പത്തനംതിട്ട: ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട തുറക്കുമ്പോൾ കരുതലോടെയുള്ള തീരുമാനവുമായി സർക്കാർ. എന്ത് വന്നാലും സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കില്ലെന്ന് പ്രതിഷേധക്കാരും അറിയിച്ചിട്ടുണ്ട്. ഇതോടെ നവംബർ അഞ്ചിന് നട തുറക്കുമ്പോൾ സംഘർഷത്തിനുള്ള സാധ്യത ഏറെയാണ്. അതിനിടെ സുരക്ഷാചുമതലയ്ക്കായി ഉയർന്ന ഉദ്യോഗസ്ഥരെ നിയോഗിച്ചു. സന്നിധാനത്ത് ഐ.ജി. പി.വിജയനും പമ്പയിൽ എറണാകുളം റൂറൽ കമ്മിഷണർ രാഹുൽ ആർ.നായരും ചുമതല വഹിക്കും.

മരക്കൂട്ടത്ത് ഐ.പി.എസ്. ഓഫീസറെ നിയോഗിച്ചിട്ടുണ്ട്. നിലയ്ക്കൽ മുതൽ പമ്പ വരെയുള്ള സുരക്ഷ തൃശ്ശൂർ റെയ്ഞ്ച് ഐ.ജി.ക്കാണ് നൽകിയിരിക്കുന്നത്. തുലാമാസപൂജയ്ക്ക് നട തുറന്നപ്പോൾ സുരക്ഷാചുമതലയുണ്ടായിരുന്ന ഐ.ജി. എസ്.ശ്രീജിത്തിന് സ്‌പെഷൽ ഡ്യൂട്ടി നൽകിയിട്ടില്ല. പൊലീസ് നടപടികളിൽ എതിർപ്പ് വാങ്ങിയ തിരുവനന്തപുരം റെയ്ഞ്ച് ഐ.ജി. മനോജ് ഏബ്രഹാമിനും പ്രത്യേക ചുമതലയില്ല. നാലാം തീയതി മുതൽ ശബരിമലയും പരിസരവും പൊലീസ് നിയന്ത്രണത്തിലാക്കാനാണ് തീരുമാനം. സർക്കാരിന് ഏറ്റവും വിശ്വസ്തരായ ഉദ്യോഗസ്ഥരെയാണ് ഇതിനായി നിയോഗിക്കുന്നത്. ശ്രീജിത്തും മനോജ് എബ്രഹാമും വീഴ്ചകൾ വരുത്തിയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇരുവരേയും മാറ്റുന്നത്.

ശബരിമല യുവതീപ്രവേശന വിധിയെ വെല്ലുവിളിച്ച് ബിജെപി അഖിലേന്ത്യാ അദ്ധ്യക്ഷൻ അമിത് ഷാ വന്നതും, രഥയാത്രയിലൂടെ അയോദ്ധ്യ മോഡൽ പ്രക്ഷോഭത്തിന് സംഘപരിവാർ നീങ്ങുന്നതും സർക്കാരിന് തിരിച്ചടിയാണ്. ഈ സാഹചര്യത്തിലാണ് ശബരിമലയിൽ കരുതലോടെയുള്ള ഇടപെടൽ നടത്തുന്നത്. ഐജി വിജയനും രാഹുൽ ആർ നായരും കടുത്ത വിശ്വാസികളാണ്. വിജയന് ശബരിമലയിൽ നിരവധി വർഷങ്ങളുടെ പ്രവർത്തന പരിചയമുണ്ട്. സന്നിധാനത്തെ കുറിച്ച് ഏറ്റവും നന്നായി അറിയാവുന്ന ഉദ്യോഗസ്ഥൻ. ഇത് പരിഗണിച്ചാണ് വിജയനെ സന്നിധാനത്ത് നിയോഗിക്കുന്നത്. സർക്കാരുമായി ഏറ്റവും അടുത്ത് നിൽക്കുന്ന ഉദ്യോഗസ്ഥനാണ് രാഹുൽ ആർ നായർ. അതുകൊണ്ടാണ് അതിനിർണ്ണായക സ്ഥലത്തെ ചുമതല രാഹുലിന് നൽകുന്നതും.

ഐജിമാർക്ക് വിനയായത് രഹ്നാ ഫാത്തിമാ വിവാദം

ഐജി മനോജ് എബ്രഹാമിനേയും ശ്രീജിത്തിനേയും ചുമതലയിൽ നിന്ന് മാറ്റുമെന്ന് മറുനാടൻ നേരത്തെ തന്നെ റിപ്പോർട്ട് ചെയ്തിരുന്നു. രഹ്നാ ഫാത്തിമയുടെ മലകയറ്റവുമായി ബന്ധപ്പെട്ട് ഇരുവരും വീഴ്ച വരുത്തിയെന്ന് പൊലീസിൽ തന്നെ അഭിപ്രായം ഉയർന്നിരുന്നു. എഡിജിപിമാരെ അന്വേഷണത്തിനും നിയോഗിച്ചു.

ഇതെല്ലാം പരിഗണിച്ചാണ് ഇരുവരേയും മാറ്റുന്നത്. പുതിയ ടീം സന്നിധാനത്തും പമ്പയിലുമെത്തുമ്പോൾ കാര്യങ്ങൾ കൈപ്പിടിയിൽ ഒതുങ്ങുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. അടുത്ത നട തുറക്കലിനും വലിയൊരു സംഘം പൊലീസിനെ നിയോഗിക്കും. സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലും നിരീക്ഷണം കർശനമാക്കുകയും ചെയ്യും.

റിമാൻഡിലായവരിൽ സ്ത്രീകളും

ശബരിമലയിലെ തുലാമാസ പൂജകൾക്കിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് പൊലീസ് നടപടി തുടരുകയാണ്. ഇതുവരെ അറസ്റ്റിലായത് 3345 പേരാണ്. 517 കേസുകളിലായാണ് ഇത്രയും പേരെ അറസ്റ്റുചെയ്തത്. അറസ്റ്റിലായവരിൽ 122 പേർ സംസ്ഥാനത്തെ വിവിധ ജയിലുകളിൽ റിമാൻഡിലാണ്. ബാക്കിയുള്ളവർക്ക് ജാമ്യം ലഭിച്ചു. സ്ത്രീകളെ ആക്രമിക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്ത കേസുകളിൽ പെട്ടവരാണ് റിമാൻഡിലുള്ളത്.

കൊച്ചി റേഞ്ചിലാണ് ഏറ്റവും കൂടുതൽപേർ അറസ്റ്റിലായത്. നിലയ്ക്കലിലും പമ്പയിലുമുണ്ടായ സംഘർഷങ്ങളിൽ മാത്രം ഇരുന്നൂറിലധികംപേർ അറസ്റ്റിലായി. ഇതിൽ പാലക്കാട്, എറണാകുളം, കോട്ടയം ജില്ലകളിൽനിന്നുള്ളവരുമുണ്ട്. പൊതുമുതൽ നശിപ്പിച്ചതിന് ജാമ്യമില്ലാ വകുപ്പ് ചുമത്തി ഇവിടെമാത്രം 75 പേരെ റിമാൻഡ് ചെയ്തു.

സംസ്ഥാനത്തിന്റെ മറ്റുഭാഗങ്ങളിൽ ഹർത്താൽ ദിനത്തിലുൾപ്പെടെയുണ്ടായ സംഘർഷങ്ങളിലും കേസെടുത്തു. സ്ത്രീകളെ കൈയേറ്റംചെയ്തതിനും അസഭ്യം പറഞ്ഞതിനും ജാതിപ്പേരു വിളിച്ചതിനും ഏതാനും പേർക്കെതിരേ കേസുണ്ട്. പിടിയിലായവരിലേറെയും വിവിധ സംഘപരിവാർ സംഘടനാ പ്രവർത്തകരാണെന്നു പൊലീസ് പറഞ്ഞു.

പൊലീസ് യോഗം വീണ്ടും 

തിങ്കളാഴ്ചയും പൊലീസ് ആസ്ഥാനത്ത് ഉന്നതതല യോഗം ചേരുന്നുണ്ട്. ശബരിമലയിലെ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളാകും പ്രധാനമായി ചർച്ചചെയ്യുക എന്നാണ് സൂചന. അതിനിടെ മാളികപ്പുറം മേൽശാന്തി അനീഷ് നമ്പൂതിരിക്ക് വധഭീഷണി. യുവതീപ്രവേശത്തെ എതിർത്താൽ തല കാണില്ലെന്ന ഭീഷണി മുഴക്കി വെള്ളിയാഴ്ച വന്ന കത്ത് പൊലീസിന് കൈമാറിയത് സംഘപരിവാറും ചർച്ചയാക്കുന്നു. യുവതീപ്രവേശം പാടില്ലെന്നു നിലപാടെടുത്തയാളാണ് അനീഷ് നമ്പൂതിരി. അതുകൊണ്ടുയർന്ന ഭീഷണിയിൽ മതിയായ അന്വേഷണം നടക്കുന്നില്ലെന്നാണ് ആരോപണം.

അതിനിടെ നവംബർ അഞ്ചിനു നട തുറക്കുമ്പോൾ വിശ്വാസതാൽപര്യത്തിനൊപ്പം ബിജെപി നിൽക്കുമെന്നു സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ള വ്യക്തമാക്കിയിട്ടുണ്ട്. പൊലീസിനെ ഉപയോഗിച്ചു വിശ്വാസികളെ അടിച്ചമർത്താനുള്ള നീക്കത്തെ എതിർക്കാനാണ് തീരുമാനം. നവംബർ അഞ്ചിന് ഒരു ദിവസത്തേക്കു നട തുറക്കുമ്പോൾ യുവതികളെ കയറ്റാതിരിക്കാൻ ബിജെപി അവിടെ വിന്യസിക്കുമെന്നല്ല തീരുമാനമെന്നു ശ്രീധരൻപിള്ള വിശദീകരിച്ചു. യുവതീപ്രവേശത്തിനു വിശ്വാസികൾ എതിരാണ്. അവരുടെ വികാരത്തിനൊപ്പമായിരിക്കും ബിജെപി. രത്‌നങ്ങൾക്കിടയിലെ കോഹിനൂർ രത്‌നം പോലെയാണു ക്ഷേത്രങ്ങളിൽ ശബരിമലയുടെ സ്ഥാനം. ആ പദവി നഷ്ടപ്പെടുത്തി ഒരു സാധാരണ അയ്യപ്പക്ഷേത്രമാക്കി മാറ്റാനുള്ള അജൻഡയാണു സർക്കാർ പയറ്റുന്നത്. ഇതിനു വലിയ വില സിപിഎം കൊടുക്കേണ്ടിവരും.

സുപ്രീം കോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി നിലപാട് കടുപ്പിച്ചതിന് പിന്നാലെയാണ് പൊലീസ് വ്യാപകമായ അറസ്റ്റിലേക്ക് നീങ്ങിയത്. അതേ സമയം, സർക്കാരിനെ കൂടുതൽ പ്രകോപിപ്പിച്ച് വീഴ്‌ത്താനാണ് സംഘപരിവാർ നേതൃത്വം നോക്കുന്നത്.