ന്യൂഡൽഹി: ഇല്ല. ശബരിമല സമരത്തിൽ നിന്ന് ബിജെപി പിന്നാക്കം പോയിട്ടില്ല. കുതിക്കുന്നതിന് മുൻപുള്ള ഒരു നിമിഷത്തെ ശാന്തത മാത്രമാണ് ഇപ്പോഴത്തെ അടവു നയം. ശബരിമല ക്ഷേത്രം ഏറ്റെടുക്കാനുള്ള പദ്ധതി കേന്ദ്രസർക്കാർ തയാറാക്കി കഴിഞ്ഞു. ബിജെപി എംപിമാർ അടങ്ങുന്ന നാലംഗ സംഘം ശബരിമല സന്ദർശിക്കുന്നത് വെറുതേയല്ല. ഇവിടുത്തെ സ്ഥിതിഗതികൾ റിപ്പോർട്ടാക്കി അവർ പ്രധാനമന്ത്രിക്ക് കൈമാറും. ഇതിന്റെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാർ ഭാവി പരിപാടികൾ തീരുമാനിക്കും.

രണ്ടു മാർഗമാണ് സർക്കാർ ലക്ഷ്യമിടുന്നത്. അതിലൊന്ന് ദേശീയ തീർത്ഥാടന കേന്ദ്രത്തിന്റെ പദവിയിലേക്ക് ശബരിമലയെ ഉയർത്തുക എന്നതാണ്. ഇതിന് കടമ്പകൾ ഉയരുന്ന പക്ഷം, തിരുപ്പതി മോഡൽ ട്രസ്റ്റ് രൂപീകരിക്കും. കേന്ദ്രസർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ കീഴിലുള്ള ട്രസ്റ്റിന്റെ ചെയർമാൻ മുൻ ഡിജിപി ടിപി സെൻകുമാർ ആയിരിക്കുമെന്നാണ് സൂചന. ശബരിമലയിൽ യുവതികൾക്ക് പ്രവേശനം അനുവദിച്ചു കൊണ്ടുള്ള റിവ്യൂ ഹർജികളിൽ അടുത്ത മാസം 22 ന് അന്തിമ വിധിയുണ്ടാകുമെന്നാണ് സർക്കാർ കരുതുന്നത്.

ഈ ഹർജികൾ സുപ്രീം കോടതി തള്ളിയാൽ ഓർഡിനൻസ് പുറപ്പെടുവിച്ച് ക്ഷേത്രത്തിന്റെ നിയന്ത്രണം കേന്ദ്രം ഏറ്റെടുത്തേക്കും. രാഷ്ട്രീയ നേട്ടം തന്നെയാണ് ബിജെപി ലക്ഷ്യമിടുന്നത്. വിശ്വാസം സംരക്ഷിക്കുന്നതിലൂടെ, കേരളത്തിൽ വോട്ടു നില വർധിപ്പിക്കാനാകുമെന്ന അമിത്ഷായുടെ ബുദ്ധിയാണ് ഈ നീക്കത്തിന് പിന്നിൽ. ബിജെപിയും സംഘപരിവാർ സംഘടനകളും ചേർന്ന് കഴിഞ്ഞ മാസങ്ങളിലും ഇപ്പോഴും ശബരിമലയിൽ ഉണ്ടാക്കിയ സംഘർഷങ്ങൾ ഇതിന്റെ ഭാഗമായിരുന്നുവെന്ന് വേണം കരുതാൻ. വെടക്കാക്കി തനിക്കാക്കുന്ന നിലപാടാണ് ബിജെപി ഇവിടെ സ്വീകരിച്ചത്.

കെ സുരേന്ദ്രന്റെ ജയിൽവാസം പോലും ഈ അജണ്ടയുടെ ഭാഗമാണ് എന്നാണ് അറിയുന്നത്. ബിജെപിയുടെ വലയിൽ വീണ സംസ്ഥാന സർക്കാർ നിരന്തരമായി നിരോധനാജ്ഞ നീട്ടുന്നതും ഭക്തർ ദർശനത്തിന് എത്താൻ മടിക്കുന്നതുമെല്ലാം ആത്യന്തികമായി തുണയായത് തങ്ങൾക്കാണെന്ന് അമിത്ഷാ കണക്കു കൂട്ടുന്നു. ലോക്സഭ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് രാഷ്ട്രിയ നേട്ടമുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. തിരുവനന്തപുരം, തൃശൂർ, പാലക്കാട് എന്നീ മൂന്നുമണ്ഡലങ്ങളിൽ വിജയിക്കാൻ കഴിയുമെന്നാണ് ബിജെപിയുടെ കണക്കൂ കൂട്ടൽ. എൻഎസ്എസിന്റെയും എസ്എൻഡിപിയുടെയും പിന്തുണയാണ് ഇതിന് കാരണമായി പറയുന്നത്.

ശബരിമല സന്ദർശിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് ബിജെപി എംപിമാരായ പഹ്ളാദ് ജോഷി, നളിൻ കുമാർ കട്ടീൽ, വിനോദ് ശങ്കർ, സരോജ് പാണ്ഡെ എന്നിവരോട് നിർദ്ദേശിച്ചിരിക്കുന്നത്. ഇവരുടെ റിപ്പോർട്ട് ആദ്യം പാർട്ടി ദേശീയ നേതൃത്വത്തിനാകും നൽകുക. പിന്നീട് പാർട്ടി അധ്യക്ഷന്റെ ശിപാർശയോടെ പ്രധാനമന്ത്രിക്ക് കൈമാറും. ഇതിന്മേൽ സർക്കാർ ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് നടപടി എടുക്കുകയും ചെയ്യും. അതിവേഗം ഇക്കാര്യത്തിൽ തീരുമാനം എത്തുമെന്നാണ് സൂചന. കേരളവും ശബരിമലയെ ദേശീയ തീർത്ഥാടന കേന്ദ്രമായി ഉയർത്തണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളതാണ്.

മണ്ഡലകാലം തുടങ്ങി പതിന്നാലുദിവസം പിന്നിടുമ്പോൾ ശബരിമല ശാന്തമാകുന്നു. യുവതികളാരും ദർശനമാവശ്യപ്പെട്ട് എത്താത്തതും പ്രതിഷേധക്കാർ താത്കാലികമായി പിൻവലിഞ്ഞതും ഇതിന് കാരണമായി. എല്ലാദിവസവും രാത്രി പത്തിന് നാമജപപ്രതിഷേധം നടക്കുന്നുണ്ടെങ്കിലും നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലത്തിനുപുറത്താണ്. 150 മുതൽ 200 വരെ പ്രവർത്തകർ ഇതിൽ പങ്കെടുക്കുന്നുണ്ട്. ഇവർ ശാന്തമായാണ് നാമജപം നടത്തുന്നത്. ഹരിവരാസനം കഴിയുമ്പോൾ പിരിഞ്ഞുപോകുകയും ചെയ്യുന്നു. ആചാരലംഘനത്തിന് സ്ത്രീകളെത്തിയതാണ് പ്രതിഷേധമുയരാൻ കാരണമെന്ന് പ്രതിഷേധക്കാരും അതിരുകടന്ന പ്രതിഷേധമാണ് പ്രശ്‌നങ്ങളുണ്ടാക്കിയതെന്ന് സർക്കാരും പരസ്പരം പഴിചാരുന്നു.

സ്ഥിതി ശാന്തമായതോടെ ആയിരങ്ങളാണ് മല ചവിട്ടാനെത്തുന്നത്. വെള്ളിയാഴ്ച ഭക്തരുടെ വലിയ തിരക്ക് സന്നിധാനത്ത് അനുഭവപ്പെട്ടു. തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽനിന്നുള്ളവരാണ് കൂടുതലായും എത്തുന്നത്. മലയാളികളുടെ എണ്ണം ഇപ്പോഴും കുറവാണ്. തിരക്ക് കൂടുന്നതനുസരിച്ച് വരുമാനം വർധിക്കുന്നില്ലെന്നത് ദേവസ്വം ബോർഡിനെ കുഴക്കുന്നുണ്ട്. അപ്പം, അരവണ വിൽപ്പനയും കാണിക്കവരവും കുറവാണ്. അരവണ, അപ്പം വിൽപ്പന കൗണ്ടറുകൾ പലപ്പോഴും ഒഴിഞ്ഞുകിടക്കുകയാണ്. ഇതോടെ ദേവസ്വം ബോർഡും പ്രതിസന്ധിയിലാണ്. ഇത് മനസ്സിലാക്കിയാണ് കേന്ദ്രം ഇടപെടലിന് എത്തുന്നത്.

പൊലീസ് നിയന്ത്രണങ്ങളിൽ ചിലത് ഭക്തരെ ഇപ്പോഴും ബുദ്ധിമുട്ടിലാക്കുന്നുണ്ട്. വലിയ നടപ്പന്തലിൽ വിരിവെക്കാനാകാത്തതും വാവരുനട, വലിയകാണിക്ക എന്നീ പ്രദേശങ്ങളിലെ ബാരിക്കേഡ് നീക്കാത്തതും ബുദ്ധിമുട്ടുണ്ടാക്കുന്നു. നിരോധനാജ്ഞയ്ക്ക് കാരണവും കേരളാ പൊലീസിന്റെ ഇടപെടലാണ്. കേന്ദ്ര സേനയെ എത്തിച്ച് ഇതെല്ലാം തങ്ങളുടെ നിയന്ത്രണത്തിലാക്കാനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം.