ന്യൂഡൽഹി: ശബരിമല സ്ത്രീ പ്രവേശന കോടതി വിധിയിൽ സംസ്ഥാന സർക്കാർ നിലപാട് എതിരാണെന്ന് വിശ്വാസികൾ തിരിച്ചറിയുന്നു. അതുകൊണ്ട് തന്നെ ശബരിമലയിലെ വിശ്വാസം രക്ഷിക്കാൻ പിണറായി വിജയൻ എന്ന മുഖ്യമന്ത്രിയുടെ പിന്തുണ കിട്ടില്ലെന്ന് ഉറപ്പാണ്. പ്രതിഷേധം ഭയന്ന് സർക്കാർ പിന്നോട്ട് വലിയുമെങ്കിലും ഇടത് സർക്കാർ ലിംഗ നീതിയുടെ വാദമാണ് ഉയർത്തുന്നത്. അതുകൊണ്ട് തന്നെ റിവ്യൂ ഹർജി കൊടുക്കാൻ ദേവസ്വം ബോർഡിന് പോലും കഴിയുന്നില്ല. ഈ സാഹചര്യത്തിൽ കേന്ദ്രത്തെ പ്രതീക്ഷയോടെ കാണുകയാണ് വിശ്വാസികൾ.

സുപ്രീം കോടതിയുടെ ശബരിമല വിധി മറികടക്കാൻ കേന്ദ്രത്തിനോ സംസ്ഥാനത്തിനോ നിയമനിർമ്മാണം നടത്താം. ഭരണഘടനയുടെ സംസ്ഥാനപട്ടികയിലും പൊതുപ്പട്ടികയിലും (കൺകറന്റ് ലിസ്റ്റ്) ഉൾപ്പെട്ട വിഷയമാണിത്. പുനഃപരിശോധനാ ഹർജി നൽകില്ലെന്നു സംസ്ഥാന സർക്കാർ നേരത്തേ സുപ്രീം കോടതിയിൽ ബോധിപ്പിച്ചതു ധാർമികതടസ്സമാണെങ്കിൽ, ആ ഉത്തരവാദിത്തം കേന്ദ്ര സർക്കാരിന് ഏറ്റെടുക്കാം. ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റെടുക്കുമെന്നാണ് വിശ്വാസികളുടെ പ്രതീക്ഷ. സമരത്തിലുള്ള ബിജെപിയും ആർ എസ എസും ഇക്കാര്യത്തിൽ വേണ്ട നടപടികളെടുക്കുമെന്നാണ് വിശ്വാസികൾ കരുതുന്നത്.

സംസ്ഥാനപട്ടികയിലെ ഏഴാം വിഷയമാണു സംസ്ഥാനത്തിനുള്ളിലെ തീർത്ഥാടനകേന്ദ്രങ്ങളുമായി ബന്ധപ്പെട്ട അധികാരം സംസ്ഥാനങ്ങൾക്കു നൽകുന്നത്. ധർമസ്ഥാപനങ്ങളുമായും (ചാരിറ്റി ആൻഡ് ചാരിറ്റബിൾ ഇൻസ്റ്റിറ്റിയൂഷൻസ്) മതസ്ഥാപനങ്ങളുമായും (റിലിജിയസ് ഇൻസ്റ്റിറ്റിയൂഷൻസ്) ബന്ധപ്പെട്ടു നിയമനിർമ്മാണം നടത്താൻ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും അധികാരമുണ്ടെന്നു പൊതുപ്പട്ടികയിലെ 28ാം വിഷയം വിശദമാക്കുന്നു. വനം, വൈദ്യുതി തുടങ്ങി 52 വിഷയങ്ങളാണ് കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും നിയമനിർമ്മാണം നടത്താവുന്ന പൊതുപട്ടികയിലുള്ളത്. പ്രതിരോധം, വിദേശകാര്യം, റെയിൽവേ തുടങ്ങി 97 വിഷയങ്ങൾ കേന്ദ്രപട്ടികയിലും സംസ്ഥാന പൊലീസ്, ആരോഗ്യം തുടങ്ങി 66 എണ്ണം സംസ്ഥാന പട്ടികയിലുമാണ്.

ഈ സാഹചര്യം കേരളത്തിനും അറിയാം. അതുകൊണ്ട് തന്നെ കേന്ദ്രം നിയമ നിർമ്മാണം നടത്തട്ടേയെന്നതാണ് കേരളത്തിന്റെ നിലപാട്. സ്ത്രീ പ്രവേശനത്തെ ആർ എസ് എസ് തുടക്കത്തിൽ അനുകൂലിച്ചിരുന്നു. ഇപ്പോഴും മനസ്സ് കൊണ്ട് അങ്ങനെയാണ്. എന്നാൽ കേരളത്തിൽ രാഷ്ട്രീയ ലാഭമുണ്ടാക്കാൻ വിശ്വാസികൾക്കൊപ്പം സമരത്തിനും ഇറങ്ങി. ഇതുകൊണ്ട് കൂടിയാണ് കേരളം പൂർണ്ണമായും കേന്ദ്രത്തിന്റെ തലയിൽ ഉത്തരവാദിത്തം വയ്ക്കുന്നത്. എന്നാൽ ഏകീകൃത സിവിൽ കോഡിലേക്ക് കാര്യങ്ങളെത്തിക്കാൻ ആഗ്രഹിക്കുന്ന ആർ എസ് എസ് നിയമ നിർമ്മാണത്തിന് സമ്മർദ്ദം ചെലുത്തില്ലെന്നാണ് ഇടത് സർക്കാരിന്റെ പ്രതീക്ഷ. ഇതോടെ സമരം പൊളിയുമെന്നും കരുതുന്നു.

ഈ സാഹചര്യത്തിലാണ് കേന്ദ്ര ഇടപെടലിൽ സോഷ്യൽ മീഡിയ ചർച്ച സജീവമാക്കുന്നത്. ബിജെപി നേതൃത്വം ഭക്തർക്കൊപ്പമാണ്. എന്തു കൊണ്ട് മോദി സർക്കാർ ഇതിനോട് മുഖം തിരിക്കുന്നുവെന്ന ചോദ്യമാണ് സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്.