കൊച്ചി: ശബരിമല സന്നിധാനത്ത് എല്ലാം ഇനി സാധാരണ ഗതിയിലാകുമെന്നാണ് പ്രതീക്ഷ. ഹൈക്കോടതി ഇടപെടലോടെ ഭക്തരെ ബുദ്ധിമുട്ടിക്കുന്ന തീരുമാനങ്ങൾ പൊലീസിന് ഒഴിവാക്കേണ്ടി വരും. പരിധി വിട്ടുള്ള പ്രതിഷേധം സംഘപരിവാറിനും. സന്നിധാനത്ത് നിരോധനാജ്ഞ നിലനിൽക്കുമെന്ന് ഹൈക്കോടതി പ്രഖ്യാപിച്ചതും പ്രതിഷേധ പരിപാടികൾ നടത്താതിരിക്കാനാണ്. പൊലീസിന് മാന്യമായി പരിശോധനകൾ നടത്താമെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഇതോടെ പൊലീസും പ്രതിഷേധക്കാരും ഒരു പോലെ വെട്ടിലായി. സന്നിധാനത്ത് ഇതേവരെയുണ്ടായ നടപടികൾ അഡ്വക്കറ്റ് ജനറൽ ഹൈക്കോടതിക്ക് മുന്നാകെ വിശദീകരിക്കുകയുണ്ടായി. ഇതിനെ തുടർന്നുണ്ടായ ഇടക്കാല ഉത്തരവിലാണ് സന്നിധാനത്ത് പൊലീസ് പ്രഖ്യാപിച്ചിട്ടുള്ള 144 തുടരാമെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഉത്തരവിട്ടത്.

കെ.എസ്.ആർ.ടി.സി. ഇടതടവില്ലാതെ സർവീസ് നടത്തണം. വെള്ളവും ഭക്ഷണവും 24 മണിക്കൂറും ലഭ്യമാക്കണമെന്നും ഹൈക്കോടതി ദേവസ്വം ബെഞ്ച് വ്യക്തമാക്കി. ഏതെങ്കിലും സാഹചര്യത്തിൽ സ്ത്രീകൾ ശബരിമല സന്ദർശനത്തിനായി എത്തിയാൽ അവർക്ക് എങ്ങനെ സുരക്ഷിതമായി ദർശനം നടത്തി ഇറങ്ങാം എന്നുള്ള ഒരു പ്ലാൻ ഉൾപ്പടെ അഡ്വക്കറ്റ് ജനറൽ കോടതിയിൽ സമർപ്പിച്ചു. പൊലീസിനെ വിശ്വസിക്കുന്നു എന്നും ഉചിതമായി കൈകാര്യം ചെയ്യണമെന്നുമുള്ള പരാമർശനത്തോടു കൂടിയാണ് കോടതി ഈ കവറുകൾ സ്വീകരിച്ചത്. നടപ്പന്തലിൽ സ്ത്രീകൾക്കും കുട്ടികൾക്കും വികലാഗംർക്കും വിരിവെക്കാനുള്ള സൗകര്യം ചെയ്തുകൊടുക്കണം. നാമജപം തുടരാം. നടപ്പന്തലിൽ വിശ്രമിക്കുന്നവരെയും നടന്നുവരുന്നവരെയും വേർതിരിക്കാൻ ബാരിക്കേഡുകൾ ആവാമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.

ഇതിന് പുറമെ ഈ മണ്ഡലകാലത്ത് ശബരിമല നടപടിക്രമങ്ങൾ നിരീക്ഷിക്കുന്നതിനായി മൂന്നംഗ സമിതിയെയും നിരീക്ഷകരായി ഹൈക്കോടതി നിയോഗിച്ചു. റിട്ട ജഡ്ജിമാരായ ജസ്റ്റിസ് പി.ആർ രാമൻ, ജസ്റ്റിസ് എസ് സിരിജഗൻ എന്നിവർക്ക് പുറമെ എ ഹേമചന്ദ്രൻ ഐ.പി.എസുമാണ് സമിതി അംഗങ്ങൾ. ഹൈക്കോടതിയുടെ നിർദ്ദേശങ്ങൾ സർക്കാർ നടപ്പാക്കുന്നില്ലെന്ന ആരോപണം ശക്തമാണ്. ഈ സാഹചര്യത്തിലാണ് മേൽനോട്ട സമിതിയെത്തുന്നത്. ഫലത്തിൽ ഈ സമിതിയാകും ഇനി ശബരിമലയിൽ കാര്യങ്ങൾ നിശ്ചയിക്കുക. പ്രതിഷേധക്കാരേയും പൊലീസിനേയും നിരീക്ഷിക്കുകയാണ് ലക്ഷ്യം.

നിയമവാഴ്ച ഉറപ്പാക്കാനും പൊലീസും തീർത്ഥാടകരും പരിധി വിടുന്നില്ലെന്ന് ഉറപ്പാക്കാനും നിയോഗിക്കപ്പെട്ട മൂന്നംഗ നിരീക്ഷണ സംഘം ഇതേക്കുറിച്ചു റിപ്പോർട്ട് നൽകണം. ബോർഡ് ഇവർക്കു സൗകര്യങ്ങളൊരുക്കണം. പരാതിക്കിടയില്ലാത്ത വിധം തീർത്ഥാടനം ഉറപ്പാക്കണം. നിയമവാഴ്ചയും കോടതി വിധിയുടെ പാലനവും ഉറപ്പാക്കണം. ആവശ്യമെങ്കിൽ ഉത്തരവുകൾക്കായി സർക്കാരിനോ ദേവസ്വം ബോർഡിനോ കോടതിയെ സമീപിക്കാം. ശുചിമുറി സൗകര്യവും ജലവിതരണവും ഉറപ്പാക്കാൻ ദേവസ്വം ബോർഡും ജല അഥോറിറ്റിയും നടപടിയെടുക്കണം. താഴെ തിരുമുറ്റത്ത് മഹാകാണിക്ക അർപ്പിക്കാൻ തീർത്ഥാടകർക്കു പ്രവേശനം അനുവദിക്കണം. തീർത്ഥാടനത്തിന്റെ ശരിയായി നടത്തിപ്പിൽ സ്‌പെഷൽ കമ്മിഷണർക്കു മുഖ്യ പങ്കുണ്ട്. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ശബരിമല സ്‌പെഷൽ കമ്മിഷണർക്കു കഴിയണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

സുപ്രീംകോടതി വിധി രാജ്യത്തെ നിയമമാണെന്നും നടപ്പാക്കാൻ ബാധ്യസ്ഥമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. എന്നാൽ നാമജപത്തിനും ശരണംവിളിക്കും മറ്റുമുള്ള തീർത്ഥാടകരുടെ അവകാശത്തെ ബാധിക്കുന്ന നിയന്ത്രണങ്ങൾ പാടില്ലെന്നു കോടതി വ്യക്തമാക്കി. സ്ത്രീകൾ വരുന്നതു പരിഗണിച്ചു തിരക്കു നിയന്ത്രിക്കാൻ വനിതാ ഐപിഎസ് ഓഫിസറെ ഉൾപ്പെടുത്തി കോർ കമ്മിറ്റി വേണമെന്നു പറഞ്ഞതു നടപ്പായില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. ശബരിമല ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ഡിജിപി അറിയിച്ചെങ്കിലും ഇക്കാര്യം വിശദീകരിച്ചിട്ടില്ല. സിറ്റിങ് ജഡ്ജിക്കെതിരെയും പൊലീസിന്റെ മോശം പെരുമാറ്റമുണ്ടായെന്നു ഹൈക്കോടതിയുടെ വെളിപ്പെടുത്തലും സർക്കാരിന് തിരിച്ചടിയായി. യതീഷ് ചന്ദ്ര ഐപിഎസിനെ പേരു പറയാതെയാണ് ഹൈക്കോടതി കുറ്റപ്പെടുത്തിയത്. പൊലീസ് വല്ലാതെ കഷ്ടപ്പെടുന്നുണ്ടെന്ന എജിയുടെ വാദം അംഗീകരിച്ച കോടതി, ചില ഉദ്യോഗസ്ഥർ ഇതിന് അപവാദമാണെന്നു പറഞ്ഞുകൊണ്ടാണു വിഷയത്തിലേക്കു കടന്നത്.

'സ്വമേധയാ കേസെടുക്കാൻ മുതിർന്നതാണ്. വിഷയം ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയിൽപ്പെടുത്തി. എന്നാൽ, കണ്ണീരോടെ ആ ഓഫിസർ മാപ്പു പറഞ്ഞുവെന്നും വിഷയം അവിടെ അവസാനിപ്പിക്കാമെന്നും ജഡ്ജി തന്നെ ആവശ്യപ്പെടുകയായിരുന്നു'- കോടതി പറഞ്ഞു. മറ്റു ചിലരോടും മോശമായി പെരുമാറിയെന്ന് ആക്ഷേപമുണ്ട്. ആരുടെയും പേരുകൾ പറയുന്നില്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം, നടപ്പന്തലിൽ പൊലീസ് വെള്ളമൊഴിച്ചിട്ടില്ലെന്നു ഡിജിപി സത്യവാങ്മൂലത്തിൽ പറയുന്നതു സ്വീകരിക്കുകയാണെന്നു കോടതി അറിയിച്ചു. ഫയർ ഫോഴ്‌സാണു കഴുകി വൃത്തിയാക്കുന്നതെന്നും പൊടിയും ചെളിയും നീക്കാൻ നനച്ചതല്ലാതെ വിരി വച്ച സ്ഥലത്തൊന്നും വെള്ളമൊഴിച്ചിട്ടില്ലെന്നുമായിരുന്നു വിശദീകരണം.

കോടതിയിൽ സർക്കാരിനു വേണ്ടി ഹാജരാകുന്ന അഡ്വക്കറ്റ് ജനറൽ പോലും അറിയാതെ പൊലീസ് സർക്കുലറുകൾ ഇറക്കുന്നതു പരിതാപകരമാണെന്നു ഹൈക്കോടതി കുറ്റപ്പെടുത്തി. ശബരിമലയിലെ മുറികൾ പൂട്ടി താക്കോൽ ഏൽപിക്കുന്നതു സംബന്ധിച്ചും അന്നദാനം, പ്രസാദം കൗണ്ടറുകൾ രാത്രി പൂട്ടുന്നതു സംബന്ധിച്ചും പൊലീസ് ഇറക്കിയ നോട്ടിസുകൾ എജിയുടെ ശ്രദ്ധയിൽപ്പെടുത്തിയാണ് ഇക്കാര്യം പറഞ്ഞത്. സർക്കുലർ ഇറക്കിയതിന്റെയും പിന്നീടു പിൻവലിച്ചതിന്റെയും കാരണം കോടതി എജിയോട് ആരാഞ്ഞു. തങ്ങൾക്ക് എജിയെ 100 ശതമാനം വിശ്വാസമാണ്. എജി പോലും അറിയാതെയാണു സർക്കുലർ. ഡിജിപിയുടെ സത്യവാങ്മൂലത്തിലും ഇതേക്കുറിച്ചു പറയുന്നില്ല. സർക്കുലർ പിൻവലിച്ചതിൽനിന്നു തന്നെ അതു ശരിയായിരുന്നില്ലെന്നു വ്യക്തമാണ്. കൂടുതൽ പറയുന്നില്ലെന്നും ഈ വിഷയങ്ങൾ ആത്മപരിശോധനയ്ക്കു വിടുകയാണെന്നും കോടതി പറഞ്ഞു.

പൊലീസ് ഏകപക്ഷീയമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഹൈക്കോടതി നീക്കി. തീർത്ഥാടനം എത്രയും വേഗം സാധാരണ നിലയിലെത്തിക്കണമെന്നും അയ്യപ്പഭക്തരോ മറ്റുള്ളവരോ ധർണയും പ്രകടനവും പോലെയുള്ള പ്രതിഷേധങ്ങൾ നടത്തരുതെന്നും കോടതി ഉത്തരവിട്ടു. സമാധാനപരമായ ദർശനം തകിടംമറിക്കാനുള്ള ശ്രമം ശ്രദ്ധയിൽപ്പെട്ടാൽ പൊലീസിന് ഇടപെടുകയും ന്യായമായ പരിശോധനയും ചോദ്യംചെയ്യലും നടത്തുകയും ചെയ്യാം.