പത്തനംതിട്ട: ശബരിമല യുവതി പ്രവേശവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസപൂജാ സമയത്ത് നിലയ്ക്കലിലും പമ്പയിലുമുണ്ടായ അക്രമത്തിന്റെ പേരിൽ പൊലീസ് പുറത്തു വിട്ട ചിത്രസമാഹാരത്തിൽ എആർ ക്യാമ്പിലെ പൊലീസ് ഡ്രൈവറുടെ ചിത്രവും കടന്നു കൂടി. പത്തനംതിട്ട എആർ ക്യാമ്പിലെ പൊലീസുകാരൻ ഇബ്രാഹിമാണ് 167-ാം നമ്പരായി ചിത്രത്തിലുള്ളത്. ഇതോടെ ശരിക്കും വെട്ടിലായത് പൊലീസാണ്.

ഇയാൾ ഡ്യൂട്ടിയിൽ ആയിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. ഇക്കാര്യം ശരിയാണോയെന്ന് അറിയണമെങ്കിൽ അന്ന് എആർ ക്യാമ്പിൽ നിന്ന് നിലയ്ക്കൽ ഡ്യൂട്ടിക്ക് വിട്ടവരുടെ ഔദ്യോഗിക പട്ടിക പരിശോധിക്കേണ്ടി വരും. പത്തനംതിട്ട ടൗണിൽ തൈക്കാവ് സ്വദേശിയാണ് ഇബ്രാഹിം. ഡ്രൈവർ ഹെഡ്കോൺസ്റ്റബിൾ എന്നതാണ് ഇയാളുടെ തസ്തിക. ചിത്രത്തിൽ ഇയാൾ മഫ്തിയിൽ ആണുള്ളത്. അതിനും വിശദീകരണം പൊലീസിന്റെ കൈയിലുണ്ട്. മാതൃഭൂമിയിലെ കോൺട്രാക്ട് ഡ്രൈവർ ആസാദിന്റെ സഹോദരനാണ് ഇബ്രാഹിംകുട്ടി. ഇതിനൊപ്പം നിരവധി പേരുടെ ചിത്രം ആവർത്തിക്കുകയും ചെയ്തിട്ടുണ്ട്.

ഡ്രൈവർമാർക്ക് യൂണിഫോം വേണ്ട എന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. അക്രമികളെന്ന് സംശയിക്കുന്നവരുടെ പട്ടിക തയാറാക്കി ചിത്രങ്ങൾക്കൊപ്പം പ്രസിദ്ധീകരിച്ചത് സൈബർ സെല്ലാണ്. ഇങ്ങനെ തയാറാക്കിയ ചിത്രങ്ങളിൽ മഫ്തിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചിത്രങ്ങളും പതിഞ്ഞിരുന്നു. അവയൊക്കെ തിരിച്ചറിഞ്ഞ് മാറ്റിയിരുന്നു. എന്നാൽ ഇബ്രാഹിം അത്ര പ്രശസ്തനല്ലാത്തതിനാൽ തിരിച്ചറിയാൻ കഴിയാതെ പോയതാണെന്നും ഉന്നത പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ഇയാൾക്ക് ക്രിമിനൽ പശ്ചാത്തലം ഇല്ലെന്നും ചിത്രത്തിൽ വരാനുണ്ടായ കാരണം പരിശോധിക്കുമെന്നും പത്തനംതിട്ട ഡിവൈഎസ്‌പി മാധ്യമങ്ങളോട് പറഞ്ഞു.

ഈ പുറത്തു വിട്ട ചിത്രങ്ങൾ കണ്ടു കൊണ്ടു മാത്രം അവർ അക്രമികളാണെന്ന് ഉറപ്പിക്കാൻ കഴിയില്ല. ഈ സമയം അവർ അവിടെ ഉണ്ടായിരുന്നോ, അക്രമത്തിൽ പങ്കെടുത്തിരുന്നോ, ഇവർക്ക് ഏതെങ്കിലും രാഷ്ട്രീയ പശ്ചാത്തലം ഉണ്ടായിരുന്നോ ഇത്യാദി കാര്യങ്ങൾ ഒക്കെ പരിശോധിച്ച ശേഷമേ അറസ്റ്റ് ഉണ്ടാകൂവെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. താൽക്കാലികമായി രൂപീകരിച്ച നിലയ്ക്കൽ, വടശേരിക്കര, സന്നിധാനം എന്നീ പൊലീസ് സ്റ്റേഷനുകളുടെ പരിധിയിൽ നടന്ന കേസായതിനാൽ പ്രതികളെ ഹാജരാക്കുക റാന്നി കോടതിയിലാകും. ഇതിന് വേണ്ടി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പിടിയിലായവരെ പത്തനംതിട്ട എആർ ക്യാമ്പിലേക്കാണ് എത്തിച്ചിരിക്കുന്നത്.

പ്രതികളുടെ ലിസ്റ്റിൽ പൊലീസുകാരന്റെ പടം കടന്നു കൂടിയത് പൊലീസ് സേനയ്ക്ക് തന്നെ നാണക്കേടുണ്ടാക്കിയിരിക്കുകയാണ്. അക്രമിസംഘത്തെ കൂട്ടത്തോടെ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കുന്നത് സമരക്കാരെ ഭയപ്പെടുത്തുമെന്നാണ് സർക്കാർ കരുതിയിരുന്നത്. പക്ഷേ, അക്രമികൾക്കിടയിൽ പൊലീസുകാരൻ നുഴഞ്ഞു കയറിയെന്ന പ്രചാരണം സർക്കാരിന്റെ പ്രതിഛായയ്ക്ക് മങ്ങലേൽപ്പിക്കും. അക്രമം സർക്കാർ സ്പോൺസേർഡ് ആണെന്ന വ്യാഖ്യാനവുമുണ്ടാകും. രണ്ട് പേരുടെ ചിത്രങ്ങൾ ആവർത്തിക്കുന്നതും പൊലീസിന് തലവേദനയാണ്.

മാധ്യമങ്ങൾക്ക് ഔദ്യോഗികമായി ഈ ഫോട്ടോ മാധ്യമങ്ങൾക്ക് നൽകിയിരുന്നില്ല. എല്ലാ എസ് പിമാർക്കുമാണ് ഫോട്ടോകൾ ഡിജിപി ആസ്ഥാനത്ത് നിന്ന് അയച്ചു കൊടുത്തത്. ഇത് ചോർന്ന് മാധ്യമങ്ങൾ ലഭിക്കുകയായിരുന്നു. ഇതിലാണ് വലിയ പിഴവ് സംഭവിച്ചത്. പഴുതുകളില്ലാതെ വേണം ശബരിമലയിലെ ഇടപെടൽ വേണ്ടതെന്ന് സർക്കാർ ഡിജിപി നിർദ്ദേശം നൽകിയിരുന്നു. അതാണ് പാളിയത്. ഐജി ശ്രീജിത്ത് അയ്യപ്പ സന്നിധിയിലെ കരച്ചലിന് പിന്നാലെയാണ് ശബരിമല വിഷയത്തിൽ പൊലീസിനെ തേടി വീണ്ടും നാണക്കേട് ഉണ്ടാകുന്നത്. നിലയ്ക്കലിൽ പ്രശ്‌നമുണ്ടാക്കിയത് പൊലീസുകാരാണെന്ന ആരോപണം ബിജെപി നേരത്തെ ഉന്നയിച്ചിരുന്നു.

പൊലീസുകാരുടെ ബൈക്ക് തകർക്കുന്ന ചിത്രങ്ങളും പുറംലോകത്തെത്തി. ഇതോടെയാണ് പൊലീസിലെ എസ് ഡി പി ഐക്കാരാണ് പ്രശ്‌നമുണ്ടാക്കിയതെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള എത്തിയത്. ഈ വാദം ശരിയല്ലെന്നും പൊലീസിനെ വർഗ്ഗീയ വത്കരിക്കരുതെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ വിശദീകരിക്കുകയും ചെയ്തു. ഈ വിവാദത്തിന് പുതിയ തലം നൽകുന്നതാണ് പൊലീസിന്റെ അക്രമിപ്പട്ടികയിൽ പൊലീസുകാരൻ കടന്നു കൂടിയ സംഭവം.

നിലയ്ക്കലിലെ വീഡിയോ പരിശോധിച്ച് അക്രമം നടത്തിയവരെ കണ്ടെത്തിയാണ് ഫോട്ടോ തയ്യാറാക്കിയതെന്ന് പൊലീസ് വിശദീകരിച്ചിരുന്നു. ഇതോടെ അബ്ദുള്ളക്കുട്ടി അക്രമം കാട്ടിയതു കൊണ്ടാണ് ഫോട്ടോ എത്തിയതെന്ന വാദം സജീവമാക്കാനാണ് പരിവാറുകാരുടെ നീക്കം.