- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മന്ത്രിമാരെ കൈകാര്യം ചെയ്യും; ചെങ്കൊടി റോഡിലിട്ട് കത്തിക്കും; ശബരിമല പ്രശ്നത്തിൽ രോഷാകുലനായി ബിജെപി നേതാവ് എ എൻ രാധാകൃഷ്ണൻ; ആർ എസ് എസും ജന്മഭൂമിയും സ്വാഗതം ചെയ്യുമ്പോഴും ഒന്നിന് പിറകെ ഒന്നായി ബിജെപി നേതാക്കൾ സമരക്കാർക്കൊപ്പം ചേരുന്നു; ശബരിമല പ്രക്ഷോഭം സർക്കാർ വിരുദ്ധ സമരമായി മാറുന്നത് ഇങ്ങനെ
കൊച്ചി: അനാവശ്യ വിവാദങ്ങൾ പാടില്ലെന്നായിരുന്നു ജന്മഭൂമിയിൽ കേരളത്തിന്റെ മുതിർന്ന ആർഎസ്എസ് പ്രചാരകനായ സഞ്ജയൻ ശബരിമല വിഷയത്തിൽ എടുത്ത നിലപാട്. ഇതോടെ ശബരിമല സ്ത്രീ പ്രവേശനത്തിൽ ആർഎസ്എസ് നിലപാടിനെ കുറിച്ച് ചർച്ചകളും സജീവമായി. കേരളത്തിലെ ഏറ്റവും മുതിർന്ന പ്രചാരകന്മാരിൽ ഒരാളാണ് ഭാരതീയ വിചാര കേന്ദ്രത്തിലെ നടത്തിപ്പുകാരിൽ പ്രധാനി കൂടിയായ സഞ്ജയൻ. ഇതോടെ പരിവാറുകാരുടെ മനസ്സിൽ ചില സംശയമെല്ലാം ഉയർന്നു. എന്നാൽ ഇതൊന്നും ബിജെപിയെ സ്വാധീനിക്കില്ല. കേരളത്തിലെ ബിജെപി നേതൃത്വം ശബരിമലയിൽ പ്രതിഷേധവുമായി മുന്നോട്ടു പോകും. ബിജെപിയിലെ വനിതാ നേതാവ് ശോഭാ സുരേന്ദ്രനാണ് കടുത്ത പ്രതികരണവുമായി ആദ്യമെത്തിയത്. ഇപ്പോൾ കൂടുതൽ നേതാക്കൾ ശബരിമലയിൽ അതിശക്തമായ വിമർശനവുമായി നിറയുന്നു. ബിജെപി ജനറൽ സെക്രട്ടറിയായ എഎൻ രാധാകൃഷ്ണനും ഇടത് സർക്കാരിൽ കടന്നാക്രമണവുമായി സജീവമായി. അതിനിടെ ശബരിമലയുടെ വിശ്വാസത്തെ തകർക്കാനുള്ള നീക്കത്തിനെതിരെ ജീവന്മരണ പോരാട്ടവുമായി ബിജെപി മുന്നോട്ടുപോകുമെന്ന് സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ളയും വ്യക്ത
കൊച്ചി: അനാവശ്യ വിവാദങ്ങൾ പാടില്ലെന്നായിരുന്നു ജന്മഭൂമിയിൽ കേരളത്തിന്റെ മുതിർന്ന ആർഎസ്എസ് പ്രചാരകനായ സഞ്ജയൻ ശബരിമല വിഷയത്തിൽ എടുത്ത നിലപാട്. ഇതോടെ ശബരിമല സ്ത്രീ പ്രവേശനത്തിൽ ആർഎസ്എസ് നിലപാടിനെ കുറിച്ച് ചർച്ചകളും സജീവമായി. കേരളത്തിലെ ഏറ്റവും മുതിർന്ന പ്രചാരകന്മാരിൽ ഒരാളാണ് ഭാരതീയ വിചാര കേന്ദ്രത്തിലെ നടത്തിപ്പുകാരിൽ പ്രധാനി കൂടിയായ സഞ്ജയൻ. ഇതോടെ പരിവാറുകാരുടെ മനസ്സിൽ ചില സംശയമെല്ലാം ഉയർന്നു. എന്നാൽ ഇതൊന്നും ബിജെപിയെ സ്വാധീനിക്കില്ല. കേരളത്തിലെ ബിജെപി നേതൃത്വം ശബരിമലയിൽ പ്രതിഷേധവുമായി മുന്നോട്ടു പോകും.
ബിജെപിയിലെ വനിതാ നേതാവ് ശോഭാ സുരേന്ദ്രനാണ് കടുത്ത പ്രതികരണവുമായി ആദ്യമെത്തിയത്. ഇപ്പോൾ കൂടുതൽ നേതാക്കൾ ശബരിമലയിൽ അതിശക്തമായ വിമർശനവുമായി നിറയുന്നു. ബിജെപി ജനറൽ സെക്രട്ടറിയായ എഎൻ രാധാകൃഷ്ണനും ഇടത് സർക്കാരിൽ കടന്നാക്രമണവുമായി സജീവമായി. അതിനിടെ ശബരിമലയുടെ വിശ്വാസത്തെ തകർക്കാനുള്ള നീക്കത്തിനെതിരെ ജീവന്മരണ പോരാട്ടവുമായി ബിജെപി മുന്നോട്ടുപോകുമെന്ന് സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ളയും വ്യക്തമാക്കി. മഹിളാ മോർച്ചയും യുവമോർച്ചയും പ്രതിഷേധം കടുപ്പിക്കും. വിശ്വാസികളുടെ എതിർപ്പ് ശക്തമായ സാഹചര്യത്തിൽ ആർ എസ് എസും ഇനി കരുതലോടെ മാത്രമേ പ്രതികരിക്കൂ. വിവാദങ്ങൾ ഉണ്ടാക്കരുതെന്ന് നേതാക്കളോട് നിർദ്ദേശിച്ചിട്ടുണ്ട്. പരിവാറിലെ ഭിന്ന സ്വരം ബിജെപിയുടെ രാഷ്ട്രീയ താൽപ്പര്യത്തിന് തിരിച്ചടിയാകുമെന്ന വിലയിരുത്തലുള്ളതു കൊണ്ടാണ് ഇത്.
ശബരിമല വിഷയത്തിൽ സർക്കാരിനെയും മന്ത്രിമാരെയും രൂക്ഷഭാഷയിൽ വിമർശിച്ചാണ് എ.എൻ.രാധാകൃഷ്ണൻ സമരത്തിന് പുതിയ മാനം നൽകുന്നത്. സംസ്ഥാനത്തെ മന്ത്രിമാരെ പരിഹസിച്ചും ആക്ഷേപിച്ചും ആലപ്പുഴയിലായിരുന്നു എ.എൻ.രാധാകൃഷ്ണന്റെ പ്രസംഗം. തിരുപ്പതി മോഡലിൽ ശബരിമലയിൽ ഭക്തരെ നിയന്ത്രിക്കാനാണ് ദേവസ്വം മന്ത്രി ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആളെണ്ണം കുറച്ച് ശബരിമലയെ തകർക്കാനാണ് സർക്കാർ ശ്രമമെങ്കിൽ ചെങ്കൊടി റോഡിലിട്ടു കത്തിക്കും. വിശ്വാസി സമൂഹത്തെ വേദനിപ്പിക്കുംവിധം സംസാരിച്ച മന്ത്രി ജി.സുധാകരനെ കൈകാര്യം ചെയ്യാൻ ആളില്ലേയെന്നും രാധാകൃഷ്ണൻ ചോദിച്ചു. സംസ്ഥാനത്തെ ധനമന്ത്രി തോമസ് ഐസക് പിടിച്ചുപറിക്കാരനാണ്. പ്രളയ സംഭാവന പിരിക്കാൻ 'മണ്ടന്മാരെല്ലാം ലണ്ടനി'ലേക്ക് പോവുകയാണെന്ന് മന്ത്രിമാരെ പരാമർശിച്ച് രാധാകൃഷ്ണൻ പറഞ്ഞു. ഒരുമിച്ചാണു തിരിച്ചുവരുന്നതെങ്കിൽ നെടുമ്പാശേരി വിമാനത്താവളത്തിൽ മന്ത്രിമാരെ കൈകാര്യം ചെയ്യുന്ന കാര്യം പാർട്ടി ആലോചിക്കുകയാണെന്നും രാധാകൃഷ്ണൻ പറഞ്ഞു. ഇങ്ങനെ സമരത്തെ സർക്കാർ വിരുദ്ധമാക്കി മാറ്റുകയാണ് രാധാകൃഷ്ണനും കൂട്ടരും.
കോടതി വിധി വന്ന അന്നു മുതൽ ബിജെപി വിശ്വാസികൾക്കൊപ്പമാണെന്ന് ആവർത്തിച്ചിട്ടുണ്ടെന്ന് പിഎസ് ശ്രീധരൻ പിള്ള പറയുന്നു. ആർഎസ്എസ് നേതൃത്വവും വിശ്വാസികൾക്കൊപ്പമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ആത്മീയ നേതൃത്വവുമായും താന്ത്രിക കുടുംബവുമായും സമുദായ സംഘടനകളുമായും ചർച്ച ചെയ്ത ശേഷം സമര പരിപാടികൾ ഏറ്റെടുക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കും. ഗാന്ധിയൻ സമര രീതിയുമായി ബിജെപിയും മുന്നോട്ടുപോകും. 'ജന്മഭൂമി' ദിനപത്രത്തിൽ വന്ന ഭാരതീയ വിചാര കേന്ദ്രം ഡപ്യൂട്ടി ഡയറക്ടർ ആർ.സഞ്ജയന്റെ ലേഖനം അദ്ദേഹത്തിന്റെ അഭിപ്രായം മാത്രമാണെന്ന് ശ്രീധരൻപിള്ള പറഞ്ഞു. ഈ ലേഖനം വായിച്ചില്ല. ഭാരതീയ വിചാരകേന്ദ്രം ഒരു ഗവേഷണ സ്ഥാപനമാണ്. ബിജെപിയുമായി അതിന് ബന്ധമില്ല. ജന്മഭൂമി ബിജെപിയുടെ മുഖപത്രമല്ലെന്നും പി.എസ്. ശ്രീധരൻ പിള്ള പറഞ്ഞു. വിശ്വാസികളുടെ സംരക്ഷണത്തിന് വേണ്ടി നിലകൊള്ളുമെന്ന് സത്യപ്രതിഞ്ജചെയ്ത് അധികാരമേറ്റ ദേവസ്വം ബോർഡ് പ്രസിഡന്റ് രാജിവയ്ക്കണമെന്നും പിള്ള ആവശ്യപ്പെട്ടു.
ശബരിമലയെ തകർക്കാൻ സിപിഎം അര നൂറ്റാണ്ടായി നടത്തുന്ന ശ്രമത്തിന്റെ തുടർച്ചയാണ് ഇപ്പോൾ പിണറായി സർക്കാർ ചെയ്യുന്നതെന്ന് പന്തളം കൊട്ടാരം പ്രതിനിധികളെ സന്ദർശിച്ച ശേഷം പി. എസ്. ശ്രീധരൻപിള്ള കുറ്റപ്പെടുത്തി. പന്തളം രാജകുടുംബത്തിന്റെ സമരത്തിനൊപ്പം ബിജെപി ഉറച്ചു നിൽക്കുമെന്നും ശ്രീധരൻ പിള്ള വ്യക്തമാക്കിയിട്ടുണ്ട്. തിരുവനന്തപുരംന്മ സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധി തിടുക്കത്തിൽ നടപ്പാക്കാനുള്ള സംസ്ഥാന സർക്കാർ നീക്കം ശബരിമലയെ തകർക്കാനുള്ള ഗൂഢലക്ഷ്യങ്ങളുടെ ഭാഗമാണെന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ. ശബരിമല യുവതീപ്രവേശന വിഷയത്തിൽ ക്ഷേത്രവിരുദ്ധ നിലപാട് സ്വീകരിച്ചു സുപ്രീം കോടതിയെ സർക്കാർ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപിച്ചു മഹിളാ മോർച്ച നടത്തിയ തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാന മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
ശബരിമലയിൽ സ്ത്രീപ്രവേശനത്തിനായി സർക്കാർ നടത്തുന്ന നീക്കങ്ങളെ വിശ്വാസികൾ എതിർത്തു തോൽപിക്കും. ഇതിനായി വേണ്ടിവന്നാൽ പമ്പയിലും സമരം ചെയ്യും. മുഖ്യമന്ത്രിയുടെ വീട്ടുപടിക്കൽ നാമജപ സത്യഗ്രഹം നടത്തും. കോടതിയും വിധിയുമൊക്കെ ഒരു ഭാഗത്തു നിൽക്കും. മല തുറക്കുമ്പോൾ സ്ത്രീകൾക്കു പ്രവേശന സൗകര്യമൊരുക്കുമെന്ന ഉമ്മാക്കി കാട്ടി മുഖ്യമന്ത്രി വിശ്വാസികളെ ഭയപ്പെടുത്താമെന്നു കരുതരുത്. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കാൻ തമിഴ്‌നാട്ടിലെ ജെല്ലിക്കെട്ട് സമര മാതൃകയിൽ പ്രതിഷേധം ഉയർന്നുവരും. ആചാരങ്ങളെ ബഹുമാനിക്കാത്ത ഈ സർക്കാരിനെയും സിപിഎമ്മിനെയും അടുത്ത തിരഞ്ഞെടുപ്പിൽ വിശ്വാസികൾ വോട്ട് ചെയ്തു തോൽപിക്കുമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.
ഈ വിഷയത്തിൽ പാർട്ടിയിലും ജനങ്ങൾക്കിടയിലും ഹിതപരിശോധന നടത്താൻ സർക്കാർ തയാറാകണം. ക്ഷേത്രത്തിനെ സംബന്ധിച്ചു മുഖ്യമന്ത്രിയെന്നതു തന്ത്രിയാണ്. ശബരിമലയിൽ പ്രവേശിക്കാൻ എത്തുന്ന വിശ്വാസികളല്ലാത്ത സ്ത്രീകൾക്കു ലക്ഷക്കണക്കിനു വിശ്വാസികളുടെ നെഞ്ചിൽ ചവിട്ടി മാത്രമേ പ്രവേശനം നടത്താൻ കഴിയൂവെന്നും അവർ പറഞ്ഞു.