർക്കാർ പകുതി ചെലവ് വഹിച്ചുകൊണ്ട് ശബരി റെയിൽപാത നിർമ്മിക്കാൻ ഇപ്പോൾ എടുത്ത തീരുമാനം വൈകിയതുകൊണ്ട് 5 വർഷമാണ് നഷ്ടപ്പെട്ടതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.

തിരഞ്ഞെടുപ്പ് അടുത്തപ്പോൾ യുഡിഎഫിന്റെ നിലപാടിലേക്കു തിരിച്ചു പോയ ഇടതുസർക്കാർ പദ്ധതി പൊടിതട്ടിയെടുത്ത് പ്രഖ്യാപനം നടത്തുകയാണു ചെയ്തത്. റെയിൽവെയുടെ അംഗീകാരവും കേന്ദ്രസർക്കാരിന്റെ അനുമതിയും മറ്റും ലഭിച്ചതിനുശേഷം പദ്ധതി എന്നു തുടങ്ങാനാകും എന്നു നിശ്ചയമില്ല. വൈകി വന്ന ബുദ്ധിയാണെങ്കിലും അതിനെ സ്വാഗതം ചെയ്യുന്നുവെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.

ദേശീയ തീർത്ഥാടന കേന്ദ്രമെന്ന നിലയിലും ശബരിമലയുടെ പ്രാധാന്യം ഉൾക്കൊണ്ടുമാണ് യുഡിഎഫ് സർക്കാർ ശബരിപാത നടപ്പാക്കാൻ തീരുമാനിച്ചത്. കേന്ദ്രത്തിന്റെ ചെലവിൽ പദ്ധതി നടപ്പാക്കണമെന്ന് അന്ന് യുഡിഎഫ് സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെടുകയും ഇക്കാര്യം പ്രധാനമന്ത്രിയുമായി ചർച്ച നടത്തുകയും ചെയ്തു. അതു നടക്കില്ലെന്നു ബോധ്യപ്പെട്ടപ്പോഴാണ് സംസ്ഥാന സർക്കാർ പകുതി ചെലവ് വഹിച്ച് പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത്. സ്ഥലമെടുപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങളുമായി മുന്നോട്ടുപോകുകയും ചെയ്തു.

എന്നാൽ ഇടതുസർക്കാർ അധികാരമേറ്റതിനെ തുടർന്ന് മുഴുവൻ ചെലവും കേന്ദ്രം വഹിക്കണമെന്ന നിലപാടെടുത്തു. ഇക്കാര്യം മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. കേന്ദ്രം നിരാകരിച്ചതോടെ പദ്ധതി അഞ്ചുവർഷം നിശ്ചലമായെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.

കഴിഞ്ഞ ദിവസം കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത ഗെയിൽ പദ്ധതിയെ ഇത്രയും വൈകിപ്പിച്ചതിനും ഇടതുസർക്കാർ കേരളത്തോട് മാപ്പുപറയണം. ഗെയിൽ ഗെയിൽ ഗോ എവേ എന്നു പറഞ്ഞാണ് സിപിഎം അന്നു വൻ പ്രക്ഷോഭം സംഘടിപ്പിച്ചത്. ഭൂമിക്കടിയിലെ ബോംബ് എന്നായിരുന്നു പ്രചാരണം.

2009ൽ അനുവദിച്ച പദ്ധതിക്ക് ജീവൻ വച്ചത് 2011ലെ യുഡിഎഫ് സർക്കാരിന്റെ കാലത്താണ്. പദ്ധതിയുടെ ഒന്നാം ഘട്ടമായ കൊച്ചി-അമ്പലമുകൾ 2013ൽ പൂർത്തിയാക്കി. ഫാക്ട്, ബിപിസിഎൽ, പ്രത്യേക സാമ്പത്തിക മേഖല എന്നിവ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് വ്യാവസായികാവശ്യത്തിനുള്ള വാതകം നല്കി. 2015ൽ കൊച്ചിയിൽ ഗാർഹിക ഉപയോഗത്തിനുള്ള പാചക വിതരണം ആരംഭിച്ചു. രണ്ടാംഘട്ടമായ കൊച്ചി- കൂറ്റനാട് ഭാഗത്ത് പൈപ്പ് ഇടുന്നതിന് തദ്ദേശവാസികളിൽ നിന്ന് അനുമതി നേടി മുന്നോട്ടുപോയപ്പോഴാണ് പദ്ധതിക്കെതിരേ സിപിഎം തിരിഞ്ഞത്. അഞ്ചു വർഷമാണ് ഇങ്ങനെ നഷ്ടപ്പെടുത്തിയതെന്ന് ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി.