സന്നിധാനം: ശബരിമലയിൽ ഇന്നും ആചാര ലംഘനം ഉണ്ടാകില്ല. ചന്ദ്രാനന്ദൻ റോഡിലെ ഭക്തരുടെ ചെറുത്ത് നിൽപ്പായിരുന്നു ഇതിന് കാരണം. ബിന്ദുവിനേയും കനകദുർഗ്ഗയുമായി പ്രതിരോധങ്ങൾ തകർത്ത് മരക്കൂട്ടവും കടന്ന് പൊലീസെത്തി. എന്നാൽ ചന്ദ്രാനന്ദൻ റോഡിൽ കാര്യങ്ങൾ കൈവിട്ടു. ബിന്ദുവും കനകദുർഗയും കുത്തിയിരുന്നു. ഇതിനിടെയാണ് കനകദുർഗയ്ക്ക് ശാരീരിക പ്രശ്നങ്ങൾ ഉണ്ടായത്. ഇതോടെ ഇവരെ തിരിച്ചിറക്കാൻ പൊലീസ് തീരുമാനിച്ചു. രണ്ട് സ്ത്രീകളുമായി പൊലീസ് മലയിറങ്ങി. തിരിച്ചു പോകാൻ താൽപ്പര്യമില്ലെന്ന് യുവതികൾ അറിയിച്ചെങ്കിലും പൊലീസ് സമ്മതിച്ചില്ല. നിർബന്ധപൂർവ്വം ഇവരെ മല ഇറക്കി. ഇതോടെ ഇന്നും ശബരിമലയിൽ അചാരലംഘനം ഉണ്ടാകില്ലെന്ന് ഉറപ്പായി. ഭക്തരുടെ ചെറുത്ത് നിൽപ്പ് തന്നെയാണ് ഇതിലേക്ക് കാര്യങ്ങളെത്തിച്ചത്.

ക്രമസമാധാന പ്രശ്നങ്ങൾ കണക്കിലെടുത്ത് യുവതികളെ തിരിച്ചിറക്കുന്നുവെന്ന് സന്നിധാനം സ്പെഷ്യൽ ഓഫീസർ ഔദ്യോഗികമായി അറിയിച്ചു. എന്നാൽ തിരിച്ചു കൊണ്ടു വരണമെന്ന് ബിന്ദു പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് ക്രമസമാധാന പ്രശ്നമാണ് തിരിച്ചിറക്കാൻ കാരണമെന്നാണ് പൊലീസ് വിശദീകരിച്ചത്. ബിന്ദുവും കനകദുർഗയും തിരിച്ചിറങ്ങാൻ തയ്യാറായില്ല. ഇതോടെ പൊലീസ് ചെറിയ ബലപ്രയോഗം നടത്തിയാണ് പൊലീസ് ഇവരെ മാറ്റുന്നത്. ഭക്തരുടെ ആക്രമണം ഉണ്ടാകാതിരിക്കാൻ വലിയ പ്രതിരോധം പൊലീസ് ഒരുക്കുന്നുണ്ട്. ഇന്ന് സന്നിധാനത്ത് സംഘപരിവാരുകാരുടെ വലിയൊരു കൂട്ടമില്ലായിരുന്നു. നേതാക്കളുമില്ലായിരുന്നു. എന്നിട്ടും യുവതികളെ തടഞ്ഞ് ഭക്തർ തിരിച്ചയച്ചു. ഇതോടെ വിശ്വാസികളാണ് സന്നിധാനത്ത് പ്രതിഷേധിക്കുന്നതെന്ന് തിരിച്ചറിഞ്ഞു. ഇതോടെ ബലപ്രയോഗത്തിലൂടെ യുവതികളെ കൊണ്ടു പോകേണ്ടതില്ലെന്ന് സർക്കാരും നിശ്ചയിക്കുകയായിരുന്നു. പൊലീസ് തിരിച്ചു കൊണ്ടു വരുമെന്ന് ഉറപ്പ് നൽകിയെന്നും അതുകൊണ്ടാണ് പോകുന്നതെന്നും ബിന്ദുവും പ്രതികരിച്ചു.

കോഴിക്കോട്,മലപ്പുറം സ്വദേശികളായ ബിന്ദു,കനക ദുർഗ്ഗ എന്നിവരാണ് മല ചവിട്ടാനെത്തിയത്.അഭിഭാഷകയായ ബിന്ദു, തലശ്ശേരി സ്‌കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് പ്രൊഫസർ ആണ്. സപ്ലൈകോ സെയിൽസ് അസിസ്റ്റന്റ് മാനേജർ ആണ് കനകദുർഗ.വരുന്ന വഴിയിൽ ഭക്തരുടെ പ്രതിഷേധം ഉണ്ടായെങ്കിലും പൊലീസ് ബലം പ്രയോഗിച്ച് ഭക്തരെ നീക്കുകയും യുവതികളുമായി മുന്നോട്ട് പോകുകയുമായിരുന്നു.ഇത്തരത്തിൽ ചന്ദ്രാനന്ദൻ റോഡ് വരെയാണ് പൊലീസ് ഇവരുമായി എത്തിയത്.എന്നാൽ ശരണം വിളികളുമായി കൂട്ടത്തോടെയെത്തിയ ഭക്തർക്ക് മുന്നിൽ അധിക നേരം പിടിച്ചു നിൽക്കാൻ പൊലീസിനും,യുവതികൾക്കുമായില്ല.വനം വകുപ്പിന്റെ വാഹനത്തിൽ ഇവരെ പമ്പയിൽ എത്തിക്കാനാണ് ശ്രമം.അതേ സമയം യുവതികളിലൊരാളായ കനക ദുർഗ്ഗയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായി.

അതിനിടെ പൊലീസിനെതിരെ യുവതികളിൽ ഒരാളായ ബിന്ദു രംഗത്തെത്തി. ഇത്ര വലിയ പ്രതിഷേധം പ്രതീക്ഷിച്ചാണ് തങ്ങൾ എത്തിയത്. അത്‌കൊണ്ട് തന്നെ ഇത് കണ്ട് പിൻവാങ്ങാൻ തയ്യാറായിരുന്നില്ല. എന്നാൽ മലകയറുന്നതും സന്നിധാനത്ത് ദർശനം നടത്തുന്നതും നടക്കില്ലെന്നും അതുകൊണ്ട് തിരിച്ചിറങ്ങണം എന്നും ആവശ്യപ്പെട്ടുവെന്നുമാണ് ബിന്ദു ആരോപിക്കുന്നത്.

പൊലീസ് പ്രതിഷേധക്കാരെ ബലമായി മാറ്റി ഇരുവരുമായി മുന്നോട്ടുപോയെങ്കിലും മരക്കൂട്ടത്തിനപ്പുറം വൻപ്രതിഷേധം നേരിടേണ്ടിവന്നതോടെ മലകയറ്റം നിർത്തി. തുടർന്ന് ഒരു മണിക്കൂറിനുശേഷമാണ് സ്ഥിതി മോശമാണെന്നും മുന്നോട്ടുപോകാനാകില്ലെന്നും വ്യക്തമാക്കി പൊലീസ് മടങ്ങണമെന്ന് നിർദ്ദേശം നൽകിയത്. ഇതിനിടെ കനകദുർഗയ്ക്ക് ബോധക്ഷയമുണ്ടായി. ബിന്ദുവുമായി പൊലീസ് സ്വാമി അയ്യപ്പൻ റോഡിലൂടെ തിരിച്ചിറങ്ങുകയാണ്. പ്രഥമശുശ്രൂഷനൽകിയശേഷം ഡോളിയിൽ കനകദുർഗയെയും പമ്പയിലേക്ക് കൊണ്ടുവരും

സുപ്രീംകോടതി വിധിയുടെ പിൻബലത്തിൽ ശബരിമല ദർശനത്തിനായി എത്തിയ രണ്ട് യുവതികൾ യാത്ര തുടരുന്നതിനിടെ നിലപാട് വ്യക്തമാക്കി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ രംഗത്ത് വന്നത്. ശബരിമല ദർശനത്തിൽ നിന്ന് യുവതികളെ പൊലീസിന് പിന്തിരിപ്പിക്കേണ്ടി വരുമെന്ന് മന്ത്രി പറഞ്ഞു. പൊലീസിന്റെ സംരക്ഷണം വേണ്ടെന്നാണ് അവർ പറഞ്ഞത്. എന്നാൽ, ഭക്തജനങ്ങളുടെ പ്രതിഷേധം ഉണ്ടാവുമെന്നത് മുൻകൂട്ടി കണ്ട് സംരക്ഷണം നൽകുകയായിരുന്നു. അവർ തിരിച്ച് പോകില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ്. യുവതികളുടെ ജീവൻ രക്ഷിക്കാനുള്ള ചുമതല പൊലീസിനുണ്ട്.

ഭക്തജനങ്ങൾ പ്രകോപിതരാണ്. അതുകൊണ്ട് അങ്ങോട്ടേയ്ക്കുള്ള യാത്ര നല്ലതല്ലെന്ന് പൊലീസ് പറഞ്ഞ് മനസിലാക്കാൻ ശ്രമിക്കുന്നുണ്ട്. ശബരിമല ദർശനത്തിൽ നിന്ന് യുവതികളെ പൊലീസിന് പിന്തിരിപ്പിക്കേണ്ടി വരും. എന്തെന്നാൽ അവിടെ സംഘർഷമുണ്ടാകാൻ പാടില്ല. അവിടെ എന്തെങ്കിലും കുഴപ്പങ്ങളുണ്ടായാൽ അത് നിരപരാധികളും നിഷ്‌കളങ്കരുമായ ഭക്തരെ ബാധിക്കും. അതുകൊണ്ടാണ് പൊലീസ് അത്തരമൊരു നിലപാട് സ്വീകരിക്കുന്നത്. ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതിയെ കുറിച്ച് തന്റെ നിലപാടിൽ ഉറച്ച് നിൽക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.