- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെന്നൈയിൽ നിന്നുള്ള മനിതി സംഘത്തിൽ അമ്പത് യുവതികൾ എങ്കിലും ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ; ഇന്ന് ചെന്നൈയിൽ നിന്നും പുറപ്പെടുന്ന സംഘത്തോടൊപ്പം ഇടക്ക് മറ്റ് യുവതികളും ചേരും; ശബരിമല യാത്രയുടെ വിവരങ്ങൾ എല്ലാം മറച്ചു വച്ചും വനിതാ സംഘടന; നിലയ്ക്കൽ കടക്കാതിരിക്കാൻ കനത്ത സുരക്ഷയൊരുക്കി പൊലീസ്; കേരളത്തിൽ കയറ്റില്ലെന്ന് പ്രഖ്യാപിച്ച് സംഘപരിവാർ; ശബരിമല യുവതി പ്രവേശനം വീണ്ടും ചർച്ചയാകുന്നു
കോട്ടയം: ശബരിമലയിലെ സ്ത്രീ പ്രവേശനം ചർച്ചയാക്കി വീണ്ടും മല ചവിട്ടാൻ യുവതികളെത്തുന്നു. ചെന്നൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സ്ത്രീശാക്തീകരണസംഘടനയായ 'മനിതി'യുടെ നേതൃത്വത്തിൽ വനിതകളുടെ സംഘം ശനിയാഴ്ച ശബരിമലയ്ക്ക് തിരിക്കും. സംഘത്തിൽ അന്പതോളം വനിതകൾ ഉണ്ടാകുമെന്നും ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് യാത്ര പുറപ്പെടുകയെന്നും മനിതി കോ-ഓർഡിനേറ്റർ സെൽവി പറഞ്ഞു. എവിടെനിന്നാണ് യാത്ര തുടങ്ങുക, ഏതുമാർഗമാണ് എത്തുക തുടങ്ങിയവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അപ്പോഴത്തെ സൗകര്യമനുസരിച്ച് തീരുമാനമെടുക്കുമെന്നാണ് പറഞ്ഞിട്ടുള്ളത്. അതിനിടെ ശബരിമലയിൽ പോകാനായി യുവതികൾ കോട്ടയത്തെത്തിയാൽ വിവിധ ഹിന്ദുസംഘടനകളുടെ വനിതാ പ്രതിനിധികൾ തടയുമെന്ന് ശബരിമല കർമസമിതി ജില്ലാ ജനറൽ കൺവീനർ ബി.ശശികുമാർ പറഞ്ഞു. ഇവർ ഞായറാഴ്ച കേരളത്തിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. ഇതിന്റെ അടിസ്ഥാനത്തിൽ ശബരിമലയിലും പരിസരത്തും പൊലീസ് സുരക്ഷ ശക്തമാക്കി. ഇവരെത്തുമ്പോൾ സംഘർഷത്തിന് സാധ്യതയുണ്ടെന്ന് സംസ്ഥാന രഹസ്യാന്വേഷണ വകുപ്പിന്റെ സൂചനയെത്തുടർന്നാണ് നടപടി. നിലയ്ക്കലിന് അപ്
കോട്ടയം: ശബരിമലയിലെ സ്ത്രീ പ്രവേശനം ചർച്ചയാക്കി വീണ്ടും മല ചവിട്ടാൻ യുവതികളെത്തുന്നു. ചെന്നൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സ്ത്രീശാക്തീകരണസംഘടനയായ 'മനിതി'യുടെ നേതൃത്വത്തിൽ വനിതകളുടെ സംഘം ശനിയാഴ്ച ശബരിമലയ്ക്ക് തിരിക്കും. സംഘത്തിൽ അന്പതോളം വനിതകൾ ഉണ്ടാകുമെന്നും ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് യാത്ര പുറപ്പെടുകയെന്നും മനിതി കോ-ഓർഡിനേറ്റർ സെൽവി പറഞ്ഞു. എവിടെനിന്നാണ് യാത്ര തുടങ്ങുക, ഏതുമാർഗമാണ് എത്തുക തുടങ്ങിയവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അപ്പോഴത്തെ സൗകര്യമനുസരിച്ച് തീരുമാനമെടുക്കുമെന്നാണ് പറഞ്ഞിട്ടുള്ളത്. അതിനിടെ ശബരിമലയിൽ പോകാനായി യുവതികൾ കോട്ടയത്തെത്തിയാൽ വിവിധ ഹിന്ദുസംഘടനകളുടെ വനിതാ പ്രതിനിധികൾ തടയുമെന്ന് ശബരിമല കർമസമിതി ജില്ലാ ജനറൽ കൺവീനർ ബി.ശശികുമാർ പറഞ്ഞു.
ഇവർ ഞായറാഴ്ച കേരളത്തിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. ഇതിന്റെ അടിസ്ഥാനത്തിൽ ശബരിമലയിലും പരിസരത്തും പൊലീസ് സുരക്ഷ ശക്തമാക്കി. ഇവരെത്തുമ്പോൾ സംഘർഷത്തിന് സാധ്യതയുണ്ടെന്ന് സംസ്ഥാന രഹസ്യാന്വേഷണ വകുപ്പിന്റെ സൂചനയെത്തുടർന്നാണ് നടപടി. നിലയ്ക്കലിന് അപ്പുറത്തേക്ക് യുവതികൾ പോയാൽ വലിയ സുരക്ഷാ പ്രശ്‌നങ്ങളുണ്ടാകും. ശബരിമലയിൽ ദിവസവും ഒരു ലക്ഷത്തിൽ അധികം തീർത്ഥാടകരെത്തുന്നുണ്ട്. ഇവർ യുവതികൾക്കെതിരെ തിരിയാനാണ് സാധ്യതെന്നാണ് പൊലീസ് വിലയിരുത്തൽ. സന്നിധാനത്ത് പരിവാറുകാരും തമ്പടിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ കരുതലോടെയാകും പൊലീസ് വിഷയത്തെ കൈകാര്യം ചെയ്യുക.
ചെന്നൈയിൽനിന്ന് 12 വനിതകളും മധുരയിൽനിന്ന് രണ്ടുപേരും മധ്യപ്രദേശിൽനിന്നും ഒഡിഷയിൽനിന്നും അഞ്ചുപേർ വീതവും കേരളത്തിൽനിന്ന് 25 പേരും സംഘത്തിലുണ്ടാകുമെന്ന് സെൽവി പറഞ്ഞു. കേരളത്തിൽ ഒരുസ്ഥലത്ത് തങ്ങൾ ഒത്തുചേരുമെന്നും അവിടെനിന്ന് പമ്പയിലേക്ക് പോകുമെന്നും 'മനിതി' വൃത്തങ്ങൾ അറിയിച്ചു. ട്രാൻസ്ജെൻഡറുകളും സംഘത്തിലുണ്ടെന്നാണ് വിവരം. പമ്പയിലെത്തി മാലയിട്ട് ശബരിമലയിലേക്ക് പോകാനാണ് തീരുമാനം. കേരളത്തിൽനിന്ന് ഒരുസംഘം പുരുഷന്മാരും പിന്തുണ അറിയിച്ചിട്ടുണ്ടെന്ന് സെൽവി വ്യക്തമാക്കി.
മാധ്യമങ്ങളിലൂടെ അറിഞ്ഞതിനപ്പുറം ഇവരുടെ വരവിനെക്കുറിച്ച് ഒരു സന്ദേശവും കിട്ടിയിട്ടില്ലെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി എസ്.ഹരിശങ്കർ പറഞ്ഞു. അവരുടെ സംഘടനയുമായി ബന്ധപ്പെട്ടിരുന്നു. യാത്രയെക്കുറിച്ച് അന്തിമതീരുമാനമായില്ലെന്നാണ് പറഞ്ഞത്. വരുമെന്ന് അറിയിച്ചാൽ ആവശ്യമായ സംരക്ഷണം നൽകാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈയിൽനിന്നെത്തുന്ന വിവിധ തീവണ്ടികൾക്കുപുറമേ ബസ് മാർഗമെത്താനും ശ്രമിക്കുമെന്ന് സംഘാംഗങ്ങളിലൊരാളും ആദിവാസി വനിതാ പ്രസ്ഥാനത്തിന്റെ സംസ്ഥാന പ്രസിഡന്റുമായ വയനാട് സ്വദേശി അമ്മിണി പറഞ്ഞു.
'ഞായറാഴ്ച പുലർച്ചെ അഞ്ചിനും എട്ടിനുമിടയിൽ കോട്ടയത്ത് ഒന്നിക്കാമെന്ന് വിചാരിക്കുന്നു. ബസിലെത്തിയാലും റെയിൽവേ സ്റ്റേഷനിൽ ഒന്നിച്ചുകൂടും'. ഇവിടെ സണ്ണി കപിക്കാട് അടക്കമുള്ളവർ സ്വീകരിക്കാനെത്തുമെന്നും അമ്മിണി പറഞ്ഞു.
രണ്ടും കൽപ്പിച്ച് പരിവാറും
ശബരിമല ആചാരലംഘനത്തിന് 23ന് എത്തുന്ന 30 അംഗ ചെന്നൈ യുവതീ സംഘത്തിന് പിന്നിൽ മാവോയിസ്റ്റ്, തീവ്രവാദ സംഘടനകൾ എന്ന ആരോപണവുമായി പരിവാറുകാരും എത്തിയിട്ടുണ്ട്. അതിനിടെ നാളെ കോട്ടയത്ത് എത്തുന്ന സംഘത്തിന് സ്വീകരണം നൽകുമെന്ന് മാവോയിസ്റ്റ്, ദളിത് സംഘടനകൾ പ്രഖ്യാപിച്ചു. ഇതിന് മുന്നോടിയായി കോട്ടയത്ത് സിപിഐ(എംഎൽ), ദളിത് അവകാശ സംരക്ഷണ സമിതി, ദളിത് ഐക്യവേദി, ഭൂഅവകാശ സംരക്ഷണ സമിതി എന്നീ സംഘടനകളുടെ നേതാക്കൾ വാർത്താസമ്മേളനം നടത്തി. പമ്പയിൽ എത്തിയാൽ സംരക്ഷണം നൽകാമെന്ന് വനിതാ സംഘത്തിന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഉറപ്പ് കിട്ടിയതായി നേതാക്കൾ പറഞ്ഞു.
സംഘത്തിന് നേതൃത്വം നൽകുന്ന മനിതിയുടെ കോ-ഓർഡിനേറ്റർ സെൽവി നവംബർ 14ന് മാവോയിസ്റ്റ്, ദളിത് സംഘടനകളുടെ നേതൃത്വത്തിൽ കോട്ടയത്ത് നടന്ന അവകാശ പ്രഖ്യാപന സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. 11 സംഘടനകളാണ് ഈ സമ്മേളനത്തിൽ പങ്കെടുത്തത്. കോട്ടയം കേന്ദ്രീകരിച്ചാണ് ഇവരുടെ വരവിനുള്ള ആസൂത്രണം. തീവ്ര ഇസ്ലാമിക സംഘടനകളാണ് ഇവർക്ക് പിന്നിലുള്ളതെന്നാണ് സംഘപരിവാർ ആരോപണം. ഹിന്ദുസമൂഹത്തിൽ ജാതീയമായ വേർതിരിവ് സൃഷ്ടിക്കാൻ ഇസ്ലാമിക സംഘടനകൾ ശ്രമിച്ചിരുന്നു. നവോത്ഥാനത്തിന്റെ പേരിൽ ഇതിന് സംസ്ഥാനസർക്കാർ ഒത്താശ ചെയ്യുന്നതോടെ ഇവരുടെ ശ്രമത്തിന് തീവ്രതകൂടി.
വിജയപുരം അതിരൂപതയിൽ ദളിത് ക്രൈസ്തവർ നേരിടുന്ന അതിക്രൂരമായ ജാതീയ വിവേചനത്തിനെതിരെ ദളിത് ക്രൈസ്തവർ സമരം തുടങ്ങിയിട്ട് നാളുകളായി. ഈ പ്രശ്നത്തിൽ ഇടപെടുകയോ അഭിപ്രായം പറയുകയോ ചെയ്യാത്ത ദളിത് സംഘടനകളും മാവോയിസ്റ്റ് സംഘടനകളുമാണ് ശബരിമല പ്രശ്നത്തിൽ അമിത പ്രാധാന്യം നൽകി രംഗത്തിറങ്ങിയിരിക്കുന്നതെന്നും പരിവാറുകാർ പറയുന്നു.