സന്നിധാനം: പമ്പയിലും സന്നിധാനത്തും പൊലീസിനെ നിയന്ത്രിക്കുന്നത് ഭക്തരായ പൊലീസ് ഉദ്യോഗസ്ഥരാണ്. നിലയ്ക്കലിലും സ്ഥിതി അതു തന്നെ. ഇതോടെ പ്രശ്‌ന രഹിത തീർത്ഥാടനത്തിലേക്ക് കാര്യങ്ങൾ കടക്കുകയാണ്. ശബരിമലയിലേക്കുള്ള ഭക്തജന തിരിക്ക് പരിഗണിച്ചാണ് ഇത്തരത്തിലൊരു മാറ്റം വരുത്തിത്. പൊലീസിന്റെ യാഥാർത്ഥ പദ്ധതിയിൽ മാറ്റങ്ങൾ വരുത്തിയാണ് മണ്ഡല തീർത്ഥാടനത്തിന്റെ അവസാന ദിവസങ്ങളിൽ പൊലീസിലെ ഭക്തരെ സന്നിധാനത്തും മറ്റിടങ്ങളിലും നിയമിച്ചത്. ഇതോടെ ഭക്തർക്കുള്ള നിയന്ത്രണങ്ങൾ കുറഞ്ഞു. ഇതാണ് എല്ലാം പതിവ് തീർത്ഥാടന കാലത്തിന് സമാനമാകുന്നത്.

സംഘർഷസാധ്യത കുറഞ്ഞതു പരിഗണിച്ച് ശബരിമലയിൽ പൊലീസ് സാന്നിധ്യം കുറച്ചു. കഴിഞ്ഞ രണ്ടു ഘട്ടത്തിൽ വടശ്ശേരിക്കര മുതൽ സന്നിധാനം വരെ 5,200 പൊലീസുകാർ ഉണ്ടായിരുന്നത് 4,200 ആക്കി. ക്രമസമാധാന ചുമതലയ്ക്കു മാത്രമായി നിയോഗിച്ചവരിലാണ് കുറവുവരുത്തിയത്. മരക്കൂട്ടത്ത് സുരക്ഷാ ചുമതലയ്ക്ക് നേരത്തേ എസ്‌പി.യായിരുന്നു നേതൃത്വം നൽകിയിരുന്നത്. ഇത് ഒഴിവാക്കി. മൂന്നാംഘട്ടത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥർ വെള്ളിയാഴ്ച ചുമതലയേറ്റുതോടെയാണ് മാറ്റങ്ങൾ. ഐജി ശ്രീജിത്തിനാണ് ഇപ്പോൾ സന്നിധാനത്തേയും പമ്പയിലേയും സുരക്ഷാ ചുമതല. നേരത്തെ രഹ്നാ ഫാത്തിമയുമായി മല കയറിയതും ശ്രീജിത്തായിരുന്നു. നടപ്പന്തലിൽ ശ്രീജിത്ത് നടത്തിയ നീക്കമാണ് ആചാര സംരക്ഷണത്തിന് അനുകൂലമായി മാറിയത്. പിന്നീട് സന്നിധാനത്ത് എത്തി ശ്രീജിത്ത് അയ്യപ്പനെ തൊഴുതു കരയുന്ന ചിത്രവും വൈറലായി. ഇതിന് ശേഷമാണ് വീണ്ടും ശ്രീജിത്ത് ശബരിമലയുടെ സുരക്ഷാ ചുമതല ഏറ്റെടുക്കുന്നത്.

യുവതീ പ്രവേശം സംബന്ധിച്ച് ആദ്യഘട്ടത്തിൽ ശബരിമലയിൽ ദിവസങ്ങളോളം സംഘർഷമുണ്ടായിരുന്നു. ചിത്തിരആട്ട വിശേഷത്തിനും സംഘർഷമുണ്ടായി. തുടർന്നാണ് കനത്ത പൊലീസ് സുരക്ഷ ഒരുക്കിയത്. രണ്ടാം ഘട്ടത്തിൽ സംഘർഷാവസ്ഥ അയഞ്ഞെങ്കിലും മുൻകരുതലെന്ന നിലയിൽ പൊലീസ് സാന്നിധ്യം കുറച്ചിരുന്നില്ല. കർശന നടപടികൾ എടുത്തു. എന്നാൽ ശ്രീജിത്തിന്റെ നേതൃത്വത്തിൽ പൊലീസ് എത്തുമ്പോൾ സ്ഥിതി മാറുകയാണ്. പൊലീസ് നിയന്ത്രണങ്ങൾക്കെതിരേ നാമജപം ഉണ്ടെങ്കിലും സമാധാനപരമായാണ് നടക്കുന്നത്. ഇതുകൂടി കണക്കിലെടുത്താണ് പൊലീസിന്റെ എണ്ണം കുറച്ചത്.

മരക്കൂട്ടം മുതൽ സന്നിധാനം വരെ മൂന്ന് എസ്‌പി.മാർ ഉണ്ടായിരുന്നത് ഇപ്പോൾ രണ്ടായി. സന്നിധാനത്ത് വനിതാ പൊലീസിന്റെ എണ്ണം 15-ൽ നിന്ന് ആറാക്കി. എന്നാൽ, നിരോധനാജ്ഞ പിൻവലിക്കാൻ സാധ്യത കുറവാണ്. സന്നിധാനത്ത് പൊലീസ് കൺട്രോളർമാരായി എസ്‌പി.മാരായ ജി. ജയദേവ്, പി.ബി. രാജീവ് എന്നിവർ ചുമതലയേറ്റു. പമ്പയിൽ ക്രൈംബ്രാഞ്ച് എസ്‌പി.യായ ഷാജി സുഗുണൻ ക്രമസമാധാനത്തിന്റെ ചുമതലയേറ്റു. ബന്തവസിന്റെ ഉത്തരവാദിത്വം കോഴിക്കോട് സിറ്റി കമ്മിഷണറായ മഹേഷ് കുമാർ 18 വരെ തുടർന്നും വഹിക്കും. ഇവരെല്ലാം തികഞ്ഞ ഭക്തരാണ്. പമ്പയിൽ നിന്ന് യുവതികൾ മലകയറുന്നില്ലെന്ന് പൊലീസും ഉറപ്പാക്കുന്നുണ്ട്. സ്ത്രീകളുടെ പ്രായം പരിശോധിച്ചാണ് ഇത് ചെയ്യുന്നത്. അതുകൊണ്ട് തന്നെ സന്നിധാനത്ത് ക്രമസമാധാന പ്രശ്‌നമൊന്നും ഉണ്ടാകുന്നില്ല. നിലയ്ക്കലിൽ കാര്യങ്ങൾ നിയന്ത്രിക്കാൻ രാഹുൽ ആർ നായരെ നിയോഗിച്ചിട്ടുമ്ട്യ

നിലയ്ക്കലിലും എരുമേലിയിലും പുതിയ പൊലീസ് സംഘം ചുമതലയേറ്റിട്ടുണ്ട്. നിലയ്ക്കലിൽ എഴുനൂറും എരുമേലിയിൽ മുന്നൂറ്റമ്പതും സേനാംഗങ്ങളാണുള്ളത്. നിലയ്ക്കൽ, എരുമേലി, വടശ്ശേരിക്കര എന്നിവിടങ്ങളിലെ പൊലീസിന്റെ മേൽനോട്ടച്ചുമതല ഡി.ഐ.ജി. എസ്. സുരേന്ദ്രനാണ്. നിലയ്ക്കലിൽ സ്‌പെഷ്യൽ ഓഫീസർമാരായി രാഹുൽ ആർ. നായർ, കെ.എൽ. ജോൺകുട്ടി എന്നിവരും അസിസ്റ്റന്റ് സ്‌പെഷ്യൽ ഓഫീസറായി കെ. ഹരിശ്ചന്ദ്രനായിക്കും ചുമതലയേറ്റു. ഏഴ് ഡിവൈ.എസ്‌പി.മാരും 12 സിഐ.മാരും പ്രത്യേക വനിതാ ബറ്റാലിയനും ഉൾപ്പെടുന്ന സേനാംഗങ്ങൾ 29 വരെയാണ് നിലയ്ക്കലിൽ ഉണ്ടാവുക. മകരവിളക്ക് തീർത്ഥാടനത്തിന് പുതിയ സംഘം എത്തുകയും ചെയ്യും. അതിനിടെ തമിഴ്‌നാട്ടിലെ വനിതാ സംഘടനയായ മനിതി യുവതി പ്രവേശനം സാധ്യമാക്കാൻ എത്തുമെന്നാണ് സൂചന.

ഇതിന്റെ അടിസ്ഥാനത്തിൽ മതിയായ കരുതൽ പൊലീസ് എടുക്കുന്നുണ്ട്. ക്രമസമാധാന പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ഇവരെ പൊലീസ് തിരിച്ചയയ്ക്കാനാണ് സാധ്യത.