- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈച്ച പോലും കടക്കാത്ത സുരക്ഷയൊരുക്കിയിട്ടും സോപാന ദൃശ്യങ്ങൾ ജനം ടിവിയിൽ; യുവതികളെ തടയാൻ പരിവാറുകാർ ശബരിമലയിൽ എത്തിയെന്ന് സൂചന; മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടും അതീവ സുരക്ഷാ മേഖലയിലെ ചിത്രങ്ങൾ പുറത്തുവന്നത് വെട്ടിലാക്കുന്നത് പൊലീസിനെ; 50 വയസു കഴിഞ്ഞ പൊലീസുകാരികളെ തൽകാലം മലകയറ്റില്ല; വിരിവയ്ക്കാൻ ഭക്തരെ അനുവദിക്കില്ല; സംശയം തോന്നുന്നവരെ അറസ്റ്റും ചെയ്യും; പൊലീസ് വലയത്തിലെ ദർശനം ദുഃഖകരമെന്ന് പന്തളം കൊട്ടാരം; ശബരിമല വീണ്ടും സംഘർഷത്തിലേക്ക്
ശബരിമല: ഈച്ചയ്ക്ക് പോലും കടക്കാനാവാത്ത സുരക്ഷയാണ് ശബരിമലയിലേക്കുള്ള വഴിയിൽ പൊലീസ് ഒരുക്കിയിരിക്കുന്നത്. മാധ്യമ പ്രവർത്തകർക്ക് വിലക്കും ഏർപ്പെടുത്തി. മറുനാടൻ അടക്കമുള്ള മാധ്യമങ്ങളെ പൊലീസ് നിലയ്ക്കലിൽ തടഞ്ഞു. അതിനിടെ സന്നിധാനത്തിന്റെ ഇന്നത്തെ ദൃശ്യങ്ങൾ ജനം ടിവിയിൽ എത്തുകയും ചെയ്തു. പൊലീസും മറ്റും ശബരിമലയിൽ എത്തുന്നതും സോപനവുമാണ് ജനം ടിവി സംപ്രേഷണം ചെയ്തത്. ഇതോടെ സന്നിധാനത്ത് പരിവാറുകാരെത്തിയെന്ന് വ്യക്തമാവുകയാണ്. ജനം ടിവിയിലെ ലേഖകരേയും ക്യാമറാമാന്മാരേയും പൊലീസ് തിരിച്ചറിയുകയും തടയുകയും ചെയ്തു. എന്നിട്ടും ദൃശ്യങ്ങൾ ജനം ടിവിയിലെത്തിയത് ഏതോ പരിവാറുകാരൻ മൊബൈലിൽ പകർത്തിയതെന്നാണ് സൂചന. ഇതോടെ ദൃശ്യം പുറത്തു പോയത് എങ്ങനെയെന്ന് കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി. നാളെ വൈകിട്ട് അഞ്ച് മണിക്കാണ് ചിത്തിര ആട്ടത്തിരുനാളിന് ക്ഷേത്രനട തുറക്കുന്നത്. പൂജകൾ പൂർത്തിയാക്കി ചൊവ്വാഴ്ച രാത്രി 10ന് നട അടക്കും. ഉദയാസ്തമന പൂജ, പടി പൂജ, കളഭാഭിഷേകം, എന്നിവയും വിശേഷാൽ വഴിപാടുകളുമുണ്ടാകും. ഇതിന് വേണ്ടിയാണ് കടുത്ത സുരക്ഷ
ശബരിമല: ഈച്ചയ്ക്ക് പോലും കടക്കാനാവാത്ത സുരക്ഷയാണ് ശബരിമലയിലേക്കുള്ള വഴിയിൽ പൊലീസ് ഒരുക്കിയിരിക്കുന്നത്. മാധ്യമ പ്രവർത്തകർക്ക് വിലക്കും ഏർപ്പെടുത്തി. മറുനാടൻ അടക്കമുള്ള മാധ്യമങ്ങളെ പൊലീസ് നിലയ്ക്കലിൽ തടഞ്ഞു. അതിനിടെ സന്നിധാനത്തിന്റെ ഇന്നത്തെ ദൃശ്യങ്ങൾ ജനം ടിവിയിൽ എത്തുകയും ചെയ്തു. പൊലീസും മറ്റും ശബരിമലയിൽ എത്തുന്നതും സോപനവുമാണ് ജനം ടിവി സംപ്രേഷണം ചെയ്തത്. ഇതോടെ സന്നിധാനത്ത് പരിവാറുകാരെത്തിയെന്ന് വ്യക്തമാവുകയാണ്. ജനം ടിവിയിലെ ലേഖകരേയും ക്യാമറാമാന്മാരേയും പൊലീസ് തിരിച്ചറിയുകയും തടയുകയും ചെയ്തു. എന്നിട്ടും ദൃശ്യങ്ങൾ ജനം ടിവിയിലെത്തിയത് ഏതോ പരിവാറുകാരൻ മൊബൈലിൽ പകർത്തിയതെന്നാണ് സൂചന. ഇതോടെ ദൃശ്യം പുറത്തു പോയത് എങ്ങനെയെന്ന് കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി.
നാളെ വൈകിട്ട് അഞ്ച് മണിക്കാണ് ചിത്തിര ആട്ടത്തിരുനാളിന് ക്ഷേത്രനട തുറക്കുന്നത്. പൂജകൾ പൂർത്തിയാക്കി ചൊവ്വാഴ്ച രാത്രി 10ന് നട അടക്കും. ഉദയാസ്തമന പൂജ, പടി പൂജ, കളഭാഭിഷേകം, എന്നിവയും വിശേഷാൽ വഴിപാടുകളുമുണ്ടാകും. ഇതിന് വേണ്ടിയാണ് കടുത്ത സുരക്ഷ ഒരുക്കുന്നത്. സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുകയും പൊലീസിനൊപ്പം നിൽക്കുകയും ചെയ്ത മാധ്യമങ്ങളെ പോലും പമ്പയിലേക്ക് കടത്തി വിട്ടില്ല. ഇത് ഏറെ വിവാദമാവുകയും ചെയ്തു. ശബരിമല: സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയായാൽ ഉടൻ മാധ്യമപ്രവർത്തകർക്ക് പ്രവേശനം നൽകുമെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെയിലും ജനം ടിവി ദൃശ്യങ്ങൾ പുറത്തുവിട്ടത് സർക്കാരിനും പൊലീസിനും തിരിച്ചടിയാണ്.
ശബരിമലയിലും പരിസരത്തും മാധ്യമ പ്രവർത്തകരെ തടയുന്നതായി വാർത്തകൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും മാധ്യമ പ്രവർത്തകർക്ക് യാതൊരു തരത്തിലുമുള്ള വിലക്കും ഏർപ്പെടുത്തിയിട്ടില്ലെന്നും ഡിജിപിയും വിശദീകരിക്കുന്നു. മാധ്യമ പ്രവർത്തകർക്ക് ആവശ്യമായ സുരക്ഷ ഒരുക്കുന്നതിനാലാണ് ഇപ്പോൾ പ്രവേശനം അനുവദിക്കാത്തത്. ശബരിമലയിലും പരിസരത്തും സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയായാൽ ഉടൻ തന്നെ മാധ്യമങ്ങൾക്ക് പ്രവേശനം അനുവദിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. മാധ്യമ പ്രവർത്തകരുടെയും ഭക്തരുടെയും താല്പര്യവും സുരക്ഷയും കണക്കിലെടുത്താണ് ഈ നടപടി. കഴിഞ്ഞ മാസത്തെ തീർത്ഥാടന വേളയിൽ മാധ്യമ പ്രവർത്തകർക്കെതിരെ വ്യാപകമായ ആക്രമണം നടന്നിരുന്നു. ഇത്തരം ദൗർഭാഗ്യകരമായ സംഭവങ്ങൾ തടയുന്നതിന് പൊലീസ് സ്വീകരിക്കുന്ന നടപടികളോട് സഹകരിക്കണമെന്ന് അദ്ദേഹം മാധ്യമ പ്രവർത്തകരോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
ശബരിമല നട തുറക്കാനിരിക്കെ സംശയം തോന്നുന്നവരെ മുൻകരുതലായി കസ്റ്റഡിയിലെടുക്കാൻ പൊലീസ് തീരുമാനം ഉണ്ട്. സന്നിധാനത്തും അറസ്റ്റ് നടക്കും. യുവതി പ്രവേശം തടയാൻ എത്തിയവരെന്ന് തോന്നിയാൽ മുൻകരുതലായി കസ്റ്റഡിയിൽ എടുക്കാമെന്നാണ് തീരുമാനം. പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് നീലിമല, അപ്പാച്ചിമേട്, ശരംകുത്തി വഴി മാത്രമാകും തീർത്ഥാടകരെ കടത്തി വിടുക. ദർശനത്തിന് ശേഷം സ്വാമി അയ്യപ്പൻ റോഡിലൂടെ മാത്രം പുറത്തേക്കിറങ്ങാം. നീലിമലയിലും അപ്പാച്ചിമേടിലും ശരംകുത്തിയിലും പൊലീസ് നിലയുറപ്പിക്കും. സംശയം തോന്നിയവരെ പിടികൂടുകയും ചെയ്തു. ശബരിമലയിലും പരിസര പ്രദേശങ്ങളിലും ഏർപ്പെടുത്തിയ നിരോധനാജ്ഞ പ്രാബല്യത്തിൽ വന്നു. കമാൻഡോകളടക്കം 1850 പൊലീസുകാരെയാണ് സുരക്ഷക്കായി നിയോഗിച്ചിരിക്കുന്നത്.
നിലക്കൽ, പമ്പ, സന്നിധാനം, കാനനപാത എന്നിവിടങ്ങളിലായി പൊലീസിന്റെ നിരീക്ഷണ ക്യാമറകൾക്കൊപ്പം 12 ഫെയ്സ് ഡിറ്റക്ഷൻ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. സുരക്ഷയുടെ ഭാഗമായി ശബരിമലയിൽ ആവശ്യമെങ്കിൽ വനിതാ പൊലീസിനേയും നിയമിക്കാനും ആലോചനയുണ്ടായിരുന്നു. എന്നാൽ തൽകാലം ഇത് വേണ്ടെന്നാണ് പൊലീസ് തീരുമാനം. ഇങ്ങനെ ചെയ്താൽ സ്ത്രീ പ്രവേശനം ഇത്തവണ ഉണ്ടാകുമെന്ന പ്രതീതി വരും. അത് സംഘർഷം കൂട്ടും. ഈ സാഹചര്യത്തിൽ 50 വയസ്സിന് മുകളിലുള്ള 30 വനിതാ പൊലീസുകാരെ നിയമിക്കാനുള്ള നീക്കം ഉപേക്ഷിച്ചിട്ടുണ്ട്. സ്ത്രീകളെ അണിനിരത്തി പ്രതിരോധമുണ്ടാക്കാൻ ബിജെപി - ആർഎസ്എസ് ശ്രമമെന്ന സ്പെഷ്യൽ റിപ്പോർട്ടിനെ തുടർന്നാണ് ഇത്തരത്തിൽ ഒരു നീക്കം നടന്നത്. എന്നാൽ പ്രതിഷേധിക്കാൻ സ്ത്രീകൾ മലകയറുന്നുണ്ടോ എന്ന് നോക്കി മാത്രമേ ഇക്കാര്യത്തിൽ തീരുമാനം എടുക്കൂ.
ചിത്തിര ആട്ടത്തിരുനാൾ പൂജകൾക്കായി നവംബർ അഞ്ചിന് ഒറ്റ ദിവസത്തേക്കാണ് ശബരിമല നട തുറക്കുന്നത്. തുലാമാസ പൂജാ സമയത്തുണ്ടായ സംഘർഷങ്ങൾ ആവർത്തിച്ചേക്കാമെന്ന വിലയിരുത്തലിൽ ഡിജിപി കഴിഞ്ഞ ദിവസം സംസ്ഥാന വ്യാപകമായി ജാഗ്രദാ നിർദ്ദേശം നൽകിയിരുന്നു. വഴി തടഞ്ഞ് തീർത്ഥാടകരെയോ വാഹനങ്ങളോ പരിശോധിക്കാനുള്ള നീക്കങ്ങൾ അനുവദിക്കരുതെന്നാണ് പൊലീസിന്റെ നിർദ്ദേശം. ജില്ലകളിലും പരമാവധി പൊലീസ് സേനയെ വിന്യസിക്കണമെന്നും യുവതീപ്രവേശം തടയാൻ എത്തുന്നവരെ മുൻകരുതൽ നടപടിയെന്ന നിലയിൽ കസ്റ്റഡിയിലെടുക്കാനും ഡിജിപി നിർദ്ദേശിച്ചിരുന്നു.
പൊലീസിനെതിരെ ആഞ്ഞടിച്ച് പന്തളം കൊട്ടാരം
ചിത്തിര ആട്ടവിശേഷത്തിന് തിങ്കളാഴ്ച നട തുറക്കാനിരിക്കേ സർക്കാർ ശബരിമലയിൽ ഏർപ്പെടുത്തിയ കടുത്ത സുരക്ഷാ നടപടികൾക്കെതിരെ പന്തളം കൊട്ടാരം പ്രതിനിധികൾ രംഗത്ത്. പൊലീസ് വലയത്തിൽ ശബരിമല ദർശനം നടത്തേണ്ടി വരുന്നത് ദുഃഖകരമെന്ന് പന്തളം കൊട്ടാരം നിർവാഹക സംഘം വ്യക്തമാക്കി. പൊലീസ് സാന്നിധ്യം തീർത്ഥാടനത്തെ ബാധിക്കും. കോടതി വിധിക്കെതിരെ കൊട്ടാരത്തിന്റെ നേതൃത്വത്തിൽ നാളെ വൈകിട്ട് പ്രാർത്ഥനാ യജ്ഞം നടത്തുമെന്നും കൊട്ടാരം പ്രതിനിധികൾ പറഞ്ഞു. പന്തളം കൊട്ടാരം നിർവാഹക സംഘം, പാലസ് വെൽഫയർ സൊസൈറ്റി, ക്ഷത്രിയ ക്ഷേമസഭ, പാലസ് ക്ലബ്ബ് എന്നീ സംഘടനകൾ സംയുക്തമായാണ് പ്രാർത്ഥനായജ്ഞം നടത്തുക. സ്ത്രീ പ്രവേശനം ഉണ്ടായാൽ നട അടക്കണോ എന്ന കാര്യം തന്ത്രി തീരുമാനിക്കട്ടെ എന്നും പന്തളം കൊട്ടാരം നിർവാഹക സമിതി അംഗങ്ങൾ വ്യക്തമാക്കി.
തിങ്കളാഴ്ച ഉച്ചക്ക് ശേഷമാണ് ഭക്തരെ സന്നിധാനത്ത് പ്രവേശിപ്പിക്കുക. ഒരു ദിവസത്തേക്കാണ് നട തുറക്കുന്നതെങ്കിലും ഏത് തരത്തിലുള്ള പ്രശ്നങ്ങളേയും നേരിടാനുള്ള സജ്ജീകരണത്തിലാണ് പൊലീസ്. നേരത്തെ പ്രതിഷേധക്കാർക്ക് നിലയ്ക്കലും പരിസരത്തും തമ്പടിക്കാൻ അവസരമൊരുക്കിയതാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്ന വിലയിരുത്തലിലാണ് പൊലീസ്. ഇത് കാരണമാണ് മുൻകൂട്ടി നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അട്ടത്തോട് നിവാസികളെയും പമ്പയിൽ നിർമ്മാണ പ്രവർത്തിനുള്ളവരെയും മാത്രമേ നിലയ്ക്കൽ കടന്നുപോകാൻ അനുവദിക്കുന്നുള്ളൂ.
മാധ്യമപ്രവർത്തകർക്ക് പൂർണ വിലക്ക് ഏർപ്പെടുത്തിയ പൊലീസ് നിലയ്ക്കലിന് രണ്ടു കിലോ മീറ്റർ മുമ്പ് മാധ്യമപ്രവർത്തകരെ തടഞ്ഞു. ഇവിടെ പൊലീസ് ബാരിക്കേഡും കാവലും ഏർപ്പെടുത്തി. ഇതാദ്യമായാണ് നിലയ്ക്കൽമുതൽ സന്നിധാനംവരെ മാധ്യമവിലക്ക് ഏർപ്പെടുത്തുന്നത്. കമാന്റോകൾ ഉൾപ്പടെ 1200 പൊലീസുകാരെയാണ് വിവിധ ഇടങ്ങളിലായി വിന്യസിച്ചിരിക്കുന്നത്.