ശബരിമല: ഇന്ന് രാവിലെ സന്നിധാനത്ത് ഭക്തരുടെ ആക്രമണത്തിന് വിധേയരായത് തൃശൂരിൽ നിന്നും കുഞ്ഞിന് ചോറു കൊടുക്കാനെത്തിയ കുടുംബമാണ്. തൃശൂർ ലാലൂർ കണ്ടകക്കുറിശി വീട്ടിൽ വിനീഷ് രവി, സഹോദരൻ മൃദുൽ, പിതാവ് രവി, വിനീഷിന്റെ മാതാവ് ലളിത, ബന്ധുക്കളായ സുരേഷ്, ഗിരിജ, സുജാത എന്നിവരാണ് പിഞ്ചു പെൺകുഞ്ഞുമായി മല ചവിട്ടിയത്. ഇക്കൂട്ടത്തിൽ സ്ത്രീകളുടെ പ്രായത്തിൽ സംശയം ഉണ്ടെന്ന് ആരോപിച്ചാണ് ഭക്തർ സംഘടിച്ചത്.

കുഞ്ഞിനെ പൊതിഞ്ഞു പിടിച്ച് സംരക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വിനീഷിനും അനുജൻ മൃദുലിനും മർദനമേറ്റു. അക്രമികളുടെ ഇടയിലൂടെ ഒരു വിധത്തിലാണ് മൃദുൽ രക്ഷപ്പെട്ട് സന്നിധാനം പൊലീസ് സ്റ്റേഷനിൽ അഭയം തേടിയത്. ഇതോടെ ഈ സംഘം കൂട്ടം തെറ്റുകയും ചെയ്തു. ഇവർ ആരും തന്നെ കെട്ടുമുറുക്കിയല്ല എത്തിയത്. വടക്കേ നടയിലൂടെ സന്നിധാനത്തേക്ക് കടക്കാൻ എത്തിയപ്പോൾ അവിടെ കൂടി നിന്ന ഭക്തർ ആക്രോശത്തോടെ ഇവരെ പൊതിഞ്ഞു. ലളിതയുടെ പ്രായമാണ് സംശയത്തിന് ഇട നൽകിയത്. ഇവർ ആധാർ കാർഡ് കാണിക്കുകയും 52 വയസുണ്ടെന്ന് പറയുകയും ചെയ്തപ്പോൾ ചിലർക്ക് മനസിലായി.

എന്നാൽ, മറ്റുള്ളവർ ആക്രമണം അഴിച്ചു വിട്ടു. മൃദുലിനും വിനീഷിനും ക്രൂരമായി മർദനമേറ്റു. പൊലീസ് ഒരു വിധത്തിൽ മൃദുലിനെ രക്ഷപ്പെടുത്തി. ഇവർ കൂട്ടം തെറ്റുകയും ചെയ്തു. മർദനത്തിനിടെ മൃദുലിന്റെ ഫോണും നഷ്ടമായി. വിനീഷ് പതിവായി ശബരിമല ദർശനം നടത്തിയിരുന്നയാളാണ്. പൊന്നുപോലെ വളർത്തിയിരുന്ന ഇളയ സഹോദരി പാമ്പു കടിയേറ്റ് മരിച്ചതോടെ വിനീഷ് തീരുമാനിച്ചു. ഇനി ശബരിമലയ്ക്ക് പോകുന്നെങ്കിൽ അത് തനിക്ക് ജനിക്കുന്ന കുട്ടിയുടെ ചോറൂണിന് ആയിരിക്കും. വിവാഹം കഴിഞ്ഞ് നാലുവർഷത്തിന് ശേഷമാണ് വിനീഷിന് കുഞ്ഞ് ജനിച്ചത്.

അതിന് ചോറു കൊടുക്കാൻ വേണ്ടിയാണ് ഇന്നലെ ഭാര്യയടക്കം കുടുംബത്തിൽ നിന്നുള്ള 19 പേരുമായി വിനീഷ് പമ്പയിൽ എത്തിയത്. അപ്പോൾ തന്നെ ഇവർക്ക് നേരെ ഭീഷണി ഉയർന്നിരുന്നു. ഭാര്യയടക്കം മൂന്നു യുവതികളെ പമ്പയിൽ തന്നെ താമസിപ്പിച്ചതിന് ശേഷമാണ് മറ്റുള്ളവർ മല കയറിയത്. നടപ്പന്തലിലൊന്നും പ്രശ്നമുണ്ടായില്ല. ദർശനത്തിനായി ശ്രമിക്കുന്നതിനിടെയാണ് ഭക്തർ ആക്രമിച്ചത്. ഇതുമായി ബന്ധപ്പെട്ട് 200 പേരുടെ പേരിൽ കേസെടുത്തു.

അയ്യപ്പന്റെ തികഞ്ഞ ഭക്തരായ ഒരു കുടുംബമാണ് സന്നിധാനത്ത് വച്ച് മർദനമേറ്റ് മടങ്ങിയെന്നതും വിരോധാഭാസമായി. വിവാദങ്ങൾക്കൊടുവിൽ ഇവർ കുഞ്ഞിന് ചോറു കൊടുത്തു. പിന്നീട് മുറിവേറ്റ മനസുമായി മലയിറങ്ങി. ഇതിനിടെ തെറ്റ് പറ്റിയെന്ന് ഭക്തർക്കും മനസ്സിലായിരുന്നു. അതുകൊണ്ട് തന്നെ ഇവർക്ക് കുട്ടിയുടെ ചോറൂണടക്കം എല്ലാ സഹായത്തിനും പരിവാരുകാരുടെ സഹായവും കിട്ടിയെന്നതാണ് മറ്റൊരു വിരോധാഭാസം. സോപാനത്ത് നിന്ന് തൊഴാനും കഴിഞ്ഞു.