- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചിങ്ങമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും; ഈ മാസത്തിലും ഭക്തർക്ക് ദർശന അനുമതിയില്ല; ഓണാഘോഷത്തിനായി ഈ 29നും നട തുറക്കും
ശബരിമല: ചിങ്ങമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട ഇന്ന് വൈകുന്നേരം 5 മണിക്ക് തുറക്കും. ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി എ.കെ.സുധീർ നമ്പൂതിരി ക്ഷേത്ര ശ്രീകോവിൽ നട തുറന്ന് ദീപങ്ങൾ തെളിക്കും. ശേഷം ഉപദേവതാ ക്ഷേത്രങ്ങളിലെ നടകളും തുറന്ന് വിളക്ക് തെളിക്കും.
തുടർന്ന് ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരര് വിഭൂതി പ്രസാദം വിതരണം ചെയ്യും. പിന്നേട് മേൽശാന്തി പതിനെട്ടാം പടിക്കുമുന്നിലെ ആഴിയിൽ അഗ്നി പകരും. നട തുറക്കുന്ന ദിവസം പ്രത്യേക പൂജകൾ ഒന്നും ഉണ്ടാവില്ല. അന്ന് രാത്രി 7.30 ന് ഹരിവരാസനം പാടി നട അടയ്ക്കും. ചിങ്ങം ഒന്നായ ഓഗസ്റ്റ് 17 ന് പുലർച്ചെ 5 മണിക്ക് ശ്രീകോവിൽ നട തുറക്കും. തുടർന്ന് നിർമ്മാല്യ ദർശനവും അഭിഷേകവും ഉണ്ടാകും. ശേഷം മഹാഗണപതി ഹോമം. 7.30 ന് ഉഷപൂജ.ഓഗസ്റ്റ് 17 മുതൽ 21 വരെ പ്രത്യേക പൂജകൾ ഒന്നും ഉണ്ടാവില്ല.
21 ന് രാത്രി ഹരിവരാസനം പാടി നട അടയ്ക്കുന്നതോടെ ചിങ്ങമാസ പൂജകൾക്ക് പരിസമാപ്തി ആകും. കൊറോണ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ഈ മാസവും ഭക്തർക്ക് ശബരിമലയിലേക്ക് ദർശനത്തിനുള്ള അനുമതി ഇല്ല. ഓണക്കാലത്ത് 5 ദിവസങ്ങളിൽ പൂജകൾക്കായി കലിയുഗവരദ നട തുറക്കും.29 മുതൽ സെപ്റ്റംബർ 2 വരെയാണ് ഓണക്കാലത്ത് നടതുറക്കുക .സെപ്റ്റംബർ 2 ന് രാത്രി നട അടയ്ക്കും.