പന്തളം: ശബരിമല സ്ത്രീപ്രവേശത്തിൽ സുപ്രീംകോടതിവിധി സ്വാഗതം ചെയ്ത ആർ എസ് എസ്. ദേശീയ തലത്തിൽ വിധിയെ സ്വാഗതം ചെയ്യുമ്പോഴും പ്രാദേശിക തലത്തിൽ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത കോൺഗ്രസ് ഹൈക്കമാണ്ട്. ആർ എസ് എസ് നിലപാട് മാറിയതോടെ പരസ്യമായി സമരത്തിനിറങ്ങി ബിജെപിയും. എൻഎസ്എസും എസ് എൻ ഡി പിയും ശബരിമല പ്രതിഷേധത്തിന് എല്ലാ പിന്തുണയും നൽകുകയാണ്. ഇതോടെ വോട്ട് ബാങ്ക് രാഷ്ട്രീയം വീണ്ടും സജീവമാകുകയാണ്. വിധി വന്നപ്പോൾ സ്വാഗതം ചെയ്യുന്നതായും മാനിക്കുന്നതായും പറഞ്ഞ നേതാക്കളും വാക്കുമാറ്റുകയാണ്. ദിവസം കഴിയുന്തോറും ഇതിൽ മാറ്റംവരുകയാണ്. ഹിന്ദുസംഘടനകളിൽ മാത്രമല്ല പുരോഗമന പ്രസ്ഥാനങ്ങളിൽനിന്നുപോലും എതിർപ്പുയർന്നുതുടങ്ങി.

വരുംദിവസങ്ങളിൽ പ്രാദേശികമായി എല്ലാ ക്ഷേത്രങ്ങളും കേന്ദ്രീകരിച്ച് കൂട്ടായ്മകളിലൂടെ കടുത്ത പ്രതിഷേധം ഉയർത്താനാണ് ഹൈന്ദവസംഘടകളുടെ തീരുമാനം. ഇതിനുള്ള ആഹ്വാനം സാമൂഹികമാധ്യമങ്ങളിൽ വ്യാപകമാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങളെല്ലാം നിർത്തിവച്ചാണ് വിധി നടപ്പാക്കാൻ സർക്കാർ മുൻകൈയെടുക്കുന്നത്. വിധി മറികടക്കാൻ ദേവസ്വംബോർഡ് പുനഃപരിശോധനാഹർജി നൽകാൻ തയ്യാറാകണമെന്നും അല്ലെങ്കിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണനോട് പുനഃപരിശോധനാഹർജി നൽകാൻ ആവശ്യപ്പെടുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി കഴിഞ്ഞു. ഭരണഘടന അനുശാസിക്കുന്ന തുല്യത ഉറപ്പാക്കിയുള്ള വിധിക്കെതിരേ ഹൈന്ദവസമൂഹത്തിലുയരുന്ന അസ്വസ്ഥതയും എതിർപ്പും കണക്കിലെടുത്താണ് രമേശ് ചെന്നിത്തലയുടെ ഇടപെടൽ. വിധി നടപ്പാക്കുന്നതിലെ അപ്രായോഗികതയാണ് പലരും ചൂണ്ടിക്കാട്ടുന്നത്. വിശ്വാസത്തെയും ആചാരത്തെയും നിയമംകൊണ്ടല്ല അളക്കേണ്ടതെന്ന വാദവും ഉയർത്തുന്നു.

കഴിഞ്ഞ ദിവസം പമ്പയിലും പന്തളത്തും തിരുവനന്തപുരത്തും ഭക്തസംഗമം നടന്നിരുന്നു. പന്തളത്തും പമ്പയിലും പ്രതീക്ഷയ്ക്കപ്പുറത്തായിരുന്നു പങ്കളിത്തം. പന്തളത്തെ പ്രാർത്ഥനായാത്രയിലും ആചാരസംരക്ഷണയോഗത്തിലും യുവതികളടക്കം ഒട്ടേറെ സ്ത്രീകളാണ് എത്തിയത്. കേരളത്തിലുടനീളം വിവിധ ഹൈന്ദവ സംഘടനകൾ സമരത്തിന് ആഹ്വാനം ചെയ്തു. രാഷ്ട്രീയം മറന്നാണ് ആളുകൾ ഇതിൽ അണിചേരാനെത്തിയത്. വിശ്വാസത്തിനാണ് പ്രാധാന്യമെന്നും സ്ത്രീ പ്രവേശനത്തിൽ സുപ്രീംകോടതി അഭിപ്രായം പറയേണ്ടെന്നും വിശ്വാസികൾ പറയുന്നു. ശബരിമലയിലെ തുല്യനീതി മറ്റൊരിടത്തും കാണാനില്ലെന്നും അവർ പറയുന്നു. വിധിപഠിച്ച് പുനഃപരിശോധനാഹർജി നൽകണമെന്ന് മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അഭിപ്രായപ്പെട്ടു. ദീർഘകാലമായുള്ള ആചാരങ്ങളിൽനിന്ന് വ്യതിചലിക്കുന്നതാണ് കോടതിവിധി. ഇതിൽ ഭക്തർക്ക് ആശങ്കയുണ്ട്. ഇടത് സർക്കാർ നൽകിയ സത്യവാങ്മൂലത്തിന് വിരുദ്ധമായാണ് ദേവസ്വംബോർഡ് നിലപാടെടുത്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഇതിനിടെയും ശബരിമല സ്ത്രീപ്രവേശനവിഷയത്തിൽ സുപ്രീംകോടതിവിധിക്കെതിരേ പുനഃപരിശോധനാഹർജി നൽകില്ലെന്ന് സംസ്ഥാനസർക്കാരും തിരുവതാംകൂർ ദേവസ്വം ബോർഡും നിലപാട് എടുക്കുകയാണ്. എല്ലാ വശങ്ങളും വിശദമായി പരിശോധിച്ചാണ് സുപ്രീംകോടതിയുടെ അന്തിമനിലപാട് വന്നതെന്നും വിധിയനുസരിച്ച് തുടർനടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എന്തുകൊണ്ടാണ് സ്ത്രീകൾക്ക് അനുമതി നൽകുന്നതെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. സുപ്രീംകോടതി ഇനി മറിച്ചൊരു നിലപാട് എടുക്കുന്നതുവരെ അത് നമ്മുടെ മുന്നിലുള്ള നിയമമാണെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കുപിന്നാലെ, പുനഃപരിശോധന ഹർജി നൽകില്ലെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് എ. പത്മകുമാറും വ്യക്തമാക്കി. ഇതോടെയാണ് പ്രതിഷേധം കടുപ്പിക്കാനും രാഷ്ട്രീയ നേട്ടമുണ്ടാക്കാനും കോൺഗ്രസും ബിജെപിയും എത്തുന്നത്.

മുഖ്യമന്ത്രിയും ദേവസ്വംബോർഡും നിലപാട് വ്യക്തമാക്കിയതോടെ പ്രതിഷേധത്തിന്റെ രൂപം മാറ്റുമെന്നാണ് ഹൈന്ദവസംഘടനകൂട്ടായ്മയുെട മുന്നറിയിപ്പ് എത്തി. എട്ടാംതീയതി കൊച്ചി എളമക്കരയിലെ ആർ.എസ്.എസ്. കാര്യാലയത്തിൽ ഹൈന്ദവസംഘടനാ കൂട്ടായ്മയുടെ യോഗം ചേരും. ഈ യോഗത്തിൽ സമരപ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന. ഹർത്താൽ പോലും പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. അതിനിടെ പ്രളയ സാധ്യതയുള്ളത് കണക്കിലെടുത്ത് ദുരന്തനിവാരണ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താത്ത തരത്തിലെ പ്രതിഷേധമാകും ഉയർത്തുക. വിധിക്കെതിരേ ക്ഷേത്രവിശ്വാസികളുടെ പ്രതിഷേധം അയൽസംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാൻ ശ്രമം തുടങ്ങി. ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം തമിഴ്‌നാട്ടിൽ വിവിധ സംഘടനകൾ രംഗത്തെത്തിയിരുന്നു. കർണാടകം, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലും അടുത്ത ദിവസങ്ങളിൽ ക്ഷേത്രവിശ്വാസികൾ ഇതേനിലപാട് എടുക്കുമെന്നാണ് കേരളത്തിലെ ഹൈന്ദവസംഘടനകൾ കരുതുന്നത്.

നിലപാട് മാറ്റി ആർ എസ് എസ്

സുപ്രീം കോടതിയുടെ ശബരിമല വിധിയെ പിന്തുണച്ച മുൻ നിലപാട് തിരുത്തി ആർഎസ്എസ് എത്തിയതോടെയാണ് പ്രതിഷേധത്തിന് പുതിയ മാനം കൈവരുന്നത്. കോടതി വിധി മാനിക്കുന്നെങ്കിലും സ്ത്രീകൾ ഉൾപ്പെടെ ലക്ഷക്കണക്കിനു ഭക്തരുടെ വികാരങ്ങൾ അവഗണിക്കാനാവില്ലെന്നാണ് പുതിയ നയം. ഇതോടെ ആർ എസ് എസ് നേതാക്കളെല്ലാം പ്രതിഷേധത്തിൽ സജീവമായി.

നേരത്തേ, ശബരിമലയിലെ സ്ത്രീപ്രവേശത്തെ സംഘടന സ്വാഗതം ചെയ്തത് ബിജെപിയുമായി അസ്വാരസ്യത്തിനു വഴിവച്ചിരുന്നു. സ്ത്രീപ്രവേശം പാരമ്പര്യത്തിനും ആചാരങ്ങൾക്കും വിരുദ്ധമാണെന്നാണു ബിജെപി നിലപാട്. രാഷ്ട്രീയമായി ബിജെപിക്ക് നേട്ടമുണ്ടാക്കാനാകുന്ന സാഹചര്യം ആർ എസ് എസ് തിരിച്ചറിഞ്ഞു. ഇതോടെയാണ് അവർ മലക്കം മറിഞ്ഞത്. മിസോറാം ഗവർണ്ണർ കുമ്മനം രാജശേഖരനെ രാജിവയ്‌പ്പിച്ച് കേരളത്തിൽ സജീവമാക്കി പ്രതിഷേധം ഏറ്റെടുപ്പിക്കാനും നീക്കമുണ്ട്.

ഭക്തരുടെ താൽപര്യം കണക്കിലെടുക്കാതെ വിധി നടപ്പാക്കാൻ കേരള സർക്കാർ കാട്ടുന്ന തിടുക്കം ദൗർഭാഗ്യകരമാണെന്ന് ആർഎസ്എസ് സർകാര്യവാഹ് സുരേഷ് ഭയ്യാജി ജോഷി കുറ്റപ്പെടുത്തി. പരമ്പരാഗാത ആചാരങ്ങളെ നിർബന്ധപൂർവം ലംഘിക്കുന്നതിനെതിരെ സ്ത്രീകൾ ഉൾപ്പെടെയുള്ള ഭക്തർ രംഗത്തുവന്നിട്ടുണ്ട്. പോംവഴി കണ്ടെത്തുന്നതിന് ആധ്യാത്മിക, മത നേതാക്കളും ബന്ധപ്പെട്ട മറ്റുള്ളവരും കൂട്ടായി ആലോചിക്കണം. നിയമപരമായ പരിഹാരം അടക്കം ആരായണം. വിശ്വാസത്തിനും ഭക്തിക്കും അനുസൃതമായി ആരാധന നടത്താനുള്ള അവകാശം അധികൃതരെ സമാധാനപൂർവം ബോധ്യപ്പെടുത്തണം അദ്ദേഹം നിർദേശിച്ചു.

കേന്ദ്രത്തേയും സംസ്ഥാനത്തേയും പ്രതിക്കൂട്ടിൽ നിർത്തി കോൺഗ്രസ്

ശബരിമല വിഷയത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഒരേപോലെ പ്രതിക്കൂട്ടിലാണെന്ന് കെപിസിസി. വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എംപി. പറഞ്ഞു. പന്തളം കൊട്ടാരത്തിലെത്തി കൊട്ടാരം നിർവാഹകസംഘം പ്രസിഡന്റ് പി.ജി.ശശികുമാർ വർമയുമായി സംസാരിച്ചശേഷമാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്. ശബരിമലയെ തകർക്കുന്നതിനുവേണ്ടിയുള്ള നീക്കത്തിന്റെ ഭാഗമായി മാത്രമേ ഈ വിധിയെ കാണാൻ കഴിയൂ. പന്തളം കൊട്ടാരം എടുക്കുന്ന നിലപാടിന് കോൺഗ്രസ് പിൻതുണ നൽകുമെന്ന് അദ്ദേഹം പറഞ്ഞു.

ശബരിമല സ്ത്രീപ്രവേശം സംബന്ധിച്ച് സിപിഎമ്മിന്റെയും ആർഎസ്എസിന്റെയും നിലപാട് ഒന്നാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആരോപിച്ചു. പന്തളം കൊട്ടാരത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് പിന്തുണയറിയിച്ച് നിർവാഹക സംഘം പ്രസിഡന്റ് പി.ജി ശശികുമാരവർമയെ സന്ദർശിക്കാൻ എത്തിയതായിരുന്നു അദ്ദേഹം. സർക്കാർ വിധി തിടുക്കപ്പെട്ട് നടപ്പാക്കാനൊരുങ്ങുന്നത് തെറ്റാണ്. എതിരെ ഓർഡിനൻസ് ഇറക്കണം. ദേവസ്വം ബോർഡ് തങ്ങളുടെ ജോലി നിർവഹിക്കുന്നതിൽ പരാജയപ്പെട്ടു. മുഖ്യമന്ത്രി കണ്ണുരുട്ടിയപ്പോൾ ആദ്യ നിലപാട് മാറ്റി. പിണറായിയുടെയല്ല, ഭക്തരുടെ താൽപര്യമാണ് സംരക്ഷിക്കേണ്ടത്. മുൻ ബോർഡ് പ്രസിഡന്റുമാരുടെയും അംഗങ്ങളുടെയും യോഗം ഇന്നു വിളിച്ചിട്ടുണ്ട്.

പുനരവലോകന ഹർജി നൽകുന്നതിനും കേസ് വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടുന്നതിനും സുപ്രീം കോടതിയെ സമീപിക്കും. ഹർജി നൽകാൻ പ്രയാർ ഗോപാലകൃഷ്ണൻ സന്നദ്ധനായിട്ടുണ്ട്. യുഡിഎഫ് സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ ഉറച്ച് പ്രവർത്തിക്കും. പത്തനംതിട്ട ഡിസിസി നാളെ രാവിലെ മുതൽ നടത്തുന്ന ഉപവാസത്തിൽ പങ്കെടുക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

നാമജപ പ്രതിഷേധം തുടരുന്നു

ശബരിമലയിൽ സ്ത്രീ പ്രവേശം സംബന്ധിച്ചുള്ള സുപ്രീംകോടതിവിധിയിൽ പ്രതിഷേധിച്ച് നാമജപവുമായി ഭക്തർ തെരുവിലിറങ്ങുകയാണ്. നൂറുകണക്കിന് വനിതകളടക്കം അണിനിരന്ന പ്രകടനം സംസ്ഥാനത്ത് പലഭാഗത്തും നടക്കുന്നുണ്ട്. തിരുവല്ലയിൽ വൻ ജനപങ്കാളിത്തമാണ് ഉണ്ടായത്. ശ്രീവല്ലഭക്ഷേത്രത്തിൽ നിന്നും വൈകീട്ട് നാലിന് ആരംഭിച്ച പ്രകടനം കാവുംഭാഗം വഴി നഗരംചുറ്റി പബ്ലിക്ക് സ്റ്റേഡിയത്തിന് സമീപം സമാപിച്ചു.

പ്രകടനത്തിന്റെ ഉദ്ഘാടനം തന്ത്രി അക്കീരമൻ കാളിദാസൻ ഭട്ടതിരിപ്പാട് നിർവഹിച്ചു. സമാപന സമ്മേളനം അയ്യപ്പ സേവാസമാജം ദേശീയ വൈസ് ചെയർമാൻ സ്വാമി അയ്യപ്പദാസ് ഉദ്ഘാടനം ചെയ്തു. ഭക്തജനങ്ങളുടെ ഇപ്പോഴുള്ള വിവേകം വികാരത്തിന് വഴിമാറിയാൽ സംസ്ഥാന സർക്കാരിന് ചെറുക്കാനാവാതെ വരുമെന്ന് അദ്ദേഹം പറഞ്ഞു. റിവ്യുപെറ്റീഷന് പോകുന്നില്ലെന്ന് നിലപാടെടുത്ത ദേവസ്വംബോർഡ് പ്രസിഡന്റ് രാജിവെയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റാന്നിയിൽ നടന്ന നാമ ജപഘോഷയാത്രയിൽ ആയിരങ്ങൾ പങ്കെടുത്തു. അയ്യപ്പസേവാസമാജം നേതൃത്വം നൽകിയ പ്രതിഷേധ പരിപാടിക്ക് തിരുവിതാംകൂർ ഹിന്ദു ധർമപരിഷത്ത്, ക്ഷേത്രോപദേശസമിതികൾ, നാരായണീയ സമിതികൾ തുടങ്ങി വിവിധ ഹൈന്ദവ സംഘടനകൾ പിന്തുണ നൽകി.

റാന്നി ഭഗവതികുന്ന് ദേവീക്ഷേത്രാങ്കണത്തിൽനിന്ന് തുടങ്ങിയ നാമജപഘോഷയാത്ര ഇട്ടിയപ്പാറവഴി പെരുമ്പുഴ ടൗൺ ചുറ്റി രാമപുരം ക്ഷേത്രത്തിലെത്തി സമാപിച്ചു. ഭഗവതികുന്നിൽനിന്നും അയ്യപ്പസേവാ സമാജം ജില്ലാ രക്ഷാധികാരി പി.എൻ.പി.നമ്പൂതിരി ഉദ്ഘാടനം ചെയ്തു. കോടതി വിധിയുടെ പകർപ്പ് കൈയിൽ കിട്ടുന്നതിന് മുമ്പുതന്നെ ആചാരം നശിപ്പിക്കാൻ സംസ്ഥാനസർക്കാർ കാട്ടുന്ന തിടുക്കം വർഷങ്ങളായി ശബരിമലയ്‌ക്കെതിരേ നടക്കുന്ന ഗൂഢാലോചനയുടെ ഭാഗമാണെന്ന് അവർ പറഞ്ഞു. വിശ്വാസിയായ ഒരു സ്ത്രീ പോലും ആചാരം ലംഘിച്ച് മലചവിട്ടാൻ പോവില്ലെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല പറഞ്ഞു.