- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപി അവസരം മുതലെടുത്തപ്പോൾ നഷ്ടം കോൺഗ്രസിന്; പ്രസ്താവനകളായി മാത്രം പിന്തുണ ഒതുക്കാതെ പ്രക്ഷോഭ രംഗത്തേക്ക് ഇറങ്ങാൻ തീരുമാനിച്ച് യുഡിഎഫും; ലീഗിനും കേരളാ കോൺഗ്രസിനും പൂർണ്ണ സമ്മതം; ശബരിമല യുവതി പ്രതിഷേധം കൂടുതൽ ജനകീയമാക്കുന്നു; ഇന്ന് മുതൽ നിലയ്ക്കലിലും പമ്പയിലേക്കും ഭക്തജനപ്രവാഹം; തടയാനോ സഹായിക്കാനോ ശ്രമിക്കാതെ നിസംഗമായി സർക്കാരും
തിരുവനന്തപുരം: ശബരിമല ആചാരങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പമ്പയിലും ഇന്ന് മുതൽ സമരം ശക്തമാക്കും. പമ്പയിലും നിലയ്ക്കലിലും എരുമേലിയിലും സ്ത്രീ ഭക്തരെ തടയാൻ നിലയുറപ്പിക്കാനാണ് സംഘപരിവാർ തീരുമാനം. ഇന്നലെ എൻ.ഡി.എ. സെക്രട്ടേറിയറ്റിനു മുന്നിലേക്കു നടത്തിയ ശബരിമല സംരക്ഷണജാഥ പതിനായിരങ്ങൾ അണിനിരന്ന വിശ്വാസിസംഗമമായി. ഇതോടെ വിഷയത്തിൽ ജനപിന്തുണ ലഭിക്കുമെന്ന് ബിജെപി തിരിച്ചറിയുകയാണ്. വലിയ സ്ത്രീ പങ്കാളിത്തമാണ് ജാഥയിൽ ഉണ്ടായത്. ഇതോടെ വിഷയത്തിൽ സജീവ ഇടപെടലിന് കോൺഗ്രസും യുഡിഎഫും തയ്യാറെടുക്കുകയാണ്. പ്രത്യക്ഷ സമരത്തിന് ഇറങ്ങാനാണ് തീരുമാനം. ശബരിമല പ്രക്ഷോഭത്തിൽ ബിജെപി നേട്ടമുണ്ടാക്കുന്നുവെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. മുസ്ലിം ലീഗും കേരളാ കോൺഗ്രസും ഇത് ശരിവയ്ക്കുന്നുണ്ട്. വിശ്വാസ സംരക്ഷണത്തിനായി ശബരിമലയിൽ സമരം വേണമെന്ന് തന്നെയാണ് മുസ്ലിം ലീഗിന്റേയും കേരളാ കോൺഗ്രസിന്റേയും നിലപാട്. സിപിഎമ്മിനെ പ്രതിരോധത്തിലാക്കും വിധം പരമാവധി പിന്തുണ നേടിയെടുക്കാനുള്ള സുവർണ്ണാവസരമാണ് ഇതെന്നാണ് കോൺഗ്രസ് പക്ഷം. അതുകൊണ്ട് തന്ന
തിരുവനന്തപുരം: ശബരിമല ആചാരങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പമ്പയിലും ഇന്ന് മുതൽ സമരം ശക്തമാക്കും. പമ്പയിലും നിലയ്ക്കലിലും എരുമേലിയിലും സ്ത്രീ ഭക്തരെ തടയാൻ നിലയുറപ്പിക്കാനാണ് സംഘപരിവാർ തീരുമാനം. ഇന്നലെ എൻ.ഡി.എ. സെക്രട്ടേറിയറ്റിനു മുന്നിലേക്കു നടത്തിയ ശബരിമല സംരക്ഷണജാഥ പതിനായിരങ്ങൾ അണിനിരന്ന വിശ്വാസിസംഗമമായി. ഇതോടെ വിഷയത്തിൽ ജനപിന്തുണ ലഭിക്കുമെന്ന് ബിജെപി തിരിച്ചറിയുകയാണ്. വലിയ സ്ത്രീ പങ്കാളിത്തമാണ് ജാഥയിൽ ഉണ്ടായത്. ഇതോടെ വിഷയത്തിൽ സജീവ ഇടപെടലിന് കോൺഗ്രസും യുഡിഎഫും തയ്യാറെടുക്കുകയാണ്. പ്രത്യക്ഷ സമരത്തിന് ഇറങ്ങാനാണ് തീരുമാനം.
ശബരിമല പ്രക്ഷോഭത്തിൽ ബിജെപി നേട്ടമുണ്ടാക്കുന്നുവെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. മുസ്ലിം ലീഗും കേരളാ കോൺഗ്രസും ഇത് ശരിവയ്ക്കുന്നുണ്ട്. വിശ്വാസ സംരക്ഷണത്തിനായി ശബരിമലയിൽ സമരം വേണമെന്ന് തന്നെയാണ് മുസ്ലിം ലീഗിന്റേയും കേരളാ കോൺഗ്രസിന്റേയും നിലപാട്. സിപിഎമ്മിനെ പ്രതിരോധത്തിലാക്കും വിധം പരമാവധി പിന്തുണ നേടിയെടുക്കാനുള്ള സുവർണ്ണാവസരമാണ് ഇതെന്നാണ് കോൺഗ്രസ് പക്ഷം. അതുകൊണ്ട് തന്നെ പ്രതിഷേധം പ്രസ്താവനകളിൽ ഒതുക്കരുതെന്നാണ് മുസ്ലിം ലീഗിന്റെ നിലപാട്. കെപിസിസിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സമരത്തിന് നേതൃത്വം കൊടുക്കണമെന്നും മുസ്ലിം ലീഗ് പറയുന്നു. വിഷയത്തിൽ വിശ്വാസികൾക്ക് ഒപ്പമാണ് താനെന്ന് കെ എം മാണി പ്രഖ്യാപിച്ചു കഴിഞ്ഞു.
ബിജെപി നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ ശരണംവിളികളും അയ്യപ്പസ്തുതികളുമായി വിശ്വാസികൾ ജാഥയിൽ പങ്കുചേർന്നു. ശബരിമല ആചാരങ്ങൾ അതേപടി സംരക്ഷിക്കുമെന്ന് ആഹ്വാനംചെയ്ത് അവർ സെക്രട്ടേറിയറ്റിനു മുന്നിലെ നിരത്ത് കൈയടക്കി. ശബരിമലയിലെ ഈശ്വരചൈതന്യവും വിശ്വാസങ്ങളും സംരക്ഷിക്കണമെന്നാവശ്യപ്പെട്ടായിരുന്നു നാമജപവും ശരണഘോഷങ്ങളും. പട്ടം മുതൽ എം.ജി. റോഡ് വഴി സെക്രട്ടേറിയറ്റിനു മുന്നിലേക്കുള്ള ഗതാഗതം മൂന്നു മണിക്കൂറോളം തടസ്സപ്പെട്ടു. ഇതോടെയാണ് വിഷയത്തിൽ ഇടപെടേണ്ടതിന്റെ ഗൗരവം കോൺഗ്രസിനും മനസ്സിലായത്. അഞ്ചു ദിവസം മുൻപ് പന്തളത്തുനിന്നാണ് ശബരിമല സംരക്ഷണയാത്ര തുടങ്ങിയത്. ഈ യാത്രയ്ക്ക് എല്ലാ സ്ഥലത്തും നല്ല വരവേൽപ്പും ലഭിച്ചു. സ്ത്രീകളുടെ പ്രാതിനിധ്യമാണ് ഇതിന് കാരണം.
എൻഎസ് എസും എസ് എൻ ഡി പിയും വിശ്വാസികൾക്കൊപ്പം സമരത്തിനുണ്ട്. വെള്ളാപ്പള്ളി നടേശൻ പ്രക്ഷോഭത്തിന് ഇല്ലെന്ന് പറയുമ്പോഴും ബിജെപി സമരത്തിലെ സജീവതയായിരുന്നു തുഷാർ വെള്ളാപ്പള്ളി. ശബരിമലയിൽ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സർക്കാരിന് 24 മണിക്കൂർ കൂടി അനുവദിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള വ്യക്തമാക്കുകയും ചെയ്തു. തീരുമാനം മാറ്റിയില്ലെയിൽ ശക്തമായ സമരം നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ തന്ത്രി കുടുംബവുമായി നടത്തുന്ന ചർച്ചയിൽ വിശ്വാസമില്ലെന്നും. നട തുറക്കുന്ന 18 ന് ശബരിമലയിൽ വിശ്വാസികൾ എന്ത് നിലപാട് സ്വീകരിച്ചാലും ബിജെപി പിന്തുണയ്ക്കുമെന്നും ശ്രീധരൻ പിള്ള പറഞ്ഞു.
പ്രതിഷേധത്തിന്റെ രണ്ടാംഘട്ടമായി 17 ന് വൈകിട്ട് പത്തനംതിട്ടയിൽ വിശ്വാസി സംഗമം സംഘടിപ്പിക്കും. ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള നേതൃത്വം നൽകും. ശബരിമലയിൽ സംഘർഷമുണ്ടാവരുതെന്ന് ആഗ്രഹമുള്ളതുകൊണ്ട് തീർത്ഥാടനകാലത്ത് നാല് പാർട്ടി ജനറൽ സെക്രട്ടറിമാരെ പമ്പയിലും സന്നിധാനത്തും നിയോഗിക്കാനും തീരുമാനിച്ചു. വലിയ തോതിൽ സ്ത്രീ ഭക്തരെ പമ്പയിൽ എത്തിക്കാനാണ് പരിവാറുകാരുടെ നീക്കം. സ്ത്രീകളെ എന്ത് വില കൊടുത്തും ശബരിമലയിൽ പ്രവേശിക്കുന്നതിനെ തടയുകയാണ് ലക്ഷ്യം. ഇതെല്ലാം സമരത്തെ കൂടുതൽ ശക്തമാക്കുമെന്ന സൂചനയാണ് നൽകുന്നത്. ഇതിനൊപ്പമാണ് കോൺഗ്രസും പ്രതിഷേധത്തിൽ സജീവമാകാൻ തീരുമാനിച്ചിട്ടുള്ളത്. ഇതോടെ പ്രതിഷേധം കടുക്കും. പ്രതിഷേധിക്കാനെത്തുന്ന സ്ത്രീകളെ തടയണോ എന്ന് പോലും പൊലീസിന് അറിയില്ല.
പ്രതിഷേധത്തിനിടെ സംഘർഷമുണ്ടായാൽ കാര്യങ്ങൾ കൈവിടുമെന്ന് പിണറായി സർക്കാരിന് അറിയാം. നേരത്തെ പതിനെട്ടാംപടിയിൽ സ്ത്രീ പൊലീസുകാരെ വിന്യസിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. വിവാദം ഒഴിവാക്കാൻ അത് വേണ്ടെന്ന് വച്ചതായാണ് സൂചന.
എരുമേലിയിലും നിലയ്ക്കലും അമ്മമാരുടെ ഉപവാസയജ്ഞം
ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കുന്നതിന് പ്രക്ഷോഭം കൂടുതൽ ശക്തമാക്കാനൊരുങ്ങി ശബരിമല കർമസമിതി. നാളെ കർമസമിതിയുടെ നേതൃത്വത്തിൽ എരുമേലിയിലും നിലയ്ക്കലും അമ്മമാരുടെ ഉപവാസയജ്ഞം സംഘടിപ്പിക്കുമെന്ന് കർമസമിതി ജനറൽ കൺവീനർ എസ്.ജെ.ആർ. കുമാർ അറിയിച്ചു. കാസർഗോഡ് മുതൽ കോട്ടയം വരെയുള്ള ഭക്തജനങ്ങൾ എരുമേലിയിലും തിരുവനന്തപുരം മുതൽ പത്തനംതിട്ട വരെയുള്ള ഭക്തജനങ്ങൾ നിലയ്ക്കലും പ്രതിഷേധ ഉപവാസയജ്ഞം നടത്തും.
എരുമേലിയിലെ ഉപവാസയജ്ഞം പന്തളം രാജകുടുംബാംഗം പൂഞ്ഞാർ കൊട്ടാരത്തിലെ മംഗളാഭായി തമ്പുരാട്ടി ഉദ്ഘാടനം ചെയ്യും. നിലയ്ക്കലിലെ ഉപവാസം ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷയും ശബരിമല കർമസമിതി വർക്കിങ് ചെയർപേഴ്സണുമായ കെ.പി. ശശികല ഉദ്ഘാടനം ചെയ്യും.