പമ്പ: ശബരിമല ദർശനത്തിന് ഇന്നും യുവതികൾ. പൊലീസ് സുരക്ഷ പോലും ചോദിക്കാതെയാണ് ഇവരുടെ മുന്നോട്ട് പോക്ക്. അയ്യപ്പ ദർശനത്തിനായെത്തിയ മനിതി സംഘത്തിന് പ്രതിഷേധത്തെ തുടർന്ന് മടങ്ങേണ്ടി വന്നതിനു പിന്നാലെ മലകയറാൻ വീണ്ടും സ്ത്രീകൾ എത്തുകയായിരുന്നു. ബിന്ദു, കനക ദുർഗ എന്നീ യുവതികളാണ് ഇപ്പോൾ മല ചവിട്ടുന്നത്. ഇവർ നീലിമല കടന്നു. കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് യുവതികൾ. പൊലീസ് സംരക്ഷണത്തിലാണ് ഇവർ മലകയറുന്നത്. എന്നാൽ, യുവതികൾ സംരക്ഷണം ആവശ്യപ്പെട്ടിട്ടില്ലെന്നും ഇവർ യുവതികൾ ആയതിനാൽ പൊലീസ് സംരക്ഷണം നൽകുകയാണെന്നും പൊലീസ് വൃത്തങ്ങൾ പറഞ്ഞു. മതിയായ സുരക്ഷ പൊലീസ് ഒരുക്കിയിട്ടുണ്ട്.

കോഴിക്കോട് പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകയാണ് ബിന്ദു. ബിന്ദുവും കനകദുർഗ്ഗയും മനിതിയുടെ പ്രവർത്തകരാണ്. ഇന്നലെ എത്തിയ മനിതിയുടെ സംഘത്തിനൊപ്പം മല ചവിട്ടാൻ ആഗ്രഹിച്ചവരാണ് ഇവർ. മനിതിയുടെ കോ ഓർഡിനേറ്റർ സെൽവിയും കൂട്ടരും പേടിച്ചോടിയെങ്കിലും ഇവർ പിന്മാറാൻ തയ്യാറല്ല. സ്ഥിതിഗതികൾ മനസ്സിലാക്കി തന്നെയാണ് ഇവർ മല ചവിട്ടാനുറച്ച് എത്തിയത്. രാവിലെ പൊലീസ് സംരക്ഷണം പോലും തേടാതെ അവർ മലകയറുകയായിരുന്നു. നീലിമല കയറ്റം തുടങ്ങിയതിന് ശേഷമാണ് അയ്യപ്പഭക്തർ യുവതികളുടെ മലകയറ്റത്തെ കുറിച്ച് അറിഞ്ഞ് തുടങ്ങിയത്. സന്നിധാനത്ത് ഒരു ലക്ഷത്തോളം ഭക്തരുണ്ട്. മരക്കൂട്ടത്ത് പ്രതിഷേധക്കാർ ഒത്തുകൂടുകയാണ്.