ശബരിമല: ക്ഷേത്രനട 13 മണിക്കൂർ തുറന്നിരിക്കുമെങ്കിലും പൂജകൾ നടക്കുന്ന സമയത്ത് തീർത്ഥാടകർക്കു പതിനെട്ടാംപടി കയറാനും ദർശനത്തിനും അവസരമില്ല. പൂജാവേളകൾ നാലേമുക്കാൽ മണിക്കൂർ സമയം വരും. രാവിലെ 5നു നട തുറക്കും. നിർമ്മാല്യവും ഗണപതിഹോമവും നടക്കുന്ന വേളയിൽ ഭക്തർക്ക് പ്രവേശനം ഇല്ല.

അതിനാൽ 5.45നു മാത്രമേ തീർത്ഥാടകരെ പതിനെട്ടാംപടി കയറാൻ കടത്തിവിടൂ. തിരക്കില്ലാത്തതിനാൽ മേൽപ്പാലത്തിൽ കയറ്റില്ല. കൊടിമരത്തിന്റെ വലതുഭാഗത്തു കൂടി നേരെ ശ്രീകോവിലിന്റെ മുൻപിലേക്കാണു കടത്തിവിടുക. ഉഷഃപൂജയും ഉദയാസ്തമനഃപൂജയും ഉള്ളതിനാൽ രാവിലെ 7 മുതൽ 9 വരെ സാധാരണ ദർശനം അനുവദിക്കില്ല. ഈ സമയത്തു വഴിപാടുകാർക്കും ജീവനക്കാർക്കും ദർശനം നടത്താം.

ഉച്ചപൂജയുടെ മുന്നോടിയായി വഴിപാടായി കളഭാഭിഷേകം ഉണ്ട്. ഉച്ചയ്ക്ക് 12 കഴിഞ്ഞ് എത്തുന്നവർക്ക് ഉച്ചപൂജ കഴിയുംവരെ കാത്തുനിൽക്കേണ്ടിവരും. ഉച്ചപൂജ കഴിഞ്ഞാൽ ഒരുമണിക്കു നട അടയ്ക്കും. വീണ്ടും വൈകിട്ട് 4 നു തുറക്കും. 6 മുതൽ 7 വരെ ദർശനമില്ല. എല്ലാ ദിവസവും പടിപൂജ ഉള്ളതിനാൽ ആ സമയത്തും പടി കയറാൻ കഴിയില്ല. 8 മണിയോടെ സന്നിധാനത്തുള്ള മുഴുവൻ തീർത്ഥാടകരെയും പമ്പയിലേക്ക് മടക്കി അടയ്ക്കും. രാത്രി 8.30ന് അത്താഴ പൂജ. തുടർന്ന് ഹരിവരാസനം പാടി നട അടയ്ക്കും.

ശബരിമലയിൽ ഇന്ന്

നട തുറക്കൽ 5.00

അഭിഷേകം 5.30

ഉദയാസ്തമന പൂജ 8.00

കളഭാഭിഷേകം 11.30

ഉച്ചയ്ക്ക് നട അടയ്ക്കൽ 1.00

വൈകിട്ട് നട തുറക്കൽ 4.00

പടിപൂജ 7.00

ഹരിവരാസനം 9.00

നട അടയ്ക്കൽ 9.30