- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പന്തളത്തെ പടയൊരുക്കം കണ്ട് ഒരുപോലെ അന്തിച്ച് സർക്കാരും ബിജെപിയും; ഭഗവാന്റെ പിന്മുറക്കാരായ രാജകൂടുംബം അനുകൂലിച്ചതോടെ പ്രതിഷേധ ജ്വാല ഉയർത്താൻ എത്തിയത് പതിനായിരിക്കണക്കിന് സ്ത്രീകൾ; എംസി റോഡ് സ്തംഭിച്ചപ്പോൾ വൻ സന്നാഹമൊരുക്കി കാത്ത് നിന്ന പൊലീസും പിന്മാറി; കൊച്ചിയിലും തിരുവനന്തപുരത്തും അടക്കം കേരളം മുഴുവൻ സമരം കത്തി പടരുന്നു; രാഷ്ട്രീയ മതിൽ കെട്ടുകൾക്കപ്പുറത്തേക്ക് യഥാർത്ഥ ഹിന്ദു ഉണർന്നതോടെ നിലപാട് മാറ്റാൻ നിർബന്ധിതമായി മുഖ്യരാഷ്ട്രീയ പാർട്ടികളും
പന്തളം: ശബരിമലയിലെ സ്ത്രീ പ്രവേശനത്തിൽ ഹൈക്കോടതിക്ക് ഒപ്പമാണ് പിണറായി സർക്കാർ. റിവ്യൂ ഹർജി കൊടുക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിനെ പോലും മുഖ്യമന്ത്രി പിണറായി വിജയൻ അനുദിക്കുന്നില്ല. സ്ത്രീ പ്രവേശനത്തിൽ പരിവാർ മനസ്സ് അനുകൂലമായതിനാൽ ബിജെപിയും വ്യക്തമായ നിലപാട് എടുക്കുന്നില്ല. ആചാര അനുഷ്ഠാനങ്ങളുടെ പേരിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള അഭിപ്രായം പറയുമ്പോഴും പ്രതിഷേധ വഴിയിൽ ബിജെപി എത്തിയില്ല. ഇതിനിടെ ഹൈന്ദവാചാരങ്ങൾ അരക്കിട്ടുറപ്പിക്കാൻ പന്തളത്തെ ഞെട്ടിച്ച് പതിനായിരങ്ങൾ അണിനിരന്ന ശരണമന്ത്ര ഘോഷയാത്ര ഏവരേയും ഞെട്ടിക്കുകയാണ്. ഘോഷയാത്രയിൽ സ്ത്രീകളുടെ പങ്കാളിത്തം പ്രത്യേകം ശ്രദ്ധേയമായി. അസംഖ്യം തിരുവാഭരണ ഘോഷയാത്രകൾ ഒന്നിച്ചാലുള്ളതു പോലെ ഒഴുകിയ ജനപ്രളയം പന്തളത്തെ പ്രകമ്പനം കൊള്ളിച്ചു. പ്രവീൺ തൊഗാഡിയയുടെ നേതൃത്വത്തിലുള്ള എഎച്ച്പി സംഘടിപ്പിച്ച ദേശീയ റോഡ് ഉപരോധവും വൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ശബരിമല സംരക്ഷണ സമിതിയുടെ പേരിൽ അഖിലേന്ത്യ ഹിന്ദു പരിഷത്താണ് പ്രധാനമായും ഭക്തരെ സംഘടിപ്പിച
പന്തളം: ശബരിമലയിലെ സ്ത്രീ പ്രവേശനത്തിൽ ഹൈക്കോടതിക്ക് ഒപ്പമാണ് പിണറായി സർക്കാർ. റിവ്യൂ ഹർജി കൊടുക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിനെ പോലും മുഖ്യമന്ത്രി പിണറായി വിജയൻ അനുദിക്കുന്നില്ല. സ്ത്രീ പ്രവേശനത്തിൽ പരിവാർ മനസ്സ് അനുകൂലമായതിനാൽ ബിജെപിയും വ്യക്തമായ നിലപാട് എടുക്കുന്നില്ല. ആചാര അനുഷ്ഠാനങ്ങളുടെ പേരിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള അഭിപ്രായം പറയുമ്പോഴും പ്രതിഷേധ വഴിയിൽ ബിജെപി എത്തിയില്ല.
ഇതിനിടെ ഹൈന്ദവാചാരങ്ങൾ അരക്കിട്ടുറപ്പിക്കാൻ പന്തളത്തെ ഞെട്ടിച്ച് പതിനായിരങ്ങൾ അണിനിരന്ന ശരണമന്ത്ര ഘോഷയാത്ര ഏവരേയും ഞെട്ടിക്കുകയാണ്. ഘോഷയാത്രയിൽ സ്ത്രീകളുടെ പങ്കാളിത്തം പ്രത്യേകം ശ്രദ്ധേയമായി. അസംഖ്യം തിരുവാഭരണ ഘോഷയാത്രകൾ ഒന്നിച്ചാലുള്ളതു പോലെ ഒഴുകിയ ജനപ്രളയം പന്തളത്തെ പ്രകമ്പനം കൊള്ളിച്ചു. പ്രവീൺ തൊഗാഡിയയുടെ നേതൃത്വത്തിലുള്ള എഎച്ച്പി സംഘടിപ്പിച്ച ദേശീയ റോഡ് ഉപരോധവും വൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
ശബരിമല സംരക്ഷണ സമിതിയുടെ പേരിൽ അഖിലേന്ത്യ ഹിന്ദു പരിഷത്താണ് പ്രധാനമായും ഭക്തരെ സംഘടിപ്പിച്ചത്. സംഘപരിവാറിൽ നിന്ന് പിണങ്ങിപോയ പ്രവീൺ തൊഗാഡിയയുടെ സംഘടനയാണ് ഇത്. കേരളത്തിൽ പ്രതീഷ് വിശ്വനാഥാണ് മുഖ്യ സംഘാടകൻ. ഇതും ബിജെപിയെ വെട്ടിലാക്കുന്നുണ്ട്. സമരത്തിന്റെ നിയന്ത്രണം തൊഗാഡിയയുടെ സംഘടന ഏറ്റെടുക്കുമോ എന്നും ആശങ്ക ശക്തം. ഈ സാഹചര്യത്തിലാണ് കൂടുതൽ ഇടപെടലുകൾക്ക് ബിജെപി തയ്യാറെടുക്കുന്നത്. എ എച്ച് പിയുടെ സമരത്തിന് നിരവധി ബിജെപിക്കാരും ഇന്നലെ പങ്കെടുത്തു. കോൺഗ്രസുകാരും എത്തി. ഇതെല്ലാം ബിജെപിയെ ഇരുത്തി ചിന്തിപ്പിക്കുന്നുണ്ട്. സമരം ശക്തമായാൽ നേരിടാൻ പോകുന്നത് വലിയ പ്രതിസന്ധിയാണെന്ന് പിണറായി സർക്കാരും തിരിച്ചറിയുന്നു. അതുകൊണ്ട് തന്നെ കരുതലോടെ മാത്രമേ ഈ വിഷയത്തിൽ ഇനി സർക്കാർ പ്രതികരിക്കൂ.
കൊച്ചിയിലും തിരുവനന്തപുരത്തും പാലക്കാടുമെല്ലാം നിരവധി പേർ പ്രതിഷേധത്തിൽ അണി ചേർന്നു. രാഷ്ട്രീയം മറന്ന് വിശ്വാസികളെല്ലാം എത്തി. ഇതോടെ കേരളത്തിലെ സ്ത്രീകളുടെ ബഹുഭൂരിഭാഗം മനസ്സും സുപ്രീംകോടതിക്ക് എതിരാണെന്ന് വ്യക്തമായി. എല്ലായിടത്തും വലിയ തോതിൽ സ്ത്രീകളുമെത്തി. ഇതോടെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ പ്രതിഷേധത്തിന്റെ ശക്തി തിരിച്ചറിയുകയാണ്. പലരും ഇനി ഈ സമരത്തിനൊപ്പം അണിചേരും. ഇല്ലെങ്കിൽ വലിയ തിരിച്ചടിയുണ്ടാകുമെന്ന് രാഷ്ട്രീയ പാർട്ടികൾ തിരിച്ചറിയുന്നുണ്ട്. ഹിന്ദു വിശ്വാസികളായ ഏവരും വികാരത്തോടെ പ്രതിഷേത്തിൽ അണിചേർന്നു. ഇത് കേരളത്തിൽ പുതിയ മുന്നേറ്റമുണ്ടാക്കുമെന്ന വിലയിരുത്തലും സജീവമാണ്. ഈ സാഹചര്യത്തിൽ കരുതലോടെ നീങ്ങാനാണ് മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളും തീരുമാനം. കോൺഗ്രസും പ്രതിഷേധ സ്വരം ശക്തമാക്കും. ബിജെപിയും മുൻ നിലപാട് മറന്ന് സമരം ഏറ്റെടുക്കാൻ ഒരുങ്ങുകയാണ്.
സുപ്രീംകോടതി വിധി പുനഃപരിശോധിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ മുൻകൈയെടുക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന സമരത്തിൽ ബിജെപി നേതാക്കളും പ്രവർത്തകരും സജീവമാണ്. തുടക്കത്തിൽ വിധിയെ പിന്തുണച്ച കോൺഗ്രസും ഇപ്പോൾ സർക്കാറിനെതിരെ രംഗത്തുണ്ട്. പുനഃപരിശോധന ഹരജി നൽകണമെന്നാണ് അവരുടെയും ആവശ്യം. ഫലത്തിൽ സമരം സർക്കാറിനെതിരെയാകുകയാണ്. എന്നാൽ, സമരത്തിന്റെ ഗതി മനസ്സിലാക്കിയ ശേഷം കൂടുതൽ ശക്തമായ നിലപാട് സ്വീകരിക്കാനാണ് കോൺഗ്രസ് തീരുമാനം. ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി നടന്ന പ്രതിഷേധം പലയിടത്തും അക്രമാസക്തമായി. ശബരിമല സംരക്ഷണ സമിതി നേതൃത്വത്തിൽ പലയിടത്തും വഴിതടഞ്ഞായിരുന്നു സമരം. അഖിലേന്ത്യ ഹിന്ദു പരിഷത്താണ് ഈ സമരത്തിന് നേതൃത്വം നൽകുന്നത്.
ബിജെപി വിഷയത്തിൽ പരസ്യനിലപാട് പ്രഖ്യപിച്ചിട്ടില്ല. എന്നാൽ, ബിജെപി-സംഘ്പരിവാർ പ്രവർത്തകരടക്കം വിവിധ ഹിന്ദു സംഘടനകളിലെ നിരവധി പേർ സമരത്തിൽ പങ്കെടുക്കുന്നുണ്ട്. കൊച്ചി, കോട്ടയം, തിരുവനന്തപുരം, പാലക്കാട്, പന്തളം തുടങ്ങിയിടങ്ങളിൽ റോഡുകൾ ഉപരോധിച്ചു. അയ്യപ്പഭക്തരുടെ നേതൃത്വത്തിൽ പമ്പ ഗണപതി ക്ഷേത്രത്തിന് സമീപത്തും ഉപവാസസമരം നടന്നു. കോട്ടയം നഗരത്തിൽ അഞ്ഞൂറോളം പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. റോഡ് ഉപരോധിക്കാൻ ശ്രമിച്ചവരെ പൊലീസ് നീക്കം ചെയ്തു. ശബരിമലയിൽ ആചാരാനുഷ്ഠാനങ്ങൾ നിലനിർത്തണമെന്നാവശ്യപ്പെട്ട് വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ എരുമേലിയിൽ ബുധനാഴ്ച രാവിലെ മുതൽ പ്രതിഷേധ പരിപാടി നടത്തും. എരുമേലി പേട്ട ധർമശാസ്ത ക്ഷേത്രത്തിന് മുൻവശത്താണ് സമരം. ഒമ്പതിന് പി.സി. ജോർജ് എംഎൽഎ വിശ്വാസസംരക്ഷണ സത്യഗ്രഹം നടത്തും.
പന്തളത്ത് വലിയ സ്ത്രീ പങ്കാളിത്തമാണ് ഉണ്ടായത്. മെഡിക്കൽ മിഷൻ ജംക്ഷനിൽ 4 മണിക്കാണ് ഘോഷയാത്ര പുറപ്പെടാൻ തീരുമാനിച്ചിരുന്നതെങ്കിലും ഉച്ച മുതൽ തന്നെ വിവിധ ജില്ലകളിൽ നിന്ന് ഭക്തർ ശരണംവിളികളുമായി എത്തിയിരുന്നു. 4.30ന് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ ഘോഷയാത്ര പുറപ്പെട്ടു. ശരണമന്ത്രമല്ലാതെ മറ്റൊന്നും ഉയർന്നുകേട്ടില്ല. ഇടയ്ക്കു പെയ്ത മഴയും ഘോഷയാത്രയെ തടസ്സപ്പെടുത്തിയില്ല. പന്തളം രാജ കുടുംബത്തിന്റെ ആഹ്വാനം ഏറ്റെടുത്ത് രാഷ്ട്രീയം മറന്ന് പതിനായിരങ്ങൾ എത്തി. സ്ത്രീ പങ്കാളിത്തമായിരുന്നു ഏറ്റവും ശ്രദ്ധേയം. അയ്യപ്പന്റെ ജന്മസ്ഥലത്തെ പ്രതിഷേധാഗ്നി സർക്കാരിനേയും ഞെട്ടിച്ചു. ഘോഷയാത്ര കാണാൻ മെഡിക്കൽ മിഷൻ ജംക്ഷൻ മുതൽ മണികണ്ഠനാൽത്തറ വരെ കാത്തുനിന്ന സ്ത്രീകളടക്കമുള്ള ആയിരക്കണക്കിനു വിശ്വാസികളും യാത്ര കടന്നു പോയതിനൊപ്പം കൂടിയതോടെ മണികണ്ഠനാൽത്തറ ജംക്ഷനും വലിയകോയിക്കൽ ക്ഷേത്ര റോഡും ഇടവഴികളുമെല്ലാം ഭക്തരെക്കൊണ്ടു നിറഞ്ഞു.
എൻഎസ്എസിന്റെ പിന്തുണയും പ്രാതിനിധ്യവും ഘോഷയാത്രയിൽ പ്രകടമായിരുന്നു. ഘോഷയാത്ര പന്തളം ജംക്ഷൻ കഴിഞ്ഞതോടെ ജനപ്രളയമായി. ഘോഷയാത്രയിൽ എഴുന്നള്ളിച്ച അയ്യപ്പ വിഗ്രഹം വേദിയിൽ സ്ഥാപിച്ചശേഷം സമ്മേളനം ശാന്താനന്ദമഠം സ്വാമിനി ജ്ഞാനാഭിനിഷ്ഠ ഉദ്ഘാടനം ചെയ്തു. ത്യാഗസമ്പൂർണമായ അനുഷ്ഠാനമാണ് ശബരിമലയിൽ അനുവർത്തിച്ചു പോരുന്നത്. ഭരണഘടന ഉണ്ടാകുന്നതിനും എത്രയോ മുൻപുള്ള അനുഷ്ഠാനങ്ങളാണിത്. ഇതു നിലനിർത്തുക തന്നെ വേണം. അതിനു ഹൈന്ദവർ ഉണർന്നുപ്രവർത്തിച്ചു സനാതന ധർമം കാത്തുരക്ഷിക്കണമെന്ന് സ്വാമിനി പറഞ്ഞു. കൊട്ടാരം നിർവാഹക സംഘം പ്രസിഡന്റ് പി.ജി. ശശികുമാര വർമ അധ്യക്ഷത വഹിച്ചു. രാഷ്ട്രീയം മറന്ന് കോൺഗ്രസുകാരും ബിജെപിക്കാരും വേദിയിൽ ഒരുമിച്ചു. സംഘപരിവാർ പ്രതിനിധിയായി ഹിന്ദു ഐക്യവേദിയുടെ ജനറൽ സെക്രട്ടറി ഇ എസ് ബിജുവുമെത്തി. തന്ത്രി കണ്ഠര് മോഹനര്, അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട്, രാഹുൽ ഈശ്വർ, പി.സി. ജോർജ് എംഎൽഎ, നടൻ ദേവൻ, പീപ്പിൾസ് ഫോർ ധർമ അധ്യക്ഷ ശിൽപ നായർ, ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ, എസ്.കെ. കുമാർ, അമ്പോറ്റി കോഴഞ്ചേരി, പന്തളം മഹാദേവ ഹിന്ദുസേവാ സമിതി പ്രസിഡന്റ് എസ്. കൃഷ്ണകുമാർ, ശങ്കു ടി. ദാസ്, ഹരിദാസ്, പ്രസാദ് കുഴിക്കാല എന്നിവരും പ്രസംഗിച്ചു.
സ്ത്രീകൾ ഇത്തവണ കൂട്ടത്തോടെ ശബരിമലയിലെത്തിയാൽ എല്ലാം അവതാളത്തിലാകുമെന്ന് സർക്കാരിനും അറിയാം. എന്നാൽ പുരോഗമന ചിന്തയുടെ പേരിൽ സ്ത്രീ പ്രവേശനത്തെ അനുകൂലിക്കാനാണ് സർക്കാർ തീരുമാനം. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമലയിലേക്കു കൂടുതൽ സ്ത്രീകൾ എത്തുമ്പോൾ, ശുചിമുറികളുടെ അപര്യാപ്തതയാണു പ്രധാന ആശങ്കയായി സർക്കാരിന് മുമ്പിലുള്ളത്. സ്വന്തം വാഹനത്തിൽ നിലയ്ക്കൽ വരെ മാത്രമേ എത്താൻ പറ്റൂ. അവിടെ നിന്നു കെഎസ്ആർടിസി ബസിൽ വേണം പമ്പയിൽ എത്താൻ. 22 കിലോമീറ്റർ ദൂരമുണ്ട്. കെഎസ്ആർടിസി സ്റ്റാൻഡ് വരെ ബസിൽ എത്താം. അവിടെനിന്നു നടക്കണം. ദീർഘയാത്ര കഴിഞ്ഞു വാഹനത്തിൽ നിന്നു പമ്പ സ്റ്റാൻഡിൽ ഇറങ്ങുമ്പോൾ ശുചിമുറിയിൽ പോകാൻ തോന്നിയാൽ അടുത്തെങ്ങും സൗകര്യമില്ല. ത്രിവേണിയിലേക്കു നടക്കുമ്പോൾ റോഡിന്റെ വശത്ത് ഏതാനും ബയോ ടോയ്‌ലറ്റ് സ്ഥാപിച്ചിട്ടുണ്ട്. എണ്ണത്തിൽ കുറവായതിനാൽ സ്ത്രീകൾക്കു പ്രത്യേകമായി തിരിച്ചിട്ടില്ല.
പമ്പാ ത്രിവേണിയിൽ പ്രളയത്തിൽ തകർന്ന ശുചിമുറികൾക്കു പകരം നിലയ്ക്കലിൽ പുതിയതു പണിയാൻ ദേവസ്വം മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചതാണ്. പക്ഷേ, ഒന്നിന്റെ പോലും പണി തുടങ്ങാൻ കഴിഞ്ഞില്ല. സ്ത്രീകൾക്കു മാത്രമായി പമ്പാനദിയിൽ പ്രത്യേക കുളിക്കടവ് ഒരുക്കണമെന്നതും മുഖ്യമന്ത്രിയുടെ യോഗത്തിലെ തീരുമാനമാണ്. പമ്പാ ത്രിവേണിയിൽ ഉണ്ടായിരുന്ന കുളിക്കടവ് മുഴുവൻ ഇടിഞ്ഞുപോയി. മണൽച്ചാക്ക് അടുക്കിയാണു താൽക്കാലിക കുളിക്കടവ് ഒരുക്കുന്നത്. അവിടെ കുറച്ചു ഭാഗം സ്ത്രീകൾക്കായി ഒഴിച്ചിടാനാണ് ആലോചന. സ്ത്രീകൾക്കു വസ്ത്രം മാറാൻ ടിൻ ഷീറ്റിട്ടു മറപ്പുര കെട്ടാനും ആലോചനയുണ്ട്.
വനിതാ പൊലീസിനെ അനുവദിക്കില്ലെന്ന് ശ്രീധരൻ പിള്ള
ബരിമല വിധിയെ ചൊല്ലി ഹിന്ദുസംഘടനകൾ പ്രതിഷേധം ശക്തമാക്കുമ്പോൾ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ളയും രംഗത്ത് വന്നു. അന്തിമ വിധിവരും മുൻപ് ശബരിമലയിൽ സ്ത്രീ പ്രവേശനം സാധ്യമാക്കാൻ പിണറായി സർക്കാർ ശ്രമിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള കുറ്റപ്പെടുത്തി. വനിതാ പൊലീസുമായി ശബരിമലയിലേക്ക് പിണറായി സർക്കാർ വന്നാൽ ഗാന്ധിയൻ മാർഗത്തിൽ പ്രതിരോധിക്കുമെന്നും ശ്രീധരൻ പിള്ള കണ്ണൂരിൽ പറഞ്ഞു.
ശബരിമല പ്രവേശനം പൂർണമായും ഓൺലൈൻ ബുക്കിങ്ങിലൂടെയാക്കാനുള്ള ഒരുക്കങ്ങളും പൂർത്തിയായി. പ്രത്യേക വെബ്‌സൈറ്റിലൂടെ ദർശന തീയതി മുൻകൂട്ടി ബുക്ക് ചെയ്ത് വരുന്നവർക്കായിരിക്കും പ്രവേശനം. പുല്ലുമേട് വഴിയുള്ള പ്രവേശനം തൽകാലത്തേക്ക് നിരോധിക്കാനും തീരുമാനമായി. പുതിയ സുരക്ഷ പദ്ധതികൾ വേഗത്തിൽ നടപ്പാക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. സ്ത്രീകൾക്കൂടി എത്തുമ്പോളുള്ള തിരക്ക് നിയന്ത്രിക്കുന്നതിനുള്ള പൊലീസിന്റെ ഏറ്റവും പ്രധാന നിർദ്ദേശമാണ് ശബരിമല പ്രവേശനം പൂർണമായും ഓൺലൈൻ വഴിയാക്കുകയെന്നത്. ഇതനുസരിച്ച് എല്ലാ തീർത്ഥാടകരും ശബരിമലയ്ക്ക് പോകുന്ന ദിവസം മുൻകൂട്ടി ബുക്ക് ചെയ്യണം. ഇതിനായി പൊലീസ് പ്രത്യേക വെബ് സൈറ്റ് തുടങ്ങും.
ബുക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന രസീത് ഉപയോഗിച്ച് നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസിലും യാത്ര ചെയ്യാം. പ്രവേശനപാസ് സൗജന്യമാണങ്കിലും ബസിന്റെ ടിക്കറ്റ് നിരക്ക് നൽകണം. തുടക്കത്തിൽ ഒട്ടേറെപ്പേർ ബുക്ക് ചെയ്യാതെ വരുമെന്നതിനാൽ നിലയ്ക്കലിൽ നിന്ന് രസീതെടുക്കാനും സൗകര്യം ഒരുക്കും.
സ്ത്രീ പ്രവേശനത്തെ എതിർത്ത് തിരുവിതാംകൂർ രാജകുടുംബവും
ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന വാർത്ത അത്യന്തം ഉത്കണ്ഠാജനകമെന്നു തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതി തിരുനാൾ ഗൗരിലക്ഷ്മി ബായ്. നൂറ്റാണ്ടുകളുടെ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും ഇതോടെ തകർക്കപ്പെടുമെന്നും അവർ പറഞ്ഞു.
ശബരിമലയിൽ അമ്മ മഹാറാണി ദർശനം നടത്തിയിട്ടുണ്ടെന്ന പ്രചാരണങ്ങളോടും ഗൗരി ലക്ഷ്മി ബായ് പ്രതികരിച്ചു. തന്റെ മുത്തശ്ശിയായ അമ്മമഹാറാണി ശബരിമലയിൽ പോയതു ഗർഭപാത്രം നീക്കിയശേഷമാണ്. ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചതായി ഇതുവരെ അറിവില്ലെന്നും അശ്വതി തിരുനാൾ പറഞ്ഞു. ആരെയൊക്കെയോ തൃപ്തിപ്പെടുത്താൻ വേണ്ടി തയാറാക്കിയ തിരക്കഥയുടെ ഭാഗമാണു സുപ്രീംകോടതി വിധിയെന്നാണു പന്തളം കൊട്ടാരം പ്രതികരിച്ചത്.
അയ്യപ്പഭക്തരുടെ പ്രതിനിധികൾ എന്ന നിലയിൽ സുപ്രീംകോടതി വിധിക്കെതിരെ രാഷ്ട്രപതി അടക്കമുള്ളവരെ സമീപിക്കും. ഇക്കാര്യത്തിൽ നിയമ വിദഗ്ധരുടെ ഉപദേശം സ്വീകരിച്ചും ഭക്തരുടെ സംഘടനകളുമായി സഹകരിച്ചും തുടർ നടപടി സ്വീകരിക്കുമെന്നു കൊട്ടാരം നിർവാഹക സമിതി അധ്യക്ഷൻ പി.ജി.ശശികുമാര വർമ പറഞ്ഞു.