തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തിലെ സർവകക്ഷി യോഗം തുടങ്ങി. മുഖ്യമന്ത്രിയുടെ ചേമ്പറിലെ യോഗത്തിൽ വലിയ പ്രതീക്ഷയാണ് വിശ്വാസികൾക്കുള്ളത്. ശബരിമല യുവതീപ്രവേശനവിധിയിൽ സാവകാശ ഹർജിക്ക് സാധ്യത തേടുകയാണ് ദേവസ്വം ബോർഡ്. എന്നാൽ സാവകാശ ഹർജി നൽകാനാവില്ലെന്നാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നിലപാട്. ഇതിനിടെ സർക്കാർ വിശ്വാസികൾക്ക് എതിരായ തീരുമാനം എടുത്താൽ യോഗം ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. ബിജെപിയും ഉറച്ച നിലപാടിലാണ്.

അതേസമയം ചാരങ്ങളിൽ വിട്ടു വീഴ്‌ച്ചയില്ലെന്ന് പന്തളം കൊട്ടാരം പ്രതിനിധി വ്യക്തമാക്കി. ചർച്ചക്കുള്ള സർക്കാർ നീക്കം സ്വാഗതാർഹമെന്നും ശശികുമാർ വർമ്മ പറഞ്ഞു. അതേസമയം ശബരിമലയിൽ യുവതി പ്രവേശനം വേണ്ടെന്നും സാവകാശം തേടണമെന്ന് യുഡിഎഫ് നിലപാടെടുത്തു. എന്നാൽ സർക്കാർ പറയുന്നച് കേൾക്കുമെന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കി. ശബരിമല വിഷയത്തിൽ സാവകാശ ഹർജിക്ക് പ്രസക്തിയില്ലെന്നു സമാധാനമാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കി.

വിശ്വാസികളുടെ തീരുമാനത്തിന് അനുസരിച്ച് ആചാര സംരക്ഷണം ഉണ്ടാകണമെന്നാണ് കോൺഗ്രസ് നിലപാട്. ബിജെപിയും ഇതിനൊപ്പമാണ്. അതിനിടെ യോഗത്തിനു മുന്നോടിയായി സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി കൂടിക്കാഴ്ച നടത്തി. സമവായ ചർച്ചയ്ക്കു മുന്നോടിയായി യു ഡി എഫ് നേതാക്കളും കന്റോൺമെന്റ് ഹൗസിൽ കൂടിയാലോചന നടത്തി. വിധി നടപ്പാക്കാൻ സാവകാശം തേടണമെന്ന ആവശ്യമാകും യു ഡി എഫ് സർവകക്ഷി യോഗത്തിൽ ഉന്നയിക്കുകയെന്നാണ് സൂചന. എന്നാൽ ഇത് സർക്കാർ അംഗീകരിക്കുമോ എന്നതാണ് പ്രധാനം.

നിയമസഭയിൽ പങ്കാളിത്തമുള്ള എല്ലാ കക്ഷികളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. തന്ത്രികുടുംബം, പന്തളം കൊട്ടാരം പ്രതിനിധികൾ എന്നിവർ പങ്കെടുക്കുന്ന പ്രത്യേകയോഗവും മുഖ്യമന്ത്രി വിളിച്ചിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം മൂന്നിനാണ് ഈ യോഗം. സർവകക്ഷി യോഗത്തിന്റെ ഫലശ്രുതിയെന്താകുമെന്നതിൽ രാഷ്ട്രീയവൃത്തങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. വിധി സ്റ്റേ ചെയ്യില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതിനാൽ പിറകോട്ട് പോക്ക് നിയമപരമായും രാഷ്ട്രീയമായും സർക്കാരിന് സാദ്ധ്യമാവില്ല. കോടതിയലക്ഷ്യ സാദ്ധ്യതയും നിലനിൽക്കുകയാണ്.

എന്നാൽ ഭക്തർക്കൊപ്പമാണ് ബിജെപിയും യുഡിഎഫും. അതുകൊണ്ട് യോഗത്തിൽ യു.ഡി.എഫും ബിജെപിയും നിലപാട് തിരുത്താതെ നിന്നാൽ സർക്കാർ പ്രതിസന്ധിയിലാകും. അതേസമയം ക്രമസമാധാനപ്രശ്നങ്ങൾ യുവതികളെ പറഞ്ഞ് ബോദ്ധ്യപ്പെടുത്തി തുടക്കത്തിലേ പിന്തിരിപ്പിക്കാൻ ശ്രമിക്കുക. പ്രായോഗിക ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി തെളിവുകളോടെ കോടതിയിൽ സാവകാശം തേടുക. സർക്കാരല്ലാതെ ദേവസ്വംബോർഡിനെക്കൊണ്ട് സാവകാശം തേടിക്കുക. വിധി നടപ്പാക്കലുമായി മുന്നോട്ട് പോവുക. എന്നിവയാണ് സർക്കാരിന് ചെയ്യാനാവുന്നത്. സൗകര്യക്കുറവ് ഇപ്പോൾ ചൂണ്ടിക്കാട്ടിയാൽ അത് രക്ഷപ്പെടാനുള്ള വാദഗതിയായി കോടതി വിലയിരുത്താം. യുവതികൾ കോടതിയലക്ഷ്യ ഹർജികളുമായി പോയാലും തിരിച്ചടിയാകുമെന്നതുമാണ് സർക്കാരിന് പ്രതീക്ഷിക്കാവുന്ന തിരിച്ചടി.

കോടതി എന്ത് പറഞ്ഞാലും ഒരു യുവതിയെയും കടത്തില്ലെന്നാണ് ബിജെപി നേതാക്കളുടെ ഇന്നലത്തെ പ്രതികരണം. ശബരിമലയെ സംഘർഷഭൂമിയാക്കാതെ സർവകക്ഷിയോഗം എല്ലാ വശങ്ങളും തുറന്ന മനസോടെ ചർച്ച ചെയ്യണമെന്ന് കോൺഗ്രസ് നേതാക്കളും പറയുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് വരെ ശബരിമലവിഷയത്തെ സജീവമാക്കി നിറുത്താനാണ് ബിജെപി നീക്കം. ഇതിനൊപ്പം യുഡിഎഫും ചേർന്നതാണ് സർക്കാരിനെ അക്ഷരാർത്ഥത്തിൽ വെട്ടിലാക്കിയിരിക്കുന്നത്.

കോടതി പറഞ്ഞത് അനുസരിച്ചില്ലെങ്കിൽ കോടതി അലക്ഷ്യവും വിശ്വാസികൾക്കൊപ്പം നിന്നില്ലെങ്കിൽ പ്രതിപക്ഷവു ഇടയുമെന്ന സാഹചര്യം എങ്ങനെ മുഖ്യമന്ത്രി മറികടക്കുമെന്നതാണ് പ്രധാന വെല്ലുവിളി. മണ്ഡല മകരവിളക്ക് കാലം 65 ദിവസം നീളുന്ന ദൈർഘ്യമേറിയ കാലയളവാണ്. ഇത്രയും കാലം സർക്കാർ കനത്ത സുരക്ഷാബന്തവസ് ഒരുക്കുന്നതിന് പ്രായോഗികമായ വെല്ലുവിളികളേറെ. ദീർഘകാലം സമരം കൊണ്ടുപോകുകയെന്ന വെല്ലുവിളി സമരമുഖത്തുള്ളവർക്കുമുണ്ട്.