കൊച്ചി: ശബരിമല വിമാനത്താവളത്തിനു വേണ്ടി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള നടപടികൾ നിയമപ്രകാരമാണെന്നും സർക്കാരിന്റെ ഭൂമി ആയതിനാലാണു നഷ്ടപരിഹാരം നൽകാത്തതെന്നും സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സർക്കാരിന്റെ ഭൂമി മറ്റൊരാളുടെ കൈവശം ആയതിനാലാണു നിയമപ്രകാരം ഏറ്റെടുക്കാൻ കലക്ടറെ ചുമതലപ്പെടുത്തിയതെന്നു സർക്കാർ ബോധിപ്പിച്ചു. ചെറുവള്ളിയെ നിയമ പോരാട്ടം തുടരുമെന്ന സൂചനയാണ് ഹൈക്കോടതിയിലെ ഈ കേസ് നൽകുന്നത്.

ഭൂമി ഏറ്റെടുക്കാൻ കോട്ടയം കലക്ടറെ ചുമതലപ്പെടുത്തിയ സർക്കാർ ഉത്തരവിനെതിരെ, ഗോസ്പൽ ഫോർ ഏഷ്യ എന്നറിയപ്പെട്ടിരുന്ന അയന ചാരിറ്റബിൾ ട്രസ്റ്റ് നൽകിയ ഹർജിയിലാണു വാദം. ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് തുടർ വാദത്തിനായി കേസ് 11 ലേക്കു മാറ്റി. സർക്കാർ ഉത്തരവിൽ തുടർ നടപടിക്കുള്ള സ്റ്റേ അതുവരെ നീട്ടിയിട്ടുണ്ട്. ഹൈക്കോടതിയുടെ ഈ കേസിലെ വിധി അതിനിർണ്ണായകമാണ്. ഏതായാലും അതുവരെ വിമാനത്താവളത്തിനുള്ള ഭൂമി ഏറ്റെടുക്കലിൽ സർക്കാരിന് ഒന്നും ചെയ്യാൻ കഴിയില്ല. കോടതിയുടെ സ്‌റ്റേ ഉള്ളതിനാലാണ് ഇത്.

സ്വന്തം ഭൂമി സർക്കാർ ഏറ്റെടുക്കുന്നു എന്നു പറയുന്നതു വിചിത്രമാണെന്നു ഹർജിക്കാർ വാദിച്ചു. ഉടമസ്ഥതാ തർക്കത്തിൽ സർക്കാർ നൽകിയ കേസിന്റെ ഫലം വരുന്നതുവരെ കാത്തിരിക്കുകയോ അല്ലെങ്കിൽ നഷ്ടപരിഹാരം നൽകി ഏറ്റെടുക്കുകയോ ആണു വേണ്ടതെന്നും വാദിച്ചു. അതേസമയം, സർക്കാരിന്റെ ഭൂമി മറ്റൊരാളുടെ കൈവശം ആയതിനാലാണു നിയമപ്രകാരം ഏറ്റെടുക്കാൻ കലക്ടറെ ചുമതലപ്പെടുത്തിയതെന്നു സർക്കാർ ബോധിപ്പിച്ചു. പണം നൽകിയാൽ സ്ഥലം വിട്ടു നൽകാമെന്ന വാദമാണ് ബിഷപ്പ് യോഹന്നാന്റെ നേതൃത്വത്തിലുള്ള ഗോസ്പൽ ഫോർ ഏഷ്യ ഉയർത്തുന്നത്. പണം നൽകിയാൽ അത് രാഷ്ട്രീയ വിവാദമാകും. അതുകൊണ്ട് തന്നെ ഏങ്ങനേയും പണം നൽകാതെ ഭൂമി ഏറ്റെടുക്കാനാണ് സർക്കാർ നീക്കം. ഇത് വിമാനത്താവള പദ്ധതിയെ വൈകിപ്പിക്കുകയും ചെയ്യും.

ശബരിമല വിമാനത്താവളത്തിനായി നിലവിലുള്ള ഭൂപ്രശ്‌നങ്ങളുടെ നിയമക്കുരുക്കഴിക്കാൻ സൂക്ഷ്മതയോടെ നീങ്ങാനാണ് സർക്കാർ തീരുമാനം. സർക്കാരിന് അവകാശപ്പെട്ട ഭൂമിയിൽ തർക്കം തീർക്കുന്നതിനൊപ്പം മറ്റ് നടപടികളും സമാന്തരമായി നീങ്ങം. കോട്ടയം ജില്ലയിലെ എരുമേലി, മണിമല വില്ലേജുകളിൽപ്പെട്ട 2263.8 ഏക്കർ ചെറുവള്ളി എസ്റ്റേറ്റ് വിമാനത്താവളത്തിന് ഏറ്റവും യോജ്യമെന്നാണ് 2018ൽ സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി കണ്ടെത്തിയത്. ഹാരിസൺ മലയാളം ലിമിറ്റഡും ബിലീവേഴ്‌സ് ചർച്ചും (അയനാ ചാരിറ്റബിൾ ട്രസ്റ്റ് ) അവകാശവാദം ഉന്നയിച്ചുള്ള തർക്കം കോടതിയിലുണ്ട്. ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള നടപടികൾ ചുവപ്പുനാടയിൽ കുരുങ്ങാതെ വേഗത്തിലാക്കാനാണ് സർക്കാർ ശ്രമം.

ഉടമസ്ഥത കേസ് കോടതിയിലെത്തുന്നത് 2011ൽ ആണ്. വ്യവഹാരം നടക്കുന്നുണ്ടെങ്കിലും വിമാനത്താവളം വേണമെന്ന 2017ൽ എടുത്ത തീരുമാനത്തിനു ശേഷമാണ് വേഗത വന്നത്. പ്രത്യേക ഓഫീസറെ നിയോഗിച്ച് വസ്തുനിയമപ്രകാരം ഏറ്റെടുക്കൽ നടപടി തുടങ്ങി. അതിന് സ്റ്റേ വന്നപ്പോൾ സിവിൽ കോടതിയിൽ കേസ് ഫയൽ ചെയ്തു. ഭൂമി ഏറ്റെടുക്കാൻ ഓർഡിനൻസ് ഇറക്കി. വിശദമായ പഠനത്തിന്റെ അടിസ്ഥാനത്തിൽ ലൂയിസ് ബർഗർ സമിതി 2018ൽ റിപ്പോർട്ട് സർക്കാരിന് നൽകി. വിമാനത്താവള സ്ഥലം സർക്കാരിന് അവകാശപ്പെട്ടതാണെന്ന യാഥാർഥ രേഖകളാണ് തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതിയിൽ സമർപ്പിച്ചത്. എന്നാൽ, മുമ്പ് നടന്ന വ്യവഹാരത്തിൽ സർക്കാരിന്റെ അപ്പീൽ സുപ്രീംകോടതി തള്ളിയെങ്കിലും അവകാശം സ്ഥാപിച്ചുകിട്ടാൻ സിവിൽ കോടതിയെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി

ഈ വസ്തുവിൽ സർക്കാരിനുള്ള അവകാശം അനുവദിക്കാനും കൈവശക്കാരെ ഒഴിപ്പിച്ചുകിട്ടാനും വേണ്ടിയാണ് പാലാ സബ് കോടതിയിൽ കേസ് ഫയൽ ചെയ്ത് വാദം തുടരുന്നത്. ഇതേ സമയം മറ്റ് നടപടികളും നീക്കുന്നുണ്ട്. കേസിൽ നിന്നും ഭൂമിയെ മോചിപ്പിച്ചാൽ വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളുമായി പോകാനും സാധ്യതാ പഠന റിപ്പോർട്ട് കേന്ദ്രത്തിന് കൈമാറാനുമാവും. ഇത് ഏറെ സമയമെടുക്കുമെന്ന സൂചനയാണ് ഹൈക്കോടതിയിലെ നിയമ പോരാട്ടം നൽകുന്നത്. ശബരിമല വിമാനത്താവളത്തിനായി പ്രാഥമിക പഠനം നടത്താൻ അമേരിക്കൻ കമ്പനിയായ ലൂയി ബെർഗറിന് കരാർ നൽകിയതിൽ സർക്കാർ ഖജനാവിന് വൻ നഷ്ടം ഉണ്ടായെന്ന വാദവും സജീവമാണ്.

ഒരു വർഷം കൊണ്ട് നടത്തിയ അവ്യക്തവും അപൂർണ്ണവുമായ പഠന റിപ്പോർട്ടിന് ലൂയിബെർഗറിന് പ്രതിഫലമായി നൽകിയത് ഒരു കോടിയോളം രൂപയാണ്. സർക്കാരുമായി ഉണ്ടാക്കിയ വ്യവസ്ഥകൾ പാലിക്കാതെയുള്ള റിപ്പോർട്ട് നൽകിയ ലൂയി ബെർഗറിനെ തന്നെ പിന്നീട് വിമാനത്താവളത്തിന്റെ വിശദമായ പഠനത്തിനും ചുമതലപ്പെടുത്തി എന്നതാണ് വിചിത്രം. ചെറുവള്ളി എസ്റ്റേറ്റിലെ നിർദ്ദിഷ്ട ശബരിമല ഗ്രീൻഫീൽഡ് എയർപോർട്ട് പദ്ധതിയുടെ പ്രാഥമിക പഠനത്തിനായി 2017 അവസാനമാണ് ലൂയി ബെർഗർ എന്ന അമേരിക്കൻ കമ്പനിയുമായി സർക്കാർ കരാറൊപ്പിടുന്നത്. സാങ്കേതിക - സാമ്പത്തിക സാധ്യതാ പഠനം- പാരിസ്ഥിതിക ആഘാത പഠനം, വിവിധ മന്ത്രാലയങ്ങളുടെ അനുമതി നേടിയെടുക്കൽ എന്നിവയ്‌ക്കെല്ലാമായി 4 കോടി 67 ലക്ഷത്തിനായിരുന്നു കരാർ.

ചെറുവള്ളി എന്ന സ്ഥലം പോലും കാണാതെ തയ്യാറാക്കിയ റിപ്പോർട്ടിന് ലൂയി ബെർഗറിന് പക്ഷേ, ഒരു കോടി രൂപ കെഎസ്‌ഐഡിസി നൽകിയതാണ് ഇതിന് കാരണം. ഒരു മണിക്കൂർ കൊണ്ട് അവസാനിച്ച ഉന്നത തലയോഗം തട്ടിക്കൂട്ട് റിപ്പോർട്ട് നൽകിയ ലൂയി ബെർഗറിന് തന്നെ വിശദമായ പഠനം നടത്താൻ അനുമതിയും നൽകി. വിശദ പഠനത്തിന് ഇതേ കമ്പനിക്ക് ഇനിയും കോടികൾ കൊടുക്കേണ്ടിവരുമെന്ന് സാരം. ഇത്തരത്തിലുള്ള വിവാദത്തിനിടെയാണ് ഹൈക്കോടതിയും കേസ് പരിഗണിക്കുന്നത്.