- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമലയിൽ മണ്ഡലപൂജ 26ന്; തങ്കയങ്കി രഥഘോഷയാത്ര 22ന് ആറന്മുളയിൽ നിന്നും പറപ്പെടും; ഘോഷയാത്ര കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച്; സ്വീകരണം ക്ഷേത്രങ്ങളിൽ മാത്രം
പത്തനംതിട്ട: ശബരിമലയിലെ മണ്ഡലപൂജയ്ക്കുള്ള തങ്കയങ്കിയുമായി രഥഘോഷയാത്ര 22-ന് രാവിലെ ഏഴിന് ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽനിന്ന് പുറപ്പെടും. വഴിയിലെ സ്വീകരണവും, പറയെടുപ്പും മറ്റു ചടങ്ങുകളും ഒഴിവാക്കി കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചാണ് ഘോഷയാത്ര. ആൾക്കൂട്ടം അനുവദിക്കില്ല. ക്ഷേത്രങ്ങളിൽ എത്തിച്ചേരുമ്പോൾ മാത്രം സ്വീകരണം ഒരുക്കും. ഘോഷയാത്രയെ അനുഗമിക്കുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുമുണ്ട്.
22-ന് രാവിലെ ആറന്മുളയിൽനിന്ന് പുറപ്പെടുന്ന രഥഘോഷയാത്ര ഒന്നാം ദിവസം ഓമല്ലൂർ രക്തകണ്‌ഠേശ്വരസ്വാമി ക്ഷേത്രത്തിലും, രണ്ടാം ദിവസം കോന്നി മുരിംഗമംഗലം മഹാദേവ ക്ഷേത്രത്തിലും മൂന്നാം ദിവസം പെരുനാട് ശാസ്താ ക്ഷേത്രത്തിലും ഘോഷയാത്ര സംഘം ക്യാമ്പ് ചെയ്യും. 25-ന് ഉച്ചയോടെ രഥഘോഷയാത്ര പമ്പയിലെത്തും. തങ്കയങ്കി വഹിച്ചുകൊണ്ടുള്ള സംഘത്തെ ശരംകുത്തിയിൽവെച്ച് ദേവസ്വം ഉദ്യോഗസ്ഥർ ആചാരപൂർവം സ്വീകരിക്കും. സന്നിധാനത്തെത്തുമ്പോൾ തന്ത്രിയും മേൽശാന്തിയും ചേർന്ന് ഏറ്റുവാങ്ങി അയ്യപ്പനുചാർത്തി ദീപാരാധന നടത്തും. 26-ന് ഉച്ചയ്ക്ക് മണ്ഡലപൂജയ്ക്ക് അങ്കി അയ്യനുചാർത്തി പൂജ നടക്കുന്നതോടെ ചടങ്ങുകൾ സമാപിക്കും.
ശ്രീചിത്തിരതിരുനാൾ ബാലരാമവർമ മഹാരാജാവ് ശബരിമല നടയ്ക്കൽ സമർപ്പിച്ചതാണ് 451 പവൻ തൂക്കംവരുന്ന തങ്കയങ്കി. ആറന്മുള ക്ഷേത്രത്തിലെ സ്‌ട്രോങ് റൂമിൽ സൂക്ഷിച്ചിരിക്കുന്ന അങ്കി ശബരിമലയ്ക്ക് കൊണ്ടുപോകുംമുമ്പ് പുലർച്ചെ മുതൽ ഭക്തജനദർശനത്തിനായി ആനക്കൊട്ടിലിൽ തുറന്നുവെയ്ക്കും.