കോട്ടയം: ശബരിമലയിലെ സ്ത്രീ പ്രവേശന വിധിയെ കുറിച്ച് ചർച്ച ചെയ്യാൻ നിയമസഭാ സമ്മേളനം വിളിക്കണമെന്ന ആവശ്യവുമായി പൂഞ്ഞാർ എംഎൽഎ. ശബരിമലയിൽ യുവതീപ്രവേശവുമായി ബന്ധപ്പെട്ടു വിശ്വാസി സമൂഹത്തിനിടയിലുണ്ടായിട്ടുള്ള പ്രതികരണങ്ങൾ ചർച്ച ചെയ്യാൻ നിയമസഭാ സമ്മേളനം അടിയന്തരമായി വിളിക്കണമെന്നാണ് കേരള ജനപക്ഷം ചെയർമാൻ കൂടിയായ പി.സി.ജോർജ് ആവശ്യപ്പെടുന്നത്. ഇടത് സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താനാണ് നിയമസഭാ സമ്മേളനമെന്ന ആവശ്യം ചർച്ചയാക്കുന്നത്. ഇതിനെ യുഡിഎഫും പിന്തുണയ്ക്കുകായണ്.

ആചാരങ്ങളെ വിലകുറച്ചു കാണുന്ന കമ്യൂണിസ്റ്റുകാർ എന്തുകൊണ്ടാണ് മോസ്‌കോയിൽ ലെനിന്റെ മൃതദേഹത്തിൽ പുഷ്പവൃഷ്ടി നടത്തുന്നതെന്നു കെ.എൻ.എ.ഖാദർ എംഎൽഎ ചോദിച്ചു. അയ്യന്തോൾ മേഖലയിലെ അയ്യപ്പസേവാ സംഘങ്ങൾ നടത്തിയ ശബരിമല സംരക്ഷണ നാമജപയാത്രയുടെ സമാപനത്തിൽ പ്രസംഗിക്കുകയായിരുന്നു ഖാദർ. ശബരിമലവിഷയം ചർച്ച ചെയ്യാൻ സർക്കാർ ഉടൻ നിയമസഭാ സമ്മേളനം വിളിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഭക്തരുടെ വികാരത്തെ അങ്ങാടിയിൽ കലഹത്തിനായി വിട്ടു നിലപാടിൽ അപ്പുറവും ഇപ്പുറവും ചാഞ്ചാടുകയാണു സർക്കാർ ചെയ്യുന്നതെന്ന് അദ്ദേഹം വിമർശിച്ചു. അയ്യപ്പഭക്തരുടെ വികാരം സുപ്രീം കോടതിയെ ധരിപ്പിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടതിനാലാണു സുപ്രീം കോടതിവിധി ഭക്തർക്കെതിരായത്. കോടതിവിധിയോടുള്ള അനുസരണയും ഭക്തിയും ഇടതുപക്ഷം എപ്പോഴാണു തുടങ്ങിയതെന്ന് അദ്ദേഹം ചോദിച്ചു. ഇതോടെ ശബരിമല വിഷയത്തിൽ പുതിയ മാനം കൈവരുകയാണ്.

ശബരിമലയിൽ നിലവിലുള്ള ആചാരങ്ങൾ നിലനിർത്തണമെന്നാവശ്യപ്പെട്ട് വിവിധ ഹൈന്ദവ സംഘടനകൾ, ക്ഷേത്ര കമ്മിറ്റികൾ എന്നിവ ചേർന്നുള്ള ശബരിമല കർമസമിതി നടത്തുന്ന പ്രതിഷേധങ്ങൾ ശക്തമാവുകയാണ്. വിവിധ കേന്ദ്രങ്ങളിൽ ശരണയാത്രകളും നാമജപയാത്രകളും സംഘടിപ്പിച്ചു. മാനന്തവാടിയിൽ താഴെയങ്ങാടി മാരിയമ്മൻ ക്ഷേത്രത്തിൽനിന്ന് തുടങ്ങിയ മഹാശരണയാത്ര ടൗൺ ചുറ്റി ഗാന്ധി പാർക്കിൽ സമാപിച്ചു. സ്ത്രീകളുൾപ്പെടെ നൂറ് കണക്കിനാളുകൾ യാത്രയിൽ പങ്കാളികളായി.

ശബരിമല സ്ത്രീപ്രവേശന ഉത്തരവിൽ പ്രതിഷേധിച്ച് ഹൈന്ദവസംഘടനകൾ നടത്തിയ നാമജപ ഘോഷയാത്രയ്ക്ക് മുസ്ലിം ലീഗിന്റെ ഐക്യദാർഢ്യം. വടുവൻചാൽ ടൗണിലെ നാമജപയാത്രയ്ക്കിടെയാണ് പിന്തുണയുമായി ലീഗ് പ്രവർത്തകർ എത്തിയത്. 'വിശ്വാസം കാത്തുസൂക്ഷിക്കാൻ വിശ്വാസികൾക്കൊപ്പം' എന്ന മുദ്രാവാക്യമുയർത്തി ലീഗ് പ്രവർത്തകർ നൽകിയ പിന്തുണ പ്രതിഷേധത്തിൽ പങ്കെടുത്തവർക്ക് ആവേശം പകർന്നു. ഐക്യദാർഡ്യം പ്രഖ്യാപിക്കുന്ന ബോർഡുമായാണ് ലീഗ് പ്രവർത്തകർ ടൗണിൽ അണിനിരന്നത്.