കോഴിക്കോട്: ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ വിധി നടപ്പാക്കാൻ ശ്രമിക്കുന്ന സംസ്ഥാന സർക്കാറിനെതിരെ കേരളത്തിലെങ്ങും പ്രതിഷേധ സംഗമങ്ങൾ നടക്കുകയാണ്. ഇതിന്റെ ചുവടുപിടിച്ചാണ് ഇന്നലെ വൈകീട്ട് കോഴിക്കോട്ട് മാനാഞ്ചിറയിലും പരിപാടി നടന്നത്. പ്രോഗ്രസീവ് ഹിന്ദു ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി സംഘടിപ്പിച്ചതാവട്ടെ സിപിഐയുടെ പ്രാദേശിക നേതാവ് സി സുധീഷിന്റെ നേതൃത്വത്തിലും.

വർഷങ്ങൾക്ക് മുമ്പ് ബിജെപിയിൽ നിന്ന് രാജിവെച്ച് സിപിഐയിലേക്കെത്തിയ സുധീഷ് നഗരത്തിലെ സിപിഐയുടെ സജീവ പ്രവർത്തകനും നേതാവുമാണ്. എസ് എൻ ഡി പി കോഴിക്കോട് യൂണിയൻ സെക്രട്ടറി കൂടിയാണ് സി സുധീഷ്. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് പ്രോഗ്രസീവ് ഹിന്ദു ഫോറം എന്ന സംഘടന ഉണ്ടാക്കിയിട്ടുള്ളത്. ഇന്നലെ നടന്ന പരിപാടിയുമായി സഹകരിക്കരുതെന്ന് ഹിന്ദു ഐക്യവേദി പ്രവർത്തകർക്ക് കർശന നിർദ്ദേശം നൽകിയിരുന്നു. സുധീഷും ഐഎൻടിയുസിയുടെയും കോൺഗ്രസിന്റെയും ജില്ലയിലെ പ്രമുഖ നേതാവായ അഡ്വ. എം രാജനുമായിരുന്നു ഇന്നലത്തെ പ്രതിഷേധ സംഗമത്തിന് നേതൃത്വം നൽകിയത്. തുടക്കത്തിൽ കുറച്ചുപേർ മാത്രമായിരുന്നു പരിപാടിക്കെത്തിയിരുന്നത്. ഇവർ പ്രകടനമായി നഗരം ചുറ്റി പ്രതിഷേധം നടക്കുന്ന സ്ഥലത്തെത്തി യോഗം തുടങ്ങുമ്പോഴാണ് പലയിടത്തു നിന്നുമായി എത്തിയവരും പരിപാടി കാണാനെത്തിയവരുമായ മതവിശ്വാസികളെല്ലാം പരിപാടിയിലേക്ക് കയറിവന്നത്.

ഗതാഗതം തടസ്സപ്പെടുത്തരുതെന്ന് സംഘാടകർ മൈക്കിലൂടെ അറിയിച്ചെങ്കിലും ശക്തമായ നേതൃത്വമില്ലാതെ നടത്തിയ പരിപാടിയായതുകൊണ്ട് തന്നെ ആൾക്കൂട്ടം ഈ വാക്കുകളൊന്നും കേട്ടില്ല. അവർ മുദ്രാവാക്യം വിളിയും ശരണം വിളികളുമെല്ലമായി ഗതാഗതം തടസ്സപ്പെടുത്തിയതോടെ അഡ്വ: എം രാജൻ ഉൾപ്പെടെയുള്ള സംഘാടകർ സ്ഥലത്ത് നിന്നും മെല്ലെ സ്ഥലം വിടുകയായിരുന്നു. ഇതോടെ ആൾക്കൂട്ടം ബാനറുമായി നഗരത്തിലൂടെ ഒഴുകി. തിരിച്ച് വന്ന് റോഡിൽ കുത്തിയിരുന്നതോടെ രണ്ട് മണിക്കൂറിലേറെയാണ് നഗരത്തിൽ ഗതാഗതം തടസ്സപ്പെട്ടത്. തുടർന്ന് നടന്ന പ്രതിഷേധ സംഗമം സാമൂഹിക സമത്വ മുന്നണി സംസ്ഥാന പ്രസിഡന്റ് വിഷ്ണുപുരം ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. സിപിഐ നേതാവായ സി സുധീഷായിരുന്നു അധ്യക്ഷൻ.

അധ്യക്ഷ പ്രസംഗത്തിൽ അദ്ദേഹം സംസ്ഥാന സർക്കാറിനെതിരെ ആഞ്ഞടിച്ചു. സർക്കാറും ദേവസ്വം ബോർഡും ഹിന്ദുക്കളെ വഞ്ചിച്ചു. സർക്കാറിന് വൈരാഗ്യ ബുദ്ധിയാണ്. വിശ്വാസികളെ അവഹേളിക്കുകയാണ് സർക്കാറെന്നെല്ലാമായിരുന്നു സിപിഐ നേതാവിന്റെ പ്രസംഗം. വൻ പൊലീസ് സംഘവും പ്രദേശത്ത് നിലയുറപ്പിച്ചിരുന്നു. പരിപാടി പരാജയപ്പെടുത്താൻ ആഹ്വനം ചെയ്തിട്ടും അത് തള്ളി ആയിരങ്ങൾ പരിപാടിക്കെത്തിയത് സംഘപരിവാറിനും തിരിച്ചടിയായി. സിപിഐ കോടതി വിധിയോട് അനുകൂലമായി പ്രതികരിച്ച സാഹചര്യത്തിലാണ് സിപിഐ നേതാവ് വിധിയെ എതിർത്ത് പരിപാടി സംഘടിപ്പിച്ചതെന്നത് ശ്രദ്ധേയമാണ്. കുറച്ചുകാലം മുമ്പ് കത് വയിൽ കൂട്ടമാനഭംഗത്തിനിരയായി എട്ടുവയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തോട് അനുബന്ധിച്ച് ഹിന്ദുത്വവാദികൾക്കെതിരെ ഉയർന്ന പ്രതിഷേധം പ്രതിരോധിക്കാൻ സിപിഐ ബ്രാഞ്ച് ഭാരവാഹി കൂടിയായ സി സുധീഷ്, ടി ഷനൂബ് തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രോഗ്രസീവ് ഹിന്ദു ഫോറം കോഴിക്കോട്ട് സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്തത് വർഗ്ഗീയ സംഘടനയായ ഹനുമാൻ സേന നേതാവ് ഭക്തവത്സലനായിരുന്നു.

ഈ പരിപാടിയിൽ അധ്യക്ഷത പ്രസംഗം നടത്തിയ സുധീഷ് വർഗ്ഗീയ ചേരിതിരിവ് പ്രകടമാക്കുന്ന തരത്തിലായിരുന്നു അന്നും പ്രസംഗിച്ചത്. അപ്രഖ്യാപിത ഹർത്താലിന്റെ മറവിൽ ഹൈന്ദവരുടെ കടകൾക്കും സ്വത്തിനും ജീവനും നേരെ ഇസ്ലാമിക വർഗ്ഗീയ വാദികൾ അക്രമം അഴിച്ചുവിടുകയാണെന്നായിരുന്നു സുധീഷിന്റെ പ്രസംഗം. നേരത്തെ ബിജെപി നേതാവായിരുന്ന സുധീഷ് പിന്നീട് അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ ബി ഡി ജെ എസിൽ എത്തി. മത്സരിക്കാൻ സീറ്റ് ലഭിക്കാതെ വന്നതിനെത്തുടർന്ന് നൂറ്റമ്പതോളം പ്രവർത്തകർക്കൊപ്പം സിപിഐയിൽ എത്തുകയായിരുന്നു.

എസ് എൻ ഡി പി യോഗം കോഴിക്കോട് യൂണിയൻ സെക്രട്ടറി കൂടിയായ സുധീഷ് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷ പരിപാടികൾക്ക് സിപിഐ നേതാക്കളെയായിരുന്നു കൊണ്ടുവരാറുണ്ടായിരുന്നത്. എന്നാൽ ഇത്തവണത്തെ പരിപാടി ഉദ്ഘാടനം ചെയ്യാൻ ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻ പിള്ളയെയായിരുന്നു കൊണ്ടുവന്നത്. ഗുരുജയന്തി ദിനത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവധി എടുത്തുകളഞ്ഞ മന്ത്രി കെ ടി ജലീൽ സമുദായത്തെ അപമാനിച്ചുവെന്നും ഇത് ഹിന്ദു സമൂഹത്തിനെതിരായ ടെസ്റ്റ് ഡോസാണെന്നുമായിരുന്നു അന്ന് സുധീഷ് പ്രസംഗിച്ചത്. സുധീഷിനെതിരെ പാർട്ടിയിൽ ശക്തമായ എതിർപ്പുണ്ടെങ്കിലും പുറത്താക്കാൻ സിപി ഐ നേതൃത്വം മടിക്കുകയാണ്. സുധീഷിനെ പുറത്താക്കിയാൽ അദ്ദേഹത്തോടൊപ്പം എത്തിയവരെല്ലാം പുറത്തുപോകും എന്നതാണ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കുന്നത്.