തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച് തുടർനടപടികൾ ദേവസ്വം ബോർഡ് യോഗം ചേർന്ന് തീരുമാനിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ. വിഷയവുമായി ബന്ധപ്പെട്ട് റിവ്യൂ ഹർജി നൽകണമോ എന്നതടക്കമുള്ള കാര്യങ്ങൾ യോഗം ചേർന്ന് തീരുമാനിക്കുമെന്നും പത്മകുമാർ വ്യക്തമാക്കി. എന്നാൽ ദേവസം ബോർഡ് അംഗമായ കെപി ശങ്കരദാസ് സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന അഭിപ്രായമാണ് ഉയരുന്നത്. ഇതോടെ ദേവസം ബോർഡിലെ ഭിന്നത മറനീക്കി പുറത്തു വരികയും ചെയ്തു. എല്ലാവരേയും യോജിപ്പിച്ച് സമവായം ഉണ്ടാക്കാനാണ് ശ്രമമെന്നും കെപി ശങ്കരദാസ് പറഞ്ഞു.

വിശ്വാസികളായ സ്ത്രീകൾ ശബരിമലയിൽ കയറുമെന്നു തോന്നുന്നില്ലെന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ പറഞ്ഞു. കുടുതൽ സൗകര്യങ്ങൾ ഇപ്പോൾ ഒരുക്കാനാകില്ല. അമ്പലത്തിൽ വൈരുദ്ധ്യാത്മ ഭൗതികവാദം നടപ്പാക്കാനാകില്ല. വീട്ടിൽ വിശ്വാസികളായ സ്ത്രീകളുണ്ട്. അവരൊന്നും സുപ്രീംകോടതി വിധി ഉണ്ടെന്ന് പറഞ്ഞ് ശബരിമലിയിലേക്ക് പോകില്ലെന്നും പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ ഭൂമി കിട്ടിയില്ലെങ്കിൽ നിലവിലെ സൗകര്യങ്ങൾ ഉപയോഗിച്ച് മുന്നോട്ട് പോകേണ്ടിവരും. 100 ഏക്കർ ഭൂമി സർക്കാരിനോട് ആവശ്യപ്പെടും. വിധി നടപ്പാക്കുന്നതോടെ ഭക്തരുടെ എണ്ണത്തിൽ നിലവിലുള്ളതിനേക്കാൾ 40 ശതമാനം വർധനവ് ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പത്മകുമാർ കൂട്ടിച്ചേർത്തു.

ആരാധാനക്രമത്തിൽ മാറ്റം വരുത്താതെ നിഷ്ഠയോടെ വേണം വിവേചനം കൂടാതെയുള്ള ആരാധന നടത്തേണ്ടതെന്ന പൊതു വികാരം ശക്തമാണ്. അതിനായി തന്ത്രിമാർ, ആധ്യാത്മിക പണ്ഡിതർ, പന്തളം രാജകുടുംബം, സന്യാസി ശ്രേഷ്ഠർ, എന്നിവരുടെ അഭിപ്രായ സമന്വയം നടത്തണം. റിനവ്യൂഹർജി നൽകുമെന്ന് ചില സംഘടനകൾ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് റിവ്യൂ ഹർജിയുടെ സാധ്യതകൾ ദേവസ്വം ബോർഡ് പരിഗണിക്കുന്നത്. ഇക്കാര്യത്തിൽ സ്വതന്ത്ര തീരുമാനമെടുക്കാൻ ദേവസ്വം ബോർഡിന് സർക്കാർ അധികാരവും നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് തന്ത്രികുടുംബവുമായി ചർച്ചയ്ക്ക് ദേവസ്വം ബോർഡ് തയ്യാറെടുക്കുന്നത്. സ്ത്രീകൾ ശബരിമലയിലേക്ക് എത്തിയാൽ സൗകര്യങ്ങൾ ഒരുക്കാൻ ഏറെ ബുദ്ധിമുട്ടുണ്ടാകും. ഈ സാഹചര്യവും ബോർഡിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്.

ശബരിമല സ്ത്രീ പ്രവേശനത്തിൽ റിവ്യൂഹർജിയുടെതടക്കം സാധ്യതകൾ പരിശോധിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പറയുന്നത്. വിശ്വാസികളായ സ്ത്രീകൾ പഴയ ആചാരപ്രകാരം മാത്രമെ ശബരിമലയിലേക്ക് എത്തുകയുള്ളൂ എന്നും പത്മകുമാർ പറഞ്ഞു. മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതോടെ വിഷയത്തിൽ സർക്കാരും ദേവസ്വം ബോർഡും രണ്ട് വഴിക്ക് പോകുമെന്നാണ് വ്യക്തമാകുന്നത്. ശബരിമല വിധിയെ സിപിഎം സ്വാഗതം ചെയ്തിരുന്നു. സർക്കാരും അനുകൂല തീരുമാനമാണ് എടുത്തത്. എന്നാൽ വിശ്വാസികളുടെ എതിർപ്പ് ശക്തമായതോടെ സിപിഎം പതിയേ പിന്നോട്ട് പോവുകയാണ്. സർക്കാരിനെ കൊണ്ട് വിധിയെ അനുകൂലിപ്പിച്ചും ദേവസം ബോർഡിനെ കൊണ്ട് കേസ് കൊടുത്തും രണ്ട് വിഭാഗങ്ങളേയും തൃപ്തിപ്പെടുത്താനാണ് നീക്കം.

വിഷയത്തിൽ ഡബിൾ ഗെയിം കളിക്കുകയാണ് സിപിഎം ലക്ഷ്യം. എങ്ങനേയും വിശ്വാസികളേയും അവിശ്വാസികളേയും കൂടെ നിർത്താനാണ് ശ്രമം. സുപ്രീംകോടതി വിധിയെ സർക്കാർ പരസ്യമായി തള്ളി പറഞ്ഞാൽ ഇടതുപക്ഷ ബുദ്ധി ജീവികൾ അതിനെ എതിർക്കും. സർക്കാരിന് വിശ്വാസികളെ ഭയമാണമെന്നും സമത്വവാദത്തിന് എതിരാണെന്നും വാദമുയരും. അതുകൊണ്ട് വിധിയെ സർക്കാർ സ്വാഗതം ചെയ്യുന്നത് തുടരും. സിപിഎമ്മും ഈ നിലപാട് തന്നെ എടുക്കും. എന്നാൽ സിപിഎം നിയന്ത്രണത്തിലുള്ള ദേവസ്വം ബോർഡ് വിശ്വാസികളുടെ ഒപ്പം നിൽക്കുന്ന നിലപാട് എടുക്കും. ദേവസ്വം ബോർഡിനെ കൊണ്ട് റിവ്യൂ ഹർജി കൊടുപ്പിക്കുകയും ചെയ്യും. ഇതിലൂടെ വിശ്വാസികളേയും കൂടെ നിർത്താൻ കഴിയുമെന്നാണ് വിലയിരുത്തൽ.

ശബരിമലയിൽ സ്ത്രീ പ്രവേശനത്തിനുണ്ടായിരുന്ന നിയന്ത്രണം നീക്കിക്കൊണ്ടുള്ള സുപ്രീംകോടതി വിധിക്കെതിരെ ദേവസ്വം ബോർഡ് പുനഃപ്പരിശോധനാ ഹർജി നൽകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിട്ടുണ്ട്. സുപ്രീം കോടതി വിധി ഉണ്ടാക്കുന്ന സാമൂഹ്യ പ്രത്യാഘാതവും പ്രയോഗിക ബുദ്ധിമുട്ടുകളും കണക്കിലെടുക്കേണ്ടതുണ്ട്. സുപ്രീംകോടതി അക്കാര്യവും പരിശോധിക്കണം. ശബരിമലയിൽ വിശ്വാസങ്ങളും ആചാരങ്ങളും മാനിക്കണമെന്നും സ്ത്രീ പ്രവേശനത്തിനുള്ള നിയന്ത്രണം തുടരണമെന്നുമായിരുന്നു കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ നിലപാട്. 2016 ഫെബ്രുവരി 5 ന് ഇത് സംബന്ധിച്ച് യു.ഡി.എഫ് സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. എന്നാൽ തുടർന്നു വന്ന ഇപ്പോഴത്തെ ഇടതു സർക്കാർ അത് തിരുത്തി പ്രയഭേദമന്യേ എല്ലാ സ്ത്രീകൾക്കും പ്രവേശനം അനുവദിക്കണമെന്ന സത്യവാങ്മൂലം സുപ്രീം കോടതിയിൽ സമർപ്പിച്ചു.

ഇടതു സർക്കാർ സുപ്രീം കോടതിയിൽ ഇങ്ങനെയൊരു നിലപാട് സ്വീകരിച്ചപ്പോൾ ഇടതു മുന്നണിയുടെ നിയന്ത്രണത്തിലുള്ള ദേവസ്വം ബോർഡ് നേർ വിപരീതമായി സ്ത്രീ പ്രവേശനത്തിന് നിയന്ത്രണം വേണമെന്നാണ് നിലപാടാണ് സുപ്രീംകോടതിയിൽ സ്വീകരിച്ചത്. പൊതുജനങ്ങളെ കബളിപ്പിക്കുന്നതിനു വേണ്ടി ഇടതു മുന്നണി സ്വീകരിച്ച് ഈ ഇരട്ട നിലപാട് കേസിനെ പ്രതികൂലമായി ബാധിക്കുകയും ഇത്തരമൊരു വിധിക്ക് വഴി വയ്ക്കുകയും ചെയ്തു. സംസ്ഥാനത്ത് ഭരണം നടത്തുന്ന ഇടതു മുന്നണി വ്യക്തമായ നിലപാടെടുക്കാതെ കള്ളക്കളി നടത്തിയതാണ് ഇത്തരമൊരു വിധിക്ക് കാരണമായത്.രാജ്യത്തെ എല്ലാ ആരാധനാലയങ്ങളും വിശ്വാസവും ആചാരങ്ങളും അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. അത് ലംഘിക്കപ്പെടുന്നത് വലിയ ഒരു ജനസമൂഹത്തിന് മുറിവുണ്ടാക്കും. അതിനാൽ ദേവസ്വം ബോർഡ് എത്രയും വേഗം പുനപ്പരിശോധനാ ഹർജി നൽകണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിട്ടുണ്ട്.

അതിനിടെ ശബരിമല സ്ത്രീ പ്രവേശനവിഷയത്തിൽ സിപിഎമ്മിന്റെ മനസ്സിലിരുപ്പ് നടപ്പാക്കാൻ വിശ്വാസത്തെ അടിച്ചമർത്താൻ നോക്കിയാൽ വിശ്വാസികളോടൊപ്പം നിൽകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ അഡ്വ.പി.എസ്.ശ്രീധരൻപിള്ള അറിയിച്ചു. സർക്കാർ എടുക്കുന്ന നിലപാടുകളിൽ ദുരുദ്ദേശമുണ്ട്. വിധിയുടെ പകർപ്പ് കിട്ടുന്നതിന് മുമ്പ് ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കും, അവർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കും എന്നു പറയുന്നതിൽ നിഗൂഢതയുണ്ട്. നിരീശ്വരവാദത്തിൽ അധിഷ്ഠിതമായ പാർട്ടിയാണ് സംസ്ഥാനം ഭരിക്കുന്നത്. സ്ത്രീ പ്രവേശനത്തിൽ ഉയർന്നുവന്ന വിവാദങ്ങളെ മുതലെടുക്കാനാണ് സിപിഎമ്മും ഇടത് സർക്കാരും ശ്രമിക്കുന്നത്. ശബരിമല ക്ഷേത്രത്തിന്റെ സവിശേഷതയും ആരാധാനാക്രമത്തിലെ അടിസ്ഥാനതത്വങ്ങളെയും മറച്ചുവച്ചാണ് സംസ്ഥാനസർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയത്. സന്യാസി-നിത്യബ്രഹ്മചാരി സങ്കൽപത്തിൽ, ഭക്തൻ മാലയിട്ടാൽ അയ്യപ്പനായി മാറുന്ന വിശ്വാസം കോടതിയെ സർക്കാർ ധരിപ്പിച്ചില്ലെന്ന് കോടതി വിധിയിലൂടെ വ്യക്തമാണ്.

സ്ത്രീ പ്രവേശനം സംബന്ധിച്ച വിഷയത്തിൽ മഹിളാമോർച്ചയുടെ നേതൃത്വത്തിൽ ഹിത പരിശോധന നടത്തുമെന്നും ശ്രീധരൻപിള്ള പറഞ്ഞു. സിപിഎം ഗോപാല സേനരൂപീകരിച്ചപ്പോൾ പ്രവർത്തകർ ശബരിമലയ്ക്ക് പോകരുതെന്നും ആ പണം ഗോപാലസേനയ്ക്ക് യൂണിഫോമിന് നൽകണമെന്നും പറഞ്ഞ പാർട്ടിയാണ് സംസ്ഥാനം ഭരിക്കുന്നത്. അന്ന് പാർട്ടി പ്രവർത്തകർപോലും അത് പുച്ഛിച്ച് തള്ളി. ഇപ്പോൾ അങ്ങനെ ഒരു ആഹ്വാനം നൽകാൻ സിപിഎമ്മിന് ധൈര്യമുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.