പമ്പ: ശബരിമലയിൽ 50 വയസ്സ് തികയാത്ത ആരും എത്തുന്നില്ലെന്ന് ഉറപ്പാക്കാൻ ദേവസ്വം ബോർഡിന്റേയും മുൻകരുതൽ. ദേവസ്വം മന്ത്രി കടകംപള്ളി വിളിച്ച സന്നിധാനത്തെ അവലോകന യോഗത്തിന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ കടത്തി വിട്ടത് പ്രായം പരിശോധിച്ച് മാത്രമാണ്. പമ്പാ ഗണപതി കോവിലിന് അടുത്തെ ദേവസ്വം ബോർഡിന്റെ ഗാർഡ് റൂമിൽ ഇവരിൽ നിന്നും വയസ് എഴുതി വയ്ക്കുകയും ചെയ്തു. 51 വയസ്സായ രണ്ട് ഉദ്യോഗസ്ഥരേയും അതിന് ശേഷമാണ് മല ചവിട്ടാൻ അനുവദിച്ചത്. പ്രായം തെളിയിക്കാനുള്ള രേഖകളും പരിശോദിച്ചു. ഇതിന് ശേഷം പന്തളം രാജാവിന്റെ ഇരിപ്പിടത്തിന് അടുത്ത് കൂടിയിട്ടുള്ള വിശ്വാസികളും ഡോക്ടർമാരുടെ പ്രായം പരിശോധിച്ചു. അതിന് ശേഷമാണ് മല ചവിട്ടാൻ അനുവദിച്ചത്. 50 തികയാത്ത സർക്കാർ ജീവനക്കാരികളെ ഒരു കാരണവശാലും മല ചവിട്ടാൻ അനുവദിക്കില്ലെന്നാണ് ഭക്തരുടെ പക്ഷം.

യോഗത്തിൽ പങ്കെടുക്കാൻ രണ്ട് വനിതാ ഉദ്യോഗസ്ഥർ മല കയറിയിരുന്നു. അവരുടെ പ്രായം സംബന്ധിച്ച് തർക്കവുമായി രാഹുൽ ഈശ്വറിന്റെ നേതൃത്വത്തിൽ പ്രതിഷേധക്കാർ എത്തി. ഇതോടെ ഗാർഡ് റൂമിൽ അമ്പത് വയസ്സിന് മുകളിലുള്ളവരാണെന്ന് എഴുതി നൽകിയപ്പോഴാണ് രണ്ട് പേരെയും പ്രതിഷേധക്കാർ സന്നിധാനത്തേയ്ക്ക് പോകാൻ അനുവദിച്ചത്. ഒരു രീതിയിലും സ്ത്രീകളെ സന്നിധാനത്തേയ്ക്ക് പോകാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് സമരക്കാർ. സമരക്കാരുടെ നിർദ്ദേശ പ്രകാരം ഗാർഡുമാർ പ്രായം എഴുതി വാങ്ങിയതാണ് പ്രശ്‌നത്തിന് കാരണം. സുപ്രീംകോടതി വിധിയെ അനുകൂലിക്കുന്ന ദേവസ്വം ബോർഡിലെ ജീവനക്കാർ ഇത് ചെയ്തതാണ് വിവാദങ്ങൾക്ക് പുതിയ തലം നൽകിയത്. ശരണംവിളികളുമായി ഗാർഡ് റൂമിന് മുന്നിൽ കുത്തിയിരിക്കുകയാണിപ്പോൾ സമരക്കാർ ഇപ്പോഴും.

വസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിൽ സന്നിധാനത്ത് 11 മണിക്ക് നടക്കുന്ന ശബരിമല അവലോകനയോഗത്തിൽ പങ്കെടുക്കാനെത്തിയ വനിതാ ഉദ്യോഗസ്ഥരെ സമരക്കാർ തടയുകയും ചെയ്യുന്നുണ്ട്. യോഗത്തിനെത്തിയ സിവിൽ സപ്ലൈസിലെ രണ്ട് വനിതാ ഉദ്യോഗസ്ഥരെയാണ് ഗാർഡ് റൂമിന് മുന്നിൽ 'സേവ് ശബരിമല' എന്ന സംഘടനാപ്രവർത്തകർ തടഞ്ഞത്. സന്നിധാനത്ത് ഡ്യൂട്ടിക്ക് നിയോഗിച്ച വനിതാ പൊലീസുദ്യോഗസ്ഥരെയും സമരക്കാർ തിരിച്ചയച്ചു. സന്നിധാനത്തേയ്ക്ക് ഡ്യൂട്ടിയുടെ ഭാഗമായി പോകുന്ന വനിതാ ഉദ്യോഗസ്ഥരുടെ പ്രായം ചോദിച്ച്, സമരക്കാരുടെ അനുമതിയോടെ മാത്രമാണ് അവരെ മുകളിലേയ്ക്ക് കടത്തിവിടുന്നത്. കടന്നു പോകുന്ന സ്ത്രീകളെ എല്ലാം സമരക്കാർ തടയുകയും പരിശോധിക്കുകയും ചെയ്യുമ്പോൾ പൊലീസ് കാഴ്ചക്കാരായി നോക്കി നിൽക്കുകയാണ്.
നാമജപവും

ജീവനക്കാരികളുടെ പ്രായം ദേവസ്വം ബോർഡ് തന്നെ പരിശോധിക്കുന്നത് വിമർശനത്തിനും ഇടയാക്കുന്നുണ്ട്. പ്രായപരിധിയും മറ്റ് പ്രശ്‌നങ്ങളും നോക്കാതെ ഏവരേയും ശബരിമലയിലേക്ക് പ്രവേശിപ്പിക്കണമെന്നാണ് സുപ്രീംകോടതി വിധി. ഇത് നടപ്പാക്കുമെന്ന് സർക്കാരും ദേവസ്വം ബോർഡും പറയുന്നു. പിന്നെ എന്തിനാണ് ഡോക്ടർമാരുടെ പ്രായം ദേവസ്വം ബോർഡ് ഗാർഡുമാർ പരിശോധിച്ചതെന്നാണ് ഉയരുന്ന ചോദ്യം. നേരത്തെ ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ നിലയ്ക്കലിൽ സമരം നടത്തിയവരെ പൊലീസ് ഒഴിപ്പിച്ചിരുന്നു. സമരപ്പന്തൽ പൊലീസ് പൊളിച്ചുനീക്കി. ആചാര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തിവന്ന സമരപ്പന്തലാണ് പൊളിച്ചുനീക്കിയത്. സ്ഥലത്ത് സംഘർഷാവസ്ഥ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് പൊലീസ് നടപടി. അതിന് ശേഷവും വലിയ തോതിൽ ഭക്തർ നിലയ്ക്കലിൽ എത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അവിടേയും പ്രതിഷേധം വീണ്ടും തുടങ്ങാൻ സാധ്യതയുണ്ട്.

അതിനിടെ ശബരിമലയിൽ നട തുറന്നാൽ ആർക്കും പ്രവേശിക്കാമെന്ന് ഐജി മനോജ് എബ്രഹാം വ്യക്തമാക്കി. മല കയറാനെത്തുന്നവരെ തടയാമെന്ന് ആരും കരുതേണ്ട. അങ്ങനെ നിയമം കയ്യിലെടുക്കാൻ ഒരാളെയും അനുവദിക്കില്ലെന്നും മനോജ് എബ്രഹാം വ്യക്തമാക്കി. കനത്ത സുരക്ഷ ശബരിമല പരിസരത്ത് ഒരുക്കിയിട്ടുണ്ട്. സുപ്രീം കോടതി വിധി നടപ്പിലാക്കേണ്ടത് പൊലീസിന്റെ ഉത്തരവാദിത്വമാണ്. നട തുറക്കുന്ന ദിവസമായതിനാലാണ് ഇന്ന് സുരക്ഷ കർശനമാക്കിയത്. യുവതികളെന്നല്ല ആര് വന്നാലും പക്ക സുരക്ഷ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലയ്ക്കലിൽ മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലാണ് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുള്ളത്.

പുലർച്ചെ ഹനുമാൻ സേനയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധം നേരിയ സംഘർഷത്തിനിടയാക്കി. ചാനൽ മാധ്യമപ്രവർത്തകർക്കു നേരെ കൈയേറ്റശ്രമവും നടന്നു. തുടർന്ന് പൊലീസിന്റെ നിയന്ത്രണം മറികടന്ന് സമരപ്പന്തലിൽ കയറിയ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതിനു ശേഷമാണ് പന്തൽ പൊളിച്ചുനീക്കുന്ന നടപടിയിലേക്ക് കടന്നത്. നിലയ്ക്കലിലും ഇടത്താവളത്തും കൂട്ടം കൂടി നിന്ന പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. വൻതോതിൽ പൊലീസിനെ വിന്യസിച്ച് സുരക്ഷ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. ബുധനാഴ്ച വൈകുന്നേരം ശബരിമല നട തുറക്കുന്ന സാഹചര്യത്തിൽ കൂടുതൽ സമരക്കാർ സ്ഥലം കൈയടക്കുന്നതും ക്രമസമാധാന പ്രശ്നം ഉണ്ടാകുന്നതും ഒഴിവാക്കാനാണ് പൊലീസിന്റെ നീക്കം.

ചൊവ്വാഴ്ച തന്നെ സമരക്കാർ പ്രകോപനങ്ങളുണ്ടാക്കിയതാണ് ഇത്തരം നടപടിയിലേക്ക് നീങ്ങാൻ പൊലീസ് തയ്യാറായതെന്നാണ് സൂചന. ചൊവ്വാഴ്ച രാത്രിയോടെ ബസ്സുകൾ പരിശോധിക്കാനെന്ന പേരിൽ സമരക്കാർ വാഹനങ്ങൾ തടയുകയും തമിഴ്‌നാട്ടുകാരായ ദമ്പതികളെ ബസിൽനിന്ന് പുറത്തിറക്കിവിടുകയും മർദ്ദിക്കുകയും ചെയ്തിരുന്നു.